America

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

Published

on

മഞ്ഞലാച്ചേരി രാമൻ എളേത് പുത്തൻ വീട്ടിലെ മാർബിൾ തറയിൽ കുത്തിയിരുന്ന് പഴയ കാലത്തിന്റെ വീരസ്യങ്ങൾ  തള്ളി മറിച്ചു. ചന്തിയിലേക്ക് അരിച്ചു കയറിയ തണുപ്പ്, കാടുകേറി നായാട്ടിനു പോയ കാലത്ത് കാലിലൂടെ ഇരിഞ്ഞു കടന്ന ചേരയുടെ കുളുപ്പം പോലെ മേലോട്ട് കയറിയപ്പോൾ ചുമലിലെ പാണ്ടൻകര തോർത്ത് കുടഞ്ഞു നിവർത്തി അതിലേക്ക് ഇരിപ്പു മാറ്റി.

മഞ്ഞലാച്ചേരിയുടെ പഴയ പൊരയുടെ ഉയരംകൂടിയ ചാണകം മെഴുകിയ എറയേത്തിന്റെ സുഖം ചാരുപടി കെട്ടിയ പുത്തൻ വീടിന്റെ തിണ്ണയ്ക്ക് നഷ്ടമായിരുന്നു. കറുത്ത മാർബിൾ ഫലകത്തിൽ സ്വർണ്ണ അക്ഷരത്തിൽ എഴുതി വെച്ച വീട്ടുപേര് കേളികേട്ട പേരായി പുതിയ രൂപത്തിൽ മാറ്റപെട്ടു.

പഴയ പൊരയുടെ നടുമുറ്റത്ത് മണ്ണുകൊണ്ട് തടം കെട്ടി ചാണകം കലക്കി ഒഴിച്ച അവരയുടെ  തടത്തിൽ നിന്നും  വളർന്നു കയറിയ വള്ളികൾ  പടർന്നു പന്തലിച്ചിരുന്നു. പറമ്പത്തോട്ടിറങ്ങിയാൽ ഒരു നേരത്തെ കറിക്കുള്ളത് ചക്കയായോ,  ചേനയായോ, ചേമ്പായോ, വാഴയുടെ നാനാവിധ ഭാഗങ്ങളായോ അകത്തോട്ട് എത്തിയിരുന്നു.

വാഴയും, ചേനയും, ചേമ്പും, കുരുമുളകും പടർന്നു പന്തലിച്ചുനിന്ന മഞ്ഞലാച്ചേരിക്കാരുടെ കെട്ടിന്റെ പുരാവൃത്തം നിവർത്തുമ്പോൾ രാമൻ എളേതിന്റെ അപ്പൻ കേളപ്പനും  അവരുടെ  അപ്പൻ  വലിയ കേളപ്പനും അവർക്കും പിന്നിൽ പേരറിയാത്ത  അപ്പൂപ്പൻമാരുടെയും  ചരിത്രം നിവർത്തണം.

ചിറമ്മൽ തമ്പ്രാക്കന്മാരുടെ ആശ്രിതരായി എത്തിയവരുടെ കൂട്ടത്തിൽപ്പെട്ടവരായിരുന്നു മഞ്ഞലാച്ചേരിക്കാര്. ചിറമ്മൽ തമ്പ്രാൻ കൈ ചൂണ്ടിക്കാണിച്ച  ദൂരത്തോളം ഉരുളൻ കല്ലുവെച്ച് പാതാറുകെട്ടി വളച്ചു ഉണ്ടാക്കിയതാണ് മഞ്ഞലാച്ചേരികെട്ട്. തമ്പ്രാൻ  ചൂണ്ടിക്കാട്ടിയതിനും മൂന്നുകോൽ അപ്പുറം കൂടി  വളച്ചുപ്പിടിച്ച് പാതാറിനുള്ളിലാക്കിയത് പേരറിയാത്ത ഗണത്തിൽപ്പെട്ട ഒരപ്പൂപ്പനായിരുന്നു.

ഈ കെട്ട്  കിഴക്കും വടക്കും കൈക്കോറ കെട്ടും, തെക്ക്  വിശ്വകർമ്മാവിന്റെ കെട്ടും, പടിഞ്ഞാറ്  സറാപ്പിന്റെ കെട്ടുമായി അതിർത്തി പങ്കിട്ടു. ഓരോരുത്തരും  അവരവരുടെ കെട്ടിൽ  അവരവരുടെ ആകാശങ്ങൾ ഒതുക്കി പരസ്പരം സഹവർത്തിച്ചു കഴിഞ്ഞു.

മഞ്ഞലാച്ചേരി കെട്ടിന്റെ തെക്കുഭാഗം  കുറച്ചും പടിഞ്ഞാറ്  മുഴുവനും കണ്ടമായിരുന്നു. അവിടെ നെൽവിത്തിട്ട് കൊല്ലത്തോടു കൊല്ലമുള്ള നെല്ല് പത്തായത്തിൽ ശേഖരിക്കാൻ  വലിയ കേളപ്പനും ചെറിയ കേളപ്പനും ഉത്സാഹിച്ചു.

നെല്ലു നിറഞ്ഞ പത്തായത്തിന് മുകളിൽ പായയും തലയണയും വിരിച്ചു കിടന്ന  ആൺ പെറന്നൊരെല്ലാം കൃഷിയുടെ പിറകെ കൂടി. രാമൻ എളേതും പാരമ്പര്യത്തെ കൂട്ടുപിടിച്ചു. പറമ്പിലുടനീളം മുരിക്കിൻ തൈ  നാട്ടി പന്നിയൂർ കുരുമുളക് വച്ച് പിടിപ്പിച്ച് കുരുമുളക് തച്ചുതിർത്ത് നാണ്യ വിളയുടെ പ്രൗഢി കെട്ടിനകത്തേക്ക് കൊണ്ടുവന്ന  രാമൻഎളേത് പുത്തൻ പണത്തിന്റെ മണം അറിഞ്ഞു.

നീളമുള്ള മുളയേണിക്കവരിൽ ചവിട്ടിനിന്ന് കഴുത്തിൽ കെട്ടിയ ലുങ്കിയിൽ പറിച്ചു നിറയ്ക്കുന്ന കുരുമുളക് ചവിട്ടി തിരുമ്മി കുരു വേർപിരിക്കുന്ന മണം ആസ്വദിച്ച് രാമൻ എളേത് നാട്ടു ചാരായം നുണഞ്ഞു പഠിച്ചു.

കൈക്കോറുടെ ഇളയമകൻ കുഞ്ഞികൈക്കോറും രാമൻഎളേതും ചങ്ങായിമാരായി. കൈക്കോറ് കൈപ്പാടു കണ്ടത്തിലും, പുഴക്കര കണ്ടത്തിലും വിത്തിറക്കി കൊയ്തെടുത്തപ്പോൾ രാമൻ എളേത് കരപ്പറമ്പത്ത് കൃഷി ചെയ്ത് പത്തായം നിറച്ചു. ഒപ്പം ചിറമ്മൽ തമ്പ്രാക്കന്മാരുടെ തായ് വകക്കാരുടെ പറങ്കിമാവിൻതോട്ടം പാട്ടത്തിനെടുത്തു. പറമ്പത്തും പാട്ടത്തിനെടുത്ത തോട്ടത്തിലും പത്ത് പന്ത്രണ്ട് പണിക്കാരായി.  പറങ്കിമാങ്ങ പിഴിഞ്ഞെടുത്ത് കുപ്പിയിലാക്കി തോട്ടത്തിൽ കുഴിച്ചിട്ടു. തൊട്ടുകൂട്ടാൻ  എരൂം പുളീം ചേർത്തതും വേണമെന്നായി. വൈകുന്നേരത്തെ  വട്ടമേശയിൽ കാട്ടിറച്ചി പതിവാക്കി.

അമ്മാനപ്പാറയിൽ പറങ്കിമാവിൻതോട്ടം പാട്ടം എടുത്ത കൂട്ടത്തിൽ അവറാച്ചനെ  കൂട്ടിനു കിട്ടി. ഇടുക്കിയിൽ നിന്നും  പണ്ടെങ്ങാനോ കുടിയേറി വന്ന ഔതു മാപ്പിളയെ അന്വേഷിച്ചെത്തിയ അവറാച്ചൻ കുടിയാൻമലയിൽ ഇച്ചിരി മണ്ണ് സ്വന്തമാക്കി കൃഷി തുടങ്ങി. കപ്പക്കൂടം കൊത്തി ഒന്നര ഏക്കറിൽ നാലാൾക്ക് അടങ്ങാത്ത കപ്പ കിളച്ചെടുത്തു. പച്ചയ്ക്കും പുഴുങ്ങി ഉണക്കി വാട്ടുപൂളാക്കിയും തളിപ്പറമ്പ് ബസാറിൽ എത്തിച്ചു. തിരിച്ചു മടങ്ങുമ്പോൾ രണ്ട് ദിവസം കൂട്ടാനുള്ള പച്ച മത്തിയും ഒരു മാസം കൈയ്യാനുള്ള ഉണക്ക മീനും  വാങ്ങി കെട്ടി. ഇങ്ങനെ ഒരു ദിവസം  ഉണക്കമീനും ചുമന്നുകൊണ്ട് മല കേറുന്ന അവറാച്ചന്റെ ജീപ്പിനു കുറുകെ കരിവീട്ടി കടഞ്ഞ പോലെ ശരീര വടിവുള്ള റാഹേല് വന്നുപെട്ടു. കണ്ടപാടെ അവളുടെ കവിളിലേക്ക്  ചുണ്ടു ചേർത്ത്  മുത്താനാണ് അവറാച്ചന് തോന്നിയത്. കാട്ടുകേങ്ങ് തിന്നാൻ വന്ന  കാട്ടു പന്നിയുടെ വെറിയെ മനസ്സ്  കടിഞ്ഞാണിട്ടു കെട്ടി. ഏറെ വൈകാതെ മിന്നു പണിയിച്ച് പള്ളിയും ഇടവകക്കാരും  സാക്ഷിയായി റാഹേലിനെ കെട്ടി കുടിയിലേക്ക് കൊണ്ടുവന്ന് മുത്തി കവിളു ചുവപ്പിച്ചു.

ബൈക്കുംമ്പൈക്ക് റാഹേല് മൂന്നെണ്ണത്തിനെ പെറ്റു. പിള്ളേരുടെ പഠിപ്പിന്റെ കാര്യം വന്നപ്പോ റാഹേലിനൊരു പൂതി. പിള്ളേരെ മാറ്റി പഠിപ്പിച്ചാലൊ? കുന്നും മലേം കേറി പിള്ളേരു വാടി. അവറാച്ചനാണെ മലമുട്ടിന്ന് മാറാൻ പ്രയാസം. ഒടുവിൽ അമ്മാനപ്പാറയിലേക്ക് താമസം മാറി.

ബസാറിലേക്കുള്ള ജീപ്പ് യാത്രയിൽ സ്ഥലം ബ്രോക്കർ സെയ്താലിക്ക അമ്മാനപ്പാറയിൽ മൂന്നേക്കർ പറങ്കിമാവിൻ തോട്ടം അവറാച്ചന്റെ കൈത്തിലിട്ടു. ഈ കൈത്തിലിടലിന്റെ നേർ സാക്ഷിയായി ബസാറിലെ പരിചയക്കാരനായ രാമൻ എളേതും ഉണ്ടായി.

അവറാച്ചന്റെ ചങ്ങായിക്കൂറ് രാമൻ എളേതിന് ഒരു ജഗജില്ലിയെ സമ്മാനിച്ചു. ഒരോന്നാം തരം വേട്ട നായ.
അവറാച്ചൻ മലമൂട്ടിൽ സന്തത സഹചാരിയായി കൊണ്ടു നടന്നവൻ. "മണം പിടിച്ചോളും ഏത് എറച്ചിവകയെയും മടെ കേറ്റിയാ എറച്ചീംകൊണ്ടെ വരു.ചിമിട്ടനാ"

മഞ്ഞലാച്ചേരി കെട്ടിലെത്തിയ അവന്  നല്ല  തലയെടുപ്പായിരുന്നു. അവറാച്ചന്റെ നാവിൽ നിന്ന് വന്ന പോലെ  പേരും വീണു 'ചിമിട്ടൻ'.കറുത്ത് ഉയരം കൂടിയ ചിമിട്ടൻ നായാട്ടിന് പരുവപ്പെടുത്തിയവനായിരുന്നു. അവനുമൊത്തുള്ള ആദ്യത്തെ കസർത്ത് നെരുവമ്പ്രത്തെ മടയിലായിരുന്നു. നെരുവമ്പ്രത്തെ പറങ്കിമാവിൻ തോട്ടത്തിലെ മട അടച്ച് മറ്റൊരു വശം തുരന്ന് ചിമിട്ടനെ ഉള്ളിലേക്ക് കയറ്റി. മണം പിടിച്ച് ഉള്ളിലേക്ക് തലയിട്ട ചിമിട്ടനുനേരേ കുതിച്ച എയ്യനു മേൽ കമ്പിപ്പാര പായ്ച്ചു. രണ്ടു ചീറ്റൽ ഒരു പിടച്ചിൽ നാലഞ്ച് മുള്ള് ദൂരെ തെറിച്ചു. ചാക്കിൽ വരിഞ്ഞുകെട്ടി നേരെ പൊരേലേക്ക്. മുള്ള് പറിച്ചെടുത്ത് ചൂട് വെള്ളം തിളപ്പിച്ച് മുക്കി തോല് ചീന്തി എടുത്തു. കുനുകുനാ തറിച്ചെടുത്ത് ആദ്യമൊന്ന് വേവിച്ച്   നെയ്യൂറ്റി. പിന്നെ ചതച്ചെടുത്ത കുരുമുളകും അരപ്പും ചേർത്ത് വരട്ടി എടുത്തു.

ചെറേലെ നാരാണി വാറ്റിയെടുത്ത റാക്ക് കുടിച്ച് എരിഞ്ഞു തുള്ളുന്ന രണ്ട് കഷണം നാക്കിലിട്ട് ഞപ്പട്ടയിട്ടു. റാക്കുകുപ്പി കാലിയാവുന്നതുവരെ കായ്ച്ച കണ്ട് ചുറ്റും കൂടിനിന്ന പിള്ളേർക്ക് ഓരോ കഷണം ഇടയ്ക്കിടെ കൈ വള്ളയിൽ വച്ചു കൊടുത്തു. നായാട്ടിനെതിരെ കർശന നിയമം വരുന്നതുവരെ രാമനും ചിമിട്ടനും നെരുവമ്പ്രത്തും, കാനത്തിലും, കുറ്റ്യാലിലും മടയടച്ച് കാട്ടിറച്ചി തേടി.

ചിമിട്ടനെ നോക്കലും കാര്യങ്ങളും അവറാച്ചൻ റാഹേലിന്റെ ഇളയവൾ മേരികുട്ടിയെയായിരുന്നു ഏൽപ്പിച്ചിരുന്നത്. റാഹേലിന് ഇജ്ജാതി വകകളിലൊന്നും പിടുത്തം ഉണ്ടായില്ല, മുള്ളിച്ചും, തൂറിച്ചും, കുളിപ്പിച്ചും അതിനെ ഒപ്പം കൊണ്ടു നടക്കാൻ മേരികുട്ടിക്കായിരുന്നു താൽപ്പര്യം. വല്ലപ്പോഴും കിട്ടുന്ന പച്ചമീൻ പൊള്ളിച്ചത് ചോറിൽ പൊത്തി അവൾ അതിനെ തീറ്റിച്ചു.
ഉച്ച ഉറക്കത്തിനും, ചില പാതിരാ കൂട്ടുറക്കത്തിനും ചിമിട്ടൻ മേരികുട്ടിയെ തേടി വന്നു.

ചിമിട്ടന് ഒരു പ്രത്യേക മണമായിരുന്നു. മലമൂട്ടിലെ ചില ചെക്കന്മാർ ചിമിട്ടനെ സോപ്പിട്ട് തലോടി കണ്ടുപിടിച്ച കാര്യമാണ്. ചിമിട്ടന്റെ രോമം കുറഞ്ഞ ശരീരം മേരിക്കുട്ടിയുടെ സ്പർശനത്താൽ സമ്പുഷ്ടമായിരുന്നു.

മേരികുട്ടിക്ക് മണിപ്പാലിൽ നഴ്സിംഗ് ജോലി ഉറപ്പായി.ചിമിട്ടനെ ഒഴിവാക്കാൻ അവറാച്ചനും രാഹേലും തീരുമാനിച്ചു. രാമൻ എളേത് അവനെ കൊണ്ടു പോകുമ്പോൾ ഒപ്പം കൊണ്ടുപോയത്   മലമൂട്ടിലെ തണുപ്പിൽ കുളിരിയ ഒരു മനസ്സ് കൂടിയായിരുന്നു. ചിമിട്ടനെ ആദ്യമൊന്നും കുളിപ്പിക്കാൻ രാമൻ എളേതിന് തോന്നിയില്ല. മേരിക്കുട്ടിയുടെ സാമീപ്യം പെട്ടെന്ന് നഷ്ടപ്പെട്ടു പോകുന്നതിൽ അയാൾ സ്വാർത്ഥനായി.

രാമൻ എളേതിന്റെ അപ്പൻ കേളപ്പൻ വയറ്റിൽ ദിനം വന്ന് ചോര ഛർദ്ദിച്ചു. പയ്യന്നൂര് തീവണ്ടി ആപ്പീസിൽ നിന്നും അപ്പനെയും കൊണ്ട് രാമൻ എളേത് മണിപ്പാലിലേക്ക് വണ്ടികയറി. കൂട്ടത്തിൽ അവറാച്ചനും ഒരു കൈത്താങ്ങായി ഒപ്പം ചെന്നു. മേരിക്കുട്ടിയുടെ സഹായത്തോടെ അപ്പന്റെ ശുശ്രൂഷകൾ ഭംഗിയായി നടന്നു.

ദീനം വന്ന് ഏതാണ്ട് ഒന്നര മാസത്തിനകം അപ്പൻ മരിച്ചു പോയി. മരണാസന്നനായ അപ്പൻ നടുക്കത്തോടെ ഒരു രഹസ്യം തിരിച്ചറിഞ്ഞാണ് കണ്ണടച്ചത്. മഞ്ഞലാച്ചേരിക്കാരുടെ ആമ്പ്രന്നോരൊരുത്തൻ ഒരു നസ്രാണിച്ചിയെ മനസ്സിലിട്ടിരിക്കുന്നു. ചേറിൽ കിടന്ന് പിടച്ച ചൂട്ടാച്ചി മീനിനെ പോലെ മേരിക്കുട്ടിയുടെ ഉള്ള് രാമൻ എളേതിന്റെ കൊത്തി വലിക്കുന്ന കണ്ണേറിൽ കിടന്നു പിടയ്ക്കുന്നത് അപ്പൻ കണ്ടു. മേരികുട്ടിക്ക്  അയാളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.

കാട്ടു മുല്ലകൾ പൂക്കുന്നതും,  ചില രാത്രികളിൽ ചുറ്റും ചീവീടുകൾ കിരുകിരുക്കുന്നതും അവർ ഒപ്പം  കണ്ടു. ചിമിട്ടൻ അവർക്ക് കാവലായി.
രാമൻ എളേതിന്റെ കൈത്തണ്ടയിൽ കുരുങ്ങിക്കിടന്ന നേരങ്ങളിൽ മേരികുട്ടി പ്രാർത്ഥിച്ചു .മനുഷ്യൻ മനുഷ്യനായി പിറന്നെങ്കിൽ.

അപ്പന്റെ കണക്കു കൂട്ടലുകൾക്കപ്പുറമായി രാമൻ എളേത് ജീവിതത്തിലേക്ക് കാർത്യാണിയെ കൊണ്ടുവന്നു. മനസ്സിലുള്ള പരമ രഹസ്യമായും, ചിലയാളുകളിൽ മാത്രം അവശേഷിച്ച കൊടും രഹസ്യമായും മേരിക്കുട്ടി മൂടപ്പെട്ടു. കാത്യാണിയാകട്ടെ രാമൻ എളേതിന്റെ ചൊൽപ്പടിക്ക് നിന്ന് വിളിപ്പുറത്തും, പറമ്പത്തും, അകത്തുമായി തൃപ്തിപ്പെട്ടു . കരുത്തന്മാരായ നാല് ആൺ മക്കളെ പെറ്റ് പാരമ്പര്യം നിലനിർത്തി.

മേരിക്കുട്ടിയുടെ സാന്നിധ്യമായ ചിമിട്ടൻ ഒരു ദിവസം രാത്രി നിർത്താതെ കുരച്ചു. പുലർച്ചെ കൂട്ടിനുള്ളിൽ തളർന്നു കിടന്ന അവനെ തട്ടിയും മുട്ടിയും അനക്കി നോക്കി. വല്ലാത്തൊരു കിടപ്പ്. മൂന്നന്തി കഷ്ടിച്ച് കഴിച്ചുകൂട്ടി. നിരീക്കാത്തൊരു പോക്കായിരുന്നു. അന്ന് മോന്തി വരെ രാമൻ എളേത് റാക്ക് മോന്തി മോന്തി പിച്ചും പേയും പറഞ്ഞ് മലഞ്ചിറാവ്  പോലെ ബോധംകെട്ടു കിടന്നു. അപ്പന്റെ വേദനയിൽ മക്കളും എല്ലാവരുടെയും വേദനയിൽ കാർത്യാണിയും പങ്കുചേർന്നു. പറമ്പത്തെ പണിക്കാരോട് കാർത്യാണി പരിതപിച്ചു.

 "അതിയാന് ദെണ്ണം കാണാതിരിക്കോ എന്തൊരു കൂട്ടായിരുന്നു രണ്ടാളും. നായാട്ടിനെന്നു പറഞ്ഞുപോയ ഒരന്തിം ഒരു മോന്തീം കൈഞ്ഞാ ബെര്ന്നെ. ബെരുമ്പുള്ള രണ്ടാളീം സന്തോഷം കാണണം. കൈഞ്ഞില്ലെ എല്ലാം" എല്ലാം കഴിഞ്ഞു. മലയിറങ്ങി വന്ന ചിമിട്ടനും ചിമിട്ടനെ പറ്റിനിന്ന കാർത്യാണി അറിയാത്ത അവന്റെ മണവും.
 
മഞ്ഞലാച്ചേരി കെട്ടിന്റെ തെക്കെ തലക്ക് ചിമിട്ടന് കുഴിമാന്തി. നെഞ്ചുപൊട്ടുന്ന ദെണത്തോടെ അതിലടക്കി. മുകളിൽ ഒരു കാട്ടുമുല്ല വച്ചുപിടിപ്പിച്ചു.

ചിമിട്ടനു പിറകെ രണ്ടു കൊല്ലം തേഞ്ഞില്ല നെഞ്ചുവേദന വന്ന് കാർത്ത്യാണിയും പടിയിറങ്ങി. അവസാന നിമിഷം കാർത്യാണി രാമൻ എളേതിന്റെ കൈപിടിച്ച് വിഷമത്തോടെ ചോദിച്ചു. "ചിമിട്ടന് കാടിറങ്ങി വന്നാ വാസന സോപ്പിന്റെ മണായിരുന്നല്ലെ?" ഒരു നടുക്കത്തോടെ രാമൻ എളേതിന്റെ കൈക്കുള്ളിൽ നിന്നും  കാർത്യാണിയുടെ കൈ ഊർന്ന് താഴെ വീണു. വീതികുറഞ്ഞ അവളുടെ നെറ്റി തടത്തിലേക്ക് മുഖം ചേർത്ത് അയാൾ ആദ്യമായി അവൾക്കുവേണ്ടി വിതുമ്പി. കാർത്യാണിയുടെ ചുരുണ്ട മുടിയിഴകളിലെ കാച്ചിയ എണ്ണയുടെ മണം രാമൻ എളേതിന്റെ മൂക്കിലേക്കു കടന്നു. അകത്തും പുറത്തും വ്യാപിച്ചുകിടന്ന കാർത്യാണിയുടെ സ്വന്തം മണം.

രാമൻ എളേതിന്റെ എൺപത് കഴിഞ്ഞപ്പോൾ തന്നെ മഞ്ഞലാച്ചേരി കെട്ടിൽ മാറ്റങ്ങൾ വന്നു. മക്കളും മക്കളെ മക്കളും ചേർന്ന് വല്യപ്പച്ചനെ വല്ലാതെ സ്നേഹിച്ചു വല്യപ്പച്ചൻ തിരിച്ചും. ഈ സ്നേഹത്തിനിടെ മഞ്ഞലാച്ചേരി കെട്ടിനകത്ത് മൊബൈൽ ഫോൺ ശബ്ദിച്ചപ്പോൾ കാടിറങ്ങി വന്ന പഴയ മണം രാമൻ എളേതിന്റെ മൂക്കിൽ തിരിച്ചുവന്ന് സംശയം സൃഷ്ടിച്ചു. മൂത്തമകൻ ദാസന്റെ രണ്ടാമത്തെ മകൻ റെയിച്ചലിനെ വിളിച്ചോണ്ട് വരാൻ തുടങ്ങുന്ന ലക്ഷണം കണ്ടപ്പോൾ രാമൻ എളേത് വേണ്ട ഒത്താശ ചെയ്ത് മനുഷ്യനെ മനുഷ്യനോടൊപ്പം ചേർത്തുവച്ചു. പിന്നീടുള്ള വീരസ്യങ്ങളുടെ തള്ളി മറിച്ചിൽ പ്രണയപ്പനിയുടെ മറ്റൊരുശൈത്യം കാടിറങ്ങിയത് നിറഞ്ഞു.
---------------------------


മിനി പുളിംപറമ്പ്
വൻകുളത്ത് വയൽ
അഴീക്കോട്, കണ്ണൂർ 

ബക്കളം നാരായണന്റെയും, ശാന്തയുടെയും മകളായി തളിപ്പറമ്പിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും  കവിതകളും  എഴുതുന്നു. 1996-ൽ കണ്ണൂർ ആകാശവാണിയിൽ കഥ എഴുതി അവതരിപ്പിച്ചുകൊണ്ട് സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. 2000-ൽ മാനവീയം കഥാമൽത്സരത്തിൽ 'ഇരകളുടെ ഇര' എന്ന കഥ സമ്മാനാർഹമായി.

ഭർത്താവ്: രാമകൃഷ്ണൻ കെ.വി
മക്കൾ: വൈഷ്ണവ് കൃഷ്ണൻ,  ഗാഥാ കൃഷ്ണൻ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More