Image

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

Published on 12 June, 2021
ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി: ലക്ഷദ്വീപ് പ്രതിസന്ധി പഠിക്കുന്നതിനായി ദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങിയ കോണ്‍ഗ്രസ് എം പിമാരായ ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്ക് യാത്രാനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ് എം പിമാര്‍. ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ലോകസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിനുള്ള നോട്ടിസ് നല്‍കിയത്.

റൂള്‍ 222 പ്രകാരം നല്‍കിയ നോട്ടീസില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ തടയപ്പെട്ടതായും സഭയുടെ മഹത്വം ചോദ്യം ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 28 മുതല്‍ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, അഡ്മിനിട്രേറ്ററുടെ ഉപദേഷ്ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍, ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക് ഫോണിലും ഇമെയിലിലും ബന്ധപ്പെട്ടുവെങ്കിലും യാത്രക്ക് അനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

പിന്നീട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിന്‍ ഓഫിസര്‍ അങ്കിത് അഗര്‍വാളിനെ നേരില്‍ കണ്ട് എം പിമാര്‍ യാത്രാനുമതി തേടിയിരുന്നു. കൊവിഡ് 19 പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടി പെട്ടെന്ന് യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് അഡ്മിന്‍ ഓഫീസര്‍ വിശദീകരിച്ചു. എന്നാല്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായ എം പിമാരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് എം പിമാര്‍ ചൂണ്ടിക്കാണിച്ചു.

തുടര്‍ച്ചയായി യാത്രാനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലോകസഭാ സ്പീക്കര്‍ തുടങ്ങിയവര്‍ക്ക് എം പിമാര്‍ കത്ത് നല്‍കിയിരുന്നു. രാജ്യത്തെവിടെയും യാത്ര ചെയ്യാനും സഹപൗരന്മാരെ കാണാനും സംസാരിക്കാനുമുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശത്തെ അട്ടിമറിക്കരുതെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം എം പിമാര്‍ ലോകസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക