America

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

Published

on

ഒരു മഞ്ഞുകാലം..... അതിരാവിലെ...,
20-18, ഒരു പോയിന്റ് കൂടി എടുത്ത് ഗെയിം സ്വന്തമാക്കണം, അതായിരുന്നു ചിന്ത മുഴുവൻ. സഹകളിക്കാരന് നിർദേശം നൽകി സെർവ് ചെയ്യാനായി വലതു കോർട്ടിൽ റെഡി ആയപ്പോഴാണ് റോഡിൽ നിന്നും ജനേട്ടന്റെ ചോദ്യം,...

ഡാ..... നിങ്ങളറിഞ്ഞില്ലേ....?
ഇല്ല... എന്ന അർത്ഥത്തിൽ തലയാട്ടി ക്കൊണ്ട് ഞാൻ അയാളെ നോക്കി.

ജനേട്ടൻ കാര്യം പറഞ്ഞു.

ആര്....?
ഞാൻ തിരിച്ചു ചോദിച്ചു.

ആാാ... എനിക്കറിയില്ല, ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ഞാൻ കാണാനും പോയില്ല... ആരോ ഒരാൾ, ജനേട്ടൻ നടന്നു നീങ്ങിക്കൊണ്ട് പറഞ്ഞു.

എവിടെ....? കുറച്ചു ഉച്ചത്തിൽ ഞാൻ ചോദിച്ചു.

ആ ഗേറ്റിന്റെ വടക്ക് ഭാഗത്ത്‌,... ജനേട്ടൻ അതും പറഞ്ഞു നടന്നകന്നു.

ഹോ.... രാവിലെന്നെ, കഷ്ടം,.. ഞാൻ പിറുപിറുത്തു.

ഈ വിവരം അറിഞ്ഞതും എല്ലാവരും അങ്ങോട്ടേക്ക് ഓടി. വാശിയോടെയുള്ള ഗെയിം ആയിരുന്നു, എന്ത് ചെയ്യാൻ !!!
ഗെയിം നഷ്ടമായ നിരാശയിൽ ഞാനും അവരുടെ പിറകെ ഓടി.

ഏകദേശം ഒരു 200 മീറ്റർ ദൂരമേയുള്ളൂ ഞങ്ങളുടെ കളിസ്ഥലവും റെയിൽവേ ഗേറ്റും തമ്മിൽ.

ഇന്നലെ പെയ്ത മഞ്ഞു റോഡിനിരുവശവും നനവ് പടർത്തിയിട്ടുണ്ടായിരുന്നു. പുല്ലുകളിലും തെങ്ങോല കൈകളിലും മഞ്ഞിന്റെ നനുത്ത സ്പർശം കാണാം. റോഡിലെ ചെറിയ കുഴികളിൽ വെള്ളം നിറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തിരുന്നോ....?

കൂടെയുള്ളവർ കുറേ മുന്നിലാണ്, ഞാൻ ഓട്ടത്തിന്റെ വേഗത കുറച്ചു.
'സർക്കാർ ജനങ്ങളോടൊപ്പം'എന്ന് വിളംബരം ചെയ്യുന്ന ഒരു മതിലെഴുത്ത് ഞാൻ കണ്ടു. കൂടെ വെള്ള വസ്ത്രത്തിൽ, കൈ ഉയർത്തി ചിരിച് നിൽക്കുന്ന ഫോട്ടോയും.
ഞാൻ കാണാൻ പോകുന്ന ആൾ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല. ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ. രാത്രിയിലെ ഇരുട്ടിൽ അയാൾ ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും മനസ്സിൽ ഇരുട്ട് നിറഞ്ഞാൽ എന്ത് മതിലെഴുത്ത്.. !! എന്ത് പ്രത്യയശാസ്ത്രം... !!

അങ്ങനെ ഞാനും ഗേറ്റിന് അടുത്തെത്താറായി. കുറച്ച് സ്ത്രീകൾ നടന്നു വരുന്നുണ്ടായിരുന്നു. ചെറിയ ക്‌ളാസ്സുകളിൽ കൂടെ സ്കൂളിൽ പഠിച്ച ഉഷയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. അവൾ എന്നെ കണ്ടപ്പോൾ അന്ധാളിപ്പോടെ നോക്കി, സങ്കടത്തോടെ തല കുമ്പിട്ടു നടന്നു പോയി. എപ്പോഴും കാണുമ്പോൾ ലോഹ്യം പറയാറുള്ളതാണ്, പക്ഷെ ഇന്ന് അവൾക്ക്  എന്തുപറ്റി...?

ഗേറ്റിന് അടുത്തായി പടിഞ്ഞാറു ഭാഗത്ത്‌ വലിയൊരു പുളിമരവും, നെല്ലിമരവും ഇന്നും തല ഉയർത്തി നിൽക്കുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് റെയിലിൽ നിന്നും കരിങ്കല്ലുകൾ  പെറുക്കി നെല്ലിക്കയും പുളിയും എറിഞ്ഞിട്ടതും, അത് കൂട്ടുകാർക്കൊക്കെ പങ്കിട്ടു കഴിച്ചതും ഓർമയിൽ വന്നു. നെല്ലിക്ക കഴിച്ച് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു മധുരം ഈ ഓർമയിൽ നാവിലെത്തി..., അത് നുണച്ചിറക്കി.

റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നില്ല. റോഡിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നു.

ഗേറ്റിന് അല്പം വടക്ക് മാറി ചെറിയ ഒരു ആൾക്കൂട്ടം. കൂട്ടത്തിൽ രണ്ടു പോലീസുകാരും. ഞാൻ അങ്ങോട്ടേക്ക് നടന്നു. എനിക്ക് ആകാംക്ഷയായി, ആരോ കൊത്തിയിട്ട ആ പച്ചോലകൾക്കുള്ളിൽ കിടക്കുന്നത് ആരായിരിക്കും എന്നറിയാൻ. അത് കണ്ട് തിരിച്ചു വരുന്നവർ ഒക്കെ എന്നെ അത്ഭുതത്തോടെ, ആശ്ചര്യത്തോടെ  നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒന്നും പറയാൻ നിൽക്കാതെ അവർ നടന്നകന്നു.

അടുത്തെത്താറായി.... അടുത്തെത്തി, ചിന്നിചിതറിയ മാംസക്കഷ്ണങ്ങൾ... അറ്റുപോയ കൈകാലുകൾ..
അവയിലെ ചെറുരോമങ്ങൾക്കിടയിൽ രക്തം കട്ടപിടിച്ചിരിക്കുന്നു. അതിനടുത്തായി ഒരു വലിയ കണ്ണട ഉടഞ്ഞു കിടക്കുന്നു.
അരിമണികൾ വിതറിയ പോലെ കാണപ്പെട്ടു,
സമയ ക്ലിപ്തതയില്ലാതെ വരുന്ന ഏതോ ഗുഡ്സ് ട്രെയിൻ ആയിരിക്കണം അയാളുടെ ജീവൻ എടുത്തത്...,
ആയിരങ്ങളുടെ വിശപ്പകറ്റാൻ അരിമണിയുമായി പോകുന്ന വണ്ടിക്ക് വേഗത പോരാ എന്ന് കരുതി, വേഗത കൂട്ടാൻ വേണ്ടി അയാൾ ജീവൻ  കൊടുത്തതായിരിക്കുമോ....?

ലോഹ കൈകളാൽ വായ്ക്കരിയിടാൻ  വിധിക്കപ്പെട്ടവൻ ആയിരിക്കണം.

ആരോ പച്ചോല ഉയർത്തി, ഈച്ചകൾ പറന്നു കളിക്കുന്നു. ശരീര ഭാഗങ്ങൾ പെറുക്കി കൂട്ടി വെച്ചിരിക്കുന്നു. പിളർന്ന തല, ഇടതു ഭാഗം പൂർണമായും അടർത്തിയെടുത്ത് പോലെ.
പാതി തുറന്ന വലിയ കണ്ണുകൾ, അരിമണികൾ പറ്റിപ്പിടിച്ച ചുണ്ടുകൾ, രാത്രിമഴയും മഞ്ഞുമേറ്റ് വിളറിയിരിക്കുന്നു.

മഴയെയും, മഞ്ഞിനേയും, നിലാവിനെയും സ്നേഹിച്ചവൻ ആയിരിക്കണം, തന്നെ കാണാൻ മഴ വരും എന്ന പ്രതീക്ഷയിൽ ആയിരിക്കണം അയാൾ പാതി കണ്ണ് തുറന്ന് വെച്ചത്. അയാൾക്ക് വേണ്ടി മാത്രമായിരിക്കണം ഇന്നലെ രാത്രി മഴ പെയ്തത്.
സത്യമാകാം.... അയാളുടെ കണ്ണുകളിൽ നോക്കി, ചുണ്ടുകളിൽ ചുംബിച്ചു, പുഞ്ചിരിച് മഴ കടന്ന് പോയിട്ടുണ്ടാകണം.

അവിടെ കൂടിയവരും, ആ രണ്ടു പോലീസുകാരും എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒഴിഞ്ഞുമാറി ഞാൻ വേഗം തിരിച്ചു നടന്നു.

ആ കരിക്കല്ലുകൾക്ക്  മുകളിൽ ഞാൻ എന്റെ കാല്പാടുകൾ തേടുകയായിരുന്നു.

അപ്പോൾ ഗേറ്റിനരികിലെ പുളിമരവും, നെല്ലിമരവും എന്നെ നോക്കി കണ്ണീർ പൊഴിച്ച് സങ്കടത്തോടെ ചോദിച്ചു....,

ഇന്നലെ രാത്രി നല്ല നിലാവ് ഉണ്ടായിരുന്നില്ലേ?...
നിനക്ക് ഞങ്ങളെ വ്യക്തമായി കാണാമായിരുന്നില്ലേ?...
കല്ലുകൾ എടുത്ത് ഞങ്ങളെ എറിയാമായിരുന്നില്ലേ...?
കുട്ടിക്കാലം മുതൽക്കേ നിന്നെ നമുക്ക് അറിയുന്നതല്ലേ... എന്നിട്ടും ഞങ്ങളുടെ മുന്നിൽ വെച്ച് തന്നെ ഇങ്ങനെ ചെയ്യണമായിരുന്നോ...?
എവിടുന്ന് കിട്ടി നിനക്ക് ഇത്രയും ധൈര്യം.....?

അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.,

ആ ഉടഞ്ഞ കണ്ണടയും, പാതി തുറന്ന വലിയ കണ്ണുകളും, വിളറിയ ചുണ്ടുകളും എന്റേതായിരുന്നുവെന്ന്.
--------------------------
പവി കോറോത്ത്.
'പവിയേട്ടൻ കോറോത്ത്' എന്ന പേരിൽ ആണ് കഥകൾ എഴുതുന്നത്. ഒരു പാവം പ്രവാസി. ഇപ്പോൾ ബഹ്‌റൈനിൽ ജോലി ചെയ്യുന്നു.
നാട്ടിൽ തൃക്കരിപ്പൂർ  സ്വദേശം.
അവിവാഹിതൻ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More