Image

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

Published on 19 June, 2021
ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)
പിതൃദിനവും പിതൃത്വവും ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് ജൂണ്‍മാസം. പ്രത്യേകിച്ച് ജൂണ്‍ ഇരുപതാം തിയതി. അതോടൊപ്പം പിതൃത്വം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നതിന്റെ വിലയിരുത്തലും കൂടിയാണ് ഈ ദിനം. മാതൃദിനത്തിന്റേയും മാതൃദിനാഘോഷത്തിന്റേയും ഒരു പൂരകമായിട്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി പിതൃദിനം ആദ്യമായി അമേരിക്കയില്‍ കൊണ്ടാടിയത്.

 ആര്‍ക്കന്‍സയില്‍ ജനിച്ച സൊനാറ സ്മാര്‍ട്ട് ഡോഡ് ആയിരത്തി തൊള്ളായിരത്തി പത്തിലാണ് ഈ ദിവസത്തിന് തുടക്കം കുറിച്ചത്. മാതൃദിന ദിവസത്തില്‍ ദേവാലയത്തില്‍ കേട്ട പ്രബോധന പ്രസംഗം സൊനാറയെ, ആറു മക്കളെ മാതാവില്ലാതെ സ്‌നേഹത്തോടേയും കരുതലോടെയും വളര്‍ത്തിയ പിതാവിന്റെ ഓര്‍മ്മകളിലേക്ക് വലിച്ചിഴച്ചു. പ്രഭാഷണത്തിനു ശേഷം പിതാക്കളെ അനുസ്മരിച്ച് ഒരു ദിവസം ആഘോഷിക്കണമെന്ന് ദേവാലയത്തിലെ പുരോഹിതനോട് ആവശ്യപ്പെടുകയും അതിന്, അവരുടെ പിതാവിന്റെ ജന്മദിനമായ ജൂണ്‍ അഞ്ച് നിര്‍ദേശിച്ചെങ്കിലും, പല അസൗകര്യങ്ങള്‍മൂലം അത് അനുയോച്യമായ ഒരു ദിവസത്തിലേക്ക് മാറ്റുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിതൃദിനം വ്യതസ്തമായ ദിവസങ്ങളില്‍ ഇന്ന് കൊണ്ടാടപ്പെടുന്നു.

ഒരു നല്ല പിതാവിന്റെ ധര്‍മ്മങ്ങള്‍ ഏറെയാണ്. പക്ഷെ എല്ലാവരും അംഗീകരിക്കുന്നതും പൊതുവായതുമായ ചില സങ്കല്പങ്ങള്‍ ഈ പിതാവിന്റെ ഉത്തരവാദിത്വത്തെ നിര്‍ണ്ണായകമാക്കി മാറ്റുന്നു. പ്രത്യേകമായി ഇന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഒരു നല്ല മാതൃകാ പിതാവായി നിലകൊള്ളാമെന്നൊന്നും ആര്‍ക്കും അവകാശപ്പെടാന്‍ കഴിയുകയില്ലായെങ്കിലും, ഒരോ പിതാവും വിശ്വസ്തയോടെ, സ്‌നേഹത്തോടെ, സൃഷ്ടി ചൈതന്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഭാര്യയോടും മക്കളോടും ഏതൊരവസ്ഥയിലും പ്രതികരിക്കേണ്ടിയിരിക്കുന്നു. ആണോ പെണ്ണോ എന്ന വ്യത്യാസമില്ലാതെ, പ്രായമോ വ്യക്തിത്വമൊ കണക്കിലെടുക്കാതെ പിതാവില്‍നിന്ന് ഒരോ കുട്ടിയും അതികമായ വിമര്‍ശനങ്ങളില്ലാത്തതും സ്ഥിരതയുള്ളതുമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. ഒരു കുഞ്ഞിനെ തെറ്റിനെക്കുറിച്ചും ശരിയേക്കുറിച്ചുമുള്ള തിരിച്ചറിവുണ്ടാക്കി ബോധവല്ക്കരിക്കേണ്ട ബൃഹത്തായ ഉത്തരവാദിത്വം പിതാവിന്റെ തോളില്‍ നിഷിപ്തമാണ്. വളരെ സംഘര്‍ഷത്തോടെ കുഞ്ഞിനെ നിരന്തരം ശകാരിക്കുകയൊ ശിക്ഷിക്കുകയൊ ചെയ്യുന്ന പിതാവിനോടു ആ കുഞ്ഞിന് ബഹുമാനം കുറയുകയും വെളുക്കാന്‍ തേച്ചത് പാണ്ടാകുകയും ചെയ്യുന്ന അവസ്ഥയില്‍ എത്തിചേരുകയും ചെയ്യും.

കുടുംബത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു പിതാവിനെ മാതൃകാ പിതാവായി ജീവിക്കാന്‍ കഴിയുകയുള്ളു. ചില കുടുംബങ്ങളില്‍ പിതാവിനെ ആരോടും അതികം സംസാരിക്കാത്ത, ഗൗരവക്കാരനായ, എല്ലാവര്‍ക്കും പേടിസ്വപ്നമായ ഒരു പിതാവാക്കി മാറ്റാന്‍ ശ്രമിക്കും. ഇങ്ങനെയുള്ളവര്‍ അധികം നാള്‍ മുഖംമൂടി ധരിച്ച് ജീവിക്കാന്‍ കഴിയാതെ പ്രശ്‌നങ്ങളുടെ മുന്നില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഒരു നല്ല പിതാവിനെ സംബന്ധിച്ചടത്തോളം കുടുംബത്തിന്റെ ആവശ്യങ്ങളുടെ മുഖത്ത് ഏറ്റവും വഴക്കത്തോടെയും വ്യക്തമായ ധാരണയോടെയും പെരുമാറുക എന്നുള്ളതാണ്. ഏതെങ്കിലും ഒരു സ്വഭാവവിശേഷത്തില്‍ അണുവിട വിട്ടുവീഴ്ചയില്ലാതെ കുടുങ്ങിനില്ക്കുന്ന പിതാവിന് കുടുംബാംഗങ്ങളോ പ്രതിസന്ധിയെ നേരിടുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുന്നത് കാണാം.

ചില പിതാക്കന്മാരെ സംബന്ധിച്ച് അവര്‍ കുഞ്ഞുങ്ങളുടെയടുത്ത് വികാരങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിക്കാതെ മാതൃകപരമായി നയിക്കാന്‍ ശ്രമിക്കും. ഒരു കുഞ്ഞിന്റെ വ്യത്യസ്തങ്ങളായ വൈകാരിക വളര്‍ച്ചയില്‍ സ്‌നേഹത്തിന്റേയും കരുണയുടേയും അനുകമ്പയുടേയും, മറ്റുള്ളവരെ കരുതുന്നതിന്റേയുമൊക്കെ ആവശ്യകഥ മനസ്സിലാക്കി കൊടുക്കേണ്ടത് ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിനും ആര്‍ദ്രമായ ഒരു ജീവിതം കെട്ടിപ്പെടുക്കുന്നതിനും അവശ്യം അത്യാവശ്യമായ ഒന്നാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അതിരുകള്‍ കല്പിക്കുന്നതില്‍ നിന്നും ഒരു നല്ല പിതാവിന് മാറി നില്ക്കാനും ആവില്ല.

ഒരു നല്ല പിതാവ് കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇടപെടേണ്ടത് വളരെ ആവശ്യമാണ്. സ്‌കൂള്‍ ജീവിതം, റിപ്പോര്‍ട്ട് കാര്‍ഡ്, സൗഹൃദങ്ങള്‍, സോക്കര്‍, ഫുഡ്‌ബോള്‍, ബാന്‍ഡ് ആദ്ധ്യത്മികത, ലൈങ്ഗികത്വം എന്നിങ്ങനെയുള്ള മേഖലകളില്‍ ഒരു പിതാവ് കടന്ന് ചെന്ന് ഇടപെടണ്ടേതാണ്. ഒരു നല്ല പിതാവിന്റെ ധര്‍മ്മം നിര്‍വഹിക്കാനുള്ള ഏറ്റവും നല്ലവഴി കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇടപെടുകയും അവരുരെ നയിക്കുകയും ചെയ്യുകയെന്നുള്ളതാണ്. ആത്മാര്‍ത്ഥമായ ഒരു പിതാവിന്റെ കരുതലിനേയും സ്‌നേത്തേയും സൗഹൃദത്തേയും ഒരു കുഞ്ഞ് വൃദ്ധനോ വ്യദ്ധയോ ആയാലും വിട്ടുമാറുകയില്ല.

“എന്റെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു പക്ഷെ എന്നെ ഈ നിലയില്‍ എത്തിക്കാന്‍ എന്റെ പിതാവ് സഹിച്ച കഷ്ടപ്പാടുകളെ വച്ച് നോക്കുമ്പോള്‍ എന്റെ കഷ്ടപ്പാടുകള്‍ വളരെ ചെറുതാണ്.” (ബാര്‍ട്ടാര്‍ഡ് ഹബാഡ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക