America

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

Published

on

1. മാംസഭോജി മുള്ളുവേങ്ങ

ഏത് കഥയിലും ഒരു വില്ലന്റെ സാന്നിധ്യം ഉണ്ടാവും എന്നുറപ്പിച്ച് പറയാനാവില്ല. പക്ഷെ ഈ കഥയിൽ ഒരു വില്ലനുണ്ട്. മൂപ്പരുടെ സഹായം കൊണ്ടാണ് ഈ കഥ പൂർത്തിയായത് തന്നെ. അദ്ദേഹത്തെ ഞാൻ പ്രശംസിക്കുകയല്ല. എന്നിലെ ആഖ്യാതാവ് അതിന് സമ്മതിക്കുകയും ഇല്ല. കാരണം സാധാരണ വില്ലന്മാരെ പോലെ തന്നെ പ്രശംസനീയമായ പ്രവർത്തികൾ ഒന്നും എന്റെ അറിവിൽ അദ്ദേഹം ചെയ്ത് കൂട്ടിയതായിട്ട് അറിവില്ല. 

പിന്നെ ഈ കഥയിലെ ചില കഥാപാത്രങ്ങളുടെ തലമുറയിൽപെട്ടവർ ആ കാലത്തിന്റെ സ്മരണ പുതുക്കാൻ അല്ലെങ്കിൽ അവയെ അയവിറക്കുവാൻ എന്നവണ്ണം ഇന്നും അസാധാരണമായി ഈ കഥയിലെ കല്പിതങ്ങളിലേക്ക് എത്തി നോക്കാറുണ്ട്. 

ഇത്‌ സംഭവിക്കുമ്പോൾ രചയിതാവ് കുട്ടി നിക്കർ ഇട്ട് സ്കൂളിൽ പോകുന്ന കാലമെന്ന് കണക്ക് കൂട്ടുക. അപ്പുക്കുട്ടൻ അങ്കണവാടിയിലെ ആലസ്യങ്ങളിൽ മുഴുകി നടന്നിരുന്ന പ്രായവും. ഒപ്പം ആദ്യ ദശകങ്ങളിലേക്ക് കടന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബാല്യവും. പള്ളിക്കൂടത്തിൽ കൂട്ടുകാരുടെ മുൻപിൽ ഒരു ദൃക്‌സാക്ഷിയുടെ ഭാരിച്ച സുഖമുള്ള ചുമതലയോടെ ഈ സംഭവം ഞാൻ വീമ്പിളക്കി നടന്നിരുന്നു .

മീനമാസക്കുളിരിന്റെ നനവ് വലിഞ്ഞ് വേനൽമഴ കാത്ത് നിൽക്കുന്ന പ്രായമേറിയ റബർ മരങ്ങൾ. ആ മരങ്ങളുടെ ഈർപ്പത്തിൽ പൊതിഞ്ഞ ഒരു ഗ്രാമവും, അവ ചുരത്തുന്ന അമ്ലത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹവും. തങ്ങൾ ജീവിക്കുന്നത് ഈ ദാനത്തിന് വേണ്ടിയാണ് എന്ന സത്യം ആ മരങ്ങൾ തലമുറകൾ കൊണ്ട് അറിഞ്ഞിരിന്നു. 

അന്ന് വൈകിട്ട് കുട്ടി നിക്കറുമിട്ട് അങ്കണവാടിയിൽ നിന്നെത്തിയ അപ്പുക്കുട്ടനോട് ഞാൻ ഒരു കാര്യവിവരണം നടത്തി. കുറച്ച് മണിക്കൂറുകൾക്ക് മുൻപ് നടന്ന ഒരു സംഭവം. 

"അപ്പുക്കുട്ടാ ഇന്ന് മുള്ളുവേങ്ങ വെട്ടാൻ ആള് വന്നു. എന്നിട്ട് മുഴുവൻ വെട്ടി തീർത്തില്ല "

"അതെന്താ മുഴുവൻ വെട്ടാത്തെ? " അവൻ ചോദിച്ചു. 

"അത് വെട്ടിക്കൊണ്ട് ഇരുന്നപ്പോ, അവരെ കൊളവി കുത്തി " ഞാൻ പറഞ്ഞു 

"ആരാ പറഞ്ഞെ " അവൻ കൗതുകം പൂണ്ടു 

"അമ്മ "

"അമ്മേ" ഞാൻ പറഞ്ഞത് വിശ്വാസയോഗ്യമാണോയെന്ന് ആരായാൻ അവൻ അടുക്കളയിലേക്ക് ഓടി. 

ഒരു സുദീർഘമായ നാളിന്റെ അവസാന ഭംഗിയായിരുന്നു ആ മുള്ളുവേങ്ങ. വീടിന്റെ വടക്കേ തൊടിയിൽ മതിലിനു മുകളിൽ നിന്നിരുന്ന വേങ്ങക്ക് ഭയപ്പെടുത്തുന്ന രീതിയിൽ നീളവും വണ്ണവും വച്ചു എന്നാദ്യം കണ്ടുപിടിച്ചത് മാമ്മിച്ചേട്ടത്തി ആണ്. 

'ഔസേപ്പച്ചാ, ഇനി അത് നിർത്തുന്നത് അത്ര പന്തിയല്ല' എന്ന് നാളുകളായി മാമ്മിച്ചേട്ടത്തി മകനെ ധരിപ്പിച്ച് കൊണ്ടിരുന്നു. അപ്പൻ അത് കാര്യമായി എടുത്തതുമില്ല. 

ശേഷം പകൽ മുഴുവൻ മഴമേഘം തണൽ വിരിച്ചു നിന്നൊരു ദിവസം വൈകുന്നേരം പള്ളിക്കൂടം വിട്ടുവന്ന് ഇളം തിണ്ണയിൽ ചായയും റസ്കും കഴിക്കുകയായിരുന്ന എന്റെ മുന്നിലേക്ക് തലപ്പൊടിഞ്ഞു വീഴുന്നത് വരെ അപ്പൻ അത് ശ്രദ്ധിച്ചത് പോലും ഇല്ല. അന്ന് രാത്രി വീശിയ ചെറുചുഴലിയിൽ കിഴക്കേ തൊടിയിലെ രണ്ട് റബ്ബറുകളും കടപുഴകി. 

പക്ഷെ വേങ്ങയുടെ തലപ്പ് വട്ടമൊടിഞ്ഞത് കാറ്റ് സംഭവിക്കുന്നതിനും മണിക്കൂറുകൾക്ക് മുൻപ്പാണ്. നിറയെ മുള്ളുകൾ നിറഞ്ഞ ആ വലിയ വൃക്ഷം, മരങ്ങൾക്ക് ഇടയിലെ ഭീകരരൂപിയായി അന്നൊക്കെ ഞാൻ കണ്ടതിൽ തെറ്റുപറയാൻ പറ്റില്ല. അതിന് ജീവൻ വച്ച് അണ്ണാനുകളെയും പക്ഷികളെയും പിടിച്ചു തിന്നുന്നത് പലയാവർത്തിയിൽ ഞാൻ കണ്ടിട്ടുമുണ്ട്. പക്ഷെ അപ്പുക്കുട്ടന് മാത്രം അത് കാണാൻ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള വേങ്ങ യാതൊരു പ്രകോപനവും ഇല്ലാതെ ഒടിയാനും, വിറകുപുരക്ക് സാരമായ കേടുപാടുകൾ ഉണ്ടാക്കാനും തക്കതായ കാരണം എന്താണെന്ന് മനസിലാവാത്തത് എനിക്കും അപ്പനും മാത്രമേയുള്ളൂ. 

നാട്ടിലെ ആസ്ഥാന മരംവെട്ടുകാരൻ ബാബുച്ചേട്ടൻ ആ വേങ്ങ വെട്ടാൻ നിർബന്ധിതനായത് അങ്ങനെയാണ്. ഒരു ദിവസം വെട്ടം വീണ ഉടനെ എത്തിയ ബാബുച്ചേട്ടനും രണ്ട് ശിഷ്യന്മാരും കയർ എറിഞ്ഞ് ചില്ലയിൽ കോർത്തു, മുള്ളൊഴിവാക്കാൻ പറ്റുന്ന അത്രയും ഏണി ചാരി മുകളിൽ കയറി ചില്ലകൾ മുറിച്ച് പതിയെ ഇറക്കിത്തുടങ്ങി. മാംസഭുക്ക് ആയ വേങ്ങ ആരെയും ഉപദ്രവിക്കാതെ ബാബുച്ചേട്ടന് വഴങ്ങി കൊടുത്തു. 

താഴെത്തൊടിയിലെ തലമൂത്ത തേക്കിൻ കാരണവന്മാരെ മുഴുവൻ വെട്ടി കാലപുരിക്കയച്ച ബാബുച്ചേട്ടനെ വേങ്ങക്ക് നല്ല പരിചയം ഉണ്ടായിരുന്നു.

ഓരോ അരമണിക്കൂർ കൂടുമ്പോഴും അയാൾ പുകച്ച് ഇറക്കുന്ന ബീഡികുറ്റികൾ അന്നത്തെ സംഭവത്തിനു ശേഷം ഞാനെടുത്ത് മണം പിടിച്ചു. 

"അവര് തുണിയും പറച്ചിട്ടാ ഓടിയെ. ശശിയൊക്കെ എങ്ങോട്ട് പോയെന്ന് ഒരു പിടിയും ഇല്ല. ഇതെവിടുന്നാണോ ഇതുങ്ങളൊക്കെ എഴുന്നൊള്ളിയെ " അമ്മ മാമ്മിച്ചേട്ടത്തിയോട് പറയുന്നത് ഞാൻ കേട്ടു. 

സംഭവിച്ചത് ഇതാണ്. രാവിലെ, ആദ്യഘട്ട പണിക്ക് ശേഷം മരത്തിന്മേൽ നിന്നുള്ള പതിവ് സൂര്യനമസ്കാരം നിവർത്തിച്ച് താഴെയിറങ്ങി, കയ്യും മുഞ്ഞിയും കഴുകി ഉണക്കക്കപ്പയും ഒഴുകല് പീരയും അടുക്കളയുടെ ഇളംതിണ്ണയിൽ ചമ്രം പടഞ്ഞിരുന്ന് കഴിച്ചെണീറ്റ് പോയ ബാബുച്ചേട്ടനും കൂട്ടാളികളും പിന്നെ ഉച്ചക്ക് ഊണിനാണ് താഴെ ഇറങ്ങിയത്. ഊണ് കഴിഞ്ഞ് ചില്ലകൾ മുഴുവൻ വെട്ടി താഴെ ഇറക്കിയതിന്റെ കൃതാർത്ഥതയിൽ ഒരു ബീഡി പുകച്ച് മുകളിൽ ഇരിക്കുമ്പോഴാണ് അതുവഴി കടന്നു പോയ സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള ഒരു തേനീച്ചയെ കൂട്ടാളികളിൽ ഒരാളായ ശശി തന്റെ രണ്ട് കൈകൾ കൊണ്ടും വധിച്ചത്. അടിച്ചു കൊന്നത് ബാബുച്ചേട്ടൻ ആണെന്നും ശശി പിന്നീട് പറയുകയുണ്ടായി. 

പിന്നെ നടന്നത് ബാബുച്ചേട്ടന്റെ മരംവെട്ട് ജീവിതത്തിലെ ചരിത്രം ആയിരുന്നു. 

പെട്ടന്ന് ആകാശം ഇരുണ്ട് കൂടിയത് കണ്ട് ബാബുച്ചേട്ടൻ തല പൊക്കി നോക്കി. എന്തോ ഇരച്ച് വരുന്ന ശബ്ദം, പക്ഷെ മഴയല്ല. അയാൾ വീണ്ടും സൂക്ഷിച്ച് നോക്കി. കീഴ്ത്താടിയിൽ സൂചി കയറിയപോലെ ഒരു വേദന തോന്നിയപ്പോൾ ബാബുച്ചേട്ടൻ ഒന്ന് പിടഞ്ഞിട്ട് വിളിച്ചു കൂവി, "ശശിയേ ചാടി ഓടിക്കോ, കടന്നലിളകീ "

അത് കേൾക്കുന്നതിന് മുൻപേ ശശി വേങ്ങ വിട്ട് ഓടി കഴിഞ്ഞിരുന്നു. കുറച്ചധികം ഉയരത്തിൽ ഇരുന്ന ബാബുച്ചേട്ടൻ തന്നെ പൊതിയാൻ വന്ന കടന്നലുകളെ കണ്ട് കക്കയം മുത്തിയെ മനസ്സിൽ ധ്യാനിച്ച് താഴെ കുലക്കാറായി നിന്ന ഏത്തവാഴയുടെ തുഞ്ചത്തേക്ക് ഒരു ചാട്ടം. 

ശേഷം ഉണക്ക വാഴയില വാരിവീശി ബാബുച്ചേട്ടൻ ശശീടെ പിറകെ ഓടി. 

താഴെ നിന്നിരുന്ന മറ്റെ ശിഷ്യൻ ആ സമയം സ്വന്തം വീട്ടിലെത്തി കട്ടൻ മോന്തിയും തുടങ്ങിയിരുന്നു. വൈകി ഓടിയ ബാബുച്ചേട്ടനും ശശിയും, ഉടുത്തിരുന്ന തോർത്തുമുണ്ട് പറച്ചിട്ട് വെള്ളം വറ്റി പാതിയായ തോട്ടിലേക്ക് എടുത്തു ചാടി മുങ്ങി കിടന്നു.

അങ്ങനെ കിടന്നുവെന്നും അവരെ പിന്തുടർന്ന കടന്നലുകൾ പ്രതികാരം തീർക്കാൻ ആളെക്കിട്ടാതെ വേങ്ങയിലേക്ക് തന്നെ മടങ്ങിയെന്നും പറയപ്പെടുന്നു. 

"കമ്പുകൾ മൊത്തം വെട്ടി ഇറക്കിയല്ലോ പിന്നെയിതെവിടെ കയറി ഇരുന്നു " അപ്പൻ മാമ്മിച്ചേട്ടത്തിയോട് അന്ന് സന്ധ്യയ്ക്ക് അടുത്ത കാറ്റടിക്കുന്നതിന് മുൻപ് ചോദിച്ചു. 

"ആ നടുക്കത്തെ വലിയ രണ്ട് ശിഖരം ഇല്ലേ, അതിനിടയ്ക്ക് സാമാന്യം വലിയ ഒരു ഗർത്തം ഉണ്ട്. അതീന്നാ "

"പക്ഷെ.. " ഔസേപ്പച്ചന് എന്തോ ചോദിക്കണം എന്നുണ്ടായിരുന്ന,' പക്ഷെ' വിഴുങ്ങി. 

"ഞാൻ നിന്നോട് പലവട്ടം പറഞ്ഞതാ വെട്ടിക്കള , വെട്ടിക്കള എന്ന്, നീ കെട്ടോ. ഇനിയിപ്പോ കടന്നൽ ഉള്ളിൽ ഉണ്ടേൽ അതങ്ങനെ നിൽക്കും. നല്ലൊരു മഴ പെയ്താലറിയാം പോകുവോന്ന് ". 

മാമ്മിച്ചേട്ടത്തി അതുപറഞ്ഞിട്ട് കഴുത്തിൽ കിടന്ന വെളുത്ത ചരടു കൊന്തയൂരി കണ്ണടച്ച് ഇരുന്നു. 

ആ ശിഖരങ്ങൾക്ക് നടുവിലുള്ള ഗർത്തം വേങ്ങയുടെ വായ ആണെന്നുള്ള സത്യം അറിയാവുന്നത് എനിക്ക് മാത്രം ആയിരുന്നു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം, കടന്നലിനെ പേടിച്ച് ഒളിവിൽ ആയിരുന്ന ശശി പുറത്തിറങ്ങിയപ്പോഴാണ് അങ്ങനൊരു ഗർത്തം  അവിടുള്ളത് ശെരിയാണെന്നും പക്ഷെ അതിനെ ഗർത്തം എന്ന് വിളിക്കാൻ പറ്റില്ല, വായവട്ടം പോലെ ഒരു കുഴി മാത്രമേ ഉള്ളുവെന്നും അതിൽ പഴയ ഒരു കാക്കക്കൂട് മാത്രെ കണ്ടുള്ളൂവെന്നും ശശി പറഞ്ഞപ്പോഴാണ് മമ്മിച്ചേട്ടത്തിയുടെ ഊഹം തെറ്റായിരുന്നുവെന്ന് അപ്പന് തോന്നിയത്. 

ആ വാർത്ത ഒരാശ്വാസവും ആയിരുന്നു. 

ഏതോ ദേശാടനം നടത്തിവരികയായിരുന്ന കടന്നലുകളിലൊരുവനെ ശശി കൊന്നതിൻ പ്രകാരം അവറ്റകൾ കാട്ടിയ രോഷം  ആയിരുന്നു അതെന്നും അവ പോയ സ്ഥിതിക്ക് ഇനി ബാക്കി ഉള്ള തടി കൂടി വെട്ടി ഇറക്കാമല്ലോ എന്ന ഉദ്ദേശത്താൽ ഔസേപ്പച്ചൻ ബാബുച്ചേട്ടനെ വിളിക്കാൻ അയാളുടെ വീട്ടിലേക്ക് നടന്നു. പക്ഷെ നീരുവച്ച് തൂങ്ങിയ കീഴ്താടിയിൽ ചെറുകടലാടി അരച്ചിട്ട് ഇറയത്ത് കിടന്ന് കഞ്ഞിവെള്ളം കഷ്ട്ടപ്പെട്ട് മോന്തി ഇറക്കണ ബാബുവിനെ കണ്ടപ്പോൾ മുറ്റത്തോട്ട് കയറാതെ "ബാബുവേ എങ്ങാനുണ്ടെടായിപ്പോ " എന്ന് മാത്രം ചോദിച്ച് തിരികെ പോന്നു.

2. ചൂണ്ടപ്പന വിചാരണ 

ശരണ്യ ടീച്ചർ ട്യൂഷൻ എടുത്ത് പിള്ളേരെ പറഞ്ഞയച്ച് വീട്ടിലേക്ക് തിരികെ കയറുമ്പോഴാണ് രണ്ടാമത് ആക്രമണം ഉണ്ടായത്.

ആദ്യത്തേതിന് മൂന്നാംപക്കം. 

പക്ഷെ അന്നത് സാമാന്യം അധികനേരം നീണ്ടു നിന്നു.

നിമിഷങ്ങളുടെ വ്യത്യാസത്തിന് വീട്ടിൽ നിന്നിറങ്ങിയ പിള്ളേരും, കൂട്ടീന്ന് ഇറങ്ങിയ കടന്നലുകളും. 

ശരണ്യ ഒരു കവുങ്ങിൻ വിശറി എടുത്ത് നാലുപാടും വീശി ഓടിച്ചെന്ന് ഞങ്ങൾ പിള്ളേരെ തിരികെ വിളിച്ചു. ഒരു മണിക്കൂറോളം ജനാലയും കതകും അടച്ചുപൂട്ടി ആ വീട്ടിൽ അനങ്ങാതെ ഞങ്ങൾ ഇരുന്നു. 

കവിളിൽ വിരലമർത്തി വെള്ളം കളഞ്ഞ് ആ തടിപ്പിൽ നീണ്ട് മെലിഞ്ഞ നഖം ആഴ്ത്തി എന്തോ നുള്ളി എടുത്തുകൊണ്ട് ശരണ്യ ടീച്ചർ പറഞ്ഞു 

"കുത്ത് കിട്ടിയാൽ കൊമ്പ് ഉള്ളിലിരിക്കും. അതൂരി കളഞ്ഞില്ലേൽ നീര് വച്ച് പഴുക്കും "

കൂട്ടത്തിൽ മുതിർന്ന കുട്ടി അർച്ചനയുടെ നിറം മങ്ങിയ യൂണിഫോമിന്റെ മുകളിലൂടെ തോളിലാണ് കുത്തിയത്. അതുകൊണ്ട് അവളുടെ ശരീരത്ത് കൊമ്പ് ഇരുന്നിരുന്നില്ല. എങ്കിലും അവൾ എന്തോ ആലസ്യത്തിൽ കുറച്ച് നേരം കരഞ്ഞിരിന്നു, പിന്നെ മയങ്ങി വീണു. 

"ഇനി അഥവാ കൊമ്പ് ഇരിപ്പുണ്ടേൽ പാലക്കറ തൂത്താൽ മതി " ഒരു മയക്കത്തിന്റെ വശ്യതയിൽ ശരണ്യ റ്റീച്ചർ പറഞ്ഞു. 

അതുമൊരു തുടക്കമോ ഒടുക്കമോ ആയിരുന്നില്ല. പിന്നെയും ഒന്നിടവിട്ട ദിവസങ്ങളിൽ പകൽ സമയങ്ങളിൽ രൂക്ഷവും ദൗർബല്യമായ ആക്രമണങ്ങൾ തുടർന്ന് പോന്നു.

ഇവറ്റകളുടെ സങ്കേതം കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരെ മുഴുവൻ വലച്ചു. ആളുകൾ പലയിടത്ത്, പൊത്തുകളിലും പോടുകളിലും മരത്തിലും മറയത്തും ഇവയുടെ സങ്കേതം തേടി നടന്നു. 

പക്ഷേ അപ്രതീക്ഷിതമായ ഇത്തരം ആക്രമണങ്ങൾ തിരച്ചിലിന് തടസ്സമായി. ആളുകൾ ഓടി. 

ഓടി ഒളിച്ചു. 

ചിലർ വീടിനുള്ളിൽ അഭയം പ്രാപിച്ചു, ചിലർ ആട്ടിൻക്കൂട്ടിലും തൊഴുത്തിലും കച്ചിപ്പുരയിലും കയറി ഇരുന്നു. മറ്റുചിലർ നിരത്തിലൂടെ ഒരു ലക്ഷ്യവും ഇല്ലാതെ ഓടിക്കൊണ്ടേയിരുന്നു. 

ഇതൊക്കെ ആകാശത്തുനിന്ന് വീഴുന്നതാണെന്ന് ഞാൻ അപ്പുക്കുട്ടനോട് പറഞ്ഞു. 

ഇപ്പോൾ മഴക്ക് പകരം കടന്നലാണെന്നും, മേഘങ്ങളിൽ ഇവ കൂട് കൂട്ടിയെന്നുമുള്ള അപ്പുക്കുട്ടന്റെ നിഗമനം എനിക്ക് അപ്പോൾ വിശ്വസിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. 

മാമ്മിച്ചേട്ടത്തിയോട് ഇത്‌ സൂചിപ്പിച്ചപ്പോൾ മമ്മിച്ചേട്ടത്തി അത്ഭുതം കൂറി ഞങ്ങളെ നോക്കി. 'എങ്കിൽ അധികം വൈകാതെ തേൻമഴയും പെയ്യും നോക്കിയിരുന്നോ' എന്ന് പറഞ്ഞപ്പോൾ അന്ന് മുതൽ ഞങ്ങൾ തേൻ മഴ പ്രതീക്ഷിച്ച് കാത്തിരുന്നു. അതൊരു കള്ളമാണെങ്കിലും അങ്ങനെ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. 

"ഡി മാമ്മിയെ " പെണ്ണിയേടത്തി തന്റെ വീട്ടുമുറ്റത്ത് നിന്ന് വിളിച്ചു. 

"എന്താടി പെണ്ണി, നീ ഇങ്ങോട്ട് ഇറങ്ങി വാ " മാമ്മിച്ചേട്ടത്തി തന്റെ മുറ്റത്ത് നിന്ന് തൊടിയുടെ അതിർത്തി പങ്കിടുന്ന അയൽപ്പക്കത്തേയ്ക്ക് നോക്കി പറഞ്ഞു. 

കൊലച്ച ഏത്തവാഴകൾ അവർ തമ്മിലുള്ള ദൃശ്യത്തെ ദുർഗ്രഹമാക്കി . 

" ഓ ഞാനില്ലെടി, ഇതുങ്ങളെല്ലാം കൂടി നമ്മളെ കൊല്ലൂന്നാ തോന്നുന്നേ. മനുഷ്യന് വെളിയിൽ സ്വസ്ഥായിട്ട് ഇറങ്ങി നടക്കാൻ പറ്റണുണ്ടോ "

പെണ്ണി ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ മുറുക്കാൻ വറ്റ് ചുവന്ന കടന്നലുകൾ പോലെ അവരുടെ അവരുടെ വായിൽ നിന്നും പാറിയിറങ്ങി.

ദിവസങ്ങൾ കാലങ്ങൾ പോലെ നീണ്ടപ്പോൾ അവയുടെ ശല്യവും നീണ്ട് വന്നു. പഞ്ചായത്ത് മെമ്പറും വാർഡ് ലീഡർമാരും അവർക്ക് അപരിചിതമായ ഒരു സമ്മർദ്ദത്തിൽ എത്തിച്ചേർന്നു.

'ആദ്യം കടന്നലുകളെ തുരത്തൂ, എന്നിട്ടുമതി റോഡ് .'

പോരിനിടയിൽ അടിച്ചു കൊന്ന കുറച്ച് കടന്നലുകളുമായി മെമ്പറും കുറച്ച്പേരും പാച്ചു മേസ്തിരിയെ കാണാൻ ചെന്നു. മേസ്തിരി തന്റെ നല്ല കാലത്ത് പുകച്ചെടുത്ത് തേനൂറ്റി ഉറികെട്ടാത്ത തേനീച്ച കൂടുകൾ നാട്ടിലില്ലായിരുന്നു.  

ഉണങ്ങിക്കുശുത്ത മരങ്ങളുടെ പോടുകളിലും പഴയ വേരിന്റെ പുറ്റുകളിലും വീടുകളുടെ ഇറയത്തും മരങ്ങളുടെ തുഞ്ചത്തും പാറകളുടെ ഇടുക്കിലുമൊടുക്കിലുമൊക്കെ കൂടുകൂട്ടുന്ന പലതരം തേനിച്ചകളെ മേസ്തിരിക്ക് പരിചയം ഉണ്ട്. അവയിൽ അക്രമണകാരികളും ശാന്തസ്വഭാവക്കാരും ഉണ്ട്. സ്ഥിരതാമസ്സക്കാരും നാടോടികളും ഉണ്ട്. 

"ഇത്‌ നിങ്ങൾ പറയുന്ന പോലെ കടന്നലും കൊളവിയും ഒന്നുമല്ല, തേനിച്ചയാ. ഒന്നാന്തരം വന്തേനീച്ച" പ്രായം ക്ഷീണിതനാക്കിയ പാച്ചു മേസ്തിരി അപ്പോൾ ഒരു ഉണർവോടെ മെമ്പറെ നോക്കി പറഞ്ഞു. 

"വൻതേനിച്ചയോ? " മെമ്പർക്ക് ആ പറച്ചിലിലെ ഊഷ്മളത അങ്ങ് പിടികിട്ടിയില്ല. 

"ആടോ, കാട്ടുകടന്നൽ എന്നും പറയാം. ഇവൻ നാടനല്ല, കാടനാ. നമ്മുടെ നാട്ടിൽ അങ്ങനെയിങ്ങനെ കാണാറില്ലാത്ത ഇനം. നല്ല മുറ്റനാ. വിഷം കുത്തി വയ്ക്കാനറിയാം , കൂടുതലെങ്ങാനും അകത്ത് പോയാ നമ്മുടെ ശരീരം അങ്ങ് തളരും. അത്രേയുള്ളൂ " അയാൾ അതുപറഞ്ഞ് വെറുതെ ഇരുന്ന് ചിരിച്ചു. 

"പക്ഷെ ഇതിനിങ്ങനെ മനുഷ്യനെ എപ്പോഴും ശല്യപ്പെടുത്താനേ നേരോള്ളോ? " മെമ്പർക്ക് ഉടനെ കൂടാൻ പോകുന്ന കഴക്കൂട്ടത്തിൽ നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കേണ്ട അറിവിനെ കുറിച്ചായിരുന്നു ആധി.

"ഒരു ജീവിയും കാരണമില്ലാതെ അക്രമിക്കില്ല മെമ്പറെ. ആരോ ഇളക്കി വിടുന്നതാ " മേസ്തിരി വളരെ രഹസ്യ സ്വഭാവത്തോടെ പറഞ്ഞു. 

ഇതിലൊരു വില്ലൻ ഒളിഞ്ഞിരിപ്പുണ്ട് എന്ന സത്യം പാച്ചു മേസ്തിരിയിലൂടെ ആദ്യം കണ്ടെത്തിയത് മെമ്പറാണ്. അയാൾക്ക് അത് പല മുഖങ്ങളായി മനസ്സിൽ കുരുത്തു. ആ പല മുഖങ്ങളും അയാളുടെ ചിന്തകളിലെ വില്ലനായി മാറി . അതിൽ ലൈൻമാൻ അശോകനും ലോട്ടറിക്കാരൻ തമ്പിയും ശവര്യാര് പുണ്യാളനും വരെ ഉണ്ടായിരുന്നു . അവർ കടന്നൽ കൂട്ടിലേക്ക് തുരുതുരെ കല്ലെറിയുന്നത് അയാൾ അന്ന് രാത്രി സ്വപ്നം കണ്ടു. 

അടുത്ത ദിവസങ്ങളിൽ നടന്ന ആക്രമണത്തിനു ശേഷം മറ്റൊരു കാര്യം സംഭവിച്ചു.

ചാവുങ്കലിൽ ചൂണ്ട ഇട്ട് വടക്കേ തൊടിയിലെ മൺനിരത്തിലൂടെ ഒരു തൊണ്ട് കയറി കരുവാറ്റക്കാരുടെ തോട്ടം കടന്ന് റോഡിലേക്ക് കടക്കാം എന്ന ഉദ്ദേശത്തിൽ നടന്ന, അകലേന്ന് വന്ന കുറച്ച് ചെറുപ്പക്കാർ ആ തൊണ്ട് എത്തിയപ്പോൾ ഒരു മൂളക്കം കേട്ടു നിന്നു. തൊണ്ടിന്റെ വക്കിൽ നിൽക്കുന്ന ചൂണ്ടപ്പനയുടെ മുകളിൽ നിന്നാണ്. കക്കയത്തെ യക്ഷിക്ക് വർഷാവർഷം ഇതുവഴി ഒരു സഞ്ചാരം ഉള്ളതായി അവർ കേട്ടിട്ടുണ്ട്. നേരം തെറ്റി എത്തിയ അവർക്ക് പനമണ്ട ഇരുട്ടിൽ വ്യക്തമായില്ല. 

'യക്ഷിയുടെ മൂളക്കം, അല്ല തേനീച്ചയുടെ മൂളക്കം പോലുണ്ടല്ലേ' എന്ന് കൂട്ടത്തിൽ ഒരുവൻ പറഞ്ഞു നടന്നത് എതിരെ വന്ന ലൈൻമാൻ അശോകൻ കേട്ടു. 

"തേനീച്ചയുടെ മൂളക്കമോ. എവിടെ? " അയാൾ തന്റെ ഞെക്ക് ഫോണിലെ ചെറിയ ടോർച്ച് അവരുടെ മുഖത്തേക്ക് നീട്ടി ചോദിച്ചു. 

"ആ പനേടെ മണ്ടേല് " അവർ പറഞ്ഞു. 

വീടിന്റെ രണ്ട് തൊടി കഴിഞ്ഞുള്ള ആ തോട്ടം പേരപ്പന്റെയാണ്. മൂപ്പില്ലാൻ ആണ്ടിലും ചങ്ക്രാന്തിക്കും പേരിന് മാത്രം വന്ന് പോകുന്ന പറമ്പാണത്. സ്ലോട്ടർ  വെട്ടി തീർത്ത് വേരോടെ പിഴുത് കളയേണ്ട കാലം കഴിഞ്ഞിട്ടും എന്തിനെന്ന് ബോധ്യമില്ലാതെ നില്കുന്ന റബ്ബർ മരങ്ങളും കുരു വീണ് നിറയെ കുറ്റിച്ച് പൊന്തിയ കാപ്പി ചെടികളും, പക്ഷികളും അണ്ണാന്മാരും യഥേഷ്ടം തിന്നുമെതിച്ച് കാഷ്ഠിച്ച് കിളുപ്പിച്ച വണ്ണമെത്താത്ത ആഞ്ഞിലികളും നിറഞ്ഞ ആ തൊടി ഒരു സമ്പൂർണ്ണ വനമായി മാറിയിരിക്കുകയാണ്. രണ്ടു പറമ്പിന്റെ അതിർത്തി തിരിക്കുന്ന ഒരു ചെറു തൊണ്ടിന്റെ കവാടത്തിൽ ചൂണ്ടപ്പന നിൽപ്പുണ്ട്. അതിന്റെ അങ്ങേത്തലപ്പ് ഒറ്റനോട്ടത്തിൽ കണ്ടെത്താൻ ആരുടേയും കണ്ണെത്തുകയില്ല. അത് മേഘങ്ങളോട് ചേർന്ന് നിന്നു. ചുവട്ടിൽ ഈച്ചയാർത്ത് പഴുത്ത് ചീഞ്ഞ പനങ്കായ്കൾ കൂനകൂടി എപ്പോഴും കിടപ്പുണ്ടാവും. 

ആ തൊണ്ടുവഴി ആളുകളുടെ സഞ്ചാരം വളരെ കുറവാണ്. പുതിയ മൺനിരത്ത് അറിയില്ലാത്തവരും റോഡിലേക്കുള്ള എളുപ്പവഴി തിരയുന്നവരും മാത്രമാണ് ആ തൊടിയിലെ പഴയ നടപ്പാത കയറൂ. അതുകൊണ്ട് ആരുമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു പ്രദേശം. 

പിറ്റേന്ന് കൂടിയ യോഗത്തിൽ മെമ്പർ തന്റെ അറിവുകൾ നിരത്തിയതിനു ശേഷം അപ്പനെ നോക്കി. 

"ജോസഫേ നിങ്ങടെ ചേട്ടനെ വിവരം അറിയിക്കണ്ടേ. അങ്ങേർടെ പറമ്പിലാ സാധനം നിക്കണേ "

"ഓ അങ്ങേർക്കൊരു കൂസലും ഇല്ലന്നേ . ഞാൻ ഇന്ന് കാലത്ത് വിളിച്ചു പറഞ്ഞതാ. അപ്പൊ നിങ്ങൾ എന്താന്ന് വച്ചാ ചെയ്തോളാൻ, അതിനെയൊന്നും അങ്ങേര് കൊണ്ടുവന്നതല്ലാന്ന് " അപ്പൻ പറഞ്ഞു 

"നാറി" മെമ്പർ ആത്മഗതം ചെയ്തു. 

"എന്നാപ്പിന്നെ ഇതിനെ തുരുത്താൻ വേറെ വഴി നോക്കാലെ " കസേരകൾ ഒഴിവാക്കി നിലത്ത് കുന്തിച്ചിരുന്ന ഒരാൾ പറഞ്ഞു. 

"നിലത്തു നിന്ന് ഒന്നും ചെയ്യാൻ പറ്റില്ലാ എന്നാ  മേസ്തിരി പറഞ്ഞെ. ഇതിന്റെ മണ്ടേല് വലിഞ്ഞു കേറാൻ പറ്റിയ ആരാ ഇവിടുള്ളേ "

മെമ്പർ ചോദിച്ചു 

"പുറത്തൂന്ന് പണിയറിയാവുന്ന ആളെ ഇറക്കണം അല്ലാതെ ആർക്കാ ധൈര്യം " റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ റോയി പറഞ്ഞു. 

"ഓ അങ്ങേർടെ പറമ്പ് കണ്ടേച്ചാലും മതി. എന്നതാടാ അത്, കാടോ. ആ പനയൊക്കെ പണ്ടേ വെട്ടി കളയണ്ടേ. അതുകൊണ്ടല്ലേ ഇപ്പോ ഇങ്ങനൊരു മാരണം ഉണ്ടായേ. ചോദിക്കാതെ കയറിയങ്ങ് വെട്ടണം. അല്ലപിന്നെ " മെമ്പറുടെ കൂടെ ഇരുന്ന ഒരു മെലിഞ്ഞു കുറിയ മനുഷ്യൻ അപ്പനെ പറഞ്ഞു. 

"ആയിനകത്ത് ഇന്നാള് ഞാൻ ഒരു കരിങ്കോളിയെ കണ്ടതാ " ലോട്ടറിക്കാരൻ തമ്പി പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു. 

അവസാനം പുറത്തൂന്ന് ആളെ ഇറക്കേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ചും അതിന്റ പിന്നിലെ ചിലവുകളെക്കുറിച്ചും പനയുടെ ഉടമയുടെ ഒഴിവു കഴിവുകളെക്കുറിച്ചുമൊക്കെ തർക്കം കടന്നു കയറിയപ്പോൾ കൂട്ടത്തിൽ പ്രായം കൂടിയ പൈലിച്ചേട്ടൻ എഴുന്നേറ്റു. 

"ഒന്ന് രണ്ട് ആഴ്ച്ച കൂടി കാക്കാം, ഇപ്പോ രണ്ടുമൂന്ന് ദിവസായിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ. വേനൽമഴ ഇപ്പോയിങ്ങെത്തും " അയാൾ പറഞ്ഞു 

അവർ ഒന്നും രണ്ടും വീണ്ടും പറഞ്ഞ് യോഗം പിരിഞ്ഞു.  

3. കാക്കത്തൊള്ളായിരം തോന്നലുകൾ 

ഉടനെ വന്നതൊരു ശനിയാഴ്ച്ചയായിരുന്നു. അവധി ദിവസങ്ങളിലെ നേരം മറന്നുള്ള ഉറക്കം പതിവുപോലെ ആവർത്തിച്ചു. വെയിൽ ഉണർന്ന് ചാഞ്ഞിറങ്ങിയിട്ടും ഞാൻ എഴുന്നേൽക്കാൻ മടിച്ചുകിടന്നു. എന്നാൽ എന്നെ ഉണർത്തിയത് അപ്പുക്കുട്ടനാണ് 

"ഡാ എണീറ്റെ "

"പോടാ "

"ഡാ പരുന്തും കാക്കയും ഇടി ഉണ്ടാക്കുന്നു " അവൻ ആവേശത്തോടെ പറഞ്ഞു 

"ഒരു വലിയ പച്ച പരുന്ത് "

"പച്ച പരുന്തോ " ഞാൻ ചാടി എഴുന്നേറ്റു. 

മുറ്റത്ത് ഒരു ജനാവലി തന്നെയുണ്ട്. താഴെ പറമ്പിൽ മറ്റൊരു ജനാവലി. തെക്കേതൊടിയിൽ വേറൊരു ജനാവലി. താഴെ തൊടിയിലെ റബ്ബർ മരങ്ങളിൽ മറ്റൊരു കൂട്ടം ജനാവലി. കാക്കത്തൊള്ളായിരം റബ്ബർ ചില്ലകളിൽ കാക്കത്തൊള്ളായിരം കാക്കകൾ .    

മണ്ണിൽ നിലയുറപ്പിച്ച ജനാവലികൾ ആ റബ്ബർമരങ്ങളിലേക്ക് കൗതുകത്തോടെ കണ്ണെയ്ത് നിൽക്കുന്നു. മാമ്മിചേട്ടത്തിയും ഔസേപ്പച്ചനും മുൻ നിരയിൽ തന്നെ ഉണ്ട്. ചിലർ കല്ലെടുത്ത് കൈയിൽ പിടിച്ചിട്ടുമുണ്ട്. 

ഞാൻ മുറ്റത്തേക്ക് ഇറങ്ങി. അപ്പുക്കുട്ടൻ കാക്കകളെ അനുകരിച്ച് ഒച്ചവെച്ച് ആളുകളുടെ ഇടയിലൂടെ ഓടി നടന്നു. 

"എവിടാടാ പച്ചപ്പരുന്ത് " ഞാൻ അവനോട് ചോദിച്ചു 

"ദാണ്ടെ ആ തടിയൻ റവറിന്റെ മോളിൽ "

അവൻ കൈചൂണ്ടി . 

ഞാൻ എന്റെ കണ്ണുകൾ പറിച്ച് ആ റബ്ബറിലേക്ക് എറിഞ്ഞു. അവിടെ ജീവനുള്ള ഒരു പച്ച നിറം ഞാൻ പരതി, അപ്പോൾ വലിയൊരു ചിറകുമായി ഒരു കൂറ്റൻ പക്ഷി അടുത്ത റബ്ബറിലേക്ക് നിശബ്ദം പറന്നുചാടി.

അവൻ ശാന്തനായിരുന്നു.

ലോകം ശാന്തമായിരുന്നു. കാക്കകൾ നിശബ്‌ദം കരഞ്ഞുകൊണ്ട് പ്രാകി നടന്നു. കാറ്റ് നിശബ്ദം ചലിച്ചു. ഇലകൾ നിശബ്ദം പൊഴിഞ്ഞു.

"ആ കണ്ടു കണ്ടു " ഞാൻ ആ നിശബ്ദതകളെയെല്ലാം ഭേദിച്ചെറിഞ്ഞു. 

ജനാവലി വായ കൊണ്ട് ശീല്കാരങ്ങളും മറ്റ് ശബ്ദങ്ങളും ഉണ്ടാക്കി തുടങ്ങി. കാക്കകൾ മറ്റുള്ള ബന്ധുമിത്രാദികളെയെല്ലാം വിളിച്ചുകൂട്ടിയും തുടങ്ങി. ചിലർ മുറ്റത്ത് തന്നെ നിന്ന് കല്ലെറിഞ്ഞു, അത് റബ്ബർ മരങ്ങളുടെ തൊലി അടർത്തി വെളുത്ത രക്തം വീഴ്ത്തി. 

"എറിഞ്ഞോടിക്ക് " മാമ്മി ചേട്ടത്തി വിളിച്ചുകൂവി. 

"ഇതാണോടാ പച്ച പരുന്ത് " ഞാൻ ചോദിച്ചു 

"ആ അത് പച്ചയാ " അപ്പു തറപ്പിച്ചു. 

"അമ്മേ ഇവൻ പറയാ അത് പച്ചക്കളർ ആന്ന് " . 

അമ്മ അത് ശ്രദ്ധിക്കാതെ എന്നോട് പറഞ്ഞു 

"ഡാ ഇവനാണ് ഈ കൊളവികളെയൊക്കെ ഇളക്കുന്നത് " അപ്പോൾ ചൂണ്ടപ്പനയിൽ നിന്ന് ഒരു തേൻതുള്ളി നിലത്ത് പൊഴിഞ്ഞുവീണത് നരിയുറുമ്പുകൾ നക്കിത്തുടങ്ങിയിരുന്നു. 

"അതെന്തിന് " ഞാൻ ചോദിച്ചു 

"തേൻ കുടിക്കാൻ വരുന്നതാ. എന്നിട്ട് എല്ലാത്തിനെയും ഇളക്കിയിട്ട് പോകും. പക്ഷെ ഇപ്പ്രാവശ്യം കാക്കകൾ പൊതിഞ്ഞു അവനെ. ഞാൻ അരുവിത്തുറ വല്യച്ഛന് നേർച്ച നേർന്നത് വെറുതെ ആയില്ല. കണ്ടോ ഇവനെ നമ്മടെ മുമ്പിൽ കൊണ്ടുത്തന്നു" അമ്മ ചങ്കത്ത് കൈവച്ച് പറഞ്ഞു. 

വികൃതി.  വികൃതിത്തരങ്ങൾ. ക്രൂരമായ വികൃതിത്തരങ്ങൾ.

ഇവന്റെ ക്രൂരമായ വികൃതിത്തരങ്ങളാണ് കഴിഞ്ഞ ഭീഷണമായ ദിവസങ്ങൾക്ക് കാരണം എന്ന വ്യക്തമായ അറിവ് എല്ലാവർക്കും കിട്ടി. 

"വികൃതി പരുന്ത് " പെണ്ണിയേടത്തി അവരുടെ തൊടിയിൽ ഒരു കല്ലിന്മേൽ ഇരുന്ന് , അടയ്ക്ക കല്ലിൽ ഇടിച്ച്പൊടിച്ച് വായിൽ തപ്പിക്കൊണ്ട് പറഞ്ഞു. 

കുറച്ച് തേൻ കുടിക്കാൻ വേണ്ടി ഇത്രയും പൊല്ലാപ്പുകൾ കാട്ടിക്കൂട്ടിയ ആ പക്ഷിരാക്ഷസനെ ആളുകൾ തങ്ങളുടെ സമാധാന പൂർണ്ണമായ ജീവിതാന്തരീക്ഷം നശിപ്പിക്കാൻ എത്തിയ ഒരു വില്ലനോട് തുലനം ചെയ്തു. 

തേനിന്റെ വില ഔസേപ്പച്ചന് മനസിലായി.

'തേൻ മാത്രമല്ല തേനീച്ച മുട്ടകളും. സ്വന്തം മുട്ട പെറുക്കാൻ ആരേലും സമ്മതിക്കുവോ ' ആരോ തിരുത്തി 

പരുന്ത് തേൻ കുടിക്കുവോ എന്നായിരുന്നു എന്റെ സംശയം.

'പരുന്ത്‌ വലിയ തേനീച്ചയാ' എന്ന് അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ, ആ സംശയം ഞാൻ ആവർത്തിച്ചില്ല. 

കാക്കകളും മനുഷ്യരും കൂടി അന്ന് ശനിയാഴ്ച രാവിലെ കൃത്യം പത്ത് നാല്പത്തിയാറിനു വില്ലനെ നാട്ടിൽ നിന്ന് തുരത്തി. അവർ അവന് അവിടെ വിലക്കേർപ്പെടുത്തി. 

പക്ഷെ അവയൊന്നും വകവയ്ക്കാതെ പിന്നീട് പല ദിവസങ്ങളിലും പ്രത്യക്ഷപ്പെട്ട അവനെ ആ ചൂണ്ടപ്പനയുടെ സമീപത്തേക്ക് അടുക്കാൻ ആരും ഇടവരുത്തില്ല എന്ന് പ്രതിജ്ഞയെടുത്തു. പലയാവർത്തിയിൽ പലയാളുകൾ അവനെ കല്ലെറിഞ്ഞും കേട്ടാൽ അറക്കുന്ന ചീത്ത വിളിച്ചും ഓടിച്ചു. പനയുടെ ചുറ്റും താമസിച്ചിരുന്ന കാക്കകൾക്ക് അവൻ നോട്ടപ്പുള്ളി ആയി. അവരിൽ ചിലർ സമീപത്ത് തന്നെയൊരു മരത്തിൽ തമ്പടിച്ചുകൂടി 

ഒരു സമൃദ്ധമായ മഴക്കാലത്തിനായി എല്ലാവരും കാത്തിരുന്നു. നേരമായിട്ടും വേനൽമഴ എന്താണ് വൈകുന്നതെന്ന് പാച്ചു മേസ്തിരിക്ക് പിടികിട്ടിയില്ല. അയാൾ ചാരുകസേരയിൽ നിന്നെഴുന്നേറ്റ് വേച്ച് വേച്ച് ഇറയത്ത് നിന്ന് പുറത്തേക്ക് കൈ നീട്ടി. ദിവസവും പലയാവർത്തി അയാൾ ഇത്‌ തന്നെ ആവർത്തിച്ചു. മഴ പെയ്യുന്നുണ്ടെന്നും തനിക്കത് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അയാൾക്ക് കൈനീട്ടും വരെ തോന്നി, പിന്നെ നിശബ്ദതയോടെ തിരികെ ചെന്നിരിക്കും. 

നാട്ടുകാരെല്ലാം അവർ പുറപ്പെടുവിച്ച ആശ്വാസത്തിന്റെ നെടുവീർപ്പുകളെ പതിയെ വിശ്വസിക്കാൻ തുടങ്ങി. ഔസേപ്പച്ചൻ തൊടിയിൽ നിന്ന് കൊലകൾ വെട്ടി താഴെ നിരത്തി. മണ്ടയും ചില്ലകളും ഇല്ലാത്ത മുള്ളുവേങ്ങയെ ഏറെ നേരം നോക്കി നിന്നു. താൻ കാണാത്ത തന്റെ കാരണവന്മാരെ കണ്ട മുള്ളുവേങ്ങയെ അവരുടെ അനുവാദം കൂടാതെ വെട്ടിയതിന്റെ ശാപമാണ് ഈ അനുഭവിക്കുന്നതെന്ന് അയാൾക്ക് തോന്നി. അയാൾ അകലെ അസാധാരണ ഉയരം കൊണ്ട് മണ്ട മാത്രം കാണാവുന്ന ആ പനയിലേക്ക് നോക്കി. ഒരു മൂളക്കം അയാളുടെ ചെവിയിൽ അപ്പോഴും മയങ്ങി കിടപ്പുണ്ടായിരുന്നു. മാമ്മി ചേടത്തി രാത്രികളിൽ ആ മൂളക്കം കേട്ട് ഞെട്ടി ഉണർന്നു. തന്നെ ഒന്ന് രണ്ട് തേനീച്ചകൾ പിന്തുടരുന്നതായി അവർക്ക് പിന്നെ തോന്നിത്തുടങ്ങി.

"മാമ്മിയെ ഇനി എന്നതാടി ചെയ്യാ, മഴയും പെയ്യണില്ലലോ. ഇതുങ്ങളെല്ലാം കൂടി മനുഷ്യനെ കൊല്ലുവോ " പെണ്ണിയേടത്തി മുറുക്കാൻകല്ലിന്റെ ചുവട്ടിൽ നിന്ന് പതിവ് ചോദ്യങ്ങൾ ദിവസവും ആവർത്തിച്ചു.  

പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അങ്ങനൊരു വില്ലൻ തന്നെ തോന്നലായിരുന്നോ എന്ന് നാട്ടുകാർക്കും തോന്നി. തേനീച്ചകൾ തേൻപൊത്തുകളിൽ പൂമ്പൊടികൾ നിറച്ചു. അവർ ആരെയും കാത്തിരുന്നില്ല. മഴയെ പോലും. 

4.  മൃതിയിരമ്പലുകൾ 

സ്കൂളിൽ ഓരോ ദിവസവും കൗതുകം നിറഞ്ഞ പുതിയ കഥകളുമായി എത്തിക്കൊണ്ടിരുന്ന എനിക്ക് കുറച്ച് ദിവസമായിട്ട് സംഭവവികാസങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടു. പക്ഷെ അവയെ എന്റെ ഭാവനയിലൂടെ ഞാൻ നിർമ്മിച്ച് അവർക്ക് സമർപ്പിക്കാൻ തുടങ്ങിയപ്പോൾ കേൾവിക്കാർ കൂടി.  

ആ തേനീച്ചകൾക്ക് ഒരു ഇലുമ്പിപ്പുളിയുടെ വലിപ്പം ഉണ്ടായിരുന്നു. മൊട്ടുസൂചി പോലെയിരുന്ന കൊമ്പുകൾ. കുത്ത് കിട്ടിയാൽ അപ്പോ തന്നെ ആൾടെ ബോധം പോകും. കഴിഞ്ഞ ദിവസം കള്ള് ചെത്താൻ കയറിയ ദിവാകരൻ തെങ്ങിൽ ഇരുന്ന് ബോധം കെട്ട് തൂങ്ങി കിടന്നു. 

പിന്നെ ആ പരുന്തിന് പച്ച നിറം തന്നെയാണ്. ഒരു ജെറ്റ് പോലെ പോകും. ഒരാളെ ഒക്കെ സുഖായിട്ട് തൂക്കിയെടുത്ത് കൊണ്ടുപോകാം. ഇങ്ങനൊരു പരുന്ത് ലോകത്ത് ആദ്യം തന്നെയാണ്. പിന്നെ പേരപ്പന്റെ ആ തൊടിയിൽ ആർക്കും കയറാൻ പറ്റില്ല. അവിടെ കോഴീടെ തലയുള്ള പാമ്പ് ഉണ്ട്, കരിങ്കോളി. ഒരു കവുങ്ങിന്റെ നീളവും വണ്ണവും ഉണ്ട്. കരിനിറം. ഭയങ്കര വിഷം. കോഴി കൂവുന്നത് പോലെ കൂവും. എല്ലാം ആ തൊടിക്കുള്ളിൽ തന്നെ ഉണ്ടായതാണ്. വന്തേനീച്ചയും, പച്ചപരുന്തും, കരിങ്കോളിയും, പിന്നെ എന്റെ ഭാവനകളും. 

എല്ലാവരും പറഞ്ഞു 

"മഴ പെയ്യും "

"അതെ മഴ പെയ്യും "

"തേനീച്ച പോകും "

"അതെ പോകും "

"ഡീ മാമ്മിയേ പിള്ളേര് പള്ളിക്കൂടത്തീന്ന് എത്താറായില്ലേ? " പെണ്ണിയേടത്തി മമ്മിച്ചേട്ടത്തിയോട് വിളിച്ചു ചോദിച്ചു. 

"മഴക്കാർ മൂടുന്നുണ്ട് കെട്ടോ പെണ്ണി, ചിലപ്പോ ഇന്ന് പെയ്തേക്കും " മാമ്മി പറഞ്ഞു 

"അന്തരീക്ഷം കണ്ടിട്ട് അങ്ങനാ തോന്നുന്നേ " പെണ്ണി പറഞ്ഞു. 

"ആ പിള്ളേരിങ്ങെത്തണേക്ക് മുന്നേ പെയ്യാണ്ടിരുന്ന മതിയാരുന്നു ഇശോയെ" 

ഒരു പഞ്ഞിക്കെട്ടിലേക്ക് കറുത്ത ഛായം നനഞ്ഞുപടർന്ന് കയറുന്നത് പോലെ അവ കടന്നു വന്നു. ആ വരവ് വളരെ പതിയെ ആയിരുന്നു. നിശബ്ധമായ ഒരൊഴുക്ക് പോലെ. ഒരു കാറ്റ് പോലും വീശിയില്ല, ഒരില പോലും അനങ്ങിയില്ല. അവയുടെ ലക്ഷ്യം ഭൂമിയുടെ വേരുകൾ ആയിരുന്നു. ഭൂമിയിലെ കാക്കത്തൊള്ളായിരം വേരുകളും ആ ജലകണങ്ങളെ കാത്തിരുന്നു. 

അപ്പോൾ കിഴക്ക് ആ ദൃശ്യം നോക്കി ഒരു ഗ്രാമം ഇമയനക്കാതെ നിന്നു. വീടിന് വെളിയിലേക്ക് മന്ദം മന്ദം ഇറങ്ങി വന്നവർക്ക് അതൊരു കുളിര് സമ്മാനിച്ചു. ചിലർ മുട്ടുകുത്തി കാർമേഘത്തെ വണങ്ങി. ചെറിയൊരു ഇടിമുഴക്കം കേട്ടപ്പോൾ മരിച്ചെന്ന് കരുതിയിരുന്ന ഇന്ദ്ര ഭഗവാനെ പാച്ചു മേസ്തിരി സ്മരിച്ചു.  

ഞാൻ സ്കൂൾ വണ്ടിയേൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നു. ഇത്ര വലിയ നിശബ്ദത ഞാൻ ആ നാട്ടിൽ പിന്നെ അറിഞ്ഞിട്ടേല്ല. വീട്ടിലെത്തി ജനാലയ്ക്ക് മുന്നിൽ ചെന്ന് കസേരയിട്ട് ഇരുന്നു. ഒരു പക്ഷികുഞ്ഞ് പോലും കരയുന്നുണ്ടായിന്നില്ല അപ്പോൾ. കോഴികൾ നേരത്തെ കൂട്ടിൽ ചെന്നുകയറി. വെളിച്ചം താന്നു. ഔസേപ്പച്ചൻ ഒരു കുടയുമായി അങ്കണവാടിയിലേക്ക് നടന്നു. 

ഞാൻ ജനലഴികളിൽ തൂങ്ങിനിൽക്കാൻ പോകുന്ന മഴതുള്ളികളെയും അങ്കണവാടിയിലെ ഉപ്പുമാവിന്റെ രുചിയും കാത്ത് ഒരു റസ്കും കയ്യിൽ പിടിച്ചിരുന്നു. 

" കൊച്ചിനെ കൂട്ടാൻ പോയിട്ട് രണ്ടിനെയും കാണുന്നില്ലാല്ലോ" കുറെ നേരം കഴിഞ്ഞ് അമ്മ പരിഭവപ്പെട്ടു. 

ഒരു തണുപ്പ് ഉള്ളിലേക്ക് അരിച്ച് കയറി. അടുപ്പിൽ തീ ആളി കത്തി. ഓടുകൾക്ക് ഇടയിലൂടെ പുറത്ത് ചാടിയ പുക താഴ്‌ന്ന് പറന്നു. 

ആ ഒരു നിമിഷത്തെ നിശ്ചലതയുടെ ഒടുക്കം പെട്ടന്നായിരുന്നു. 

"മഴ വരുന്നേ " ഒരു വലിയ ശബ്ദം മാറ്റൊലി കൊണ്ടു. 

"തുണി പെറുക്കിക്കോ "

"വിറക് വാരിക്കോ "

"നെല്ല് വാരികെട്ടിക്കോ "

നാടിന്റെ നാനാഭാഗത്തു നിന്ന് പല ശബ്ദങ്ങൾ ഓടിക്കളിച്ചു.

മഴയുടെ ഇരമ്പൽ ആർത്ത് വരുന്നത് കേൾക്കാം. ആ ശബ്ദം അടുത്ത് കേട്ടപ്പോൾ ബാബുച്ചേട്ടൻ വീടിനുള്ളിൽ കയറി കതകും ജനലുകളും കൊട്ടിയടച്ചു. വരമ്പിൽ നിന്ന ശശി മുണ്ട് പറിച്ച് ശരീരം പൊതിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടി. പാച്ചു മേസ്തിരി ഇന്ദ്ര ഭഗവാനെ മരിച്ചവരുടെ കൂട്ടത്തിലേക്ക് തന്നെ തിരിച്ച് വിട്ടു. 

"കൊളവി ഇറങ്ങിയേ " ആരുടെയോ നിലവിളിയും എവിടുന്നോ ഒരലർച്ചയും കേട്ട് ഞാൻ ഞെട്ടിവിറച്ചു. 

"ഡാ കൊച്ചേ ഇവിടെ ഇരുന്നോ. വല്യമ്മച്ചി ആടിനെ അഴിക്കാൻ പോയേക്കുവാ. ഞാൻ പോയി കൊണ്ടുവരട്ടെ" ഇതുപറഞ്ഞ് അമ്മ ഇറങ്ങി എങ്ങോട്ടോ ഓടി. 

രണ്ട് നിമിഷത്തിനുള്ളിൽ അന്തരീക്ഷം മുഴുവൻ കറുത്ത വല വിരിച്ചിട്ട പോലെ തേനിച്ചകൾ ഭ്രാന്തിളകി പറന്ന് നടന്നു. 

പെയ്ത മഴയെ അവ തടഞ്ഞ് നിർത്തിയെന്ന് എനിക്ക് തോന്നി. 

അപ്പൻ അപ്പുക്കുട്ടനെയും കൊണ്ട് വീട്ടിലേയ്ക്ക് ഓടി കയറി. 

"എവിടെടാ അമ്മയും അമ്മച്ചിയും " അപ്പൻ ചോദിച്ചു 

"ആടിനെ.. " ഞാൻ പറഞ്ഞ് തീരും മുൻപ് അപ്പൻ ഇറങ്ങി ഓടി. 

അപ്പുകുട്ടൻ സോഫയുടെ അടിയിലേക്ക് ബാഗുമായി അതേപടി നൂഴ്ന്ന് കയറിയിട്ട് എന്നെ വിളിച്ചു 

"ഡാ വാ "

മനുഷ്യരുടെ ശബ്ദം തേനീച്ചകളുടെ ഇരമ്പലിൽ മങ്ങിക്കേൾക്കാം, ഒപ്പം കാക്കകളുടെയും. അവ നാലുപാടും ചിതറിയോടി. ആടുകൾ ഇന്നേവരെ ഞാൻ കേൾക്കാത്തതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു.

ഭൂമിയെ വലം വച്ച് തേനീച്ചകൾ പറന്ന് വരുകയാണ്. ഇടക്ക് അപ്രത്യക്ഷമാവും പെട്ടന്ന് പ്രത്യക്ഷപ്പെടും. അതെ അവറ്റകൾ വലം വയ്ക്കുകയാണ്. കാണുന്നവയിലെല്ലാം രോക്ഷം തീർക്കുകയാണ്. 

അപ്പോഴേക്കും അപ്പൻ അമ്മയേയും മാമ്മിച്ചേട്ടത്തിയും കൂട്ടിയെത്തി. അപ്പൻ കൈവള്ളയിൽ കുത്ത് കിട്ടിയിടത്ത് അമർത്തി ഞെക്കുന്നുണ്ട്. എല്ലാവരും അകത്ത് കയറി. 

മാമ്മിച്ചേട്ടത്തി നേരോളിച്ചു

"ദൈവമേ ഇത്‌ ആരെ ഒരുപോക്ക് കൊണ്ടുപോകാനാണോ "

പെട്ടന്ന് വാതിലിൽ ഒരു മുട്ട് കേട്ട് അപ്പൻ ചെന്ന് തുറന്നു. പേരപ്പൻ. നാളുകൾ കൂടി തന്റെ തൊടി കാണാനും എല്ലാവരും പറഞ്ഞ സ്ഥിതിക്ക് പനയൊന്ന് നിരീക്ഷിച്ച് പോവാനും ഇറങ്ങിയതാണ്. 

അയാൾ കയറിയ ഉടനെ കുറെ തേനീച്ചകൾ ഇരമ്പി ഉള്ളിലേക്ക് കയറി. എല്ലാവരും കയ്യിൽ കിട്ടിയതൊക്കെ എടുത്ത് വീശി. ഊണ് മേശയിൽ ഇരുന്ന പ്ലേറ്റ് എടുത്ത് ലക്ഷ്യമില്ലാതെ ഞാൻ വിറച്ച് വീശി. 

"ടാ വാടാ " അപ്പുക്കുട്ടൻ സോഫയുടെ അടിയിൽ ഇരുന്ന് വിതുമ്പി. 

ഉള്ളിൽ കയറിയ എല്ലാറ്റിനെയും നിമിഷങ്ങളുടെ പരിശ്രമങ്ങൾക്ക് ഒടുവിൽ വകവരുത്തി. പേരപ്പൻ കയ്യിൽ കരുതിയിരുന്ന ഓല മടൽ താഴെ ഇട്ടു. അയാളുടെ മേൽചുണ്ട് തടിച്ച് പൊന്തിയിരുന്നു. കഴുത്ത് തിരിക്കാൻ കഴിയാതെ ഒരേ ഇരിപ്പ് ഒന്നും മിണ്ടാതെ. ആരും ഒന്നും മിണ്ടിയില്ല. 

കാത്തിരുന്നു. 

എല്ലാവരും കാത്ത് ഇരുന്നു. 

പതിയെ അത്ര ചെറുതല്ലാത്ത കാറ്റ് വീശി, കൂടെ മഴയും. 

എല്ലാവരുടെയും ചങ്കിടിപ്പ് താഴ്ന്നുകേട്ടു. അപ്പുകുട്ടൻ സോഫയുടെ അടിയിൽ കിടന്ന് മയങ്ങി.

നേരമിരുട്ടി.

മഴ നാടിനെ വലിയ കാര്യമാക്കാതെ കടന്ന് പോയി. 

ഇരുട്ട് വീണു. 

ഔസേപ്പച്ചൻ ചെന്ന് വാതിൽ തുറന്ന് പുറത്തിറങ്ങി, കൂടെ പേരപ്പനും.

കറന്റ്‌ പോയിരുന്നു. പുറത്തെ ഇരുട്ട് നീങ്ങിയതായി കാണാം. 

അൽപ്പനേരം കഴിഞ്ഞ് അമ്മയും പുറത്തിങ്ങി "വാതിൽ ചാരി അകത്തിരുന്നോണം" എന്ന് പറഞ്ഞ് എങ്ങോട്ടാ പോയി. 

കുറച്ച് സമയം അങ്ങനെ അനങ്ങാതെ ഇരുന്നു. അപ്പുക്കുട്ടൻ ഉണർന്ന് അമ്മയെ അന്വേഷിച്ച് തുടങ്ങി. മാമ്മിച്ചേട്ടത്തി കൊന്ത എത്തിക്കുകയാണ്. ഞാൻ പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി. 

തലേന്ന് പള്ളിയിൽ വായിച്ച അന്ധന് കാഴ്ച കിട്ടിയ വാക്യം ഞാൻ ഓർത്തുപോയി അപ്പോൾ .

"എടാ കൊച്ചേ ഇങ്ങ് കയറി വാ " മാമ്മിയമ്മ വിളിച്ചു പറഞ്ഞു. 

"ഡാ വാടാ " അപ്പുക്കുട്ടന് സങ്കടവും പേടിയും അടങ്ങിയിട്ടില്ല. 

മുറ്റം മുഴുവൻ കരിയില നിറഞ്ഞിരിക്കുന്നു. പറമ്പിൽ അവിടിവിടെയായി കൊത്തച്ചക്കകളും റബ്ബർ ചില്ലകളും വീണ് കിടപ്പുണ്ട്. കാറ്റ് സാമാന്യം കടുത്തതായിരുന്നു എന്ന് മനസിലായി. 

അപ്പോഴേക്കും അമ്മ പെട്ടന്ന് കടന്നുവന്ന് എന്നെ കണ്ട് കുനിഞ്ഞ് ഒരു ഉണക്കവടി കയ്യിൽ എടുത്ത് പറഞ്ഞു "അകത്ത് കയറടാ "

ഞാൻ ഓടി അകത്ത് കയറി. അമ്മ പെരക്കുള്ളിൽ കയറി വിളക്ക് കത്തിച്ചു, എന്നിട്ട് മമ്മിച്ചേട്ടത്തിയോട് പറഞ്ഞു 

" അമ്മച്ചി പെണ്ണിയേടത്തി മരിച്ചു " 

മാമ്മിയമ്മ നിശബ്ദയായിരുന്നു. ഒന്നും ചോദിച്ചില്ല. 

അവർ കണ്ണടച്ച് കൊന്ത എത്തിച്ചുകൊണ്ടിരുന്നു. ചുളിവുകൾ വീണ ആ മുഖത്ത് വിളക്കിന്റെ കരിനിഴൽ മാറി തെളിഞ്ഞപ്പോൾ ഒരു നനവ് ഞാൻ കണ്ടു. അപ്പുകുട്ടൻ അമ്മയുടെ മടിയിലേക്ക് നിശ്ശബ്ദം ചാഞ്ഞു. കാക്കത്തൊള്ളായിരം കാക്കകളും നിശബ്ദരായി കൂടുകളിലേക്ക് ചേക്കേറി തുടങ്ങി. 

വില്ലനോപചരിതം അന്ത്യകർമ്മം

'മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ 

കൂടെപോരും നിൻ ജീവിത ചെയ്തികളും 

സത്‌കൃത്യങ്ങൾ ചെയ്യുക നീ 

അലസത കൂടാതെ '

രാവിലെ മരണഗീതം റെക്കോർഡായി മുഴങ്ങുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് 

"എടാ ശവം കൊണ്ടുവന്നു കാണാൻ വരുന്നോ" അമ്മ ചോദിച്ചു. 

"ഇല്ല" ഞാൻ ബാഗ് എടുത്ത് സ്കൂൾ വണ്ടിക്കായി നടന്നു. 

ഇന്നലെ നടന്ന സംഭവങ്ങളെപ്പറ്റി സംസാരിച്ചും പല കാര്യങ്ങളിൽ തർക്കിച്ചും ആളുകൾ ശവസംസ്കാരത്തിനായി പള്ളിയിലേക്ക് നടന്നു. ഓരോരുത്തർക്കും കഴിഞ്ഞ ദിവസം സംഭവിച്ച അനർത്ഥങ്ങളെക്കുറിച്ച് മാത്രമെ പറയാനുള്ളു. പക്ഷെ ഉള്ളുകൊണ്ട് എല്ലാവരും നിശ്ശബ്ദരാണ്. 

വത്സമ്മയുടെ ആടുകൾ രണ്ടെണ്ണമാണ് കുത്തുകൊണ്ട് ചത്തത്. ഒരെണ്ണം നാല് മാസം ഗർഭിണിയാണെന്നുള്ളതാണ് അവരെ ഏറെ അലട്ടിയ വിഷമം. രാധകൃഷ്ണൻ കണ്ടത്തിൽ കെട്ടിയ പുതിയ പോത്തിൻ ക്ടാവ് ചത്തു. തൊമ്മീടെ തൊടൽ പൊട്ടിച്ചുപോയ പട്ടിയെപ്പറ്റി പിന്നെയൊരു വിവരവും ഇല്ല. 

ചാക്കിൽ പൊതിഞ്ഞ പോലെ തേനീച്ചകൾ പൊതിഞ്ഞ പെണ്ണിയേടത്തിയുടെ അലർച്ച, ആ ദൃശ്യം കണ്ട അവരുടെ കൊച്ചുമകൻ ജോമോന്റെ കാതിൽ നിന്ന് മായുന്നില്ല. അയാൾക്ക്‌ ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല അപ്പോൾ, ഓടുവാനല്ലാതെ. പതിനായിരക്കണക്കിന് വന്തേനീച്ചകൾ ഒരു ശരീരത്തെ തങ്ങളുടെ പ്രകോപനത്തിന് ഇരയാക്കി. 

മുഖം മുഴുവൻ കുറ്റിരോമം പോലെ തേനീച്ച കൊമ്പുകൾ തിണിർത്ത് നിന്നു. ശരീരം നീര് വച്ച് വീർത്ത് പൊന്തിയിരുന്നു. പെട്ടിയിൽ ഒതുങ്ങാതെ കിടന്ന ശരീരം അവർ കെട്ടിയടച്ച് സിമിത്തേരിയിലെ പൊത്തിലേക്ക് തള്ളി. 

എല്ലാത്തിനും മൂകമായ സാക്ഷിയായി മുള്ളുവേങ്ങ നിന്നു. കാക്കത്തൊള്ളായിരം കാക്കകൾ റബ്ബർചില്ലകളിൽ ഇരുന്ന് അവർക്ക് അന്ന് തടയാൻ കഴിയാതെ പോയ ആപത്തിനെ ഓർത്ത് വിലപിച്ചു. 

പിന്നെ ആർക്കും ഒന്നും ഗൗരവമായി തർക്കിക്കാനോ പഴി ചാരുവാനോ ഉണ്ടായിരുന്നില്ല. 

വത്സമ്മ ചത്ത ആടിന് നഷ്ടപരിഹാരം തേടി പഞ്ചായത്തിലേക്ക് നടന്നു. പോത്തിൻ ക്ടാവിനെ രാധാകൃഷ്ണൻ അന്ന് തന്നെ കുഴി വെട്ടി മൂടി. ആട് ചത്ത് കിടന്ന തൊടിയിൽ രക്തം പറ്റി പിടിച്ച് കിടക്കുന്നത് സ്കൂളിൽ നിന്ന് വന്നപ്പോൾ ഞാൻ കണ്ടു. 

വാർത്ത ചില പത്രങ്ങളിൽ ചെറിയതായിട്ട് വന്നു. ഞാൻ ഒന്നും പറയാതെ തന്നെ സ്കൂളിൽ സുഹൃത്തുക്കൾ എന്നോട് കാര്യങ്ങൾ വായിച്ചറിഞ്ഞ് ചോദിച്ചു. എന്നെ അതുവരെ വിശ്വസിക്കാതെ കടന്ന് പോയവർ വരെ ബഹുമാനവും ആകാംഷയും കാണിച്ചുതുടങ്ങി. 

അപ്പുക്കുട്ടൻ രണ്ട് ദിവസം അങ്കണവാടിയിൽ പോയില്ല. മമ്മിച്ചേട്ടത്തിയുടെ ജപമാല, സ്പർശനം ഏൽക്കാതെ ജനലരികിൽ ഒതുങ്ങികിടന്നു . പാപ്പു മേസ്തിരി മഴ വരുന്നുണ്ടോന്ന് എന്നറിയാൻ വലതുകൈ വരാന്തയിൽ നിന്ന് പുറത്തേക്ക് നീട്ടി. 

അന്നൊരു ശനിയാഴ്ച്ച ആയിരുന്നു.

ചിലർക്ക് പെട്ടന്ന് കടന്ന് പോയ ദിനം, ചിലർക്ക് വളരെ പതിയെയും. പേരപ്പന്റെ തൊടിയിൽ ഇലകൾ ധാരാളം ഉണങ്ങി കുമിഞ്ഞ് കിടന്നിരുന്നു. വാഹനം എത്തിക്കാവുന്ന ദൂരത്തോളം ഫയർ ഫോഴ്സ് അധികൃതർ വണ്ടി നിർത്തിയിട്ട് കാത്തിരുന്നു. 

"അവര് തൊടുപുഴെന്ന് വരുന്ന ആൾക്കാരാ. എന്തോ തരം ആദിവാസികളിൽ പെടുന്നവരാ. അവർക്ക് ഇതൊക്കെ എളുപ്പല്ലേ" അപ്പൻ അമ്മയോട് പറയുന്നത് കേട്ട് ഞാൻ ജനലരികിൽ ഇരുന്ന് ചായ കുടിച്ചു.

"ഇന്ന് രാത്രി വരെ സഹിച്ചാ മതി "

"രാത്രിയിലേ കത്തിക്കാവൂ എന്നാ പറഞ്ഞേക്കണേ"

"ആളുകൾ അധികം കൂടാൻ പാടില്ല "

"രണ്ടുമൂന്ന് പേരുണ്ട്, തൊടുപുഴേന്നാ "

നാട്ടുകാർക്ക് സംസാരം പിന്നെ അത് മാത്രമായി ഒതുങ്ങി. അവർ ആ നിമിഷത്തിനായി കാത്തിരുന്നു. 

മെമ്പർ പോരുന്ന വഴിക്ക് ശവര്യാര് പുണ്യാളന് രണ്ട് മെഴുകുതിരി കത്തിച്ചു. കർമ്മം നടത്താൻ വരുന്ന കർമ്മികൾക്കൊപ്പം മെമ്പറും ഏതാനും ധൈര്യമുള്ള ആളുകളും മാത്രം പനഞ്ചുവട്ടിലേക്ക് നടന്നു. 

നേരം ഇരുട്ടി തുടങ്ങി. 

ഒരു വെളുത്ത പുക വന്ന് ആ തൊടി മുഴുവൻ മൂടി. 

പെണ്ണിയേടത്തിയും, വത്സമ്മയുടെ ഗർഭിണിയാടും രാധാകൃഷ്ണന്റെ പോത്തിൻ ക്ടാവും ആ പുകയ്ക്കുള്ളിൽ നിന്ന് എല്ലാം സാദരം വീക്ഷിച്ചു നിന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവം അരങ്ങേറുന്നതിന് തൊട്ട്മുൻപ് മാറിനിന്ന് തിടുക്കത്തിൽ ഓരോ ബീഡി കത്തിച്ച്, കുറ്റി ഒരു ജാതിച്ചുവട്ടിൽ ഇട്ടു. 

തന്നോട് ആരും അനുവാദം ചോദിച്ചില്ല എന്ന് ഭാര്യയോട് പരിഭവം പറഞ്ഞ് പേരപ്പൻ അത്താഴം മതിയാക്കി എഴുന്നേറ്റു. കിടക്കപ്പായിലേയ്ക്ക് ചായുന്നതിനു മുൻപ് പാച്ചു മേസ്തിരി ഉമ്മറത്തിണ്ണയിൽ വന്ന് തേനൂറ്റിയിരുന്ന കുടം എടുത്ത് മണത്ത് നോക്കി. ഒരു കരിന്തേൾ അതിൽ മയങ്ങി കിടന്നത് മേസ്തിരി കണ്ടില്ല. 

എല്ലാവരും കഞ്ഞി കുടിച്ച് അടുക്കളത്തിണ്ണയിൽ വന്ന് പനമണ്ടയിലേക്ക് ബുദ്ധിമുട്ടി നോക്കിനിന്നു. ഔസേപ്പച്ചൻ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഏകദേശം ഒൻപതുമണിയോടെ ഞാനും അപ്പുക്കുട്ടനും ആ ദൃശ്യം കണ്ട് രസിച്ചു നിന്നു. പൂത്തിരി കത്തി വീഴുന്നത് പോലെ തേനീച്ച കൂട്ടങ്ങൾ എരിഞ്ഞുപൊട്ടി മുകളിൽ നിന്ന് വീണു തുടങ്ങി. ഒരു ഇളംതെന്നലിൽ ആ ചെറുതരികൾ പാറി നടന്നു. മിന്നാമിന്നിങ്ങുകൾ അവയ്ക്ക് വഴിമാറി പാറി. അരമുക്കാൽ മണിക്കൂറോടെ വെളിച്ചം എല്ലാം അണഞ്ഞു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വണ്ടിയെടുത്ത് തിരിച്ചു. കർമ്മികൾ കർമ്മം കടമയോടെ ചെയ്ത് തീർത്ത് പണവും വാങ്ങി തൊടുപുഴക്ക് രാത്രി തന്നെ തിരിച്ചു. മെമ്പർ തിരിച്ചു പോകുന്ന വഴിക്ക് ശവര്യാര് പുണ്യാളന് ഒരു തിരി കൂടി കത്തിച്ചു. 

രാത്രി രണ്ടുമണിയോടെ ഇടിവെട്ടി മഴ പെയ്തു. ഭൂമി അടിമുതൽ പെര മുഴുവൻ കുലുങ്ങുന്ന ഇടി. പച്ചുമേസ്തിരി എഴുന്നേറ്റ് ഉമ്മറത്ത് വന്ന് വെളിയിലേക്ക് കൈനീട്ടി ചിരിച്ചു. 

പിറ്റേന്ന് രണ്ടാമത്തെ കുർബാന കഴിഞ്ഞ് പനഞ്ചുവട്ടിൽ എത്തിയ ഞാൻ മണൽതരികൾ ചിതറിയകണക്ക് നിറഞ്ഞു കിടന്ന കാട്ടുകടന്നലുകളെ കണ്ട് ഒന്ന് രണ്ടെണ്ണത്തെ ധൈര്യപൂർവ്വം പെറുക്കികൊണ്ടുപോയി അപ്പുക്കട്ടനെ കാണിച്ച് ഭയപ്പെടുത്തി. 

പിറ്റേന്ന് സ്കൂളിൽ പോയി, അതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും, അതൊരു തുടർച്ചയായി പൊയ്ക്കൊണ്ടിരുന്നു. 

അങ്ങനെ ഒരുദിവസം വൈകുന്നേരം ആ വാർത്തയും കേട്ടു. വില്ലൻ മരിച്ചു. 

അല്ല കൊന്നതാണ്. 

ആ ദിവസത്തെ എല്ലാ നഷ്ടങ്ങൾക്കും ഏക ഉത്തരവാദി എന്ന നിലയിൽ ആരും ഒരു ദയയും അവനോട് കാണിച്ചില്ല . അതിനുശേഷം ഓരോ ദിവസവും അവന്റെ വരവിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു. മണ്ണാർക്കാട്ട് നിന്ന് ഒരു വെടിക്കാരനെ കൊണ്ടുവന്ന് നാട്ടിൽ നിർത്തി. അങ്ങനെ ഒരു ദിവസം അയാളുടെ തോക്കിന്റെ മുറിവ് പേറി ഒരു റബ്ബർ ചില്ലയിൽ നിന്ന് ആ ഭീമൻ പരുന്ത് സാവധാനം തന്റെ അവസാന വായുവിനെ സ്പർശിച്ചുകൊണ്ട് നിലംപ്പൊത്തി.

ഏകനായി വന്ന് ഏകനായി ചത്തു. കാക്കത്തൊള്ളായിരം കാക്കകൾ മൂകമായി അതിന് സാക്ഷ്യം വഹിച്ചു. ചത്തുമലച്ച് കിടന്ന അവന്റെ ചിറകുകൾക്കിടയിൽ ഒരു വലിയ തേനീച്ച കൂട് അയാൾ കണ്ടു. അപ്പോൾ അവ അവനെ വിട്ട് പറന്ന് കഴിഞ്ഞിരുന്നു.

പിന്നീട് അവയുടെ തലമുറകൾ ഓരോ വർഷവും ആ നാട്ടിലേക്ക് മഴക്ക് മുന്നേ വന്നുപോകും. 

ഒരു ചാക്കിൽ വില്ലനെയും ഇട്ട് അയാൾ സാവധാനം മീനച്ചിലാർ കടന്ന് മണ്ണാർക്കാട്ടേക്ക് നടന്നു. 

ചായ കുടിച്ചുകൊണ്ട് ഇരുന്ന് അപ്പുകുട്ടൻ അമ്മയോട് ചോദിച്ചു 

"അയാൾക്ക് എന്തിനാ ആ പരുന്തിനെ"

"ചുട്ട് തിന്നാൻ ആയിരിക്കും" അമ്മ പറഞ്ഞു 

"പരുന്തിനെ തിന്നാൻ കൊള്ളാവോ "

"തിന്നാവായിരിക്കും " 

"പരുന്തിനെ തിന്നാൽ പരുന്തിന്റെ പവർ കിട്ടും" ഞാൻ അവനെ നോക്കി പറഞ്ഞു 

"എങ്കിൽ നമുക്കെടുക്കാരുന്നു, ശോ " അപ്പുക്കുട്ടൻ വിഷമത്തോടെ പറഞ്ഞു 

"മിണ്ടാതെ ചായ കുടിച്ചിട്ട് രണ്ടും പോയിരുന്ന് പഠിക്ക് " അമ്മ പറഞ്ഞു . 

"ഇല്ല ഇപ്പോ പഠിക്കണില്ല" അവൻ പറഞ്ഞുനിർത്തി.

പുറത്ത് മഴ ഇരമ്പിക്കയറി. 
------------------------

ജിതിൻ സേവ്യർ

കോട്ടയം ഏറ്റുമാനൂർ ആണ് സ്വദേശം. ഒരു അഗ്രിമാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു. 

 

Facebook Comments

Comments

  1. Sreelekha Lk

    2021-06-26 08:09:14

    മനോഹരം...10

  2. Unnikrishnan Peramana,

    2021-06-22 09:44:19

    vayanakku oru puthiya anubhavam nalkunnu ee kadha. abhinandanathinte poochendukal.....

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More