Image

മുട്ടില്‍ മരം മുറി; ഉന്നതതല സംഘം അന്വേഷണം തുടങ്ങി

Published on 18 June, 2021
മുട്ടില്‍ മരം മുറി; ഉന്നതതല സംഘം അന്വേഷണം തുടങ്ങി
കല്‍പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാര്‍, ഫ്‌ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്‍ തുടങ്ങിയവരാണു സംഘത്തിലുള്ളത്. വയനാട്ടിലെത്തിയ സംഘം ഇതുവരെ കേസ് അന്വേഷിച്ച വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തി.

മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ മരംമുറിയുമായി ബന്ധപ്പെട്ടു വയനാട്ടില്‍ സ്വീകരിച്ച നടപടികളുടെയും റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു ഐജി ജി. സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ മരംമുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള അന്വേഷണമാണു നടക്കുന്നതെന്നു എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. നിലവില്‍ വയനാട്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ കൃത്യമായ നടപടി ഉറപ്പാക്കും.

തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ പേരില്‍ മരംമുറി കേസില്‍ ഉള്‍പ്പെട്ട ഭൂവുടമകളുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നടപടി ഉണ്ടാകും. എടുത്ത കേസുകളില്‍ കൃത്യമായ നടപടി ഉറപ്പാക്കുന്നതിനൊപ്പം ആവശ്യമെങ്കില്‍ പുതിയ കേസുകളും എടുക്കും. നിയമ പ്രകാരം ഭൂവുടമകളും കേസില്‍ പ്രതികളാണെങ്കിലും ഇവരുടെ കാര്യത്തില്‍ അനുഭാവ പൂര്‍വമായ സമീപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക