Image

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

Published on 15 June, 2021
'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

(മാത്യു പ്രാല്‍ രചിച്ച 'എന്റെ ബോധിവൃക്ഷങ്ങള്‍' എന്ന ഓര്‍മപ്പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം)

പള്ളിക്കൂടം (19521957)

നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് എല്‍.പി. സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ചാത്തമ്പടത്തില്‍ കൊച്ചേപ്പുസാറിന്റെ മുന്നില്‍ ഞങ്ങള്‍ നാലുപേര്‍ നിന്നു. തച്ചേട്ടു അവറാച്ചന്‍, പതിയിലെ കറിയാ, പ്രാലേല്‍ തോമ്മാച്ചന്‍, പിന്നെ ഞാനും. ഈ നാലു പേരുടെയും രക്ഷാധികാരി തച്ചേട്ടു ക്ലാര്‍ക്ക്‌സാറാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് തച്ചേട്ടു തോമസ് എന്നാണെങ്കിലും ആരും ആ പേരു വിളിക്കാറില്ല. എല്ലാവര്‍ക്കും ഇദ്ദേഹം ക്ലാര്‍ക്ക്‌സാറാണ്.

ക്ലാര്‍ക്ക്‌സാറിന്റെ മകനാണ് തച്ചേട്ടു അവറാച്ചന്‍. പതിയില്‍ കറിയാ, അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്റെ മകനാണ്. എന്റെ അപ്പന്‍, മാനന്തവാടി തേലിയത്തോട്ടത്തിലും പ്രാലേല്‍ തോമ്മാച്ചന്റെ അപ്പന്‍ പട്ടാളത്തിലും. അങ്ങനെ ഞങ്ങള്‍ നാലു പേരുടെയും ഡെയ്റ്റ് ഓഫ് ബര്‍ത്ത് തന്റെ മകന്റെതന്നെയെന്ന് അദ്ദേഹം തീരുമാനിച്ചു. നീണ്ടൂര്‍ പള്ളിയുടെ വിശാലമായ മുറ്റത്തിന്റെ വടക്കുപടിഞ്ഞാറ് നെടുനീളത്തില്‍ ഒറ്റനിലയില്‍ ഒരു കെട്ടിടം, അതാണ് പള്ളിക്കൂടം. വടക്കു മ്യാല്‍ക്കണ്ടവും പടിഞ്ഞാറു പുഞ്ചപ്പാടവും. വര്‍ഷകാലത്തു പടിഞ്ഞാറോട്ടു നോക്കിയാല്‍ കായല്‍പോലെയാണ്. പള്ളിക്കൂടത്തിലേക്കുള്ള വഴിയില്‍ അപ്പോള്‍ വെള്ളം കയറും. മുട്ടിനു മുകളില്‍ വെള്ളത്തില്‍ നീന്തിയാണ് നടപ്പ്. നിക്കറു നനയും. നനയാന്‍ ആര്‍ക്കും ഉടുപ്പില്ല. ക്ലാസിലിരുന്നാല്‍ പള്ളിക്കൂടത്തിന്റ ഭിത്തിയില്‍ ഓളം വന്നു താളമിടുന്നതു കേള്‍ക്കാം. വെള്ളമിറങ്ങിയാല്‍ വഴിയില്‍ ചെളിയായി. കാലിലെല്ലാം ചെളിപറ്റും. പാടത്തിറങ്ങി ചെളി കഴുകിക്കളഞ്ഞാണു ക്ലാസില്‍ കയറുക. അല്ലാത്തവരെ സാറ് ഓടിച്ചുവിടും.

ഒറ്റ ഓട്ടമാണ് വീട്ടില്‍നിന്നു പള്ളിക്കൂടത്തിലേക്ക്. ഉച്ചയ്ക്കു വീട്ടിലേക്കു ചോറുണ്ണാനും ഓടും, തിരിച്ചും ഓടും. വൈകുന്നേരം ഓട്ടമില്ല. കളിച്ചും ചിരിച്ചും നിന്നും ഇരുന്നും പേരയ്ക്കാ പറിച്ചും ചാമ്പങ്ങാ തിന്നും പതുക്കെയേ വീട്ടിലെത്തൂ. പാഠപുസ്തകങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെങ്കിലും പലര്‍ക്കും ഏതാനും ഭാഗങ്ങളേയുണ്ടാവൂ. ചില ഭാഗ്യവാന്മാര്‍ക്ക്, സ്ലേറ്റു പൊട്ടിയാലും പുത്തന്‍ സ്ലേറ്റു കിട്ടും. പലര്‍ക്കും സ്ലേറ്റിന്റെ ചെറിയ ഭാഗം മാത്രമേ കാണൂ. കല്ലുപെന്‍സില്‍ ഒടിഞ്ഞൊടിഞ്ഞു ശകലം മാത്രമേ നിക്കറിന്റെ പോക്കറ്റിലുണ്ടാവൂ. വള്ളിനിക്കറിന്റെ രണ്ടു വള്ളിയുമുള്ളവര്‍ അധികം പേരില്ല. വള്ളിയില്ലാത്തവര്‍ വാഴവള്ളിയിട്ടു ബെല്‍റ്റായി കെട്ടിമുറുക്കും. പെണ്‍കുട്ടികള്‍ക്ക് മുട്ടറ്റം പാവാടയാണ്. ചിലര്‍ ഒറ്റമുണ്ടുടുക്കും. മേലുടുപ്പ് ആര്‍ക്കുമില്ല. അഞ്ചാംക്ലാസിലും പെണ്‍കുട്ടികള്‍ക്ക് ഉടുപ്പില്ലാതെ നടക്കുന്നതില്‍ നാണമൊന്നുമില്ല. വേദപാഠ ക്ലാസില്‍ ഹവ്വായ്ക്കു നാണം തോന്നിയപ്പോഴാണു ഞങ്ങള്‍ക്കു നാണമുണ്ടായത്.

പള്ളിവളപ്പിലെ തെങ്ങിന്‍ചുവട്ടില്‍ ഒരു നാണവുമില്ലാതെ നിന്നു മുള്ളും. ഏറ്റവും ദൂരേ നീട്ടിവിടുന്നവനാരാ അവന്‍ ഒന്നാമന്‍. ഒരു കൊച്ചു മൂത്രപ്പുരയുണ്ട്. അതില്‍ ആണുങ്ങളാരും കയറില്ല. അത് പെണ്‍കുട്ടികള്‍ക്കുള്ളതാണ്. ചില പെണ്‍കുട്ടികള്‍ അതില്‍ കയറാതെ പാവാട പൊക്കി തെങ്ങിന്‍ചുവട്ടിലിരിക്കും. ഇവരെന്താ നിന്നു മുള്ളാത്തേ. വീട്ടില്‍ ചെന്നു ചേട്ടന്മാരോടു സംശയം ചോദിച്ചു. അവര്‍ ചിരിച്ചതേയുള്ളൂ.

കരഞ്ഞുകൊണ്ടാണ് ഒരു ദിവസം പള്ളിക്കൂടത്തിലേക്കു പോയത്. ഞാനിന്നു പള്ളിക്കൂടത്തില്‍ പോകുന്നില്ലെന്നു പറഞ്ഞപ്പോള്‍ അപ്പനും അമ്മയും വഴക്കു പറഞ്ഞ് ഓടിച്ചുവിട്ടു. ക്ലാസില്‍ കേറാതെ പള്ളിക്കൂടത്തിന്റെ മുറ്റത്തു നിന്നു പിന്നെയും കരഞ്ഞു. പിന്നില്‍നിന്ന് ഒരാള്‍ എന്റെ തലയില്‍ തലോടി. ഏലിയാമ്മസാറിനെ കണ്ടു ഞാന്‍ കരച്ചിലു കൂട്ടി.
'മോനെന്തിനാ കരേണേ?'
'ഇന്നലെ എന്റെ വല്യേട്ടായിയുടെ കല്യാണമാരുന്നു ഈ പള്ളീല്. ഇന്നു കല്യാണമില്ല. എനിക്കിന്നും കല്യാണം കൂടണം'.
തേങ്ങിക്കൊണ്ടു ഞാന്‍ പറഞ്ഞു. ഏലിയാമ്മസാറു ഉറക്കെ ചിരിച്ചു.
'അടുത്ത മാസം എന്റെ കല്യാണമാ ഇവിടെവെച്ച്. അന്നേരം മോനു കൂടാം.'
ഏലിയാമ്മസാറ് എന്റെ കൈ പിടിച്ചു ക്ലാസിലേക്കു കയറ്റി. അപ്പോഴും സാറിന്റെ മുഖത്തു ചിരിയുണ്ടായിരുന്നു. എനിക്കാണെങ്കി കരച്ചിലു നിറുത്താനും പറ്റുന്നില്ല.

മൂന്നാംക്ലാസില്‍വെച്ച് ചുമ്മാരുസാറ് എന്നെ പലവട്ടം കരയിപ്പിച്ചിട്ടുണ്ട്. കണക്കു തെറ്റിക്കുന്നതിന്. എന്റെ കണക്കുകൂട്ടലും കുറയ്ക്കലും എപ്പോഴും തെറ്റും. 340 ല്‍നിന്ന് 85 ഒന്നു കുറച്ചേ. പൂജ്യത്തില്‍നിന്നു 5 എങ്ങനെ കുറയ്ക്കും. 4 ല്‍ നിന്ന് 8 എങ്ങനെയാ കുറയ്ക്കുന്നത്. കുഴഞ്ഞതു തന്നെ. പുറംതിരിച്ചു നിറുത്തിയാണ് കണക്കു ചെയ്യിക്കുന്നത്. എനിക്കു പുറംതിരിഞ്ഞു നില്ക്കുന്ന തങ്കനു കണക്കറിയാം. പക്ഷേ, അവന്‍ കാണിക്കത്തില്ല. നാരങ്ങാമിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാലും അവനു വല്യ ഗമയാ.

'മത്തച്ചന്‍ കണക്കിനു പുറകോട്ടാ. അവനു കണക്കിനു ട്യൂഷന്‍ കൊട്.'
ചുമ്മാരുസാറ് ഒരു ദിവസം അപ്പനോടു പറഞ്ഞു. അങ്ങനെയാണ് മണ്ണാര്‍ക്കാട്ടില്‍ അച്ചുസാറിന്റെ വീട്ടിലെത്തുന്നത്. പള്ളിക്കൂടം വിട്ടു വീട്ടില്‍ വന്നാല്‍ കാപ്പികുടി കഴിഞ്ഞു നേരേ പൊക്കോണം മണ്ണാര്‍ക്കാട്ടിലേക്ക്. വൈകുന്നേരത്തെ കളി പോയി, തോട്ടിലെ കുളിയും പോയി.
അച്ചുസാറ് നീണ്ടൂര്‍ പള്ളിക്കൂടത്തിലെ അധ്യാപികയായിരുന്നു. പിരിഞ്ഞിട്ട് മൂന്നാലു വര്‍ഷമായിക്കാണും. എന്നെ ഞായറാഴ്ച രണ്ടാമത്തെ കുര്‍ബാന കഴിഞ്ഞു വേദപാഠം പഠിപ്പിക്കുന്നുണ്ട്. അച്ചുസാറിനെ എനിക്കിഷ്ടമാണ്. നല്ല വെളുത്ത ചട്ടയും മുണ്ടും, നല്ല വെളുത്ത നിറവും. നരച്ച മുടി, വെള്ളിമോതിരമിട്ട ഇടത്തേ കൈകൊണ്ട് ഇടയ്ക്കു പുറകോട്ടു തലോടും. ശാന്തസ്വഭാവമാണ്. പക്ഷേ, കണക്കു തെറ്റിക്കുമ്പോള്‍ അരിശം വരും. ഒരു ദിവസം എന്നോടു കുറെ അരിശപ്പെട്ടു. തോളത്തു രണ്ടടിയും തന്നു. ആ വിഷമത്തിനു ഞാന്‍ പറഞ്ഞുപോയി,
'സാറു കല്യാണം കഴിച്ചില്ലല്ലോ, അതാ.'

ചറപറാ അടി വരുന്നതും കാത്ത് കണ്ണടച്ചു ഞാന്‍ നിന്നു. അടി വന്നില്ല. ഞാന്‍ കണ്ണു തുറന്നു. അച്ചുസാര്‍ എന്നെ നോക്കുന്നതേയില്ല. വേലിക്കപ്പുറം മണ്ണാര്‍ക്കാട്ടെ ചാക്കോച്ചേട്ടന്റെ വീട്ടുമുറ്റത്തു കളിക്കുന്ന കുട്ടികളെ നോക്കുകയായിരുന്നു. ആ കണ്ണുകള്‍ നനഞ്ഞിരുന്നു. എന്തോ, എനിക്കും സങ്കടം വന്നു. സാര്‍ എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ മേരി കോപ്പയില്‍ കാപ്പിയുമായി വന്നു.

അച്ചുസാറിന്റെ ആങ്ങളയുടെ മകളാണു മേരി. അവള്‍ എന്റെ ക്ലാസിലാണ് പഠിക്കുന്നത്. ഞാന്‍ ട്യൂഷനു ചെല്ലുമ്പോള്‍ പടിഞ്ഞാറേ ചായ്പിലേക്ക് അവളും വരും. അവള്‍ക്ക് എന്നെക്കാള്‍ കണക്കറിയാം. കണക്കിട്ടിട്ട് അച്ചുസാറു ചിലപ്പോള്‍ അകത്തേക്കു പോകും. അപ്പോള്‍ അവളെന്നെ അവളുടെ ഉത്തരം കാണിക്കും. സാറു തിരിച്ചുവരുമ്പോള്‍ രണ്ടു പേരുടെയും ഉത്തരം ഒന്ന്. അതു തെറ്റും. അവള്‍ക്കു നല്ല തല്ലു കിട്ടും. എന്നാലും അവള്‍ കരയത്തില്ല. എന്നെ വഴക്കു പറയും. എനിക്കു കരച്ചിലും വരും. സാറില്ലാത്തപ്പോള്‍ മേരി എന്നെ തൊട്ടാവാടി എന്നു വിളിക്കും. ഞാനവളുടെ വെളുത്തുമിനുത്ത കൈത്തണ്ടയില്‍ അടിക്കും. അടി കൊണ്ടാലും അവള്‍ക്ക് എന്നോടു പിണക്കമൊന്നുമില്ല. അവള്‍ക്കെന്നെ വല്യ ഇഷ്ടമാണ്. എനിക്കതുമില്ല. മേരിയെക്കാള്‍ കാണാന്‍ ഭംഗി അക്കാമ്മയ്ക്കാണ്. അക്കാമ്മയും ഞങ്ങളുടെ ക്ലാസിലാണ്. ഹെഡ്മാസ്റ്റര്‍ കൊച്ചേപ്പുസാറിന്റെ മകളുടെ മകളാണ് അക്കാമ്മ. കൊച്ചേപ്പുസാറിന് ആണും പെണ്ണുമായി ഒരു മകളേയുള്ളൂ. ആ മകളെ തൊട്ടടുത്തുള്ള ഈന്തുംമൂട്ടില്‍ ലൂക്കോസിനെക്കൊണ്ടു കെട്ടിച്ചു സ്വന്തം വീട്ടില്‍ ദത്തു നിറുത്തി. ലൂക്കോസ് പിന്നീടു പൂനയിലേക്കു പോയി. അവിടെ മിലിട്ടറി ക്ലാര്‍ക്കായി.
അക്കാമ്മയ്ക്കു മറ്റു പെണ്‍കുട്ടികളെക്കാള്‍ പൊക്കമുണ്ട്. നല്ല നിറവുമുണ്ട്. പക്ഷേ, അവള്‍ ആരോടുമങ്ങനെ കൂട്ടുകൂടത്തില്ല. ഹെഡ്മാസ്റ്ററുടെ കൊച്ചുമകള്‍ എന്ന നിലയ്ക്ക് അല്പം ഗമ കൂടുതലാണ് എന്നാണ് മേരി പറയുന്നത്. മേരിക്ക് അക്കാമ്മയോടു കുശുമ്പാണെന്നു തോന്നുന്നു. ഒരു ദിവസം ഞാന്‍ ട്യൂഷനു ചെന്നപ്പോള്‍ മേരി പറയുകയാ, മത്തച്ചന്‍ അക്കാമ്മയെ നോക്കരുത്, അവളോടു മിണ്ടരുത് എന്ന്.

നാലാംക്ലാസിലേക്കു ജയിച്ചു ഞങ്ങള്‍ ചെന്ന ആദ്യദിവസം അക്കാമ്മയെക്കാള്‍ ഭംഗിയുള്ള ഒരു പെണ്‍കൊച്ചിനെ കണ്ടു. അവള്‍ക്കു വെളുപ്പില്‍ ചുവന്ന പൂക്കളുള്ള പാവാടയുണ്ട്. അതുമല്ല, ഇളംചുവപ്പുള്ള ഉടുപ്പും അവള്‍ ഇട്ടിരിക്കുന്നു. ഉടുപ്പില്ലാപ്പെണ്ണുങ്ങളെല്ലാം ചമ്മിപ്പോയി. മാത്രവുമല്ല, അവള്‍ മുടി ചീകിവെച്ചു ചുവന്ന റിബ്ബണ്‍കൊണ്ടു കെട്ടിയിട്ടുമുണ്ട്. മറ്റൊരു പെണ്‍കൊച്ചിനും റിബ്ബണില്ല. അവള്‍ക്കു കഴുത്തില്‍ സ്വര്‍ണമാലയുണ്ട്. കാലില്‍ വെള്ളിപ്പാദസരങ്ങളുണ്ട്. ഹാജര്‍ വിളിച്ചപ്പോള്‍ ഞങ്ങളറിഞ്ഞു അവളുടെ പേര് ആന്‍സി. പിന്നീടു ഞങ്ങളറിഞ്ഞു ആന്‍സി കൈപ്പുഴ പതിയിലെ ചാക്കോച്ചന്റെ മൂത്ത മകളാണെന്ന്. കൈപ്പുഴക്കാരന്‍ ചാക്കോച്ചന്‍ പുതിയ വീടു വെച്ചു നീണ്ടൂരേക്കു മാറിത്താമസിച്ചപ്പോള്‍ മകളെ ഈ പള്ളിക്കൂടത്തില്‍ ചേര്‍ത്തതാണെന്ന്. അക്കാമ്മയുടെ വീടിനടുത്താണ് ആന്‍സിയുടെ വീടെന്ന്. ഒരു ദിവസം പുത്തന്‍പുരയ്ക്കല്‍ അവറായുടെ നേതൃത്വത്തില്‍ അവളറിയാതെ ഞങ്ങള്‍ നാലഞ്ചു പേര്‍ അവളുടെ വീടു കാണാന്‍ പോയി.
മേരി, അക്കാമ്മയോടുള്ള കുശുമ്പു വിട്ട് അത് ആന്‍സിയിലേക്കു മാറ്റി. പിറ്റേന്നു ഞാന്‍ ട്യൂഷനു ചെന്നപ്പോള്‍ മേരി അടുക്കളയില്‍ച്ചെന്നു ശര്‍ക്കരയും തേങ്ങയും വെച്ച കൊഴുക്കട്ട കൊണ്ടുവന്നു തന്നിട്ടു പറഞ്ഞു: ഓ അവളു വല്യ പരിഷ്കാരി. സുന്ദരിക്കോതയാണെന്നാ അവടെ വിചാരം. മത്തച്ചന്‍ അവളെ നോക്കരുത് കേട്ടോ.
അവളെ നോക്കരുതെന്ന് പുത്തന്‍പുരയ്ക്കല്‍ അവറായും പറഞ്ഞു.
'ആന്‍സി നല്ല പേര്, അവളെയെനിക്കിഷ്ടമാ.'
'നീ ഇഷ്ടപ്പെട്ടോ. അതിനു ഞാനെന്തു വേണം. ഞാനാണേ ഒരു പെണ്ണിനേം നോക്കത്തില്ല. എനിക്കു നാണാ.'

നിനക്കു പെങ്ങന്മാരില്ലാത്തതുകൊണ്ടാ നിനക്കു പെണ്ണുങ്ങളെ കാണുമ്പോ നാണം എന്ന് ഒരു ലോകതത്ത്വം അവറാ പറഞ്ഞതു നേരാണോ എന്നു ഞാന്‍ പലവട്ടം ചിന്തിച്ചു. എന്നെക്കാള്‍ പല കാര്യങ്ങളിലും അവറായ്ക്കു നല്ല അറിവുണ്ട്. അവന്റെ അപ്പന്‍ പുത്തന്‍പുരയ്ക്കല്‍ ലൂക്കാപ്പാപ്പന്‍ നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ്. നാട്ടിലെ പ്രമാണിയാണ്. നാട്ടിന്‍പുറത്തെ പലപല അടിപിടിക്കേസുകളും അതിര്‍ത്തിത്തര്‍ക്കങ്ങളും ലൂക്കാപ്പാപ്പന്റെ വീട്ടുമുറ്റത്താണു തീര്‍പ്പാക്കുന്നത്. പള്ളിക്കാര്യങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും അവസാനവാക്ക് അവറായുടെ അപ്പന്റെതാണ്. ആ നേതൃത്വവാസന അവനുണ്ട്. അവന്റെ ചേട്ടനാണ് ജോറി. അവര്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. പക്ഷേ, പഠിത്തം ഒരേ ക്ലാസിലാണ്. ജോറി പാവമാണ്, ശാന്തനുമാണ്. അവറാ മിടുക്കനാണ്, തന്റേടിയുമാണ്.
1957 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലത്തില്‍നിന്നും ജയിച്ചത് ജോര്‍ജ് ജോസഫ് പൊടിപാറയാണ്. പൊടിപാറ കോണ്‍ഗ്രസ്സുകാരനാണ്. ഞങ്ങളുടെ വീട്ടുകാരാകെ കാളപ്പെട്ടിക്കാരാണ്, അതിനാല്‍ത്തന്നെ ഞാനും. എനിക്കൊത്തിരി സന്തോഷമായി, പൊടിപാറയുടെ ജയം. ജയ് ജയ് പൊടിപാറ എന്നു ഞാന്‍ കീജയ് വിളിച്ചപ്പോള്‍ അവറാ പറഞ്ഞു:
'ഈ ജയത്തിലൊന്നും കാര്യമില്ലെടാ. കേരളം ഭരിക്കാന്‍ പോകുന്നത് കമ്യൂണിസ്റ്റുകാരാ. ഇ.എം.എസ്. മുഖ്യമന്ത്രിയാവും.'
ഞാന്‍ അന്തിച്ചുനിന്നു. ഇതെനിക്കൊരു പുതിയ അറിവായിരുന്നു. ഈ അവറായ്ക്ക് എല്ലാം അറിയാം.

ദീപിക ബാലജനസംഖ്യത്തിന്റെ നീണ്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് അവറാ ആയിരുന്നു. ഞാന്‍ സെക്രട്ടറിയും. പാറേട്ടു തൊമ്മിസാറാണ് രക്ഷാധികാരി. സഖ്യത്തിനുവേണ്ടി മൂലേച്ചാലില്‍ കോരപ്പിള്ളയുടെ വീടിനടുത്തുള്ള ഒറ്റമുറിക്കെട്ടിടം വാടകയ്‌ക്കെടുത്തു. ഇനി മേശ വേണം, കസേര വേണം, ബെഞ്ചു വേണം. അലമാരയും വേണം. നോട്ടീസടിച്ചു കൂപ്പണും പിടിച്ചു ഞങ്ങള്‍ വീടുവീടാന്തരം പിരിവിനിറങ്ങി. അവറായുടെ ഉത്സാഹംകൊണ്ടു കാര്യം സാധിച്ചു. ആ മുറിയിലിരുന്ന ബെഞ്ചിലിരുന്നു പല കാര്യങ്ങളെക്കുറിച്ചും ആലോചിച്ചു. പള്ളിക്കൂടത്തില്‍വെച്ചു നടത്തിയ സഖ്യത്തിന്റെ വാര്‍ഷികത്തിന് ഞങ്ങള്‍ ഒരു ഏകാങ്കനാടകം അവതരിപ്പിച്ചു. ഞാനാണ് അപ്പന്‍. എന്നെക്കാള്‍ രണ്ടു വയസ്സു കുറവുള്ള പുത്തന്‍ പ്രാലേല്‍ ജോര്‍ജാണ് മകന്‍. അപ്പന്‍ മകനെ ഒക്കത്തിരുത്തി ഭയാശങ്കകളോടെ ഒരു യുദ്ധവിമാനം കാണിച്ചുകൊടുക്കുന്ന ഒരു രംഗം ഇന്നും മനസ്സിലുണ്ട്. കളിക്കു ശേഷം അവറാ എന്നെ വഴക്കു പറഞ്ഞു. കാരണം, ഞാന്‍ ജോര്‍ജിനെ കുറെ നേരം കൂടി ഒക്കത്തു വെച്ചുകൊണ്ടു നില്ക്കണമായിരുന്നുപോലും.

കൂട്ടുകാര്‍ക്കിടയിലെ വഴക്കുകേസൊക്കെ അവറായാണു തീര്‍പ്പാക്കുന്നത്. അവറാ പറഞ്ഞാല്‍ പറഞ്ഞതാണ്. അവന്‍ പറയുന്നതു കേട്ടില്ലെങ്കില്‍ അവന്‍ ആരെയും അടിക്കും. അവന്‍ അടിച്ചാല്‍ ആരും തിരിച്ചടിക്കില്ല. അതു കണ്ടു ഞാനൊരിക്കല്‍ പള്ളിപ്പറമ്പില്‍ കളിക്കുന്നതിനിടെ പള്ളിയമ്പില്‍ ചാക്കോയ്ക്കിട്ടു ഒരടി കൊടുത്തു. പക്ഷേ, അവന്‍ എന്നെ തിരിച്ചടിച്ചു. ഞാനോടി അവറായുടെ അടുത്തു ചെന്നു സങ്കടം ബോധിപ്പിച്ചു. അവറാ, ചാക്കോയ്ക്കിട്ടു ഒരടി കൊടുത്തു. അടികൊണ്ടു ചാക്കോ ചുമ്മാ നിന്നു. പിന്നീടു ഞാന്‍ അവറായോടു ചോദിച്ചു:
'നിന്നെയെന്താ ആരും തിരിച്ചടിക്കാത്തേ?'
'എന്നെ പേടിച്ചിട്ട്.'
'അതെന്താ നിന്നെ എല്ലാരും പേടിക്കുന്നത്.'
'അതേ, എന്റെ അപ്പന്‍ പഞ്ചായത്ത് പ്രസിഡന്റാ.'
ശരിയാ, അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. എന്റെ അപ്പനാണേ ഇവിടില്ലതാനും, മലബാറിലല്ലേ.
അപ്പന്‍ മലബാറിലും അമ്മ അമ്മയുടെ തൊണ്ണൂറു കഴിഞ്ഞ അപ്പനു സുഖമില്ലാത്തതിനാല്‍ ഉഴവൂരിലും ആയിരിക്കുന്ന നാളുകളിലൊന്നില്‍ കൈപ്പുഴ പള്ളിയില്‍ പെരുന്നാളു വന്നു. പണ്ടു ഞങ്ങളുടെ തലപ്പള്ളിയായിരുന്നു കൈപ്പുഴ സെന്റ് ജോര്‍ജ് പള്ളി. അവിടെയുള്ള സിമിത്തേരിയിലാണ് ഞങ്ങളുടെ വല്യപ്പന്‍വരെയുള്ളവരെ അടക്കിയിരിക്കുന്നത്.
എല്ലാക്കൊല്ലവും പെരുന്നാളിനു മുടങ്ങാതെ ഇരുപത്തിയൊന്നു കള്ളപ്പം ചുട്ടതും ഒരു കോഴിപ്പൂവനെയും നേര്‍ച്ചയായി പള്ളിയില്‍ കൊണ്ടുപോയി കൊടുക്കാറുണ്ട്. ഇക്കൊല്ലം അതു വേണ്ടെന്നുവെച്ചു. അമ്മയുടെ അഭാവത്തില്‍ അടുക്കളഭരണം ഏല്പിച്ചിരിക്കുന്ന കൊച്ചുപാറൂമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വല്യേട്ടന്‍ എടുത്ത തീരുമാനമാണ്.

ഞങ്ങള്‍ പാറൂമ്മ എന്നു വിളിക്കുന്ന കൊച്ചുപാറു ഗോപിയുടെ അമ്മയാണ്. പാറൂമ്മ ഞങ്ങള്‍ക്കു അമ്മയെപ്പോലെയാണ്, പ്രത്യേകിച്ച് എനിക്ക്. അമ്മ ഇടയ്ക്കിടയ്ക്കു പറയാറുണ്ട്, എടാ മോനേ, നീ മുലകുടിക്കുന്ന പ്രായത്തി എനിക്കു രണ്ടു മുലയ്ക്കും നീരുവന്നപ്പോ ഈ കൊച്ചുപാറുവാണ് നിന്നെ രണ്ടാഴ്ചയോളം മുലയൂട്ടിയത്. ഗോപിക്കന്നു രണ്ടു വയസ്സാണ്. അങ്ങനെയാണ് അവന്റെ മുലകുടി മാറിയത്.
പെരുന്നാളിനു തലേന്നു രാവിലെ പാറൂമ്മ അടുപ്പിലെ ചാരം വാരി തെങ്ങിന്‍ച്ചുവട്ടിലിടാന്‍ കോഴിക്കൂടിനു മുന്നിലൂടെ പോയപ്പോള്‍ ദാണ്ടെ ഒരു മുട്ടന്‍പാമ്പ്. പേടിച്ചുവിറച്ചു പാറൂമ്മ തിരിഞ്ഞോടി അടുക്കളത്തിണ്ണയില്‍ വന്ന് ഉറക്കെ വിളിച്ചുപറഞ്ഞു:
'മക്കളേ ഓടിവായോ, ദേണ്ടെ ഒരു മുട്ടന്‍പാമ്പ്. എന്റെ ഗീവര്‍ഗീസ് സഹദായേ, നാളെ അപ്പോം കോഴീം കൊടുത്തു വിട്ടേക്കാമേ.'
ഞാനപ്പോള്‍ കിണറ്റുകരയില്‍നിന്ന് ഉമിക്കരികൊണ്ടു പല്ലുതേയ്ക്കുകയായിരുന്നു. ഓടിച്ചെന്നു പാറൂമ്മയെ ചേര്‍ന്നുനിന്നു. പാറുവമ്മ കൈ ചൂണ്ടിയ ഭാഗത്തേക്കു നോക്കി. പാമ്പിനെ കണ്ടില്ല. ചേട്ടന്മാരു വടീം കല്ലുമായി ഓടിവന്നു. അവര് അവിടെയെല്ലാം നോക്കീട്ടു പാമ്പിനെ കണ്ടില്ല.
'പാറൂമ്മയ്ക്കു തോന്നിയതാവും.'
വല്യേട്ടന്‍ പേരവടിയുമായി തൊഴുത്തിന്റെ ഭാഗത്തേക്കു പോയി. കുഞ്ഞേട്ടന്‍ കൈയിലിരുന്ന കല്ല്, ചുമ്മാ വളച്ചുപ്രാ കണ്ടത്തിലേക്കു വലിച്ചെറിഞ്ഞു.

പിറ്റേന്നു രാവിലെ പത്തു മണിയോടെ ഞാനാണു കൈപ്പുഴ പള്ളിയിലേക്കു പോയത്. ഇരുപത്തിയൊന്നു കള്ളപ്പം വാട്ടിയ വാഴയിലയിലും പത്രക്കടലാസിലും പൊതിഞ്ഞത് ഒരു കൈയില്‍. കാലു രണ്ടും വാഴവള്ളികൊണ്ടു കൂച്ചിക്കെട്ടിയ കോഴിപ്പൂവന്‍ മറുകൈയില്‍. പൂവന്‍ ഇടയ്ക്കിടയ്ക്കു ചിറകിട്ടടിച്ചു ബഹളം വെക്കുന്നുണ്ട്. കള്ളപ്പത്തിന്റെ മണം മൂക്കിലടിച്ചു വായില്‍ വന്നു കൊതിപ്പിക്കുന്നുണ്ട്. അപ്പം ചുട്ടോണ്ടിരുന്നപ്പോള്‍ പാറൂമ്മ ആ ഭാഗത്തേക്ക് ആരെയും അടുപ്പിച്ചില്ല.
'പള്ളീച്ചെന്നു പുണ്യാളച്ചനു കൊടുത്തിട്ടു വരുമ്പോം ഞാനെന്റെ മോന് ഇഷ്ടംപോലെ അപ്പം തരാം. നല്ല പോത്തിറച്ചിക്കറീം കൂട്ടി.'
പ്രാവട്ടം കവല കഴിഞ്ഞ് കുറെ നടന്നപ്പോള്‍, വില്ലേജാളില്‍ പലചരക്കുകട നടത്തുന്ന ഓണശ്ശേരിയപ്പാപ്പന്റെ വീടും കഴിഞ്ഞ് അരിഷ്ടമുണ്ടാക്കുന്ന വീടിന്റെ മുന്നിലെത്തിയപ്പോള്‍ ഇടവഴിയില്‍നിന്ന് ഓടിവന്ന ഒരു പട്ടി പിറകേ കൂടി. കോഴിപ്പൂവന്‍ രണ്ടു ചിറകുകളും ആഞ്ഞടിച്ചു കൈയില്‍ക്കിടന്നു പിടഞ്ഞു. പട്ടി കുരച്ചു. പൂവന്‍ ഇടഞ്ഞു. അതിന്റെ നഖങ്ങള്‍ എന്റെ കൈത്തണ്ടയില്‍ കൊണ്ടു പോറി. എന്റെ നിയന്ത്രണം വിട്ടു. പൂവന്റെ കാലിലെ കെട്ടഴിഞ്ഞു. അതു പറന്നു അരിഷ്ടക്കാരന്റെ വീട്ടുപറമ്പിലേക്ക്. പട്ടി പിന്നാലെ പാഞ്ഞുചെന്നു. പൂവന്‍ പറന്ന് പുരപ്പുറത്തു കയറി മറുവശത്തേക്കു മറഞ്ഞു.
ആഛഛസ
പുസ്തകം വാങ്ങാം

മനഃപ്രയാസപ്പെട്ട് എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഞാനങ്ങനെ നില്ക്കുമ്പോള്‍ പടവത്തിലെ അച്ചാമ്മയും അവളുടെ അമ്മയും ആ വഴി വന്നു. അവര്‍ പെരുന്നാള്‍ കൂടാന്‍ വരുന്ന വഴിയാണ്. അച്ചാമ്മ എന്റെ കൂടെ പഠിക്കുന്നവളും.
'സാരമില്ല മോനേ. അതു പോട്ടെ. പുണ്യാളച്ചന് അപ്പമുണ്ടല്ലോ. അതു മതി.'
ഇതു പറഞ്ഞ് അച്ചാമ്മയുടെ അമ്മ ചിരിച്ചു. ആ കറുത്ത മുഖത്തു പരന്ന ചിരിയും കറുത്തിരുന്നു. അവരുടെ തൊണ്ടയിലെ വലിയ മുഴ അപ്പോള്‍ ഒന്നുകൂടി വലുതായി. അച്ചാമ്മയും ചുമ്മാ ചിരിച്ചു. ആ ചിരിയില്‍ ഒരു നാണവും കളിയാക്കലും കണ്ടു.
'ശ്ശേ, നാണക്കേടായി. ഇവളു നാളെ ക്ലാസീച്ചെന്ന് ആന്‍സിയോടും അക്കാമ്മയോടും മേരിയോടും ഇക്കാര്യം പറഞ്ഞ് അവരെല്ലാം എന്നെ നോക്കി കളിയാക്കി ചിരിക്കും.
ഞാനപ്പവും പിടിച്ചു കുറെ നേരം കലുങ്കിലിരുന്നു മനഃപ്രയാസപ്പെട്ടു.
പള്ളിയിലേക്കുള്ള നടകള്‍ പ്രയാസപ്പെട്ടു കയറി മുകളില്‍ച്ചെന്നു. കരിങ്കല്ലുകൊണ്ടുള്ള വിളക്കു മരച്ചുവട്ടില്‍ ഇഷ്ടംപോലെ കോഴികള്‍ കിടക്കുന്നു. പെരുന്നാള്‍ച്ചടങ്ങുകള്‍ തീരുന്ന മുറയ്ക്കു ഇവയെല്ലാം ലേലത്തില്‍ പിടിക്കപ്പെടും. പാവം എന്റെ പൂവന്‍ രക്ഷപ്പെട്ടോ.
അപ്പം ഗീവര്‍ഗീസ് സഹദായുടെ രൂപക്കൂടിനു മുന്നില്‍ വെച്ചു. നാലണ നേര്‍ച്ചയിട്ടു. പകരം ഒരാള്‍ കുറെ വറുത്ത അരി തന്നു. അതില്‍ കുറച്ചു വായിലിട്ടു കൊറിച്ചു. ബാക്കി നിക്കറിന്റെ പോക്കറ്റിലിട്ടു. ചേട്ടന്മാര്‍ക്കും പാറൂമ്മയ്ക്കും കൊടുക്കണം. പുണ്യാളന്റെ നേര്‍ച്ചയല്ലേ.
ആള്‍ത്തിരക്കിനിടയില്‍നിന്നു കുറച്ചു പുറകോട്ടു മാറിനിന്നു കൈകൂപ്പി പ്രാര്‍ഥിച്ചു.

'എന്റെ പുണ്യാളച്ചാ, എന്നോടു പെണങ്ങല്ലേ. കോഴിയെ ഞാന്‍ കൊണ്ടുവന്നതാണേ. പക്ഷേ, അതു പറന്നുപോയി. എന്നോടു കോപിക്കല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...

കുന്തം പിടിച്ചു നില്ക്കുന്ന പുണ്യാളന്റെ കാല്‍ക്കീഴില്‍ ഒരു കറുത്ത സര്‍പ്പം അതിന്റെ ചുവന്ന വാപിളര്‍ന്നു നാക്കു നീട്ടി എന്നെ രൂക്ഷമായി നോക്കി. കുര്‍ബാനയുടെ പാതിക്കാലത്തിനിടയ്ക്കുള്ള കതിനവെടി പൊട്ടി. പേടിച്ചു ഞാന്‍ വേഗം പിന്തിരിഞ്ഞപ്പോള്‍ ചെന്നുമുട്ടിയത് അച്ചാമ്മയുടെ ദേഹത്ത്. അവളൊരു ചിരിയും ചിരിച്ചു പോയി. പൂവന്‍കോഴി അപ്പോഴും മനസ്സില്‍ക്കിടന്ന് ചിറകിട്ടടിച്ചു. (കടപ്പാട്: മാതൃഭൂമി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക