Image

കാ‍ന്താരി (കവിത: മുയ്യം രാജൻ)

Published on 11 June, 2021
കാ‍ന്താരി (കവിത: മുയ്യം രാജൻ)
തെറിച്ചവൾ എന്ന്
വിളിച്ചതിനാണത്രേ
തിരിഞ്ഞ് കുത്താൻ വന്നത്  

രസമുകുളങ്ങളെ
എരിവ് കൊണ്ട്
സുഖിപ്പിച്ചപ്പോഴും
സ്വാദിനോട്‌  
സന്ധി ചെയ്തില്ല

ചിലരങ്ങനെയാണ്
കർമദോഷത്താൽ
സകലരെയും
കരയിപ്പിക്കാനാണ്
ജാതകഫലം

ഗാന്ധാരിയെപ്പോലെ
കുത്തുവാക്കിൽ
പുളഞ്ഞ്
സ്വയം നെരിപ്പോടിൽ
എരിഞ്ഞടങ്ങും

മാനം നോക്കി കിടക്കുമ്പോള്‍  
ഒരുമ്പെട്ടവളെന്ന പഴിയില്‍
മനസ്സ് വിങ്ങാൻ തുടങ്ങും
കൊതിക്കൂറുള്ളവര്‍ക്ക്  
ഏത് എരിവും മധുരമാണ്  
ആസ്വദിക്കാത്ത കനി കയ്പ്പും  !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക