Image

കുമളിയില്‍ അയല്‍വാസിയായ വീട്ടമ്മ യുവാവിന്റെ കൈ വെട്ടി

ജോബിന്‍സ് തോമസ് Published on 19 June, 2021
കുമളിയില്‍ അയല്‍വാസിയായ വീട്ടമ്മ യുവാവിന്റെ കൈ വെട്ടി
മാലിന്യം പറമ്പില്‍ ഇട്ടതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി. കുമളി ഏഴാംമൈല്‍ ആശുപത്രി കോളനിയിലാണ് സംഭവം. താഴത്തേപ്പടവില്‍ മനുവിന്റെ(27) കൈപ്പത്തിയാണ് അറ്റുപോയത്. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. 

ജോമോളുടെ വീടിനു സമീപം കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തളളിയതിനെചൊല്ലിയായിരുന്നു തര്‍ക്കം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. മനുവിന്റെ ഭാര്യ ദിവ്യ ഒരുവയസ്സുള്ള കുഞ്ഞുമായി റോഡരികില്‍ നില്‍ക്കുകയായിരുന്നു. 

ഈ സമയം ജോമോള്‍ മാലിന്യത്തെച്ചൊല്ലി ദിവ്യയോട് തട്ടിക്കയറി. ഇതുകേട്ടുകൊണ്ടാണ് മനു ഇറങ്ങി വന്നത്. പിന്നീട് തര്‍ക്കം ഇവര്‍ തമ്മിലാവുകയും തുടര്‍ന്ന് ജോമോള്‍ മനുവിന്റെ കൈയ്യില്‍ വെട്ടുകയുമായിരുന്നു. കൈപ്പത്തി മുറിഞ്ഞ് റോഡില്‍ വീണു. 

ഓടിയെത്തിയ നാട്ടുകാരാണ് മനുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ കൈപ്പത്തി തുന്നിച്ചേര്‍ക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു കൈപ്പത്തി തുന്നി ചേര്‍ത്തു. ഇതിനിടെ ജോമോളും കുടുംബവും ഒളിവില്‍ പോയി. കോപാകുലരായ നാട്ടുകാര്‍ ഇവരുടെ വീടിന് നേരെ ആക്രമണം നടത്തി. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക