Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

Published on 16 June, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)
ആശ്ചര്യബിന്ദുക്കള്‍

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേക്ക് വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഒരു കോണില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കരുണ്‍ കണ്ടു.

പാടത്തിനടുത്ത് താമസിക്കുന്നവരും നെല്‍വയല്‍ നികത്താന്‍ ലോറിയില്‍ മണ്ണുമായി വന്നവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് നടക്കുന്നത്. അവിടേക്ക് മദ്യവ്യവസായിയായ കാര്‍ത്തികേയന്‍ കാറിലെത്തി ഇറങ്ങി നില്‍ക്കുന്നുണ്ട്. ഉച്ചത്തിലാണ് അയാളുടെ സംസാരം, ''ആര്‍ക്കാടാ ധൈര്യം എന്റെ വണ്ടി തടയാന്‍?''
എല്ലാവരും അയാളെ തുറിച്ചു നോക്കി.

കാര്‍ത്തികേയന്റെ തുളച്ചുകയറുന്ന ശബ്ദം കേട്ട് എല്ലാവരും ഒന്നമ്പരക്കുകതന്നെ ചെയ്തു. അവിടെ കൂടി നില്ക്കുന്നവരില്‍ ചിലരുടെ ബന്ധുക്കള്‍ ഇയാളുടെ കള്ളുഷാപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. മുതലാളി എന്ന പേര് വാറ്റു ചാരായം കൊടുത്തും തെങ്ങിന്‍ കള്ളില്‍ മായം ചേര്‍ത്തും ഉണ്ടാക്കിയെടുത്തതാണ്. ഗുരുദേവന്റെ പ്രിയശിഷ്യനെന്നാണ് സ്വയം വിലയിരുത്തുന്നത്. അന്യനാടുകളില്‍ നിന്ന് വരുന്ന സ്പിരിറ്റ് സ്വന്തം വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് നാട്ടുകാര്‍ക്കറിയാം. പക്ഷേ, എക്‌സൈസ് മന്ത്രിയും  വകുപ്പിനും മാത്രമറിയില്ല.

മുതലാളി കാറില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ചിലര്‍ ചിന്താക്കുഴപ്പത്തിലായി. നീണ്ട നാളുകളായി വെറുതെ കിടന്ന നെല്‍പ്പാടങ്ങള്‍ ശങ്കരന്‍ നായരാണ് ഇയാള്‍ക്ക് വിറ്റത്. രാഷ്ട്രീയ മേലാളന്മാരുടെ സഹായത്തോടെ ജില്ലയുടെ പല ഭാഗത്തും പാടങ്ങള്‍ നികത്തി ഇയാള്‍ ഹോട്ടലുകള്‍ തീര്‍ത്തിട്ടുണ്ട്. ഇവിടെയും അതുതന്നെയാണ് ലക്ഷ്യം. കാര്‍ത്തികേയന്റെ കണ്ണുകളില്‍ ദേഷ്യവും പ്രതികാരവും ജ്വലിച്ചു നിന്നു. ഇതില്‍ നിന്ന് പിന്‍മാറിയാല്‍ അത് തന്റെ ആത്മാഭിമാനത്തിനേല്ക്കുന്ന  ക്ഷതംതന്നെയെന്ന് അയാള്‍ വിശ്വസിച്ചു. നിശ്ചയിച്ച കാര്യം നടപ്പാക്കുന്ന സ്വഭാവക്കാരനാണ്. വേണ്ടിവന്നാല്‍ ഗുണ്ടകളെയും ഇറക്കും.

കരുണ്‍ അവിടെ കൂടി നിന്നവരുമായി സംസാരിച്ചു. അവരില്‍ ചിലര്‍ അയാളുടെ ഷാപ്പില്‍ കയറി കള്ളു കുടിക്കുന്നവരാണ്. എന്നാലും, പാടം നികത്തുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. ഭൂരിഭാഗമാളുകള്‍ക്കും വിയോജിപ്പു തന്നെ. നിലവിലിരിക്കുന്ന നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് അയാള്‍ മണ്ണിട്ട് പാടം നികത്താന്‍ എത്തിയിരിക്കുന്നത്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് അയാള്‍ ഒരു വിലയും കൊടുക്കുന്നില്ല.
മുന്‍കാലങ്ങളില്‍ പലവിധ വിഷയങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ ഇന്നും സ്വന്തം സമുദായത്തിലുള്ളവര്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. രാജ്യം പുരോഗമിക്കുന്നുവെന്ന് പറയുമ്പോള്‍ സത്യത്തില്‍ ആരാണ് പുരോഗതി നേടുന്നത്. ഇതുപോലെയുള്ള മുതലാളിമാരല്ലേ? ഭരണാധിപന്മാര്‍ ഇവരുടെ ഇച്ഛയ്ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്. തന്മൂലം ഒരു ജനത ദാരിദ്ര്യത്തിന് കീഴടങ്ങുന്നു. കുഞ്ഞുങ്ങള്‍ പട്ടിണിയാല്‍ മരിക്കുന്നു. എന്തും നിയമങ്ങള്‍ വഴി അടിച്ചേല്പിക്കുകയാണ്. ബോധപൂര്‍വമോ ദൗര്‍ബല്യമോ അത്യാഗ്രഹമോ എന്തെന്നറിയില്‍. ഒരു കൂട്ടര്‍ ഇവരുടെ പക്ഷം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നു. ഇവിടെയും ഭൗതിക സ്വാധീനമാണ്. കൊള്ള ചെയ്യപ്പെടുന്ന വന്‍തുകയുടെ ഒരു പങ്കം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. നാടിന് നാശം വിതയ്ക്കുന്നവര്‍ നിത്യവും വളരുകയാണ്. ബിസിനസ് സാമ്രാജ്യം വളര്‍ത്തുകയാണ്. എന്തായാലും ഈ വിഷയത്തില്‍ നിശബ്ദനായിരിക്കാന്‍ പറ്റില്ല. ഉറക്കെ സംസാരിച്ചവരൊക്കെ ഇപ്പോള്‍ നിശബ്ദരാണ്. എല്ലാവരുടെയും കണ്ണുകള്‍ നെഞ്ചുവിരിച്ച് ഒരു ഗുണ്ടയെപ്പോലെ മീശ പിരിച്ചു നില്ക്കുന്ന മുതലാളിയിലാണ്. വീണ്ടും അയാള്‍ ഉച്ചത്തില്‍ ആക്രോശിച്ചു.
""എന്റെ വണ്ടി തടയാന്‍ ചങ്കുറപ്പുള്ളവന്‍ വാടാ..., ഞാനൊന്ന് കാണട്ടെ.''

ആരും മുന്നോട്ടു വരാന്‍ ധൈര്യപ്പെട്ടില്ല. ജീവിതത്തില്‍ പ്രശ്‌നങ്ങളെ നേരിടാന്‍ ആരും തയ്യാറല്ല. ഇന്നത്തെ മനുഷ്യന്റെ ഉള്ളം പൊള്ളയാണ്. അതോ ദുര്‍ബലമോ. ആണത്തമില്ലാത്തവര്‍!
കരുണിന്റെ മുന്നില്‍ തീവ്രമായ ഒരു വികാരമുണര്‍ന്നു. ഞാനിവിടെ വന്നത് ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്ന് കാഴ്ചകള്‍ കണ്ട് രസിക്കാനും മൊബൈലില്‍ പകര്‍ത്താനുമല്ല. അവന്‍ ഉറച്ച ഒരു തീരുമാനമെടുത്തു. പ്രകൃതിയെ നശിപ്പിക്കാന്‍ അനുവദിക്കില്ല. പ്രകൃതിസംരക്ഷണം സമൂഹ സേവനത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തിന്റെ മനഃസാക്ഷിയായി ജീവിക്കണം. ഗ്രാമപഞ്ചായത്ത് മെംബറായി മത്സരരംഗത്തുള്ളപ്പോള്‍ മുതലാളിയുമായി കൊമ്പു കോര്‍ത്താല്‍ ജയ സാധ്യത മങ്ങുമായിരിക്കും. അതിലൊട്ടും ഭീതിയോ ഭയമോ ഇല്ല. എന്നെ ജീയിക്കാനും തോല്‍പ്പിക്കാനുമുള്ള അവകാശം ഈ നാട്ടുകാര്‍ക്കുണ്ട്. ഇവിടെ ഒരു ദേശസ്‌നേഹിയുടെ പ്രതിബദ്ധത എന്നെ ആശങ്കപ്പെടുത്തുന്നു. എതിരാളിയായി മുന്നില്‍ നില്ക്കുന്നത് നിസ്സാരനല്ലെന്ന് ഓര്‍മ്മ വേണം. എന്റെ പോരാട്ടം അയാളോടല്ല. എന്നെ സംരക്ഷിക്കുന്ന പ്രകൃതിയെ നശിപ്പിക്കുന്ന മുഴുവന്‍ ആളുകളോടുമാണ്. വിലപ്പെട്ട പ്രകൃതിയെ വിലയ്‌ക്കെടുത്ത് ചതയില്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല. കാലക്രമത്തില്‍ വെള്ളവും വായുവും ഇത്തരത്തിലുള്ള പീഡനങ്ങള്‍ മൂലം മനുഷ്യന് നഷ്ടമായാല്‍ അതിനുത്തരവാദി ഇവരെപ്പോലുള്ളവരാണ്. കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് പ്രതികരിക്കാതിരക്കുന്നവര്‍ക്കും അതില്‍ തുല്യ പങ്കുണ്ട്. ഇതിന്റെയൊക്കെ അനന്തരഫലത്തെപ്പറ്റി ആര്‍ക്കും ഒരു ആകുലതയുമില്ല. പ്രകൃതിയോട് മനുഷ്യന് എന്താണ് സ്‌നേഹവും ഉത്തരവാദിത്വബോധവും ഇല്ലാത്തത്. പ്രകൃതി മനുഷ്യന്റെ ശത്രുവായാല്‍ പ്രതിരോധിക്കാനാകുമോ?

പതറിയ മനസ്സുമായി നിന്നവരുടെ മദ്ധ്യത്തിലേക്ക് കരുണ്‍ കടന്നു നിന്നു.
""മുതലാളി, ഇവിടുത്തെ പാടം നികത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.''
എല്ലാ കണ്ണുകളും അവനിലായി. മുതലാളി ഗൗരവത്തോടെ നോക്കി. ആ വാക്കുകള്‍ പലരെയും സന്തുഷ്ടരാക്കി. മറ്റു ചിലര്‍ക്കാകട്ടെ, അവന്‍ അങ്ങനെയൊരു മറുപടി കൊടുത്തതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഭീതിയോടെ നോക്കിയവര്‍ക്കൊരു ആശ്വാസം. അവര്‍ ആത്മവിശ്വാസത്തോടെ കരുണിനൊപ്പം ചേര്‍ന്നു. മുതലാളി അപകടം മണത്തു. മറ്റുള്ളവരുടെ അഭിപ്രായവും അതുതന്നെയായിരിക്കുമെന്ന് മനസ്സിലാക്കി,  പോലീസിന് ഫോണ്‍ ചെയ്തു. ഇനിയും ഈ വിഷയം പോലീസ് തന്നെ കൈകാര്യം ചെയ്യുന്നതാണ് ബുദ്ധി.
കാര്‍ത്തികേയന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കി. ഒരു ലാത്തിയടിയോടെ എല്ലാവരും ഓടുകതന്നെ ചെയ്യും. ആര്‍ക്കും മുറിവുണ്ടാകാന്‍ പാടില്ല. നല്ലൊരു തുക ഈ ഇനത്തില്‍ പ്രതീക്ഷിക്കാം. ഫോണ്‍ മടക്കി പോക്കറ്റിലിട്ടു.
കാര്‍ത്തികേയന്‍ കാറില്‍ കയറിയിരുന്ന് പോലീസിനെ വിളിച്ച കാര്യമൊന്നും കരുണ്‍ അറിഞ്ഞില്ല. മുതലാളി ആരോടാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് ആരും ശ്രദ്ധിച്ചതുമില്ല. മണലുമായി വന്ന ലോറി ഡ്രൈവറോടും മുതലാളി അടക്കത്തില്‍ എന്തോ പറയുന്നുണ്ടായിരുന്നു.
കരുണ്‍ നിമിഷങ്ങള്‍ മൗനിയായി. എന്താണ് മുതലാളി മറുപടിയൊന്നും പറയാത്തത്. അയാള്‍ എന്താണ് ഇനി ചെയ്യാന്‍ പോകന്നത്. ജനങ്ങളുടെ എതിര്‍പ്പിനെ അയാള്‍ ഗൗരവമായി കണ്ടിട്ടില്ല. അയാളുടെ മുഖത്ത് തെളിച്ചം മാത്രമാണ്. മടങ്ങിപ്പോകാന്‍ തയ്യാറല്ല. എന്താണ് മുതലാളി മടങ്ങിപ്പോകാത്തതെന്ന് കൂടിനിന്നവര്‍ പിറുപിറുക്കുന്നുണ്ട്.
അവന്റെ സാമാന്യബുദ്ധിയില്‍ ഒരു കാര്യം തെളിഞ്ഞുവന്നു. ഇയാള്‍ പോലീസിനെ വിവരമറിയിച്ചു കാണും.

അവന്‍ കൂടിനിന്നവരോട് പറഞ്ഞു, ""നിങ്ങള്‍ ആരുംതന്നെ പോലീസ് വന്നാല്‍ വിരണ്ടുപോകരുത്. ധൈര്യമായി നില്ക്കണം. പോലീസ്സല്ല പട്ടാളം വന്നാലും നമ്മുടെ പാടശേഖരം മണ്ണിട്ടും പാറയിട്ടും നികത്താന്‍ നമ്മള്‍ അനുവദിക്കില്ല.''
ആ വാക്കുകള്‍ അവര്‍ക്ക് ആശ്വാസവും ധൈര്യവും പകര്‍ന്നു. പോലീസ് വന്നാല്‍ പ്രതിഷേധത്തിലും ലാത്തി വീശുന്നതിലുമായാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടക്കില്ല. അവന്‍ ചിന്താകുലനായി. മനസ്സിലേക്ക് ചാരുംമൂടന്‍ കടന്നുവന്നു. ജില്ലയുടെ പരിതസ്ഥിതി സംരക്ഷണസമിതിയുടെ അംഗമാണ്. ജില്ലയുടെ പല ഭാഗത്തും ഇതുപോലെയുള്ള സംഭവങ്ങളില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തെ ഇക്കാര്യം അറിയിക്കണം. ഇന്നെങ്ങും പുറത്ത് പോകാനിടയില്ല. മൊബൈലില്‍ നമ്പര്‍ കുത്തി. ഫോണെടുത്തപ്പോള്‍ മുഖം തെളിഞ്ഞു. അവന്‍ കാര്യങ്ങള്‍ വിവരിച്ചു. എന്തായാലും പോലീസിന്റെ മുന്നില്‍ മുട്ടു മടക്കാന്‍ തയ്യാറല്ല. പാവങ്ങളെ പഴി ചാരാനും കുറ്റപ്പെടുത്താനുമാണ് സാധാരണ പോലീസ് ശ്രമിക്കാറുള്ളത്. അവരുടെ ഭാഗം കേള്‍ക്കാനൊന്നും മിനക്കെടാറില്ല. മുന്നിലുള്ളത് അവര്‍ക്ക് തുണയായി അധികാരികളുമുണ്ട്. മുന്നിലുള്ളത് നാട്ടിലെ സമ്പന്നനാണ്. അയാള്‍ പറയുന്നതായിരിക്കും പോലീസിന് വേദവാക്യം. ധനമുള്ളവന് ഏവനും ബന്ധു. അതിനൊപ്പം ഒന്നുകൂടി ചേര്‍ക്കണം. അധികാരമുണ്ടെങ്കില്‍ അഹങ്കാരവും അഴിമതിയും നടത്തുന്നവരുടെ വാക്കുകളും തിളങ്ങുന്നതാണ്. പ്രതീക്ഷിച്ചതുപോലെ പോലീസ് ജീപ്പ് പാഞ്ഞെത്തി.

തെല്ല് പരിഭ്രമത്തോടെ എല്ലാവരും നോക്കി. ജീപ്പില്‍ നിന്ന് എസ്.ഐ. ഉദയകുമാറും ഏതാലും പോലീസുകാരും പുറത്തിറങ്ങി. എല്ലാ മാസവും മുതലാളിയുടെ മാസപ്പടി പറ്റുന്നവരാണ് പോലീസുകാര്‍. പുറത്തിറങ്ങിയ പോലീസ് എല്ലായിടവും കണ്ണോടിച്ചു.
""എല്ലാവരും പിരിഞ്ഞുപോകണം. ഇല്ലെങ്കില്‍ ലാത്തിയുടെ ചൂടറിയും.''
ഏതാനും സ്ത്രീകള്‍ ഭയന്ന് പിറകോട്ട് മാറിയപ്പോള്‍ കരുണ്‍ മുന്നോട്ടു വന്നറിയിച്ചു, ""സാറെ ഞങ്ങളിവിടെ യാതൊരു അതിക്രമവും കാണിച്ചിട്ടില്ല. ഈ പാടത്ത് മണ്ണും പാറയുമിട്ട് നികത്താന്‍ അനുവദിക്കില്ലാന്ന് മാത്രമേ പറഞ്ഞുള്ളൂ.''
എസ്. ഐ. അവനെ തുറിച്ചു നോക്കി അവന്റെ അടുത്തേക്കു വന്നു.

""നീയാരാ ഇതൊക്കെ പറയാന്‍. സംഘം കൂടി അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചതിന് ഇപ്പോള്‍ത്തന്നെ നിന്നെ അകത്താക്കാന്‍ എനിക്കറിയാം. മര്യാദയ്ക്ക് നീ ഇവരേം വിളിച്ചോണ്ടു പോകുന്നുണ്ടോ ഇല്ലയോ?''
എസ്.ഐയുടെ സംസാരത്തില്‍ എല്ലാവരും ഉത്കണ്ഠയോടെ നോക്കി. ഇയാള്‍ വന്നത് തങ്ങളെ ബലം പ്രയോഗിച്ച് ആട്ടിയോടിക്കാനോ അതോ ഈ അന്യായത്തോട് ചോദ്യം ചെയ്യാനോ. ഈ മുതലാളിയും ഇയാളുമായി എന്തെങ്കിലും രഹസ്യമായ ബന്ധമില്ലാതെ ഇങ്ങനെ പെരുമാറുമോ. അയാളുടെ ഓരോ വാക്കിലും അത് പ്രകടമാണ്. അനീതിയെ ചോദ്യം ചെയ്യാതെ അത് ചോദ്യം ചെയ്തവരെ കുറ്റപ്പെടുത്തുന്നത് സ്വന്തം തൊഴിലിനോട് കാട്ടുന്ന വിശ്വാസ വഞ്ചനയല്ലേ? കരുണ്‍ ശാന്തമായിട്ടറിയിച്ചു. എന്തൊക്കെ സംഭവിച്ചാലും ഈ ലോറികള്‍ ഇവിടുന്ന് പോകാതെ ഞങ്ങള്‍ ഇവിടെനിന്ന് പോകുന്ന പ്രശ്‌നമില്ലെന്ന്.
എസ്.ഐ.യുടെ കണ്ണുകള്‍ ചുവന്നു. പോലീസിന്റെ വാക്കിന് പുല്ലുവില കല്പിക്കാത്ത ഇവനെ ഒന്ന് പെരുമാറുക തന്നെ ചെയ്യണം. എന്നിട്ടയാള്‍ പോലീസ്സുകാരനോട് പറഞ്ഞു.
""ഈ അഹങ്കാരിയെ പിടിച്ച് ജീപ്പില്‍ കയറ്റൂ.''
ഉടനടി രണ്ട് പോലീസുകാര്‍ അവനെ ബലമായി പിടിച്ചു വലിച്ച് പോലീസ് ജീപ്പിലേക്ക് കയറ്റി. അത് കണ്ടു നിന്നവര്‍ അമ്പരപ്പോടെ നോക്കി.
ഒരു സ്ത്രീ ഉച്ചത്തിലറിയിച്ചു, ""സാറെ, ഈ പഞ്ചായത്തീ മത്സരിക്കുന്ന കൊച്ചനാ. അവനെ മര്യാദയ്ക്ക് ഇറക്കി വിട്. അവന്‍ എന്തു തെറ്റാ ചെയ്തത്.''
അത് കേട്ട് എസ്.ഐ. പരിഹാസം കലര്‍ന്ന ആദരവോടെ അവനെ നോക്കി.
""ഇവരുടെ നേതാവാണോ? അറിഞ്ഞില്ലേ. നേതാക്കന്മാര്‍ പോലീസിന്റെ മുറയൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ.''
കൂടി നിന്നവര്‍ക്ക് എന്തെന്നില്ലാത്ത അമര്‍ഷമാണ് തോന്നിയത്. മുതലാളിയുടെയും എസ്.ഐ.യുടെയും മുഖത്ത് ആഹ്ലാദവും.
പക്ഷേ, മുന്നില്‍ നില്‍ക്കാന്‍ ഒരാളുണ്ടായപ്പോള്‍ ജനക്കൂട്ടം കരുത്താര്‍ജിച്ചു.
""പോലീസ് നീതി പാലിക്കുക. കരുണിനെ വെറുതെ വിടുക.''
ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികേട്ട് അടുത്ത വീട്ടിലെ നായ ഓരിയിട്ടു.
ഒരു പ്രകാശമെന്നതുപോലെ ചാരുംമൂടന്റെ കാര്‍ അവിടേക്ക് വന്നത് എല്ലാവര്‍ക്കും സാന്ത്വനമായി. കണ്ണുകള്‍ അവിടേക്ക് തെളിഞ്ഞു. ആകാംക്ഷയോടെ നോക്കി. നീണ്ട വെള്ള ഖദറുടുപ്പും നീണ്ട മുടിയും  കറുത്ത താടിയുമുള്ള ചാരുംമൂടന്‍ കാറില്‍ നിന്നിറങ്ങി ചുറ്റുപാടും നോക്കി. മുതലാളിയുടെയും എസ്.ഐയുടെയും മുഖങ്ങള്‍ മങ്ങി. കണ്ണുകള്‍ക്ക് ചെറിയൊരു മങ്ങല്‍. ഇയാളെ വിളിച്ചു വരുത്തിയത് ആരാണ്? ചാരുംമൂടന്‍ ഇന്‍സ്‌പെക്ടറുടെ അടുത്തുവന്ന് സംശയദൃഷ്ടിയോടെ നോക്കി. കരുണ്‍ ജീപ്പില്‍ ഇരിക്കുന്നത് കണ്ട് ആശങ്കയോടെ ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എസ്.ഐയുടെ മുഖത്ത് കുറ്റബോധമുണ്ടായി. ഏറ്റെടുത്ത ദൗത്യം നിറവേറ്റാന്‍ പറ്റാത്ത നിരാശയും കൂടെ. ഒരു തിരിച്ചടി കിട്ടിയ അനുഭവം. സ്വന്തം ഇഷ്ടത്തിന് കേസ് തിരിച്ചു വിടാന്‍ പറ്റില്ല. നല്ലൊരു തുക മുതലാളി വാഗ്ദാനം ചെയ്തതാണ്. എല്ലാം പാളിയിരിക്കുന്നു.
ചാരുംമൂടന്‍ തന്റെ ക്ഷോഭത്തെ അടക്കി നിറുത്തി എസ്.ഐ.യുടെ മുഖത്തേക്ക് നോക്കി. എസ്.ഐ. ഒരു കൂസലുമില്ലാത്തതു പോലെ നിന്നു. അടുത്തു ചെന്നറിയിച്ചു, ""ഭൂമാഫിയയുടെ വിളയാട്ടം പോലീസിന്റെ സഹായത്തോടെ നടക്കുന്നു. അവര്‍ക്കൊപ്പം റവന്യു വകുപ്പും രാഷ്ട്രീയ വകുപ്പും രാഷ്ട്രീയനേതാക്കന്മാരും കൂട്ടിന്. ഈ നെല്‍പ്പാടങ്ങള്‍ നികത്തരുതെന്ന് ആര്‍.സി.ഒ. കളക്ടര്‍ ഇവരുടെ നിരോധനമുള്ളത് എസ്.ഐയ്ക്ക് അറിയില്ലേ?''

""അറിയാം സാറെ. പിന്നെ രണ്ട് കൂട്ടര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് ഞാന്‍ നടത്തിയത്.''
ചാരുംമൂടന്‍ അതിന് മറുപടി കൊടുത്തത് കടുത്ത ശബ്ദത്തിലായിരുന്നു.
""സത്യത്തില്‍ കസ്റ്റഡിയില്‍ എടുക്കേണ്ടത് ഈ ലോറിയും ഡ്രൈവറുമല്ലേ? ഈ ചെറുപ്പക്കാരനെയാണോ. ഈ കേസ് കോടതിയില്‍ എത്തുമോ? പിന്നെ, ഈ കരുണിനെ അറസ്റ്റ് ചെയ്തത് ഏതു വകുപ്പെന്ന് മനസ്സിലായില്ല.''
എസ്.ഐയുടെ ആത്മവിശ്വാസം കുറഞ്ഞുവന്നു.
""പയ്യനെ ഒന്നു വിരട്ടിയെന്ന് മാത്രം.''
അടുത്തുനിന്ന പോലീസുകാരനോട് പറഞ്ഞു, ""എടോ അവനെ ഇറക്കി വിട്ടിട്ട് ആ ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുക്ക്.''
പോലീസുകാര്‍ ഡ്രൈവറോട് ലോറി സ്റ്റേഷനിലേക്ക് വിടാനറിയിച്ചു. ജീപ്പില്‍ നിന്ന് പുറത്തുവന്ന കരുണിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ വളഞ്ഞു.
മുതലാളിയുടെ ഉള്ളം വിറച്ചതല്ലാതെ ഒന്നും ഉച്ചരിക്കാന്‍ നാവുയര്‍ന്നില്ല. വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ. ഉള്ളിലെ അമര്‍ഷവുമായി ആരോടും ഒന്നും പറയാതെ കാറില്‍ മടങ്ങിപ്പോയി.
അവിടെ നിന്നവരോടായി ചാരുംമൂടന്‍ അറിയിച്ചു, ""ഇന്ന് ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനംകൂടിയാണ്. അതുകൊണ്ടായിരിക്കും നല്ല മഴ ലഭിക്കുന്നത്. പ്രകൃതിയോട് നാം നീതി കാട്ടുക. പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടാകങ്ങളും നദികളുമെല്ലാം ഭൂമിയുടെ ജലസംഭരണികളാണ്. ഇവ നശിച്ചാല്‍ കുടിക്കാന്‍ വെള്ളം കിട്ടില്ല. ദാഹമകറ്റാന്‍ എന്തു ചെയ്യും. നിങ്ങള്‍ എത്ര മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നോ അത്രമാത്രം ഭൂമിക്ക് സന്തോഷമാണ്. നമ്മുടെ ചുറ്റുപാടുകള്‍ പച്ചപ്പായിരുന്നാല്‍ വീടുതന്നെ ഒരു തണല്‍വൃക്ഷമാകും. കരുണ്‍ എത്രയോ വീടുകളിലാണ് മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നതേയുള്ളൂ.''
പോലീസുകാരും നാട്ടുകാരും വളരെ ശ്രദ്ധയോടെയാണ് ആ വാക്കുകള്‍ ശ്രവിച്ചത്. എസ്.ഐ. ഒരു തീരുമാനമെടുത്തു. ഈ വിഷയത്തില്‍ ആരോടും ക്ഷമിക്കില്ല. പ്രകൃതിയെ നശിപ്പിക്കുന്നവന് കടുത്ത ശിക്ഷതന്നെ വാങ്ങിക്കൊടുക്കണം. നാട്ടിലെ പല വീടുകളില്‍ പച്ചക്കറി വളര്‍ത്തലും മരം നട്ടുവളര്‍ത്തലും ഈ പയ്യനെന്നറിഞ്ഞതില്‍ കരുണിനെ എസ്.ഐ. ഹാര്‍ദ്ദവമായി ഹസ്തദാനം ചെയ്ത് അനുമോദിച്ചു.
""കരുണ്‍ പോലീസ് സ്റ്റേഷന് മുന്നിലും ഏതാനും മരങ്ങള്‍ നട്ടുതരണം.''
അവനത് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഈ മണ്ണില്‍ ജീവിച്ചിരിക്കാന്‍ മാത്രമല്ല വരും തലമുറയ്ക്ക് ജീവിക്കാന്‍ വെളളവും തണലും കൂടിയേ തീരൂ. ഇല്ലെങ്കില്‍ അന്തിമനാളുകളിലേക്കുള്ള യാത്രയായിരിക്കും നമ്മള്‍ നടത്തുക. ചാരുംമൂടനുമായി ആശയവിനിമയം നടത്താന്‍ അവസരമുണ്ടായതില്‍ എസ് ഐ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യാത്രയായി.
നിശബ്ദരായി നിന്നവരോട് ചാരുംമൂടനറിയിച്ചു, ""കരുണിന് നമ്മുടെ വാര്‍ഡില്‍ നിന്ന് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ സഹകരിക്കണം. അവനെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകരെയാണ് നമ്മുടെ നാടിനാവശ്യം. ഇന്ന് സാമൂഹ്യസേവനമെന്ന പേരില്‍  മന്ത്രിപദം വരെ അലങ്കരിക്കുന്നവരുടെ യോഗ്യതകള്‍ നിങ്ങള്‍ തിരിച്ചറിയണം.''
അവര്‍ ഏകസ്വരത്തില്‍ ഉരുവിട്ടത് കരുണിനല്ലാതെ മറ്റൊരാള്‍ക്ക് ഞങ്ങളുടെ വോട്ടുകള്‍ കൊടുക്കില്ല എന്നാണ്. ചാരുംമൂടന്‍ അതേപ്പറ്റി കൂടുതലൊന്നും പറഞ്ഞില്ല. അവന്‍ പലരുടെയും കണ്ണിലുണ്ണിയെന്ന് ചാരുംമൂടനുമറിയാം.
എല്ലാവരും അവരവരുടെ വീടുകളിലേക്ക് നടന്നു. പടിഞ്ഞാറോട്ട് പോകുന്ന സൂര്യപ്രഭയുടെ നേര്‍ത്തരേഖകള്‍ മണ്ണില്‍ തെളിഞ്ഞും മങ്ങിയുമിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക