Image

അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി രക്തബന്ധമുള്ള ഹിന്ദുസംന്യാസി; അനന്തരവന്‍ മാര്‍ത്തോമ്മ സഭയിലെ ബിഷപും

Published on 11 June, 2021
അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി രക്തബന്ധമുള്ള ഹിന്ദുസംന്യാസി; അനന്തരവന്‍ മാര്‍ത്തോമ്മ സഭയിലെ ബിഷപും
 
കോഴിക്കോട്: കഴിഞ്ഞ ദിവസം ചെന്നൈയില്‍ സമാധിയായ ഹിന്ദു സംന്യാസി സ്വാമി ജഗദീശ്വരാനന്ദ സരസ്വതി (87)യ്ക്ക് രൈകസ്തവ സഭയിലും ബന്ധം. സ്വാമിയുടെ അടുത്ത രക്തബന്ധുവാണ് ആഗോള സുറിയാനി സഭകളുടെ പരമമേലദ്ധ്യക്ഷനായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ.. സ്വാമിയുടെ ബന്ധുവായ മറ്റൊരു ബിഷപ് മലയാളിയുമാണ്. 
 
സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യപരമ്പരയിലുള്ള സ്വാമി ജഗദീശ്വരാനന്ദ സരസ്വതി. മാര്‍ത്തോമ്മ സഭയിലെ കൊട്ടാരക്കര ഭദ്രാസന എപ്പിസ്‌ക്കോപ്പ ഡോ.യൂയാക്കിം മാര്‍ കൂറിലോസും സിറിയയിലെ  ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമാണ് അദ്ദേഹത്തിന്റെ രക്തബന്ധുക്കള്‍. പുരാതന കാലം മുതല്‍ കേരളത്തിലെ യാക്കോബായ ക്രൈസ്തവര്‍ക്ക് സിറിയായിലെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി അഭേദ്യമായ ബന്ധമുണ്ട്. ആത്മീയവും സഭാഭരണപരവുമായ ബന്ധമാണിത്. 
 
മാര്‍ കൂറീലോസും പാത്രിയര്‍ക്കീസ് ബാവായും അഞ്ചാം തലമുറയിലെ സഹോദരങ്ങളാണ്. മാര്‍ കൂറീലോസിന്റെ അമ്മ സാറാമ്മയുടെ സഹോദരനാണ് ഭാരതീയ ദര്‍ശനങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള സ്വാമി ജഗദീശ്വരാനന്ദ സരസ്വതി. പാത്രിയര്‍ക്കീസ് ബാവായ്ക്ക് സ്വാമി നാലാം തലമുറയിലെ മാതുലന്‍.
 
അപൂര്‍വ്വമായ ഈ ബന്ധുത്വസംഗമത്തിന്റെ ചരിത്രം തുടങ്ങുന്നത് 1846ലാണ്. സിറിയയില്‍നിന്ന് കേരളത്തില്‍ എത്തിയ വിശുദ്ധന്‍ യൂയാക്കിം മാര്‍ കൂറീലോസ് തന്റെ സഹോദരന്‍ ഗബ്രിയേല്‍ യൂയാക്കീം മക്കുദിശായേയും ഒപ്പം കൊണ്ടുവന്നു.  ഗബ്രിയേല്‍ തിരുവല്ലായിലെ  പ്രശസ്തമായ ചാലക്കുഴി കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ച് കേരളത്തില്‍ വേരുറപ്പിച്ചു. യൂയാക്കിം മാര്‍ കൂറീലോസ് ബാവ കാലം ചെയ്ത് മുളന്തുരുത്തി പള്ളിയില്‍ കബറടങ്ങി. ഇവരുടെ ബന്ധുക്കള്‍ കുന്നംകുളത്തുമുണ്ട്.
 
സ്‌ക്കൂള്‍ കാലങ്ങളില്‍ത്തന്നെ സംസ്‌കൃതം പഠിച്ച സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് മല്‍ക്ക് മാത്തന്‍ എന്നായിരുന്നു. ചെന്നൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരിക്കെ ഹിന്ദുമതം സ്വീകരിച്ചു. പിന്നീട് സന്യാസദീക്ഷയും. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളില്‍ അഗധപാണ്ഡിത്യമുണ്ടായിരുന്നു സ്വാമിക്ക്. കേരളത്തില്‍ സിറിയയില്‍ വെച്ചും അമേരിക്കയില്‍ വെച്ചും ഇവര്‍ കണ്ടുമുട്ടിയിട്ടുമുണ്ട്. 
 
പുത്തന്‍ കുരിശില്‍ വച്ച് സ്വാമിയും ബിഷപ്പും കേരളത്തിലെ ബന്ധുക്കളോടൊപ്പം പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയപ്പോള്‍ സന്ദര്‍ശിച്ചിരുന്നു. കുരിശുമാല സ്വാമിക്കും ആനക്കൊമ്പുള്ള മാല പാത്രിയര്‍ക്കീസിനും അന്ന് പരസ്പരം സമ്മാനിച്ചു. ബിഷപ്പ് കൂറീലോസ് അമേരിക്കന്‍ ഭദ്രാസന ചുമതലയുള്ളപ്പോള്‍ പാത്രിയര്‍ക്കീസ് ബാവ അവിടെ യാക്കോബായ സഭയുടെ ബിഷപ്പായിരുന്നു. സുറിയാനിയില്‍ സംസാരിക്കാനും മൂവര്‍ക്കും കഴിഞ്ഞിരുന്നുവെന്നതും കൗതുകമാണ്. 
 
ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷനിലും കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും സ്വാമി പ്രഭാഷണം നടത്തിയിട്ടുണ്ട്. ചിത്രകലയിലും സ്വാമി അതീവ തല്‍പരനായിരുന്നു. 1984-ല്‍ ഗുരുവായൂരില്‍നിന്ന് ഋഷികേശ് വരെ ആറുമാസവും 18 ദിവസവും കൊണ്ട് സ്വാമി കാല്‍നട തീര്‍ഥയാത്ര നടത്തിയിട്ടുണ്ട്. യോഗ ഗുരുവായിരുന്നു. ഒട്ടേറെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക