Image

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

Published on 15 June, 2021
ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് തനതായ വ്യക്തിമുദ്ര നേടിയെടുക്കാന്‍ കഴിഞ്ഞ ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള ആളാണ് ജോയിച്ചന്‍ പുതുക്കുളം.

ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം, ജെ.പി.എം ന്യൂസ് ഡോട്ട്‌കോം എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന ജോയിച്ചന്‍ പുതുക്കുളം എന്ന മാധ്യമ പ്രവര്‍ത്തകന്‍ വടക്കേ അമേരിക്കന്‍ മലയാളികളുടെ ഇടയിലും, കേരളത്തിലും, ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മ്മനി, ഗള്‍ഫ് നാടുകള്‍ എന്നിവടങ്ങളിലെല്ലാമുള്ള വായനക്കാരായ മലയാളികളുടെ ഇടയിലും അറിയപ്പെടുന്ന ഒരു അത്ഭുത പ്രതിഭയുടെ ഉടമയാണെന്നുതന്നെ പറയാം.

ജോയിച്ചന്‍ പുതുക്കുളവുമായി ഈ ലേഖകന്‍ ഈയിടെ നടത്തിയ സംഭാഷണത്തില്‍ നിന്നും അദ്ദേഹം 1993-ല്‍ ആണ് കേരളത്തില്‍ നിന്നും അമേരിക്കയിലെ ചിക്കാഗോയില്‍ എത്തിയതെന്നും, ഇപ്പോഴും കുടുംബസമേതം അവിടെ തന്നെ താമസിക്കുന്നു എന്നും പറയുകയുണ്ടായി.

വെറും സാമാന്യ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന താന്‍ അമേരിക്കയില്‍ ജീവിതം ആരംഭിച്ചതുതന്നെ മാധ്യമരംഗത്താണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിക്കാഗോയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളാ എക്‌സ്പ്രസ്, ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രം, കൈരളി പത്രം, കേരളത്തില്‍ നിന്നുള്ള മലയാള മനോരമ, ദീപിക, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ക്കുവേണ്ടി വടക്കേ അമേരിക്കയിലെ പ്രധാന വാര്‍ത്തകള്‍ ശേഖരിച്ച് വാര്‍ത്തകളായി ജോയിച്ചന്‍ പുതുക്കുളം എന്ന തലക്കെട്ടില്‍ കൈകൊണ്ട് എഴുതി ഫാക്‌സ് മെഷീന്റെ സഹായത്താല്‍ അയച്ചുകൊടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളാ എക്‌സ്പ്രസായിരുന്നു തുടക്കത്തില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള വേദിയുണ്ടാക്കിയതെന്നും ജോയിച്ചന്‍ സൂചിപ്പിക്കുകയുണ്ടായി.

1990 കാലഘട്ടം ഇന്നത്തെ പോലെ കംപ്യൂട്ടര്‍ പോലും ഇല്ലാത്ത ഒരു കാലമായിരുന്നു എന്നോര്‍ക്കണം.അക്കാലത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും തന്റെ പേര്‍ക്ക് ആള്‍ക്കാര്‍ ഫാക്‌സ് വഴി കൈകൊണ്ട് എഴുതിയ വാര്‍ത്തകള്‍ അയച്ചുതന്നിരുന്നതായും, അവയെല്ലാം വായിച്ച് പ്രൂഫ് റീഡിംഗ് നടത്തിയശേഷം വീണ്ടും ഒരിക്കല്‍ക്കൂടി കൈകൊണ്ട് എഴുതി പത്രമാധ്യമങ്ങള്‍ക്ക് ഫാക്‌സ് മെഷീനിലൂടെ അയച്ചുകൊടുത്തിരുന്നതായും, താന്‍ എഴുതുന്ന എല്ലാ വാര്‍ത്തകളുടേയും തലക്കെട്ടില്‍ ജോയിച്ചന്‍ പുതുക്കുളം എന്ന് പേര് കൊടുത്തിരുന്നതായും, പത്രമാധ്യങ്ങള്‍ അതേപടി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നതായും വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുമെന്നു കരുതുന്നു.

ഇന്നത്തെപ്പോലെ കംപ്യൂട്ടറില്ലാതിരുന്ന അക്കാലത്ത് പഴഞ്ചന്‍ രീതിയിലുള്ള ഫാക്‌സ് മെഷീന്‍ മാത്രമായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് സന്ദേശങ്ങളും വാര്‍ത്തകളും അയയ്ക്കാനുള്ള ഉപാധി. അക്കാലത്ത് ഒരു പേജ് ഫാക്‌സ് ചെയ്യുന്നതിന് ഒരു ഡോളറോളം ചെലവ് വരുമായിരുന്നു എന്ന കാര്യവും, മിക്കവാറും തന്റെ പോക്കറ്റിലെ പണം ഇത്തരത്തില്‍ വിനിയോഗിക്കേണ്ടിവന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ചുരുക്കം ചില സുമനസ്സുകള്‍ തന്റെ ആവശ്യം മനസിലാക്കി തന്നെ സഹായിച്ചിരുന്നു എന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

തന്റെ ജന്മനാടുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ജോയിച്ചന്‍ പുതുക്കുളം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാരണംകൊണ്ടുതന്നെ അയച്ചുകൊടുത്തിരുന്ന പ്രധാനപ്പെട്ട വാര്‍ത്തകളെല്ലാം ദീപിക. മലയാള മനോരമ  തുടങ്ങിയ കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പബ്ലിഷ് ചെയ്യാറുണ്ടെന്ന കാര്യം വായനക്കാര്‍ക്ക് അറിയാവുന്നതാണല്ലോ.

കംപ്യൂട്ടറിന്റെ വരവോടെ ദീപികയാണ് ആദ്യമായി പ്രവാസികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങിയതെന്നും, അവരുടെ സഹകരണത്തോടെ താനും തന്റെ പേരില്‍ തന്നെ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം  എന്ന ഓണ്‍ലൈന്‍ തുടങ്ങുകയാണ് ചെയ്തതെന്നും, പിന്നീട് കാലാന്തരത്തില്‍ പണം മുടക്കി സൈറ്റിന് ആനുകാലികമായ മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്വന്തം പേരില്‍ തുടങ്ങിയ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ വാര്‍ത്തകള്‍ക്കു പുറമെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലേഖനങ്ങളും, കവിതകളും, ആനുകാലിക സംഭവങ്ങളും, എന്തിനേറെ നോവലുകള്‍വരെ പ്രസിദ്ധീകരിക്കാനുള്ള സാഹചര്യം ജോയിച്ചന്‍ തുറന്നുകൊടുത്തു. താന്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനം ജനഹൃദയങ്ങളിലേക്കെത്തിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ജോയിച്ചനെപ്പോലുള്ളവരെ വളരെ വിരളമായേ മാധ്യമ രംഗത്ത് നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നത് തന്റെ കുടുംബാംഗങ്ങളും നല്ലവരായ ചില അമേരിക്കന്‍ മലയാളികളുമാണെന്ന് അദ്ദേഹം തുറന്നുപറയുകയുണ്ടായി. അമേരിക്കന്‍ മലയാള മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌സസില്‍ നിന്നുള്ള പി.പി. ചെറിയാനെപ്പോലുള്ള ഒരാളെ കിട്ടിയതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോയിച്ചന്‍ എടുത്തുപറയുണ്ടായി.

മാധ്യമ രംഗത്തുള്ള തന്റെ പ്രവര്‍ത്തനത്തില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും സ്വന്തമായി ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ വിജയമായി താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലേച്ഛയില്ലാതെ കഠിനാധ്വാനം ചെയ്തതുകൊണ്ടു മാത്രമാണ് താന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍ ഇവിടെവരെ എത്തിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. ഒരു പക്ഷെ പണമുണ്ടാക്കണമെന്ന പ്രതീക്ഷയോടെ മാത്രം നീങ്ങിയിരുന്നുവെങ്കില്‍ മറ്റു പല പ്രസ്ഥാനങ്ങളേയുമെന്നപോലെ ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജോയിച്ചന്‍ പുതുക്കുളം എന്ന മാധ്യമ പ്രവര്‍ത്തകനെ ആദ്യമായി ഞാന്‍ നേരിട്ടു കാണുന്നത് 2004-ല്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചാണ്. അന്ന് ചര്‍ച്ചില്‍ ഒരു വി.ഐ.പിയായി എത്തിയതായിരുന്നു അദ്ദേഹം. അന്നദ്ദേഹത്തിന്റെ അടുത്തുവരെ എത്താന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം കൈക്കാരന്മാരുടേയും, പാരീഷ് കൗണ്‍സില്‍ മെമ്പര്‍മാരുടേയും, വൈദീകരുടേയും ഒരു വലിയ നിരതന്നെ അദ്ദേഹത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു എന്നതാണ് വാസ്തവം.

എന്നാല്‍ പില്‍ക്കാലത്ത് സാമൂഹ്യരംഗത്തുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് എന്നിവയുടെയെല്ലാം വാര്‍ത്തകള്‍ എഴുതി ജോയിച്ചന് കൊടുക്കാന്‍ എനിക്കവസരം ലഭിച്ചു. എന്തിനേറെ ചരമ വാര്‍ത്ത എങ്ങനെ എഴുതണമെന്ന് എന്നെ പഠിപ്പിച്ചത് ജോയിച്ചന്‍ പുതുക്കുളം എന്ന മാധ്യമ പ്രവര്‍ത്തകനാണ്.

2010-ല്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റിലെ ജയിലില്‍ വന്നശേഷം അയാളെ കാണാന്‍പോയ വാര്‍ത്തകള്‍ യാതൊരു മടിയുമില്ലാതെ പ്രസിദ്ധപ്പെടുത്താന്‍ ജോയിച്ചന്‍ തയാറായി. അങ്ങനെ ആനന്ദ് ജോണിനുവേണ്ടി ഒരു പ്രത്യേക പംക്തി തന്നെ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോമില്‍ ജോയിച്ചന്‍ തുറന്നു. പിന്നീട് ജെ.എഫ്.എ എന്ന പ്രസ്ഥാനമുണ്ടായപ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം യാതൊരു മടിയുമില്ലാതെ ജോയിച്ചന്‍ പ്രസിദ്ധപ്പെടുത്തി.

ചരുക്കത്തില്‍ സമൂഹത്തില്‍ ആരാലും അറിയപ്പെടാതിരുന്ന എന്നെ ഒരു എഴുത്തുകാരനായി രൂപാന്തരപ്പെടുത്താന്‍ പ്രചോദനം നല്‍കിയത് ജോയിച്ചന്‍ പുതുക്കുളം എന്ന ആ വലിയ മനുഷ്യനാണെന്ന് എനിക്ക് തുറന്നു പറയാതിരിക്കാന്‍ വയ്യ. നല്ല രീതിയില്‍ ഒരു വാര്‍ത്ത എഴുതുക എന്നത് വളരെ ശ്രമകരമായ ഒന്നാണെന്നും, പലപ്പോഴും വാര്‍ത്ത എഴുതുന്നവരെ വായനക്കാര്‍ വരെ ശ്രദ്ധിക്കാറില്ലെന്നും, പലരും വാര്‍ത്ത എഴുതുന്നത്  ഏതാനും ചിലരുടെ പടം പത്രത്തിലോ, ഓണ്‍ലൈനിലോ ഒന്നു വന്നു കാണണം, അതില്‍ കൂടുതല്‍ മാധ്യമങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാറില്ല എന്നുള്ളതും തുറന്നുപറയേണ്ട ഒരു സത്യമാണ്.

ജോയിച്ചനുമായി പില്‍ക്കാലത്തും വളരെ അടുത്ത് ബന്ധപ്പെടാന്‍ എനിക്ക് അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. ഒരിക്കല്‍ ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍ വച്ചു നടത്തിയപ്പോഴും, മറ്റൊരിക്കല്‍ മധു കൊട്ടാരക്കര ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ ന്യൂജഴ്‌സിയില്‍ വച്ചു നടത്തിയ കണ്‍വന്‍ഷനിലും ജോയിച്ചന്‍ പുതുക്കുളം എന്ന മാധ്യമ പ്രവര്‍ത്തകനെ നേരിട്ട് കാണാനും, കൂടുതല്‍ അടുക്കാനും എനിക്ക് കഴിഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റവും വലിയ ആയുധം ഒരു ക്യാമറയും, തന്റെ കൈവശമുള്ള ഒരു ഡയറിയും, പേനയുമാണ്. തന്റെ തീക്ഷണത ഒന്നുകൊണ്ടു മാത്രമാണ് താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിത്തീര്‍ന്നതെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരെപ്പോലെ ജേര്‍ണലിസം പഠിക്കാന്‍ താന്‍ ഒരു കോളജിലും പോയിട്ടില്ലെന്നും, സാമാന്യബുദ്ധിയും, പ്രായോഗിക പരിജ്ഞാനവും ഉപയോഗിച്ച് മാത്രമാണ് താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിത്തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയിച്ചന്‍ സാധാരണ പറയാറുള്ള ഒരു ചൊല്ലാണ് "Necessity is the Mother of invention' (ആവശ്യം സൃഷ്ടിയുടെ മാതാവാണ്). മനസ്സുവെച്ചാല്‍ ആര്‍ക്കും താന്‍ ഉദ്ദേശിക്കുന്ന നിലയില്‍ എത്തിച്ചേരാനാകും. ജോയിച്ചന്‍ പുതുക്കുളം ഇതിന് ഉത്തമ ഉദാഹരണമാണ്.

ജോയിച്ചന്‍ പുതുക്കുളം  എന്ന മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും നിരവധി കാര്യങ്ങള്‍ വരും തലമുറയിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് പഠിക്കാന്‍ കഴിയും. അവയിലൊന്ന് പണത്തിനു മാത്രം അമിത പ്രാധാന്യം കൊടുക്കാതെ സ്വന്തമായി ഒരു "ഗുഡ്‌വില്‍' അതായത് ഒരു നല്ല പേര് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്. അതിനു കഴിഞ്ഞാല്‍ പണംകൊണ്ട് നേടുന്നതിലധികം കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും എന്നുള്ളതാണ്. ഇന്നത്തെ കാലത്ത് പേര് ഉണ്ടാക്കിയെടുക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ചിലപ്പോള്‍ മില്യന്‍ ഡോളര്‍ ചെലവാക്കിയാല്‍പോലും ഒരു നല്ല പേര് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇവിടെ ജോയിച്ചന്‍ പുതുക്കുളം വിജയിച്ചു എന്നു പറയാം.

അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് ഇന്ന് തിളങ്ങി നില്‍ക്കുന്ന പല മാധ്യമ പ്രവര്‍ത്തകരേയും ആ രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചവരില്‍ ജോയിച്ചനും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ മലയാള മാധ്യമങ്ങളുടെ ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം.

സ്വന്തം പേരില്‍ പ്രസിദ്ധീകരണങ്ങള്‍  തുടങ്ങിയവരെ ചരിത്രം പരിശോധിച്ചാല്‍ കാണുക വളരെ വിരളമാണ്.  എന്നാല്‍ ജോയിച്ചന്‍ പുതുക്കുളം തന്റെ പേര് നിലനിര്‍ത്താന്‍വേണ്ടി മാത്രം ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം എന്ന പേര് തന്നെ തന്റെ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തത് മാധ്യമ രംഗത്ത് പുതിയൊരു അദ്ധ്യായം സൃഷ്ടിച്ചുകൊണ്ടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ തന്നാലാവുംവിധത്തിലുള്ള പ്രോത്സാഹനങ്ങള്‍ ഇപ്പോഴും അദ്ദേഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം തുടങ്ങിയശേഷം അമേരിക്കയില്‍ അങ്ങോളമിങ്ങോളം നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂണുപോലെ മുളച്ചുവന്നുവെങ്കിലും അവയില്‍ മിക്കവയും ഇന്ന് അപ്രത്യക്ഷമായതായി കാണാന്‍ കഴിയും. അതേസമയം, പണത്തിന് പ്രാധാന്യംകൊടുക്കാതെ ജനസേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം ഇന്നും തുടരുന്നു. വരും തലമുറയ്ക്ക് ഇതൊരു പാഠമാണ്.

2020 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ കൊറോണ വൈറസ് അമേരിക്കയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ജോയിച്ചനേയും അതു കടന്നാക്രമിക്കുകയുണ്ടായി. എങ്കിലും അദ്ദേഹത്തിന്റെ അടിയുറച്ച ദൈവ വിശ്വാസവും, അദ്ദേഹത്തെ അറിയുന്ന അനേകലക്ഷം വിശ്വാസികളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായി അത്ഭുതകരമായി കൊറോണയുടെ പിടിയില്‍ നിന്നും ജോയിച്ചന് മോചനമുണ്ടായി. താന്‍ രക്ഷപെട്ടത് ദൈവത്തിലുള്ള തന്റെ അടിയുറച്ച വിശ്വാസവും, അനേകരുടെ പ്രാര്‍ത്ഥനയും മൂലമാണെന്ന് ജോയിച്ചന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിവുള്ളവനാമ് ദൈവമെന്നും "അപ്പംകൊണ്ട് മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നതെന്നും' ജോയിച്ചന്‍ പറയാറുണ്ട്.

ജോയിച്ചന്‍ പുതുക്കുളം  അമേരിക്കന്‍ മലയാള മാധ്യമ രംഗത്ത് കൊളുത്തിയ ദീപശിഖ ഒരിക്കലും അണയാതിരിക്കട്ടെ. അദ്ദേഹത്തില്‍ നിന്നും ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് മാധ്യമരംഗം അതിന്റെ നേര്‍വഴിയെ പോകുവാന്‍ ഇടയാകട്ടെ എന്നും ആശിക്കുന്നു. അതോടൊപ്പം ജോയിച്ചന് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.
ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക