Image

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

Published on 17 June, 2021
എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

"റിട്ടയർ ചെയ്‌താൽ ഞാൻ എന്റെ രാജ്യത്തേക്ക് തിരിച്ചുപോകും. മഹത്തായ ഒരു സംസ്കാരവും പൈത്രകവും ഉള്ള നാടാണ് എന്റേത്. ഇവിടെ അമേരിക്കയിലേത് പോലെ കുത്തഴിഞ്ഞ ഒരു ജീവിത ശൈലിയൊന്നുമല്ല". കൂടെ ജോലിചെയ്യുന്ന ഒരു സഹപ്രവർത്തക അവരുടെ റിട്ടയർമെന്റ് പ്ലാൻ വിവരിക്കയായിരുന്നു. അവരുടെ ഡയലോഗ് കേട്ടപ്പോൾ, ഓർമ്മ വന്നത് ഈ അടുത്ത നാളിൽ വായിച്ച David Sedaris ന്റെ Me talk pretty one day എന്ന പുസ്തകത്തിലെ ഒരു വാചകമാണ്. "Every day we are told that we live in the greatest country on earth. Having grown up with this in our ears, its startling to realize that other countries have nationalistic slogans of their own, none of which are ' We are number two'. ആർക്കും അവർ ജനിച്ച നാട് നമ്പർ 2 അല്ല. എന്നും നമ്പർ 1 ആണ്‌. ഏത് രാജ്യമായാലും....... ഏത് ഭൂഖണ്ഡത്തിലായാലും.......  അത് സ്വാഭാവികവുമാണ്. 

സഹപ്രവർത്തകയുടെ  മഹത്തായ നാടിനെ കുറിച്ച് മുമ്പ് അവർ തന്നെ പറഞ്ഞു പലതും കേട്ടിട്ടുണ്ട്. എങ്കിലും കുറച്ചു വിശദമായി അറിയാം എന്ന് കരുതി ഒന്ന് ഗൂഗിൾ ചെയ്ത് നോക്കി. പലോ (Palau) എന്ന് പേരുള്ള, ഫിലിപ്പൈൻസിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപ് സമൂഹമാണ് അവരുടെ മഹത്തായ നാട്. അമേരിക്കയുടെ നിയന്ത്രണത്തിലാണെങ്കിലും ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് രാജ്യമായാണ് കരുതപ്പെടുന്നത്. ആകെ 21,000 മനുഷ്യരെ ഉള്ളൂ. എങ്കിലും ഒരു സ്വതന്ത്ര പരമാധികാര രാജ്യമായത് കൊണ്ട്, പ്രസിഡന്റും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒക്കെ ഉണ്ട്. ഒരു വ്യത്യാസം കുടുംബത്തിൽ  അപ്പനും അമ്മയും തമ്മിൽ വഴക്കുണ്ടായാൽ മക്കൾ ഫോൺ വിളിച്ച് പരാതി പറയുന്നത് സുപ്രീം കോടതി ജഡ്‌ജിയോടൊക്കെയാണ്. 

വീട്ടിൽ കറണ്ട് ഇല്ലെങ്കിൽ രാജ്യത്തിൻറെ പ്രസിഡന്റിനെ തന്നെ അവർ വിളിച്ചുകളയും. ആകെ ഇരുപത്തൊന്നായിരം ആളുകളെ ഉള്ളൂ എങ്കിലും അവർക്ക് ആറ് മതങ്ങൾ ഉണ്ട്. തദ്ദേശീയരായ പ്രക്രതിയെ ആരാധിക്കുന്ന പലോവിയൻ മതം കൂടാതെ, മൊടെകെഞ്ചി (Modekngei), റോമൻ കത്തോലിക്കർ, മോർമോൺ(Mormon) ഇവാഞ്ചലിക്കൽ കൂടാതെ ഇസ്ലാം മതവും. ഭാഷയും 3 എണ്ണം ഉണ്ട് ഇവർക്ക്. പാലോവിയൻ ഭാഷയും, ഇംഗ്ലീഷിനും പുറമെ ഫിലിപ്പീൻസിൽ നിന്ന് കുടിയേറിവർ സംസാരിക്കുന്ന തഗാലോ (Tagalog)ഭാഷയും. ഇങ്ങനെ മതത്തിന്റെയും ഭാഷയുടെയും ഒക്കെ പേരിൽ അത്യാവശ്യം തമ്മിൽ തല്ലും ഇടക്കിടക്ക് മത സൗഹാർദ്ദവും  ഒക്കെ കളിക്കുന്ന ഒരു ആർഷഃ  പാലോവിയൻ  സംസ്കാരത്തെ കുറിച്ചാണ് നമ്മുടെ സഹപ്രവർത്തക വാചാലയാവുന്നത്. 

പക്ഷെ ആരോടാണ് ഇവർ ഇതൊക്കെ പറയുന്നത്? ആർഷഃ ഭാരത സംസ്കാരത്തിൽ പുളകിതനായി  ജീവിക്കുന്ന ഇന്ത്യാക്കാരനോടോ? "സാരെ ജഹാംസേ അച്ചാ, ഹിന്ദുസ്ഥാൻ ഹമാരാ" എന്ന് പാടുന്നവരാണ് നമ്മൾ. ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകുന്നത് പോരാഞ്ഞിട്ട് കേരളം എന്ന് കേൾക്കുമ്പോൾ ഞരമ്പുകളിൽ 100 ഡിഗ്രി സെൽഷ്യസിൽ ചോര തിളപ്പിക്കുന്നവരാണ് നമ്മൾ. തൊട്ടടുത്ത് കിടക്കുന്ന തമിഴനും പാടുന്നത്, " തമിഴനെന്ന് സൊല്ലടാ, തല സിമിഴ്‌ന്ത് നില്ലടാ" എന്നാണ്. 

മലയാളം എന്ന് കേൾക്കുമ്പോൾ മലയാളി എന്തിനാ ചോര തിളപ്പിച്ച് കളിക്കുന്നതെന്നോ, തമിഴ് എന്ന് കേൾക്കുമ്പോൾ തമിഴെനെന്തിനാ ഇങ്ങനെ തല നീട്ടി പൊക്കി പിടിക്കുന്നതെന്നോ ഇതുവരെ മനസ്സിലായിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് മലയാളം നമ്മുടെ ഭാഷയായി. തൊട്ടപ്പുറത്ത് തമിഴ്‌നാട്ടിലാണ് ജനിച്ചിരുന്നതെങ്കിൽ നമ്മൾ പാണ്ടിയാകും, മലയാളി നമുക്ക് തെണ്ടിയാകും. ജനിച്ചത് ക്രിസ്ത്യൻ കുടുംബത്തിലാണെങ്കിൽ ക്രിസ്‌ത്യാനിയാകും, യേശു ദൈവവുമാകും. ഹിന്ദു കുടുംബത്തിലാണെങ്കിൽ ഹിന്ദുവാകും. ജാതി നായരോ, മേനോനോ ഒക്കെയെങ്കിൽ പേരിന്റെ അറ്റത്ത് ജാതിവാൽ  തൂക്കിയിട്ട്  അഭിമാനിക്കും, ജാതിയിൽ കുറഞ്ഞവനെന്ന് കരുതുന്നവൻ ജാതി മിണ്ടാതിരിക്കും.

ജനനം മുസ്ലിം കുടുംബത്തിലാണെങ്കിൽ പിന്നെ നമുക്ക് അള്ളാഹു മാത്രമാകും ഒരേഒരു സർവ്വശകതനായ ദൈവം. എന്നിട്ട് പെണ്ണിനെ അവരുടെ സുരക്ഷിതത്വത്തിനായി ചാക്കിൽ പൊതിഞ്ഞുകെട്ടും. ഇങ്ങനെ നമ്മളെ പൊതിഞ്ഞുകെട്ടുന്ന ചാക്കിന്റെ സുരക്ഷിതത്വത്തിലും നമ്മൾ അഭിമാനിക്കും. 
സ്വന്തം നാടിനെയോ ഭാഷയെയോ ഓർത്ത് അഭിമാനിക്കുന്നതിൽ ഒരു തെറ്റും ഇല്ല. 

പക്ഷെ കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കായി മറ്റൊരു നാട്ടിലേക്ക് കുടിയേറിയിട്ടും, എന്റെ ജാതിയും, എന്റെ മതവും, എന്റെ നാടും, എന്റെ ഭാഷയുമാണ് ഏറ്റവും മികച്ചതെന്ന് കരുതുന്ന ദുരഭിമാനമാണ് വിമർശിക്കപ്പെടുന്നത്. അവരോട് ഓർമ്മിപ്പിക്കാനുള്ളത്, ആറാം തമ്പുരാനിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ആ പഞ്ച് ഡയലോഗാണ്. " ആകാശത്തിന് കീഴിലുള്ള ഏത് മണ്ണും നാടും ജഗനാഥന് സമമാണ്". സമമാകണം......!!
ജെയിംസ് കുരീക്കാട്ടിൽ

Join WhatsApp News
ഒരു അമേരിക്കൻ മലയാളി 2021-06-17 12:40:26
ഇതിന്റെ ഓരോ കോപ്പി ഇവിടുത്തെ മലയാളി മാമന്മാരായ ഫോമായിലെയും ഫൊക്കാനയിലെയും പിന്നെ ഇവരെയും വെല്ലുന്ന ചില മലയാളി അസോസിയേഷനിലെ അരിപ്രാഞ്ചികൾക്ക് അയച്ചുകൊടുക്കണം. ഇവിടെ വന്ന് നിന്ന്, ഇവിടെ ജീവിച്ചിട്ട്, ഇവിടുന്ന് വലിയ തുക സംഭാവനയായി പിരിച്ചെടുത്ത് നാട്ടിലേക്ക് അയച്ചുകൊടുത്ത് നിർവൃതി അടയുന്ന ഇവർക്ക് എന്തെങ്കിലും ഒരു സഹായം നാട്ടിൽ മാറി മാറി വരുന്ന സർക്കാർ ചെയ്തിട്ടുണ്ടന്ന് പറയുവാൻ കഴിയുമോ. ഇല്ല. അത്രയും തുക ഇവിടുത്തെ രാഷ്ട്രീയത്തിൽ പയറ്റുന്ന നമ്മുടെ മലയാളികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊടുത്തിരുന്നുവെങ്കിൽ...
Sudhir Panikkaveetil 2021-06-18 15:54:59
അഭിനന്ദനം ശ്രീ കുരീക്കാട്ടിൽ. നല്ല വിഷയം നന്നായി അവതരിപ്പിച്ചു.അമേരിക്കയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച് അമേരിക്കയെ കുറ്റം പറയുന്നവരിൽ മലയാളികൾ മുന്നിലാണ് കാരണം അവരുടെ കേരളം അവരെ ഒരു അമ്മയെപ്പോലെ സ്നേഹിക്കുന്നു താലോലിക്കുന്നു ഹ..ഹാ..ഹാ...ഹാ..
JACOB 2021-06-18 16:49:56
I had Malayalee guests from India occasionally. Sometimes they talk about all the bad things happening in America. Later they will inquire how to bring their children to America, saying India does not give many job opportunities. Many retired Malayalees have no interaction with the society. They have their card clubs and Indian churches (for Christians). Sometimes they entertain the thought socialism is great.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക