Image

ജലസമാധി (കവിത: അശോക് കുമാർ. കെ)

Published on 15 June, 2021
ജലസമാധി (കവിത: അശോക് കുമാർ. കെ)
ജലശയ്യയിലെ
പട്ടടകൾ
ചാവ് നിറഞ്ഞൊഴുകുന്നു...

പര പരാ വെട്ടത്തിൻ
ചീളുകൾ
വഴിവിളക്കുകളാകുന്നു...

പൊന്ത വളപ്പിലൊരു
ഇരുകാലി
കമഴ്ന്നൊഴുകുന്നു ....

ഓളപ്പരപ്പിലൊരു
പല്ലക്ക് യാത്ര ...
ആർപ്പോ വിളിക്കാൻ
കാറ്റുശീൽക്കാരം ....

പിന്നെയും പിന്നെയും
നിര നിരയായി
ചാവുകൾ
പൊങ്ങിയൊഴുകുന്നു....

ചന്ദന മുട്ടികളില്ല,
പൂചക്രനിരകളുമില്ല
മേപ്പോട്ട് പൊട്ടുന്ന
ആചാര ശബ്ദവുമില്ല...

ചാവെടുക്കുവാനാളില്ല,
ചാവു കൊള്ളുവാനുമാളില്ല
ഉപചാര ഗീതകമില്ല,
ബലിയൂട്ട് നൽകുവാൻ
കർമയോഗിയുമില്ല.

ഈ യാത്ര നിരയലിനി
ഞാനെത്രാമതെത്തും
മുങ്ങി,പൊങ്ങിയൊഴുകി
സമാധിയാകുവാൻ .....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക