Image

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

Published on 18 June, 2021
കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കോവിഡിനെയും ഇനി വരാനിരിക്കുന്ന മഹാമാരികളെയും നേരിടാൻ ശേഷിയുള്ള ആന്റി-വൈറൽ ഗുളികകളും നൂതന ചികിത്സാരീതികളും വികസിപ്പിക്കുന്നതിന്   യു എസ് 3 ബില്യൺ ഡോളർ കൂടി ചിലവഴിക്കുമെന്ന് ഡോ.അന്റോണി ഫൗച്ചി വ്യാഴാഴ്ച വ്യക്തമാക്കി. ഉടനടി ഫണ്ടിങ് അനുവദിക്കുന്നതിലൂടെ, കോവിഡ് ഗുളിക വികസിപ്പിക്കുന്നത് വേഗം സാധ്യമാക്കാമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ ത്വരിതപ്പെടുത്താമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
മറ്റു രോഗങ്ങൾ അലട്ടുന്നവർക്ക് വാക്സിനേക്കാൾ കൂടുതൽ സംരക്ഷണവും പ്രതിരോധവും ഏർപ്പെടുത്താൻ ആന്റിവൈറൽ ഗുളിക ആയിരിക്കും  മെച്ചമെന്നും ഫൗച്ചി അഭിപ്രായപ്പെട്ടു. എന്നാൽ, കോവിഡിനെതിരെയുള്ള ഏറ്റവും മികച്ച ആയുധം വാക്സിൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനോട് അലർജിയുള്ള ആളുകൾക്കും മറ്റൊരു ഉപാധി എന്ന നിലയിൽ ആന്റിവൈറൽ ഗുളിക പ്രയോജനപ്പെടുമെന്നും ഫൗച്ചി കൂട്ടിച്ചേർത്തു.
നിലവിൽ എച്ച് ഐ വി, ഇൻഫ്ലുവൻസ, ഹെപ്പറ്റൈറ്റിസ് സി - എന്നീ രോഗങ്ങൾക്ക് കാരണമായ വൈറസിനെ നേരിടാൻ ആന്റി-വൈറൽ ഗുളികകൾ ലഭ്യമാണ്. കോറോണവൈറസിനെതിരെയും അത്തരത്തിൽ ഗുളിക വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടന്നുവരികയാണ്. അധിക ഫണ്ട് ഇതിനായി യു എസ് അനുവദിക്കുമെന്നുള്ള ഫൗച്ചിയുടെ പ്രഖ്യാപനത്തെത്തുടർന്ന്, ഈ വർഷം അവസാനത്തോടെ ആന്റി-വൈറൽ ഗുളിക രാജ്യത്ത് എത്തുമെന്നാണ് കരുതുന്നത്.
ഓപ്പറേഷൻ വാർപ് സ്പീഡ് എന്ന പേരിൽ മുൻകൂട്ടി ഫണ്ട് അനുവദിച്ചതുകൊണ്ടാണ് കൊറോണ വാക്സിൻ അതിവേഗം വികസിപ്പിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു ശേഷം ആളുകളിലേക്ക് എത്തിക്കാനും കഴിഞ്ഞത്. ഇതേ മാതൃക അവലംബിച്ചാണ് ഇപ്പോൾ ആന്റിവൈറൽ ഗുളിക വികസിപ്പിക്കാനും ഭരണകൂടം നേരത്തെ ഫണ്ട് അനുവദിക്കുന്നത്.
എബോള വൈറസിനെതിരെ വികസിപ്പിച്ച റെംഡിസിവിർ എന്ന ആന്റിവൈറൽ ഗുളികയുടെ ഉപയോഗം കൊണ്ട് മാത്രമേ  നിലവിൽ കോവിഡ് ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ രോഗശമനം തെളിയിക്കപ്പെട്ടിട്ടുള്ളു. ഒക്ടോബറിൽ എഫ് ഡി എ ഇതിന് അംഗീകാരം നൽകിയിരുന്നു.എന്നാൽ, നവംബറിൽ ലോകാരോഗ്യ സംഘടന ഇതിനെ എതിർത്തു.
കഴിഞ്ഞ വർഷം, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനാണ് മുൻഗണന നൽകിയിരുന്നത്.2021 ജനുവരിയിൽ ബൈഡൻ ഭരണകൂടമാണ് ആന്റിവൈറൽ ഗുളികകൾ വികസിപ്പിക്കുന്നതിന് പുതിയൊരു പ്രോഗ്രാം ആരംഭിച്ചത്.
ഫൈസർ ഉൾപ്പെടെയുള്ള മരുന്ന് കമ്പനികൾ ആന്റിവൈറൽ ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. 

ചില വകഭേദങ്ങൾ കോവിഡിന് സ്റ്റിറോയിഡ് നൽകിയ തരത്തിൽ അപകടകാരിയെന്ന് ആൻഡി സ്ലാവിറ്റ് 

ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട ഡെൽറ്റ വേരിയന്റ് പോലുള്ള വകഭേദം, കോവിഡിന് സ്റ്റിറോയിഡ് നൽകിയ തരത്തിൽ ഭീഷണി ഉയർത്തുന്നതും അപകടകാരിയും ആണെന്ന് മുൻ വൈറ്റ് ഹൗസ് കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ സീനിയർ അഡ്വൈസറായിരുന്ന ആൻഡി സ്ലാവിറ്റ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ, ഡെൽറ്റ വേരിയന്റ് പിടിപെട്ട ഒരാളുമായി എത്ര ചെറിയ സമയമാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിലും അതിന്റെ ഉഗ്രവ്യാപനശേഷിയുടെ  ഫലമായി വൈറസ് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വകഭേദത്തെ സിഡിസി ആശങ്കപ്പെടുത്തുന്ന വേരിയന്റ് എന്ന് മുദ്രകുത്തിയിട്ടുണ്ട്.നിലവിൽ, യു എസിലെ കോവിഡ് കേസുകളുടെ 10 ശതമാനം ഡെൽറ്റ വേരിയന്റ് മൂലമാണ്. വാക്സിൻ സ്വീകരിച്ചാൽ അപകടസാധ്യത കുറയ്‌ക്കണമെന്നും സ്ലാവിറ്റ് കൂട്ടിച്ചേർത്തു.യു കെ യിൽ റിപ്പോർട്ട് ചെയ്തുവരുന്ന കോവിഡ് കേസുകളിൽ 90 ശതമാനമാണ് ഡെൽറ്റ വേരിയന്റ് മൂലമുള്ളത്.
വാക്സിൻ ഈ വകഭേദത്തിനെതിരെ പ്രവർത്തിക്കുന്നു എന്നതാണ് ഏക ആശ്വാസം. ഫൈസറിന്റെ ഇരു ഡോസുകൾ നേടിയവർ ഡെൽറ്റ വേരിയന്റ് മൂലം രോഗബാധിതർ ആയിട്ട്, ആശുപത്രിയിൽ പ്രവേശിക്കേണ്ടത്ര സാരമായ പ്രശ്നം ഉണ്ടായില്ലെന്നും വാക്സിൻ 96 ശതമാനം ഇതിനെതിരെ ഫലപ്രദമാണെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പുതിയ പഠനത്തിൽ തെളിഞ്ഞു.
ഡെൽറ്റ വേരിയന്റ് കേസുകൾ യു എസിൽ വർധിക്കുന്നതായി സർജൻ ജനറൽ വിവേക് മൂർത്തി വ്യക്തമാക്കി.
ഒറ്റ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ, ഡെൽറ്റ വേരിയന്റിനെ നേരിടുന്നത് സാക്ഷ്യപ്പെടുത്തുന്ന ഡാറ്റ ലഭ്യമായിട്ടില്ല.എന്നാൽ, മറ്റു വകഭേദങ്ങൾ ബാധിച്ചവരിൽ വാക്സിൻ ഉപയോഗിച്ചതുകൊണ്ട് ആശുപത്രിയിൽ പ്രവേശിക്കാതെ രോഗതീവ്രത കുറഞ്ഞെന്ന് മൂർത്തി പറഞ്ഞു. യു എസിൽ ഇതിനോടകം ജനസംഖ്യയുടെ 44.1 % പേർ പൂർണമായി വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. 52.7 % പേർ  ഒരു ഡോസ് നേടി.
13 സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നിരക്ക് 50 ശതമാനത്തിന് മുകളിലാണ്.ജൂലൈ 4 നു മുൻപ് രാജ്യത്തെ 70 % ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ബൈഡൻ ഭരണകൂടത്തിന്റെ ലക്‌ഷ്യം.ഒരിക്കൽ കോവിഡിന്റെ പ്രഭവകേന്ദ്രമായിരുന്ന ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ, കോവിഡ് നിരക്ക് താഴ്ന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി.മെരിലാൻഡിൽ 72.3 % ആളുകളും ഡെലവേറിൽ 68.3 % പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്

കോവിഡ്: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

472 ദിവസങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, ന്യൂയോർക്ക് വാക്സിനേഷനിൽ ഒരു  നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പ്രായപൂർത്തിയായ ന്യൂയോർക്കുകാരിൽ  70 ശതമാനം പേരും   കുറഞ്ഞത് ഒരു ഡോസ്  വാക്സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞു. ഈ ലക്ഷ്യത്തിലെത്തിയ ശേഷം, സംസ്ഥാനത്തെ കോവിഡ്  നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയാണ്. ചില്ലറ വിൽപ്പന, ഭക്ഷ്യ സേവനങ്ങൾ, ഓഫീസുകൾ, ജിമ്മുകൾ, വിനോദം, ഹെയർ സലൂണുകൾ, ബാർബർ ഷോപ്പുകൾ മുതലായവയ്ക്ക്  കൂടുതൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ല. സാമൂഹിക ഒത്തുചേനാളുകളുടെ  പരിധിയും നീക്കി. പൊതു ഗതാഗതം, ആരോഗ്യ സൗകര്യങ്ങൾ എന്നീ ഇടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. പ്രീ-കെ  മുതൽ 12 വരെ ക്ലാസുകൾ നടത്തുമ്പോൾ, സ്‌കൂളുകളിൽ ചില ക്രമീകരണങ്ങൾ ഇൻഡോറിൽ വേണം. 
 നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുന്നതിലൂടെ കോവിഡ് ഇല്ലാതായെന്ന് അർത്ഥമാക്കരുത്. ഈ നേട്ടം സാധ്യമാക്കാൻ സഹകരിച്ച നിങ്ങൾക്ക് നന്ദി.

*ആശുപത്രിയിൽ പ്രവേശിതരായ  കോവിഡ്  രോഗികളുടെ എണ്ണം 580 ആയി കുറഞ്ഞു. 119,272 പരിശോധനകളിൽ 418 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്:0.35 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി 0.39 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 149 രോഗികളുണ്ടായിരുന്നു, 
മരണസംഖ്യ: 5.
 
*  ന്യൂയോർക്കിലെ 70.4 ശതമാനം ആളുകൾ  കുറഞ്ഞത് ഒരു വാക്സിൻ ഡോസ് പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 76,160 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ  ആകെ 20,372,195 ഡോസുകൾ നൽകി, 62.3 ശതമാനം ന്യൂയോർക്കുകാർ  വാക്സിൻ സീരീസ് പൂർത്തിയാക്കി.
  
* സംസ്ഥാനത്തിന്റെ വാക്സിൻ വിതരണം പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള  മൂന്നാമത്തെ സ്കോളർഷിപ്പിന്റെ  വിജയികളെ  പ്രഖ്യാപിച്ചു.
 
* പകർച്ചവ്യാധി മൂലം സൗജന്യ സ്കൂൾ ഭക്ഷണം ലഭിക്കാത്ത ന്യൂയോർക്കിലെ കുട്ടികൾക്ക് 2.2 ബില്യൺ ഡോളർ ഫെഡറൽ ഭക്ഷ്യ സഹായം ലഭിക്കും. ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും.
 ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി എൻറോൾ ചെയ്തവർക്കാണ് ഭക്ഷണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക