Image

ദുബായ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി

Published on 11 June, 2021
ദുബായ്  സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി
ദുബായ്: പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി ദുബായ്. വിവിധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് ഇനി 30% നടപടികള്‍ മാത്രം. ഫീസിനങ്ങളിലും മറ്റും വേണ്ടിവരുന്ന വലിയൊരു ശതമാനം തുക ഇതോടെ ഒഴിവാകും. 3 മാസത്തിനകം ഇതു നിലവില്‍ വരും. ബാധ്യതകള്‍ കുറച്ചും നടപടികള്‍ ലഘൂകരിച്ചും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികളുടെ ഭാഗമായാണ് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനം.

നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ മേഖലയ്ക്ക് എല്ലാ പിന്തുണയും നല്‍കും. നിക്ഷേപാനുകൂല സാഹചര്യമൊരുക്കി ലോകത്തിലെ ഏറ്റവും മികച്ച വാണിജ്യ-വ്യവസായ നഗരമാക്കി ദുബായിയെ മാറ്റും. ഫെബ്രുവരിയില്‍ ആരംഭിച്ച ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പദ്ധതിയുടെ തുടര്‍ച്ചയാണിത്. നിക്ഷേപര്‍ക്ക് ഏതാനും നിമിഷങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി ട്രേഡ് ലൈസന്‍സ് ലഭ്യമാക്കുന്നു. ഓഫിസുകളില്‍ കയറിയിറങ്ങാതെ കേന്ദ്രീകൃത പോര്‍ട്ടലില്‍ ലളിതമായി നടപടികള്‍ പൂര്‍ത്തിയാക്കാം. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ 5 ഘട്ടങ്ങളിലായി 710 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 5ാം ഘട്ടത്തില്‍ 31.5 കോടിയാണു പ്രഖ്യാപിച്ചത്.

ബീച്ചുകളില്ലാത്ത ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ചുമത്തിയ സെയില്‍സ് ഫീസ്, ടൂറിസം ദിര്‍ഹം ഫീ എന്നിവയുടെ പകുതി മടക്കിനല്‍കാന്‍ തീരുമാനിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

പുതിയ സംരംഭകര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങളൊരുക്കുമെന്ന് ഷെയ്ഖ് ഹംദാന്‍. വെല്ലുവിളികള്‍ അതിജീവിച്ചു വിവിധ മേഖലകള്‍ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കുകയാണ്. പുതിയ പദ്ധതികള്‍ കൂടുതല്‍ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നും വ്യക്തമാക്കി.

ഇന്‍വെസ്റ്റ് ഇന്‍ ദുബായിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരില്‍ 90 ശതമാനവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് അടുത്തിടെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഫ്രീസോണിലടക്കം 2,000ല്‍ ഏറെ അവസരങ്ങളാണുള്ളത്. ഒക്ടോബറില്‍ ആരംഭിക്കുന്ന എക്‌സ്‌പോയ്ക്കു മുന്‍പ് കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക