Image

ഇസ്രയേല്‍ സര്‍ക്കാരിന് മുന്നില്‍ ആദ്യ അഗ്നിപരീക്ഷണം

ജോബിന്‍സ് തോമസ് Published on 15 June, 2021
ഇസ്രയേല്‍ സര്‍ക്കാരിന് മുന്നില്‍ ആദ്യ അഗ്നിപരീക്ഷണം
പന്ത്രണ്ട് വര്‍ഷം നീണ്ട നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച്  ഭരണത്തിലെത്തിയ പ്രതിപക്ഷ കക്ഷികളുടെ സര്‍ക്കാരിന് മുന്നില്‍ ആദ്യ അഗ്നി പരീക്ഷണം. കിഴക്കന്‍ ജറുസലെമിലാണ് പ്രശ്‌നം. ഇവിടുത്തെ പാലസ്തീന്‍ മേഖലകളില്‍ റാലി നടത്തണമെന്ന ആവശ്യവുമായി തീവ്രദേശിയവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. 

എന്നാല്‍ റാലിക്ക് അനുമതി നല്‍കരുതെന്ന ആവശ്യവുമായി പാലസ്തീന്‍ സംഘടനകളും എത്തിയിട്ടുണ്ട്. ഇതോടെയാണ് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ത്രിശങ്കുവിലായത്. കടുത്ത വലതുപക്ഷ അനുഭാവിയായ നഫ്താലി ബെന്നറ്റാണ് പ്രധാനമന്ത്രി സ്ഥാനത്തെങ്കിലും തീരുമാനങ്ങളെടുക്കുന്നതില്‍ ഇദ്ദേഹത്തിന് പരിധികളുണ്ട്. 

കാരണം ഇടത് അനുകൂല കക്ഷികളും അറബ് കക്ഷികളും വരെ ഭരണത്തില്‍ പങ്കാളികളാണ്. റാലി നടത്തുന്നതിനോട് പ്രധാനമന്ത്രി യോജിച്ചാലും അറബ് കക്ഷിയടക്കമുള്ള ഇടത് കക്ഷികള്‍ ഇതിനെ എതിര്‍ക്കുമെന്നുറപ്പ് . ഇങ്ങനെ വന്നാല്‍ സഖ്യത്തിന്റെ കെട്ടുറപ്പിന് കോട്ടം വരാതെയുളള തീരുമാനമെടുക്കാന്‍ ബെന്നറ്റ് പാട്‌പെടും. 

ഇതിനിടെ സര്‍ക്കാരിന് അധികം ആയുസ്സില്ലെന്നും സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കി അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റതിന്റെ അടുത്ത ദിവസം തന്നെയുള്ള റാലി നീക്കത്തെ നെതന്യാഹുവിന്റെ പ്രസ്താവനയുമായി ചേര്‍ത്തു വായിക്കുന്നവരുമുണ്ട്. 

കഴിഞ്ഞ മാസം ഉണ്ടായ ഇസ്രയേല്‍ - പാലസ്തീന്‍ പ്രശ്‌നങ്ങളുടെ തുടക്കവും കിഴക്കന്‍ ജറുസലെമില്‍ നിന്നായിരുന്നു. ഇവിടെയുള്ള പാലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിലേയ്ക്ക് നീണ്ടത്. ഇത് 11 ദിവസം നീണ്ടു നില്‍ക്കുകയും ഏറെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. 

രാജ്യത്തെ ജൂത കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമായിരിക്കും നെതന്യാഹു പുതിയ സര്‍ക്കാരിനെതിരെ ഉപയോഗിക്കുക. മാത്രമല്ല വലത് നിലപാട് പറഞ്ഞ് വോട്ടുപിടിച്ച ബെന്നറ്റ് അറബ് കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് ജനവഞ്ചനയാണെന്ന പ്രചാരണവും നെതന്യാഹു പക്ഷം നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക