Image

മരം മുറി ; മന്ത്രിമാരെ ന്യായീകരിച്ച് സിപിഐ

ജോബിന്‍സ് തോമസ് Published on 15 June, 2021
മരം മുറി ; മന്ത്രിമാരെ ന്യായീകരിച്ച് സിപിഐ
മുട്ടില്‍ മരം മുറിക്ക് കാരണമായ ഉത്തരവിറങ്ങിയതില്‍ യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്നും ചിലര്‍ ഈ ഉത്തരവ് ദുരുപയോഗം ചെയ്തതാണ് പ്രശ്‌നമായതെന്നും സിപിഐ. സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രനാണ് മന്ത്രിമാരെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം മുന്‍  വനം , റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. രാജു എന്നിവരെ വിളിച്ചു വരുത്തി കാനം രാജേന്ദ്രന്‍ വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്. 

2016 മുതല്‍ ചര്‍ച്ച ചെയ്തുവന്നിരുന്ന ഒരു വിഷയത്തിലെ ഉത്തരവാണ് ഇറക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട് പത്ത് സര്‍വ്വ കക്ഷി യോഗങ്ങള്‍ നടന്നിരുന്നെന്നും അതില്‍ ഏഴെണ്ണത്തില്‍ അധ്യക്ഷനായത് മുഖ്യമന്ത്രിയായിരുന്നെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

ഇങ്ങനെ പൂര്‍ണ്ണമായും ജനങ്ങളെ സഹായിക്കാനുള്ള ഒരു ഉത്തരവായിരുന്നു ഇറക്കിയത്. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കയതെന്നും ഇതനുസരിച്ചുണ്ടായ രാഷ്ട്രീയ തീരുമാനമാണ് റവന്യൂ സെക്രട്ടറി ഉത്തരവായി ഇറക്കിയതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

1964 ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനായിരുന്നു ഉത്തരവെന്നും ഇത് ദുരുപയോഗം ചെയ്ത് മറ്റു പട്ടയഭൂമികളിലേയും മരങ്ങള്‍ മുറിക്കുകയായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരില്‍ സിപിഐ ഭരിച്ച വനം റവന്യൂ വകുപ്പുകള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുനന്ത്. ഈ സാഹചര്യത്തില്‍ അന്നത്തെ മന്ത്രിമാരെ സംരക്ഷിക്കാനും വിഷയത്തെ രാഷ്ട്രീയമായിതന്നെ നേരിടാനുമാണ് സിപിഐ തീരുമാനമെന്നാണ് കാനത്തിന്റെ വിശദീകരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക