Image

കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്ന വീമ്പിളക്കലുകള്‍

ജോബിന്‍സ് തോമസ് Published on 19 June, 2021
കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്ന വീമ്പിളക്കലുകള്‍
കണ്ണൂരിലെ കരുത്തന്‍മാരാണ് പിണറായിയും സുധാകരനും വിദ്യാര്‍ത്ഥി കാലഘട്ടം മുതലിങ്ങോട്ട് കൊണ്ടും കൊടുത്തും പോര്‍വിളിച്ചും പോരടിച്ചും വളര്‍ന്നവര്‍.പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയത് തികച്ചും യാദ്യശ്ചികം എന്നു പറയാന്‍ പറ്റില്ല. സുധാകരനും അതാഗ്രഹിച്ചിട്ടുണ്ടാവണം. ഇരുവരും രണ്ടുപക്ഷത്തെയും പ്രധാന നേതാക്കളായി മാറിയപ്പോള്‍ ആരോഗ്യകരമായ ഒരു രാഷ്ട്രീയ മത്സരമായിരുന്നു കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. പഴയാകാല റൗഡിസത്തിന്റെ കഥകള്‍ വിളമ്പി ഇരുവരും നടത്തുന്നത് കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനു ചേരാത്ത വ്യക്തി വിദേഷത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ള വീമ്പിളക്കലുകളാണ്. 

ഇടത് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ നയങ്ങളെയും തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കേണ്ട കെപിസിസി പ്രസിഡന്റ് ഇന്ന് ആ വിഷയങ്ങളൊന്നും കാണുന്നില്ല മറിച്ച് പിണറായി എന്ന വ്യക്തി തനിക്ക് മുമ്പില്‍ ഒന്നുമല്ലെന്നും താനാണ് കേമെനെന്നും കോളേജ് രാഷ്ട്രീയത്തിലെ കഥകള്‍ വിളമ്പി സമര്‍ത്ഥിക്കുകയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഒട്ടും ഭൂഷണമല്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പോലും അമര്‍ഷമുളവാക്കുന്ന ശൈലി. കളപ്പണക്കേസും മരംമുറിവിഷയവും കോവിഡും ലോക്ഡൗണും ഇളവുകളും ഇതിനിടയിലെ ജനങ്ങളുടെ ആശങ്കകളും ഇങ്ങനെ ഒരുപാടുണ്ട് സുധാകരന് രാഷ്ട്രീയം സംസാരിക്കാന്‍ പക്ഷെ അദ്ദേഹം കാണുന്നത് പിണറായി എന്ന വ്യക്തിയെ മാത്രം ശ്രമിക്കുന്നതാകട്ടെ പിണറായിയെക്കാള്‍ ഒരിഞ്ച് മുന്നില്‍ പണ്ടുമുതല്‍ താനാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള വിമ്പിളക്കലുകള്‍. 

മറുസൈഡില്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ചരിത്രം തിരുത്തി കേരള ജനത തുടര്‍ഭരണം നല്‍കിയ നേതാവാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്ത്വെക്കുറിച്ചെങ്കിലും ചിന്തിക്കേണ്ട വ്യക്തിയാണ്. സുധാകരന്‍ എന്തെങ്കിലും പറഞ്ഞാല്‍ പോലും മറുപടിയര്‍ഹിക്കുന്നില്ല എന്ന ഒറ്റവാക്കില്‍ വ്യക്തിപരമായ ആക്ഷേപങ്ങളോട് മുഖം തിരിക്കേണ്ട വ്യക്തിയാണ്. എന്നാല്‍ സുധാകാരനൊന്നുമല്ല താനാണ് കേമന്‍ താനായിരുന്നു കേമന്‍ എന്നു വരുത്തി തീര്‍ക്കാന്‍ പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് ശ്രമിക്കുന്നത് ശരിയല്ല. കോവിഡിലും ലോക്ഡൗണിലും ഇന്ധന വിലവര്‍ദ്ധനയിലുമൊക്കെ പൊറുതിമുട്ടിയ ഒരു ജനത്തെ കരകയറ്റേണ്ട വിലപ്പെട്ട സമയം തീര്‍ത്തും അനാവശ്യമായ മറുപടികള്‍ക്കായി ഉപയോഗിക്കുന്നത് തികച്ചും ജനങ്ങളോടുള്ളവെല്ലുവിളിയാണ്. 

പിന്നെ ഇവര്‍ ഈ പറഞ്ഞ ക്യാമ്പസ് രാഷ്ട്രീയത്തിലെ തല്ലും വഴക്കും വെല്ലുവിളികളുമൊക്കെ ഇന്നും ഉള്ളതാണ് നടക്കുന്നതുമാണ്. അതായത് ഈ പറഞ്ഞതൊക്കെ വലിയ കാര്യമുള്ള കാര്യമല്ലെന്ന് സാരം. പിന്നെ ഈ വാഗ്വാദങ്ങള്‍ കേരള സമൂഹത്തില്‍ രാഷ്ട്രീയ ഗുണ്ടായിസത്തെ ഇഷ്ടപ്പെടാത്ത ജനാധിപത്യ പ്രബുദ്ധരായ ഒരു സമൂഹത്തിനു മുന്നില്‍ നിങ്ങള്‍ രണ്ടുപേരെയും നിങ്ങളുടെ പ്രസ്ഥാനങ്ങളേയും അപഹാസ്യരാക്കുകയേയുള്ളുവെന്നു  സാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക