Image

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

Published on 13 June, 2021
കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

കോവിഡിന്റെ നീരാളി പിടിയിൽ അമർന്ന മനുഷ്യര്‍ക്ക്, ലക്ഷ്യബോധം അന്യം നിന്ന അവസ്ഥാ വിശേഷമാണിപ്പോള്‍ എവിടെയും. ഇങ്ങനെ പോയാല്‍ എങ്ങോട്ടേക്ക് എന്ന ചോദ്യചിഹ്നമാണ്  നമ്മുടെയൊക്കെ മുന്നിൽ. അത് കൊണ്ടെത്തിക്കുന്നത് സൃഷ്ടികര്‍ത്താവിനെകുറിച്ച് കൂടുതലായി ഓര്‍ക്കൊനുള്ള അവസരത്തിലേക്കും...
 
വീടിനുള്ളില്‍ തളച്ചുപോയ നമ്മുടെയൊക്കെ ചേതോവികാരം കെട്ടടങ്ങിപ്പോയ പോലൊരു തോന്നല്‍, അതാണ് സത്യം. ലക്ഷ്യബോധമില്ലാത്ത കോമരങ്ങളായി മാറുന്ന അവസ്ഥ. ഇനിയെന്ത്, എന്തിന്, ആര്‍ക്കുവേണ്ടി എന്നുപോലും ചിന്തിപ്പിക്കുന്ന അവസ്ഥാവിശേഷം. വെട്ടിപ്പിടിക്കണം എന്ന് കരുതിയവര്‍ക്കൊരു സ്തംഭനാവസ്ഥ. പുഞ്ചിരി കാണാനോ  സമ്മാനിക്കാന്നോ  പറ്റാത്ത നിസ്സഹായത. ഒന്നോര്‍ത്തു നോക്കിയാല്‍ മനസ്സൊരു  മരീചികയായി മാറിയോ! നാളെയെക്കുറിച്ചുള്ള അനിശ്ചിതത്വവും  വേണ്ടപ്പെട്ടവരുടെ വേര്‍പാടും , നമ്മുടെ മനസ്സുകളെ  കാര്‍ന്നു തിന്നുന്നു.
 
മനസു തന്നെ മരിച്ചു പോകുമോ എന്നു തോന്നുമാറ് കാലം കടന്നുപോകുന്നു. ചിലപ്പോഴെങ്കിലും സൊദോം ഗൊമോറ  പോലെ ദൈവം നമ്മെയൊക്കെ നശിപ്പിക്കുകയാണോ എന്ന ചിന്തയും ഇല്ലാതില്ല.
ഒരു പക്ഷേ, നോഹയുടെ പെട്ടകത്തില്‍ നോഹിനെയും കുടുംബത്തെയും കയറ്റിയിട്ട് ബാക്കിയുള്ളവരെ ഒരു ചാരക്കൂമ്പാരമാക്കുകയാണോ? അന്ന് വെള്ളം മൂലം ലോകത്തെ നശിപ്പിച്ചതുപോലെ എല്ലാം സൃഷ്ടാവിന്റെ തീരുമാനമാണല്ലോ എന്നും കരുതിപ്പോകുന്നു.


 
ചീറിപ്പായുന്ന ആംബുലന്‍സുകള്‍ ആരെയൊക്കെയോ വിഴുങ്ങാനാണെന്ന തോന്നലോടെ ഒരു കോമാളിയെപ്പോലെ പാഞ്ഞു നടക്കുന്നു. കാലത്തിന്റെ ഈ കുത്തൊഴുക്കിൽ ,  വിഷാദരോഗം പെരുകുമെന്നും , മാനസികാശുപത്രികളുടെ എണ്ണം കൂടുമെന്നും തീര്‍ച്ച. കുഞ്ഞുമനസുകളെയും തളച്ചിട്ടിരിക്കുന്ന അവസ്ഥ. ഓടിക്കളിക്കേണ്ട പ്രായത്തിലുള്ള നിയന്ത്രണങ്ങൾ, അവരുടെ മാനസിക നിലയെപ്പോലും സാരമായി ബാധിച്ചേക്കാം. എന്തായാലും നമ്മുടെ മാനസികാശുപത്രികളില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ഒക്കെ കൂടുതല്‍ വേണ്ടിവരുമെന്ന് ഉറപ്പാണ്.
 
ഈ അവസ്ഥയെ പൂര്‍ണ്ണമായി നേരിടാന്‍ നമുക്ക് ഏറെ പ്രാര്‍ത്ഥന വേണം. സൃഷ്ടാവിന്റെ ഒരു കൈകടത്തല്‍ കൂടിയേ തീരൂ. ലോകത്തില്‍ അഴിഞ്ഞാടുന്ന അസമത്വങ്ങളും പാപങ്ങളും പെരുകിയ ഈ അവസ്ഥാ വിശേഷം സര്‍വ്വശക്തന്‍ നോക്കിക്കാണുന്നുണ്ട്.

ലോകത്തിന്റെ വേഷപകര്‍ച്ചയില്‍ അന്യം നിന്നുപോയ നിഷ്‌ക്കളങ്ക പുഞ്ചിരികള്‍ എത്രയും വേഗം മടങ്ങിവരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. എല്ലാവരെയും കുപ്പിയിലാക്കി എങ്ങും മൂകതയും ശോകതയും തളം കെട്ടിനില്‍ക്കുന്ന അവസ്ഥാവിശേഷത്തിനൊരു വിരാമം. അതിവിദൂരമല്ലാത്ത ഭാവിയില്‍ സാധ്യമാകണേ എന്ന്  സര്‍വ്വ സൃഷ്ടികളുടെയും സൃഷ്ടാവിനോട് തീക്ഷണമായി പ്രാര്‍ത്ഥിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക