Image

രണ്ടു തൂങ്ങിമരണങ്ങൾ (കഥ: അജീഷ് മാത്യു കറുകയിൽ)

Published on 14 June, 2021
രണ്ടു തൂങ്ങിമരണങ്ങൾ (കഥ: അജീഷ് മാത്യു കറുകയിൽ)
പള്ളിക്കൂടം കഴിഞ്ഞു വരുന്ന വഴിയിൽ അടഞ്ഞു കിടന്ന എട്ടിന്റെ മൂലയിലുള്ള പീറ്റപ്പന്റെ  വീട്ടിലെ ലവലോലിക്ക പറിക്കാൻ കയറിയ ഡേവിഡ് ദാസ്  ലവലോലിക്ക മരത്തിനു കുറുകെ വളർന്നു നിൽക്കുന്ന  മൂന്നാൾ പൊക്കമുള്ള പ്ലാവിന്റെ ഏറ്റവും മുകളിലുള്ള  കൊമ്പത്ത് കരിമ്പൻ  കാക്കകളുടെ ശക്തമായ കലപില കാ കാ ശബ്ദം കേട്ടു പാതി കയറിയ  ലവലോലിക്കാ മരത്തിൽ നിന്നും പേടിച്ചു ചാടിയിറങ്ങി . കാക്കകളെ ദാസപ്പനെന്നു വിളിപ്പേരുള്ള ഡേവിഡ് ദാസിനു തൂറോളം പേടിയാണ് ,തലയിൽ കരിംകറുപ്പുള്ള കാക്കകൾ ചത്ത് പോയവരുടെ പ്രേതങ്ങൾ പുനഃർജനിക്കുന്നതാണെന്നും അത് കൊണ്ടാണ് വാവു ബലി സമയത്തു പിതൃക്കൾക്കു വെയ്ക്കുന്ന ബലിയുണ്ണാൻ അവർ പറന്നെത്തുന്നതെന്നും അവന്റെ അച്ചമ്മ അവനെ പറഞ്ഞു പേടിപ്പെടുത്തിയിരുന്നു . ഉച്ചഭക്ഷണം  കഴിച്ചിട്ടൊരിക്കൽ പൈപ്പിൽ മുഖവും വായും കഴുകുന്നതിനിടയിൽ തലയിൽ നിന്നും തൊലികൊത്തി പറന്നുപോയ കരിംകാക്ക ദാസന്റെ പേടിസ്വപ്നങ്ങളിൽ ഒന്നായതന്നായിരുന്നു . ലവലോലിക്കാ തിന്നാനുള്ള മോഹം ഉപേക്ഷിച്ചു മരത്തിൽ നിന്നും ചാടിയ ദാസനൊപ്പം പോരാൻ തിരിഞ്ഞതും ഒരു തവണ കൂടി ഞാൻ  തിരിഞ്ഞാ പ്ലാവിന്റെ തുഞ്ചത്തേയ്ക്കു നോക്കി . കാക്കകൾ കൊത്തി വലിക്കുന്നത് ചക്കയല്ല ആജാന  ബാഹുവായ ഒരു മനുഷ്യന്റെ ചത്ത് മലച്ച ശരീരത്തിലാണെന്ന സത്യം ഒരു നിമിഷമെന്നെ അസ്ത്ര പ്രജ്ഞനാക്കി . വാടാ തൊമ്മിയെന്ന വിളിയോടെ നിക്കറിന്റെ വിളുമ്പിൽ പിടിച്ച ദാസനും എന്റെ  അത്ഭുതം കൊണ്ട് തുറന്ന വായുടെ വഴി നോക്കി  അവന്റെ  കണ്ണുകളും പ്ലാവിന്റെ മണ്ടയിലേയ്ക്കെത്തി .നീല ഷർട്ടും പൂക്കളുള്ള ഫോറിൻ കൈലിയും ധരിച്ചൊരാളുടെ കഴുത്ത്  മുടികയറിൽ   പ്ലാവിന്റെ ഏറ്റവും ബലമുള്ള കൊമ്പുമായി ബന്ധപെട്ടു കീഴേയ്ക്കു ഞാന്നു കിടന്നു ആടുന്നു  .
ആദ്യമായാണ് ഞാനൊരു പെടുമരണം കാണുന്നത് ! യൂദന്മാരുടെ രാജാവായ നസ്രേത്തു കാരൻ ഈശോയെ എന്ന  ജപം നാവിൽ നിറഞ്ഞു, പേടി കൊണ്ട് നിറഞ്ഞ ഞാൻ ആപാദ ചൂഢം  വിറയ്ക്കുകയാണ് . താരതമ്യേന ധൈര്യശാലിയായ  ദാസൻ നിലത്തു കിടന്ന ഒരു കല്ലെടുത്തു മുകളിൽ ശരീരത്തിൽ കൊത്തി  വലിക്കുന്ന കാക്കകൾക്ക് നേരെ എറിഞ്ഞു . കുറച്ചു കാക്കകൾ ഉയർന്നു പറന്നെങ്കിലും അതിലൊരു കാക്ക ദാസനെ ലക്ഷ്യമാക്കി താഴേയ്ക്ക് പറന്നു .കാക്കയിൽ നിന്നും മുകളിൽ തൂങ്ങിയാടുന്ന പ്രേതത്തിൽ നിന്നും ഒറ്റ ഓട്ടത്തിനു  ഞങ്ങൾ എട്ടിന്റെ മുലയിലെ ആ ആളൊഴിഞ്ഞ വീടിന്റെ  ഗേറ്റിനു പുറത്തു കടന്നു വീട് ലക്ഷ്യമാക്കി  ഓടി  . അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല ആരായിരിക്കും ആ പ്ലാവിനു മുകളിൽ കെട്ടി ഞാന്ന മനുഷ്യൻ . എന്തായിരിക്കും അയാളെ ജീവിതം ഒടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക ,നാളെ ഗാന്ധി ജയന്തിയാണ് മറ്റന്നാൾ  ശനി ഇനി ആ ജഡം ഒന്ന് കാണണമെങ്കിൽ മൂന്നു ദിവസം കഴിയണം അപ്പോഴേയ്ക്കും നാട്ടുകാരും പോലീസുകാരും  ഒക്കെ കൂടി അതെടുത്തവിടം ശുദ്ധി ചെയ്‌തിട്ടുണ്ടാവും . ഇനിയൊരിക്കലും എട്ടിന്റെ മൂലയിലുള്ള ആളൊഴിഞ്ഞ വീട്ടിലെ ഒരുമരത്തിലുമുണ്ടാകുന്ന കായ് കനികളൊന്നും ഞാനും ദാസനും ഭക്ഷിക്കുന്നതല്ല.
തിങ്കളാഴ്ച സ്‌കൂളിലേക്ക് പോകും വഴി എട്ടിന്റെ മൂലയിലുള്ള ആ ഗേറ്റു പടിക്കൽ ഒരു നിമിഷം നിന്നൂ . വലിയ്യ്‌ പ്ലാവിന്റെ സ്ഥാനത്തു  നിറയെ സൂര്യ പ്രകാശം കടന്നു വരുന്ന വലിയ ശൂന്യത മാത്രം. ചില്ലകളിറക്കിയ   പ്ലാവിന്റെ  തായ് തടി മെഷിൻ കൊണ്ടറുക്കുന്ന രണ്ടു മനുഷ്യർ അപ്പോൾ അവിടെ ഉണ്ടായിരുന്നു . നില്ക്കാൻ സമയമില്ല  അസ്സംബ്ലിക്കു താമസിച്ചാൽ കറിയാ സാറിന്റെ ചൂരൽകഷായം കിട്ടും . വേഗം ഞാൻ സ്‌കൂളിലേക്കോടി അവിടെ കഥകളുടെ  ഭണ്ഡാരവുമായി ഡേവിഡ് ദാസ് എന്ന ദാസപ്പൻ എന്നെ കാത്തിരിക്കുകയായിരുന്നെന്ന സൂചനയുമായി അസ്സബ്‌ളിയുടെ ഇടയിൽ  വെച്ചവൻ   കണ്ണ് കാണിച്ചു .ഉച്ച ബെല്ലടിച്ചതും ഞാൻ  ഓടി  ദാസിന്റെ അടുത്തെത്തി . അവൻ അറിഞ്ഞ മരിച്ച മനുഷ്യനെപ്പറ്റിയുള്ള കഥകൾ അറിയാൻ ഞാൻ തിടുക്കം കൂട്ടി .
സോഡാക്കാരൻ ശശിയെന്ന ശശികുമാർ പി കെ ആയിരുന്നു വാഴാഴ്ച വൈകുന്നേരം ഞങ്ങൾ ഒരുമിച്ചു പ്ലാവിൽ തൂങ്ങിയാടുന്നതായി കണ്ട പ്രേതം. എന്തിനായിരുന്നു അയാളീ പാതകം ചെയ്തതെന്ന ചോദ്യത്തിന് ദാസനുത്തരമുണ്ടായിരുന്നില്ല കുടുബ കലഹമോ സാമ്പത്തീക ബാധ്യതയോ  വിഷാദ രോഗമോ ഏതെങ്കിലും കേസിൽ കുടുങ്ങിയതിലുള്ള മനോവിഷമമോ എന്തെങ്കിലും ആയിരിക്കാം  എന്ന നിഗമനത്തിൽ പതിനൊന്നു വയസുള്ള ഡേവിഡ് ദാസും പത്തു വയസുള്ള തോമസ്  ജോസഫ് എന്ന ഞാനും ജീവിതത്തിൽ ആദ്യം കണ്ട ആ തൂങ്ങി മരണത്തെ ഓർമ്മകളുടെ സഞ്ചയികയിലേയ്ക്കു തള്ളി വിട്ടു .
..കാലന്റെ പിറകെ കാലം ..
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരുന്ന  മദ്ധ്യ പൂർവ്വ ഏഷ്യയിലെ ഒരു ലേബർ ക്യാമ്പിൽ ഇരുന്നാണ് ഞാനീ  കത്തെഴുതുന്നത് .കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ എന്ത് നേടി എന്ന ചോദ്യം ഒന്നുമില്ലാതെ തിരികെ വരുന്ന എന്നെ  നോക്കി നിങ്ങൾ ചോദിയ്ക്കാൻ ഇടയുള്ളതിനാൽ ഈ ജീവിതം എന്നെന്നേയ്ക്കുമായി ഇവിടെ അവസാനിപ്പിക്കാൻ  ഞാൻ തീരുമാനിക്കുകയാണ് .പരാജിതനെന്ന ഭാരവും പേറി നാട്ടിലെനിക്കു അപഹാസ്യ വസ്തുവായി തുടരാൻ  താല്പര്യമില്ല .അല്ലെങ്കിൽ തന്നെ ഫലം നൽകുന്ന എല്ലാ മരങ്ങളും അത് തീർന്നാലുടൻ തീയോ തായ്ത്തടിയോ ആയി പരിക്രമിക്കുകയെന്നതൊരു പ്രപഞ്ച സത്യം മാത്രമാണല്ലോ  .എങ്ങനെ എളുപ്പം മരിക്കാമെന്ന ചിന്തയിലാണ് ഞാൻ .ഇവിടെ ശരിയത്തിന്റെ നിയമ പ്രകാരം ആത്മഹത്യാ ശ്രമം പരാജയപ്പെട്ടാൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നിരുന്നാലും പരാജയപ്പെടാൻ സാധ്യത ഇല്ലാത്ത വിധം  ഞാനൊരു പഴുതടച്ച പരീക്ഷണത്തിനു  മുതിരുകയാണ് . ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ കണ്ടൊരു തൂങ്ങി മരണം സോഡാക്കാരൻ ശശിയുടേതാണ് .എട്ടിന്റെ മൂലയിലെ ആകാശത്തോളം ഉയർന്ന പ്ലാവിന്റെ തുഞ്ചത്തെ കൊമ്പിൽ  അപരാജിതനെപ്പോലെ അയാൾ മരിച്ചു കിടക്കുന്നത് ഈ ഭൂമിയിൽ ആദ്യം കണ്ടത് ഞാനാണ് . എന്ത് കാരണത്താലാണ് അയാൾ  അത്രയ്ക്കും ശ്രമകരമായ ഒരു ആത്മഹത്യ നടത്തിയതെന്നു ഞാനിപ്പോൾ ആലോച്ചു അത്ഭുതപ്പെടുന്നു  .
ഡേവിഡ് ദാസ് വിജയിച്ച മനുഷ്യനാണ് ,വക്കീലായിരുന്ന അപ്പന്റെയും സർക്കാർ ടീച്ചറായിരുന്ന അമ്മയുടെയും സാമ്പത്തീക  ഭദ്രതയിൽ മൊണ്ണയായിരുന്നിട്ടു കൂടി ഡോക്റ്റർ ആയവൻ . അമേരിക്കയിലേയ്ക്ക്  അപ്പനും അമ്മയുമടക്കം എല്ലാവരെയും പറിച്ചു നട്ടു നാടിൻറെ ഗന്ധം പോലും വേണ്ടാതായവൻ .ഇടയ്ക്കിടെ ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും പറന്നെത്തുന്ന സുഖാന്വേഷങ്ങൾ ഒരുതരം അപകർഷത കൊണ്ട് ഞാൻ ഒഴിവാക്കുകയായിരുന്നു .തന്നെക്കാൾ ഒരുപാടു ഉയരത്തിൽ വസിക്കുന്നവൻ എന്ന ധാരണ കൊണ്ടകറ്റി നിർത്തിയ  ദന്തഗോപുരനിവാസി . മരിക്കുന്നതിനു മുൻപവനോടൊന്നു സംസാരിക്കണം എന്നു മനസ്സു പറയുന്നു .  പച്ച തെളിഞ്ഞു നിൽക്കുന്ന ചാറ്റ് റൂമിന്റെ ശീതളിമയിലേയ്ക്കൊരു ഹായ് എറിഞ്ഞു  കാത്തിരുന്നു  .
ഹേയ് തോമസ് ചാക്കോ ഇറ്റ്സ് കൊയറ്റ് സർപ്രൈസ് ! ലോങ്ങ് ലോങ്ങ് ആഫ്റ്റർ യു . ഐ വാസ് വെയ്റ്റിംഗ് ഫോർ യു . കമ്മോൺ ഡ്യൂഡ് ,വാട്സ് അപ്പ്‌ !
തിരക്കില്ലങ്കിൽ ഞാനൊന്നു വിളിച്ചോട്ടെ !
തിരക്കാണല്ലോ !!!  ഇപ്പോൾ ക്ലിനിക്ക് സമയമാണ് ,വൈകിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം .
പച്ച വെളിച്ചം മായും വരെ അതിലേയ്ക്ക് തന്നെ നോക്കിയിരുന്നു .ഈ ലോകത്തു തിരക്കില്ലാത്തതു തനിക്കു മാത്രമാണ്  മരണം അതെങ്ങനെയായിരിക്കണമെന്ന നിശ്ചയമില്ലായ്മ എന്നെ ഇപ്പോഴും പിന്തുടർന്നു ശല്യപ്പെടുത്തുന്നു .തൂങ്ങി മരണമാണ് ഏറ്റവും എളുപ്പം സാധ്യമായത് എന്നാൽ എവിടെ ! എങ്ങനെ ! റൂമിൽ ഒരു കുടുക്കിടാൻ പോലുമുള്ള  സൗകര്യമില്ല അഥവാ കണ്ടെത്തിയാൽ തന്നെ ആളൊഴിഞ്ഞൊരു നേരവമില്ല  . മരുഭൂമിയിൽ എവിടെയെങ്കിലും !! അവിടെ തൂങ്ങാൻ മരം എവിടെയാണുള്ളത് !! മരുപ്പച്ചകൾക്കിടയിൽ ഗാഫ്  മരക്കൊമ്പിന്റെ ദൃഢതയിൽ ഒരു സുഖ മരണം ഞാൻ പ്രതീക്ഷിക്കുന്നു .കയറും മനസും  റെഡിയാണ് എന്നാൽ  ഗാഫ്‌ മരക്കൊമ്പൊന്നു കണ്ടെത്തേണ്ടത് എന്റെ ഏറ്റവും അവസാനത്തെ ഭാരിച്ച ചുമതലയാണ് .
പറഞ്ഞുറപ്പിച്ച പോലെ തിരക്കൊഴിഞ്ഞപ്പോൾ ദാസപ്പന്റെ സ്റ്റേറ്റിൽ നിന്നുള്ള വിളിയെത്തി . ആദ്യം ഞാൻ ആവശ്യപ്പെട്ടതൊരു ചോദ്യത്തിന്റെ ഉത്തരമാണ് ! എന്തിനായിരുന്നു സോഡാക്കാരൻ ആത്മഹത്യ ചെയ്തത് !!
മൗനം മുറിച്ച ചിരി കർണ്ണപുടങ്ങളിൽ ഒരു സൂചി തുളയ്ക്കും പോലെ ആഴ്ന്നിറങ്ങി . തൊമ്മി യു സ്റ്റിൽ ബിലീവ് ദാറ്റ്സ്  എ സൂയിസൈഡ്  !!!!
ഞാൻ ജീവിക്കുന്നതൊരു വരണ്ട ഭൂപ്രദേശത്താണ് ! എന്റെ അപ്പനും അമ്മയും വക്കീലോ ടീച്ചറോ അല്ലാഞ്ഞതിനാൽ  എങ്ങും എത്താതെ പോയവനുമാണ് ,മലയാളമല്ലാത്തൊരു ഭാഷയിൽ നീയെന്നെ പരിഹസിക്കരുത് !
ഡേയ് തൊമ്മി .അങ്ങൊരു സ്വയം ചത്തതല്ല ആ പീറ്റപ്പന്റെ മക്കൾ കൊന്നു കെട്ടിത്തൂക്കിയതാ !
എന്തിന് !!!! ഞാൻ കണ്ട ആദ്യത്തെ ആത്മഹത്യാ കൊലപാതകമാണെന്ന തിരിച്ചറിവിന്റെ പെരുപ്പിലാണ്  ഞാൻ ഇപ്പോൾ  .
അപ്പനാരുന്നു അവരുടെ വക്കീൽ .
ദാസ് പിന്നെയും എന്തൊക്കെയോ ഗഹനമായി സംസാരിക്കുന്നുണ്ട് തലയ്ക്കു ചുറ്റും വണ്ടുകൾ മൂളിപ്പറക്കുന്ന  ചിന്താ പെരുക്കത്തിൽ  തൂങ്ങി മരണമെന്ന എന്റെ  ആദ്യ തീരുമാനത്തിൽ നിന്നും ഞാൻ നിരുപാധികം പിന്മാറുകയാണ്  . വിസ റദ്ദു ചെയ്യപ്പെട്ട ഇരുനൂറ്റി എഴുപതു തൊഴിലാളികളെയും കൊണ്ടു മറ്റന്നാൾ നെടുമ്പാശേരിയിൽ എത്തുന്ന വിമാനത്തിൽ ഞാനും ഉണ്ടാവും  . എട്ടിന്റെ മൂലയിലെ ആ വീടിരുന്ന സ്ഥാനത്തിപ്പോൾ വലിയൊരു  പഞ്ച നക്ഷത്ര ഹോട്ടലാണ് .അതിനടുത്തെങ്ങും തൂങ്ങി മരിച്ച സോഡാക്കാരൻ ശശിയ്ക്കു  വീടോ സ്ഥാപന  ജംഗമ വസ്‌തുക്കളോ ഉണ്ടായിരുന്നതായി റെവന്യൂ രേഖകളിൽ പോലും  പറയുന്നില്ല ...........


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക