Image

സുധാകരനെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നു

ജോബിന്‍സ് തോമസ് Published on 15 June, 2021
സുധാകരനെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നു
കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ. ഗ്രൂപ്പുകളെ അവഗണിച്ചുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിന് ഗ്രൂപ്പുകള്‍ സമ്മതം മൂളിയെങ്കിലും മുന്നോട്ടുള്ള കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന വിലയിരുത്തല്‍ അന്നേയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. 

നിയുക്ത കെപിസിസി പ്രസിഡന്റ് അധികാരമേല്‍ക്കും മുമ്പ് തന്നെ പാളയത്തില്‍ പടയൊരുക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഘാടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് സുധാകരന്‍ ഏകപക്ഷീയമായ പ്രസ്താവന നടത്തുന്നുവെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ ആരോപണം. 

ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ഹൈക്കമാന്‍ഡിന് പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട് നിലവില്‍ പരസ്യപ്രസ്താവന വേണ്ടെന്നാണ് തീരുമാനമെങ്കിലും ഇനിയും ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ സംയമനം വേണ്ട എന്ന തീരുമാനവും ഗ്രൂപ്പുകളുടെ അകത്തളങ്ങളില്‍ ഉണ്ടായിട്ടുണ്ട്. 

ഡിസിസി പുനസംഘടനയ്ക്കായി അഞ്ചംഗ സമിതികള്‍ രൂപീകരിക്കുമെന്നും കെപിസിസി തലത്തില്‍ 51 അംഗ സമിതിക്ക് രൂപം നല്‍കുമെന്നുമുള്ള പ്രസ്താവനകളാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. അധികാരമേല്‍ക്കുംമുമ്പ് പാര്‍ട്ടിയുടെ ഏത് തലത്തില്‍ ചര്‍ച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം. 

ഈ വിഷയം ഗൗരവമായി തന്നെ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും ഇങ്ങനെ മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നുമാണ് ഗ്രൂപ്പുകളുടെ നിലപാട് . എന്നാല്‍ കെപിസിസി പ്രസിഡന്റായി നിയമിതനായ സ്ഥിതിക്ക് തന്റെ ആശയങ്ങളാണ് താന്‍ മാധ്യമങ്ങളോട് പങ്കുവച്ചതെന്നാണ് സുധാകരന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക