America

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

Published

on

ഭയത്തില്‍നിന്ന് രക്ഷ പ്രാപിക്കുവാന്‍ മനസ്സില്‍ ഒരു ചിത്രം വരച്ചാല്‍ മതി. ഇരുണ്ട പ്രതലത്തില്‍ നിന്ന് ചിത്രരചന തുടങ്ങണം. ആകാശത്തെത്തന്നെ നമുക്ക് ക്യാന്‍വാസായി തെരഞ്ഞെടുക്കാം. മുന്തിരിവള്ളി പോലെ തൂങ്ങിക്കിടക്കുന്ന പൂക്കളില്‍നിന്ന് പതുക്കെ ബ്രഷ് ചലിപ്പിച്ചു തുടങ്ങാം. അതു പതുക്കെ വെളിച്ചത്തിലേക്ക് കൊണ്ടുവരാം. ചിത്രത്തിന്റെ പ്രസാദാത്മകത നിലനിറുത്താന്‍ അതു ഉപകരിക്കുന്നു.
 
ആരോ മുറിച്ചിട്ട നാവ് വഹീതയോട്   പറഞ്ഞുകൊണ്ടിരുന്നു. ഭയം ഒരട്ടയെപോലെ അവളുടെയുള്ളില്‍ അള്ളിപ്പിടിച്ച വിവരം അതെങ്ങനെ അറിഞ്ഞുവെന്ന് വാഹിതയ്ക്ക് നിശ്ചയമില്ല.
 
ആ അറ്റുപോയ നാവ് അവളുടെ കൂടെ കൂടിയിട്ട് പതിനാറു മണിക്കൂര്‍ നേരം കഴിഞ്ഞിരുന്നു. എന്തിനു പറയുന്നു, നിര്‍ഭാഗ്യവശാല്‍ അതിനു കാരണക്കാരി അവള്‍ തന്നെയായിരുന്നു. അതില്‍നിന്ന് അപ്പോഴും ചോരയൊലിക്കുന്നുണ്ടായിരുന്നു. അതില്‍ വീര്‍ത്തിരിക്കുന്ന രസകുമിളകളുടെ രുചിദാഹം അപ്പോഴും നിലച്ചിട്ടില്ലെന്നു തോന്നി.
 
അതൊരു പെണ്‍കുട്ടിയുടെ നാവാണെന്ന് അവളേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം, അല്ലേ? നീണ്ടു മരവിച്ചു കിടക്കുന്ന റോഡ് മരിച്ച മനുഷ്യര്‍ക്കായി പരവതാനി വിരിച്ചിരിക്കുന്നതുപോലെ തോന്നിച്ചു. ദാഹം വരണ്ടൊട്ടിയ തൊണ്ടയുമായി അവള്‍ വണ്ടിയോടിച്ചു. അവളുടെ ഫാസിനോയുടെ കണ്ണാടിയിലായിരുന്നു ആ നാവിന്റെ പ്രതിബിംബം. ഇത്തിരി മുമ്പ് ഭയത്തെക്കുറിച്ചും സ്ത്രീകളുടെ ആധികളെക്കുറിച്ചും അവിടെ ഇരുന്നാണ് ആ നാവ് വാഹിതയോട് സംസാരിച്ചത്.
 
കോവിഡിന്റെ മയക്കത്തില്‍നിന്ന് റോഡുകള്‍ അപ്പോഴും പൂര്‍ണമായും ഉണര്‍ന്നിരുന്നില്ല. നാലപത്തിയൊന്നു ദിവസമായി ആകെപ്പാടെ അടച്ചിട്ടിരിക്കയായിരുന്നു. തെരുവുകള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് രണ്ടോ മൂന്നോ മാസമാകുന്നു. ലോക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് രാജ്യം കടന്നിരുന്നെങ്കിലും നിരത്തുകള്‍ വിജനമായിത്തന്നെ കിടക്കുന്നു. അടഞ്ഞു കിടക്കുന്ന സിനിമാശാലയുടെ മുന്നിലൂള്ള റോഡിലൂടെ തന്റെ ഓഫീസ് മുറിയിലേക്ക് വാഹിത തിടുക്കത്തില്‍ വണ്ടിയോടിച്ചു.
 
ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടതോടെയായിരുന്നു തുടക്കം. ആ നാവിനെക്കുറിച്ചാണ് അതിലെഴുതിയത്. മാത്രമല്ല, അതു സംബന്ധമായി സ്വകാര്യ യൂട്യൂബ് ചാനലില്‍ വാഹിത ഒരു സ്‌റ്റോറി ചെയ്തു. നാവു സംസാരിക്കുന്നതുപോലെയാണ് ആ സ്‌റ്റോറി ചെയ്തത്. ഹത്രാസിലെ ക്രൂരയായി പീഡനത്തിനും കാമകേളികള്‍ക്കും വിധേയമായ പെണ്‍കുട്ടിയുടേതായിരുന്നു ആ മുറിഞ്ഞുപോയ നാവ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരുന്നു വാഹിതയുടെ സ്‌റ്റോറിയും ആ പെണ്‍കുട്ടിയുടെ മുറിഞ്ഞുപോയ നാവും.
 
അവസാനമായി തനിക്കുവന്ന കാള്‍ സുപ്രിയയുടേതായിരുന്നുവെന്ന് അവള്‍ ഓര്‍ത്തെടുത്തു. യൂട്യൂബില്‍ ഒരു പുതിയ വിഡിയോ അപലോഡ് ചെയ്തിരിക്കുന്നുവെന്നും ഒരു മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷം പേര്‍ അതു കണ്ടിരിക്കുന്നുവെന്നുമായിരുന്നു സുപ്രിയ അറിയിച്ചത്. വാഹിത നേരത്തെ ചെയ്ത വീഡിയോയ്ക്ക് കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞും ആ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ നീചമായി വിമര്‍ശിച്ചുമായിരുന്നു ആ പുതിയ വിഡിയോ. അതു കേട്ടയുടനെ ഓഫീസിലേക്ക് പുറപ്പെട്ടതാണ് വാഹിത. വണ്ടി പാര്‍ക്കിംഗ് ലോട്ടിലേക്കിട്ട് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ രണ്ടാം നിലയിലേക്കുള്ള കോവണി അവള്‍ തിടുക്കത്തില്‍ ഓടിക്കയറി.
 
വാഹിത ജോലി ചെയ്യുന്ന ഓഫീസായിരുന്നു അത്. അവളുടെ ഉമ്മച്ചിയുടെ സഹോദരന്‍ ഫക്കറുദ്ദീന്റെ ട്രാവല്‍സിന്റെ ഓഫീസും അവളുടെ ഓഫീസും ഒന്നുതന്നെയായിരുന്നു. വാഹിതയ്ക്ക് ഒരു കമ്പ്യൂട്ടറും ഡെസ്‌കും അവിടെയുണ്ടെന്നു മാത്രം. കോവിഡ് വന്നതില്‍പ്പിന്നെ ട്രാവല്‍സിന്റെ ഷട്ടര്‍ വീണിരുന്നു. അതിനാല്‍ കുറച്ചു ദിവസങ്ങളായി വാഹിത മാത്രമാണ് അതിനകത്തേക്ക് കയറിയിരുന്നത്. ഓഫീസ് മുറിയില്‍ കയറിയതിനുശേഷം എസി ഓണ്‍ ചെയ്തു. എന്നിട്ടേ കമ്പ്യട്ടര്‍ ഓണാക്കിയുള്ളു. വീഡിയോകള്‍ കമ്പ്യൂട്ടറില്‍ കാണുന്നതായിരുന്നു അവള്‍ക്ക് കൂടുതല്‍ ഇഷ്ടം. കണ്ണിന്റെയും കാതുകളുടെയും സ്‌ട്രെയിന്‍ ഒഴിവാക്കാമല്ലോ. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിച്ചാല്‍ കണ്ണുവേദനയെടുക്കും അവള്‍ക്ക്.
 
അധികം സേര്‍ച്ചു ചെയ്യേണ്ടിവന്നില്ല, ദേ കിടക്കുന്നു സുപ്രിയ പറഞ്ഞ വീഡിയോ. ഹത്രാസിലെ പെണ്‍കുട്ടിയും കേരളത്തിലെ ബുജി സ്ത്രീകളും. അതായിരുന്നു അതിന്റെ തലവാചകം. ഹമ്മോ. ഒരു മണിക്കൂറിനുള്ളില്‍ 3 ലക്ഷം വ്യൂവേഴ്‌സ്. 1.8കെ  ലൈക്‌സ്. 300 ഡിസ് ലൈക്ക്‌സ്.
 
ഹൃദയം അടക്കിപ്പിടിച്ചാണ് പന്ത്രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോയും കണ്ടുതീര്‍ത്തത്. ചെവിയും കണ്ണുകളും മരവിച്ചുപോയി. ഇത്രയും അശ്ലീലമായ ഒരു വീഡിയോയും ഇതിനു മുമ്പൊന്നും വാഹിത കണ്ടിരുന്നില്ല. യൂട്യൂബിന്റെ സകല നിയമങ്ങളും വൈലേറ്റു ചെയ്താണ് അതു അപ്‌ലോഡ് ചെയ്തതെന്ന് തോന്നി. കേരളത്തിലെ തലമുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തക മുതല്‍ വാഹിത വരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചിരുന്നു. ആനിയെയും സുപ്രിയയെയും ഫെമിനിച്ചികളെന്നു പറഞ്ഞും അപഹസിച്ചിരിക്കുന്നു.
 
എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരിക്കവെയാണ്, ലാപിന്റെ മോണിറ്ററില്‍ അവള്‍ വീണ്ടും വന്നത്. മുറിഞ്ഞ നാക്കിനു പകരം പെണ്‍കുട്ടിയുടെ മുഖം തന്നെ പ്രത്യക്ഷമായിരിക്കുന്നു. ഇതെന്തു മറിമായമെന്ന ആന്തലോടെ, വാഹിത മോണിറ്ററിലേക്ക് മുഖം നീട്ടവെ പെണ്‍കുട്ടി പതുക്കെ സംസാരിച്ചു തുടങ്ങി.
 
എന്റെ യഥാര്‍ത്ഥ കഥ ആര്‍ക്കും അറിയില്ല. ഞാന്‍ പറയുന്നതൊന്നും ആരും പുറത്തേക്ക് വിടുന്നില്ല. വാഹിത വീഡിയോ ആക്കിയില്ലേ, അതിലും പലകാര്യങ്ങളും സത്യവിരുദ്ധമാണ്. യഥാര്‍ത്ഥ കഥ ഞാന്‍ തന്നെ പറയുന്നതല്ലേ ഉചിതം?
 
അവള്‍ ചോദിക്കുന്നത് ശരിയല്ലേ? സെന്‍ഷെര്‍ഷിപ്പു നേരിടാത്ത വല്ലതും പ്രേക്ഷകര്‍ക്ക് അന്യസംസ്ഥാനത്തുനിന്ന് കിട്ടുന്നുണ്ടോ? വാഹിത ശരിവെച്ചു. അതോടെ പെണ്‍കുട്ടി സമാധാനിച്ചു. പലയിടത്തും പെണ്‍കുട്ടി മൊഴി നല്കിയിരുന്നു. പക്ഷേ ആരും അതു മുഖവിലയ്‌ക്കെടുത്തില്ല.
 
ഹത്‌റാസ് എന്ന ഗ്രാമം അതിന്റെ പേരുപോലെ അത്ര സുന്ദരമായിരുന്നില്ല. പെണ്‍കുട്ടി പറഞ്ഞു തുടങ്ങി. വാഹിത കസേരയിലേക്ക് ചാഞ്ഞിരുന്നു ഇരുപ്പ് ശരിയാക്കി. അവര്‍ക്കിടയില്‍ എസിയുടെ നേരിയ മൂളക്കം മാത്രമേയുണ്ടായിരുന്നുള്ളൂ.
 
കരിമ്പു പാടങ്ങളുടെയും കടുകു പാടങ്ങളുടെയും വന്യതയില്‍ ചുറ്റപ്പെട്ടു കിടക്കുന്ന ബുല്‍ഗാഡി വില്ലേജിലെ ചെറിയ ഒരു പ്രവിശ്യ. അവിടെ ഠാക്കൂര്‍മാരും പാണ്ഡിറ്റുമാരുമായിരുന്നു ഭരണം നിര്‍ണയിച്ചിരുന്നത്. ഞങ്ങള്‍ക്കിടയില്‍ അതിനെച്ചൊല്ലി ഒരു തമാശതന്നെ ഉണ്ടായിരുന്നു. അതിതാണ്, ഒരു ഠാക്കൂര്‍ പെണ്ണിനെയോ പാണ്ഡിറ്റ് പെണ്ണിനെയോ ഒരു ദളിതന്‍ തൊട്ടാല്‍ അവന്റെ കുടല്‍മാല അടുത്ത നിമിഷം അവര്‍ കഴുകനു ഇട്ടുകൊടുക്കും. ഒരു വാല്മീകി പെണ്ണിന്റെ ശരീരം ഠാക്കൂറുമാരുടേയും പാണ്ഡിറ്റുമാരുടെയും കൈതൊട്ട് അശുദ്ധമായാലും സ്ഥിതി ഇതുതന്നെ. തൊട്ടവരല്ല, തൊടപ്പെട്ടരെയാണ് കഴുകനു കിട്ടുകയെന്നു മാത്രം. എത്ര വിചിത്രമായ കാര്യങ്ങള്‍ അല്ലേ? നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ ജീവിതം ഇത്തരം വൃത്തത്തിനുള്ളിലാണ്!
 
മൊട്ടക്കുന്നുകളും വരണ്ട കാറ്റും. കാറ്റിനെപ്പോഴും ചാണകവിറളിയുടെ ഗന്ധമായിരിക്കും. അച്ഛനും അമ്മയ്ക്കും പശുവളര്‍ത്തി പാല്‍വില്ക്കുന്നതായിരുന്നു ജോലി. തൊട്ടടുത്ത ചായക്കടകളിലും വലിയ വീടുകളിലും നഗരത്തിലും പാല്‍കൊടുക്കുന്നത് അച്ഛനും അനിയനുമാണ്. അതിനിടയില്‍ എന്നെ പഠിപ്പിക്കാന്‍ വിട്ടു അച്ഛന്‍. അച്ഛന്റെ പ്രതീക്ഷ മുഴുവന്‍ എന്നിലായിരുന്നു. ഒരു മൃഗഡോക്ടറാവണമെന്നതായിരുന്നു എന്റെ ആഗ്രഹം. കാലികളെ അത്രമാത്രം സ്‌നേഹിച്ചിരുന്നു ഞാനും അച്ഛനും
 
ഇവിടെത്തെ പോലെയൊന്നുമല്ല, ഞങ്ങളുടെ നാടായ ഹത്രാസ്. അവിടെ അധികാരത്തെ നിര്‍ണയിക്കുന്ന ജാതിതന്നെ വിദ്യാഭ്യാസത്തെയും നിയന്ത്രിക്കുന്നു. ഞങ്ങളെപോലുള്ളവര്‍ പല അവഹേളനകള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായി. കോളേജില്‍ പോയി ഞങ്ങള്‍ പഠിക്കുന്നത് അവരെ അപമാനിതരാക്കി. ജോലിയും കൂലിയുമില്ലാതെ നടക്കുന്ന ഠാക്കൂര്‍ ചെറുപ്പക്കാരായിരുന്നു ഹത്രാസിലെ കൂടുതല്‍ ശല്യക്കാര്‍.
 
പെണ്‍കുട്ടി വായിലെ വെള്ളം മാറ്റാനെന്നവണ്ണം ഒരു ആപ്പിളെടുത്ത് കടിച്ചു. പിന്നെ കറുമുറേ തിന്നാന്‍ തുടങ്ങി. വീണുകിട്ടിയ ആ നിമിഷങ്ങളെ വാഹിത തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തി. അവള്‍ സുപ്രിയയുടെ നമ്പരിലേക്ക് വിരല്‍ ചാര്‍ത്തി. സുപ്രിയ ഫോണെടുക്കാന്‍ ഇത്തിരി നേരമെടുത്തു. അതുവരെയും കമ്പ്യൂട്ടറിലെ പെണ്‍കുട്ടിയുടെ നേരെ വാഹിത നോക്കിയതേയില്ല.
 
“സുപ്രിയാ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. തൊലിയുരിഞ്ഞുപോകുന്നു. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. എന്തെങ്കിലും ചെയ്യണം. സൈബര്‍ പോലീസില്‍ കംപ്ലയിന്റ് ചെയ്താലോ..?”
 
 
“അതുകൊണ്ടൊന്നും വലിയ പ്രയോജനമില്ല മോളെ. ജാമ്യം കിട്ടാവുന്ന വകുപ്പേയുള്ളൂ. പിന്നെ നമുക്ക് ചീത്തപ്പേരാകും.”
 
“വിദഗ്ദ്ധരോട് ചോദിച്ചാലോ?”
 
“കാര്യമില്ല. ഞാനൊരിക്കല്‍ കംപ്ലയിന്റ് ചെയ്തതാണ്. ഐടിയില്‍ ജാമ്യമില്ലാ വകുപ്പൊക്കെയുണ്ട്. അതിട്ട് എഫ്‌ഐആറിടാന്‍ പോലീസിനു പേടിയാ. തെളിവു വേണമത്രേ. മറ്റെന്തെങ്കിലും ചെയ്യണം. ഫിസിക്കല്‍ ഹരാസ്‌മെന്റ്. അതിനു ധൈര്യമുണ്ടോ.?”
 
വാഹിത ഒരാന്തലോടെ കസേരയിലേക്ക് മുഖംതാഴ്ത്തി ആലോചിച്ചു. എന്തുത്തരം പറയണം? നോക്കുമ്പോള്‍ ഫോണ്‍ലൈന്‍ കട്ടായിരിക്കുന്നു. സുപ്രിയയെ വിളിക്കാന്‍ തുടങ്ങിയപ്പോഴെല്ലാം പിന്നെ ഫോണില്‍ കേട്ടത് ബിസി ടോണ്‍.
 
“വാഹിതാ, ഇതൊന്ന് കേള്‍ക്ക്.”
 
പെണ്‍കുട്ടി ആപ്പിള്‍ താഴെവെച്ച് അവളുടെ ശ്രദ്ധതിരിച്ചു.
 
“ശരി. പറയൂ. കേള്‍ക്കാം.”
 
പെണ്‍കുട്ടിയുടെ മുഖം ഒരു പൂവുപോലെ വിടര്‍ന്നു. കണ്ണുകളില്‍ വെളിച്ചം തെളിഞ്ഞു. അവള്‍ ഇളകിയിരുന്ന് കഥ തുടര്‍ന്നു:
 
പത്താംക്ലാസു കഴിഞ്ഞാല്‍ പഠനം നിറുത്തുന്നവരായിരുന്നു ഹത്രാസില്‍ എല്ലാവരും. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അവരില്‍ പലരും പത്താംക്ലാസുതന്നെ കാണാന്‍ ഭാഗ്യമില്ലാത്തവരായിരുന്നു. അതിനാല്‍ ഠാക്കൂറന്മാരില്‍ പലരുടെയും നെറ്റിചുളിച്ചു എന്റെ പഠനം. അതു മുടക്കാനായി അവര്‍ പലവഴികളും തേടി. വഴിയരികില്‍ ആ വൃത്തികെട്ട ചെറുപ്പക്കാര്‍ സ്ഥിരമായി എന്നെ ശല്യം ചെയ്തു. എന്നാല്‍ അതൊന്നും ഞാന്‍ ഗൗനിച്ചില്ല. ചെറിയ വീട്ടിനുള്ളിലെ താമസവും മൂട്ടവിളക്കിന്റെ വെളിച്ചവുമൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ലക്ഷ്യമാണ് പ്രധാനം. അച്ഛന്റെ ആഗ്രഹം പൂര്‍ത്തികരിക്കുക. അതിനായി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുക.
 
കോളേജിലെ അദ്ധ്യാപകര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. തുച്ഛമായ വിലയ്ക്ക് പഴയ പുസ്തകങ്ങള്‍ അവര്‍ സംഘടിപ്പിച്ചു തരും. രസം കേക്കണോ, പരീക്ഷാ ഫീസുപോലും കെട്ടിയ ഒരു ടീച്ചര്‍ എനിക്കുണ്ട്. അവരുടെയെല്ലാം സ്വപ്‌നമായിരുന്നു എന്റെ വിജയം. എന്നാല്‍ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ ഭാഗത്തും നടക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് പ്രശ്‌നം എന്റെ ജാതിയായിരുന്നു. ഠാക്കൂറന്മാരുടെയും പാണ്ഡിറ്റുമാരുടെയും പുറംപണിക്കാരികളാകാനായിരുന്നു എന്റെ ജാതിയില്‍പ്പെട്ട പല പെണ്‍കിടാങ്ങളുടെയും തലവിധി.
 
ശല്യം കൂടിയപ്പോള്‍ ഞാന്‍ വഴി മാറി നടക്കുവാന്‍ തുടങ്ങി. എന്നാല്‍ എനിക്ക് പിറകെ അവര്‍ ഒരു നിഴലു പോലെയുണ്ടായിരുന്നു. അതിലൊരുത്തന്‍ ഞങ്ങളുടെ അയല്‍വാസി തന്നെ. ഗോപാല്‍. അവനായിരുന്നു കൂടുതല്‍ വാശിയും വൈരാഗ്യവും. അതിനു കാരണമുണ്ടായിരുന്നു. അവനെന്നെ പ്രണയിച്ചു ചതിയില്‍പ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ ഒരുവനായിരുന്നു. അതിനാല്‍ അച്ഛന്‍ പോലീസില്‍ അവനെതിരെ ഒരു പരാതി കൊടുത്തു. എന്നാല്‍ പരാതി പോലീസുകാരന്റെ മുന്നില്‍ ഞാന്‍ തന്നെ എഴുതി നല്കണമെന്നായപ്പോള്‍ ആ പരാതി പിന്‍വലിക്കേണ്ടിവന്നു അച്ഛന്. പോലീസുകാരുടെ വൃത്തികെട്ട കണ്ണുകള്‍ക്കു മുന്നില്‍ എന്നെ കൊണ്ടുപോകാന്‍ അച്ഛന്‍ ഭയപ്പെട്ടു. എന്തെന്നാല്‍ ആ ചെറുപ്പക്കാരേക്കാള്‍ ഒട്ടും ഉയര്‍ന്നവരായിരുന്നില്ല ഞങ്ങളുടെ നാട്ടിലെ പോലീസുകാര്‍.
 
“മോള് ഇതൊന്നും കണ്ടു വേദനപ്പെടരുത്. മോള് പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി കേട്ടോ. വലിയ ത്യാഗം സഹിക്കുന്നവര്‍ക്കുമാത്രമേ, ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുകയുള്ളൂ.”
 
ഇടയ്ക്ക് അച്ഛന്‍ ആത്മവിശ്വാസം എന്നിലുണര്‍ത്താന്‍ പറഞ്ഞുകൊണ്ടിരുന്നു.
 
ആ ദിവസം ഞാന്‍ ഇന്നുമോര്‍ക്കുന്നു. മൂടിക്കെട്ടിയ ഒരു ദിവസമായിരുന്നു അത്. അച്ഛന്‍ കാലത്തുതന്നെ പാല്‍വിൽക്കാനായി നഗരത്തിലേക്കു പോയി. അനിയന്‍ അന്നു കൂടെപോയില്ല. പശുക്കള്‍ വിശപ്പുകൊണ്ട് അമറാന്‍ തുടങ്ങി. അഞ്ചു പശുക്കളുണ്ടായിരുന്നു തൊഴുത്തില്‍. അവരായിരുന്നു ഞങ്ങളെ തീറ്റിപ്പോറ്റിയിരുന്നത്. അതില്‍ത്തന്നെ എനിക്കിഷ്ടപ്പെട്ട ശോഭിയെന്നു കളിയായി വിളിക്കുന്ന ജേഴ്‌സിപ്പശുവുണ്ട്. വലിയ കുറുമ്പുകാരി. വിശന്നാല്‍ അവള്‍ ആലമുഴുവന്‍ നടന്നും ചവിട്ടിയും വൃത്തി കേടാക്കും. അന്നു അവളുടെ പരാക്രമമായിരുന്നു കൂടുതലും. വൈക്കോലുകള്‍ ആവശ്യത്തിനു കിട്ടിയിരുന്നില്ല. ഉള്ളവയ്ക്കുതന്നെ വലിയ വിലയായിരുന്നു. ഞങ്ങള്‍ക്ക് വേക്കോല്‍ തരുന്നത് വിലക്കുവാന്‍ ഠാക്കൂറന്മാര്‍ ലളിതമായി കണ്ടെത്തിയ വഴിയായിരുന്നു അമിതവില!
 
കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന പാടം വരള്‍ച്ചയുടെ ആരംഭഘട്ടത്തിലായിരുന്നു. എങ്കിലും പാടത്ത് പലയിടങ്ങളിലായി തഴച്ചുവളര്‍ന്നു നില്ക്കുന്ന പുല്ലുകളുണ്ടായിരുന്നു. അമ്മയും അനിയനും ഞാനും കൊയ്ത്തരിവാളുമായി ഇറങ്ങി. ഞങ്ങളുടെ വിശപ്പിനേക്കാള്‍ പ്രധാനമാണ് ആ സാധുമൃഗങ്ങളുടെ സന്തോഷം. വിഷജീവികളായ പാമ്പുകളെയും ഭയക്കണം. അതിനാല്‍ കാലുകളില്‍ പ്ലാസ്റ്റിക് ചുറ്റിയായിരുന്നു ഞാന്‍ നടന്നിരുന്നത്.
 
രാവിലെയായതിനാല്‍ നല്ല കാറ്റുണ്ടായിരുന്നു. കുതിരകളുടെ കുഞ്ചിരോമങ്ങളെപോലെ കാറ്റില്‍ പറക്കുന്ന പുല്‍നാമ്പുകളെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. പാടത്തെ ചെളിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. അമ്മയും അനിയനും തൊട്ടപ്പുറത്തായിരുന്നു. പുല്ലുകള്‍ അരിഞ്ഞു കെട്ടുകളാക്കിയിടുകയായിരുന്നു പതിവ്. പിന്നീട് അവ ഓരോന്നായി തലച്ചുമടായി വീട്ടിലെത്തിക്കും. നാലു കെട്ടു പുല്ലുകള്‍ അരിഞ്ഞപ്പോഴേക്കും ചുറ്റുമുള്ള പച്ചപ്പു മാഞ്ഞുപോയി. പിന്നെ അടുത്ത പാടത്തേക്ക് കടന്നു. അതല്പം ദൂരെയായിരുന്നെങ്കിലും വിളിപ്പാടകലെയാണ്. വസ്ത്രത്തിലേക്ക് പരമാവധി ചെളിതെറിക്കാതിരിക്കാന്‍ അവ മാടിയൊതുക്കി ഞാന്‍ അരിവാളെടുക്കാന്‍ തിരിഞ്ഞതേയുണ്ടായിരുന്നുള്ളു. എന്നാല്‍ അരിവാള്‍ കാണുന്നില്ല. ആരാണ് അതെടുത്തത്? വരമ്പില്‍ വച്ചതായിരുന്നല്ലോ. അപ്പോഴേക്കും അപകടം ഞാന്‍ മനസ്സിലാക്കി. പിന്നില്‍ ആരോ ഉണ്ടെന്ന് ബോധ്യപ്പെട്ടു. ചെളിയിലെ ചവിട്ടടിയുടെ ശബ്ദം. അധികരിച്ച കിതപ്പുകള്‍. വിയര്‍പ്പിന്റെ നാറ്റം. എന്നാല്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ, കഴുത്തിലേക്ക് അയാള്‍ കൊയ്ത്തരിവാള്‍ നീട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.
 
“അനങ്ങിയാല്‍ നിന്റെ തല ഈ പാടത്ത് അരിഞ്ഞുവീഴും. കുറേക്കാലമായി നീ ഞങ്ങളെ കമ്പളിപ്പിക്കുന്നു. ഇന്ന് അതിനുള്ള പ്രതികാരമാണെന്ന് ഓര്‍ത്തോളൂ!”
 
പേടിച്ചുവിറച്ചിട്ട് എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ തളര്‍ന്നുപോകുന്നു. പിന്നില്‍ ഗോപാലാണെന്ന് ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞു. പാറയില്‍ ചിരട്ടകൊണ്ടുരയ്ക്കുന്ന ശബ്ദം മറ്റാര്‍ക്കാണുള്ളത്? ഇരുമ്പിന്റെ തണുപ്പ് കണ്ഠനാളം തിരിച്ചറിയുന്നു. മനസ്സിനേക്കാള്‍ വേഗത്തില്‍ ഞരമ്പുകള്‍ ഭീതിയുടെ കടലാഴങ്ങളറിയുന്നു. അയാള്‍ എന്നെ പിന്നിലേക്ക് നടത്തുകയായിരുന്നു. ഗോപാലിനെ അനുസരിക്കുകയല്ലാതെ മറ്റു നിവൃത്തിയുണ്ടായിരുന്നില്ല.
 
പാടത്തിനപ്പുറം കൊടുംകാടാണ്. അവിടെയെത്തുന്നതിനുമുമ്പേ എങ്ങനെയെങ്കിലും അമ്മയിലേക്കെത്തണമെന്ന് ഞാന്‍ ഉറപ്പിച്ചു. കരയാന്‍ ഒരവസരം കിട്ടിയാല്‍ മതി. പണിക്കിടയിലും ഒരപായശബ്ദം അമ്മ പ്രതീക്ഷിക്കുന്നുണ്ടാവും. എന്റെ സുരക്ഷയോര്‍ത്ത് എന്നും ഭയപ്പെട്ടിരുന്നല്ലോ അമ്മ. പക്ഷേ ഭയം നമ്മെ എല്ലാറ്റില്‍നിന്നും പിന്തിരിപ്പിക്കും. അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ കൈക്കരുത്തില്‍ എന്റെ ജീവന്‍ കിടന്നാടുകയാണ്. കാട്ടിലേക്ക് കടന്നതും പിന്നില്‍നിന്നും മുന്നില്‍നിന്നും മൂന്നാളുകള്‍ കൂടി അടുത്തേക്ക് എത്തി. അതോടെ അപകടം തിരിച്ചറിഞ്ഞ് ശരീരം ആകെപ്പാടെ ദുര്‍ബലമായി. ആരോ തലയ്ക്കടിച്ചതാണ് എനിക്കോര്‍മ്മയുള്ളത്. പിന്നെ തലമന്ദിക്കുകയും എന്റെ ഓര്‍മ്മകള്‍ ചിന്നിചിതറുകയും ചെയ്തു. ഗോപാലാണ് വസ്ത്രങ്ങള്‍ ശരീരത്തില്‍നിന്ന് പറിച്ചെറിഞ്ഞതെന്ന് ഞാനോര്‍ക്കുന്നു. മറ്റുള്ളവര്‍ കാഴ്ചകള്‍ കണ്ടാസ്വദിക്കുകയായിരുന്നു. ഒരാള്‍ കയ്യിലെ മൊബൈല്‍ഫോണില്‍ അതെല്ലാം പകര്‍ത്തി രസിക്കുന്നു. പിന്നെ പൂര്‍ണമായ ഇരുട്ടിലേക്ക് ഞാന്‍ മുങ്ങിത്താഴുകയായിരുന്നു.
 
ഓര്‍മ്മകളുടെ കാഠിന്യം ഒരു നിമിഷം അവളുടെ സംസാരത്തെ മുറിച്ചു. അതിനിടയില്‍ വാഹിത വീണ്ടും സുപ്രിയയെ  വിളിച്ചു. ഭാഗ്യത്തിന് അവള്‍ ലൈനില്‍വന്നു.
 
“അയാളെ എന്തു ചെയ്യാനാണ് ഭാവം? പറയൂ, സുപ്രിയേ. ഞാനെന്തു വേണം?”
 
“അയാളിപ്പോള്‍ എവിടെയുണ്ടെന്ന് കണ്ടുപിടിക്കുക. അത്രയേവേണ്ടു. ബാക്കിയെല്ലാം നമ്മള്‍ ഒരുമിച്ചു പ്ലാന്‍ ചെയ്യുന്നു. ആനി ചേച്ചീയെകൂടി കിട്ടുവോയെന്ന് ഞാനൊന്ന് ശ്രമിക്കട്ടെ..!
 
വാഹിത ഒരാശ്വാസത്തോടെ ദീര്‍ഘമായി നിശ്വസിച്ചു. പെണ്‍കുട്ടി അവളെത്തന്നെ നോക്കിയിരിക്കയായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞും ചുവന്നും കാണപ്പെടുന്നു. ഒരു നൂറ്റാണ്ടിന്റെ വിഷാദ ഭാവം ആ കൊച്ചുസുന്ദരമായ മുഖത്ത് പടര്‍ന്നു കിടന്നിരുന്നു.
 
വാഹിത അവളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഓര്‍മ്മകളില്‍നിന്ന് ഉണരുന്നപോലെ തോന്നിച്ചു.
 
ഓര്‍മ്മയുണര്‍ന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. പെണ്‍കുട്ടി മടുപ്പില്ലാതെ പറഞ്ഞു തുടങ്ങി. ശരീരത്തില്‍ വേദനയൊന്നും അനുഭവപ്പെട്ടില്ല. എന്തെങ്കിലും ഞാന്‍ ചോദിക്കുന്നതിനുമുമ്പ് സിസ്റ്റര്‍ എന്നെ അതില്‍നിന്ന് വിലക്കി. എനിക്ക് നാക്കില്ലെന്നതായിരുന്നു അവള്‍ പറഞ്ഞ ന്യായം. അതും ആ നാലു കശ്മലന്മാര്‍ അവരുടെ പേരുകള്‍ മറ്റുള്ളവരോട് പറയുമെന്ന് ഭയന്ന് അരിഞ്ഞെടുത്തത്രെ!
 
“പേടിക്കേണ്ട. ഡോക്ടര്‍മാര്‍ അതു തുന്നിച്ചേര്‍ത്തിട്ടുണ്ട്. കുറച്ചു ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയായിക്കൊള്ളും.”
 
മരണം കാത്തു കിടക്കുന്നവരോടും അവര്‍ അതുതന്നെ പറയുമെന്ന് എനിക്ക് തോന്നി. കട്ടിലില്‍നിന്ന് അനങ്ങാന്‍ കഴിയാത്തവിധം എന്റെ നട്ടെല്ല് അവര്‍ തകര്‍ത്തുകളഞ്ഞിരുന്നു. ശരീരത്തില്‍ നിറയെ മുറിവുണ്ടാക്കിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഇനി എഴുന്നേറ്റു നടക്കരുത്. പഠനം അതോടെ അവസാനിപ്പിക്കണം. കഴിയുമെങ്കില്‍ ജീവിതവും. ഞാനപ്പോഴും അവരുടെ ഒരു വലയത്തിനുള്ളിലായിരുന്നു. അച്ഛനെയും അമ്മയെയും അനിയനെപോലും ആശുപത്രിയിലേക്ക് കടക്കുവാന്‍ അധികൃതര്‍ അനുവദിച്ചില്ല. അവര്‍ വീട്ടുതടങ്കലിലാണെന്ന് ഞാന്‍ വേദനയോടെയാണ് മനസ്സിലാക്കിയത്.
 
എനിക്ക് ശ്വാസതടസ്സമുണ്ടായിരുന്നു. പലപ്പോഴും എന്നെ സഫ്തര്‍ജി ആശുപത്രിയുടെ പച്ചവിരിയിട്ട ട്രോമോകെയറിലേക്ക് മാറ്റി. ദിവസങ്ങളോളം അബോധാവസ്ഥയില്‍ ഞാന്‍ കിടന്നു. പിന്നെ അറിയുന്നത്, ഞാന്‍ മരിച്ചുപോയി എന്നായിരുന്നു. എന്റെ മരണമൊഴിയെടുക്കുവാന്‍ വന്ന പോലീസുകാര്‍ നിരാശയോടെ മടങ്ങിപ്പോകുന്നത് ഞാന്‍ കണ്ടു. ഒരു ദിവസം അവര്‍ എന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടയ്ക്ക് മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ ശരീരത്തിനുമീതെയുള്ള തുണി നീക്കി എന്റെ നഗ്നത ആസ്വദിച്ചുകൊണ്ടിരുന്നു. അയാള്‍ ടോര്‍ച്ചെടുത്ത് ശരീരത്തിലേക്ക് അടിക്കുകയും അയാള്‍ക്ക് വേണ്ടതെല്ലാം കാണുകയും ചെയ്തു. രാത്രി മൂന്നുമണിയായി കാണണം, ഒരു പറ്റം പോലീസുകാര്‍ എന്നെ ആംബുലന്‍സിലേക്ക് കയറ്റി വാതിലടച്ചു. ഇരുട്ടിലൂടെ കൂറേ ദൂരം ഓടിയതിനുശേഷം അജ്ഞാതമായ ഏതോ സ്ഥലത്തുചെന്നു വണ്ടിനിന്നു. അവിടെ എനിക്കായി അവര്‍ ഒരുക്കിയത് ഒരു ചിതയായിരുന്നു. അവസാനമായി, അനുജന്റെയും അമ്മയുടെയും അച്ഛന്റെയും മുഖം പോലും കാണാന്‍ അനുവദിക്കാതെ അവരെന്റെ ശരീരത്തില്‍ നിര്‍ദ്ദയമായി തീകൊളുത്തി.
 
ശബ്ദം വീണ്ടും മുറിഞ്ഞു. ഗദ്ഗദങ്ങളാണ് അതിനെ മുറിച്ചതെന്നു തോന്നി. വാഹിതയ്ക്ക് നെഞ്ചില്‍ കനത്ത ഭാരം അനുഭവപ്പെട്ടു. ഒരു വലിയ പാറക്കല്ല് ആരോ ഇടനെഞ്ചില്‍ കയറ്റിവെച്ചതുപോലെ ശ്വാസം ഇടുങ്ങി. തല മന്ദിച്ചു. ഇനിയൊന്നും കേള്‍ക്കാന്‍ വയ്യ. യൂട്യൂബില്‍ പെണ്‍കുട്ടിയുടെ സ്റ്റോറി ചെയ്യുമ്പോള്‍ത്തന്നെ ഇത്തരം വികാരങ്ങള്‍ അവളെ പിടികൂടിയിരുന്നു.
 
ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ വാഹിത കമ്പ്യൂട്ടര്‍ ഓഫാക്കി കസേരയില്‍നിന്ന് എഴുന്നേറ്റു. ആനി ചേച്ചിയായിരുന്നു. അവള്‍ക്ക് സമാധാനമായി. ആനിചേച്ചി സിനിമയില്‍ വര്‍ക്കുചെയ്യുന്ന സ്ത്രീയാണ്. സെലിബ്രിറ്റി. അവര്‍ കൂടെയുണ്ടെങ്കില്‍ ഒന്നിനെയും ഭയക്കേണ്ടതില്ല. രാഷ്ട്രീയത്തിലും അവര്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.
 
നേരത്തെ തീരുമാനിച്ച പ്രകാരം, വൈകുന്നേരം ഇന്നോവയോടിച്ച് ആനി ചേച്ചിയെത്തി. ഡിക്കിയിലേക്ക് കരിയോയിലും മഷിയും വാഹിത എടുത്തുവെച്ചു. എന്തിനാണ് കരിയോയിലെന്ന് ചോദിച്ച് സഹോദരന്‍ ഹബീബുറഹ്മാന്‍ അപ്പോഴും പിറകെ കൂടി.
 
“ഇന്നൊരു പൊതുയോഗമുണ്ട്. അതില്‍ പ്രതീകാത്മകമായി ഉപയോഗിക്കാനാണ്. പേടിക്കേണ്ട. വഹീതയുടെ കാര്യം ഞാനേറ്റു”
 
ആനിച്ചേച്ചി സമാധാനിപ്പിച്ചു.
 
“ഇവളെയോര്‍ത്ത് ഞങ്ങള്‍ക്ക് പേടിയാ ചേച്ചീ. എന്തൊക്കെ കുരുത്തക്കേടാണ് ഇവള്‍ ഒപ്പിക്കാന്ന് ആര്‍ക്കും അറിയില്ല. ഇവളെ സൂ ക്ഷിച്ചാല്‍ ആനിച്ചേച്ചിക്ക് കൊള്ളാം.”
 
ആ സദാചാര ആങ്ങള പുച്ഛത്തോടെ ആ രണ്ടു സ്ത്രീകള്‍ക്കുനേരെ മുഖം കോട്ടി.
 
ചുണ്ടിലൊരു പുഞ്ചിരിയോടെ വാഹിത വണ്ടിയിലേക്ക് കയറിയപ്പോഴുണ്ട് ഹത്രാസിലെ പെണ്‍കുട്ടി അവിടെ ഇരിക്കുന്നു. കുളിച്ചു സുന്ദരിയായി കേരളീയ വസ്ത്രമെല്ലാം ധരിച്ച്. ചുരിദാറും ദുപ്പട്ടയും വാഹിതയുടെതു തന്നെയായിരുന്നു. റോസ് നിറത്തിലുള്ള ചുരിദാറും നീല നിറത്തിലുള്ള ദുപ്പട്ടയും. എപ്പോഴാണ് അവള്‍ തന്റെ അലമാരയില്‍നിന്ന് വസ്ത്രങ്ങള്‍ അപഹരിച്ചതെന്നോര്‍ത്ത് വിസ്മയപ്പെട്ടുപോയി വാഹിത. ആനി അവള്‍ക്ക് ചൂടുള്ള ഒരു പുഞ്ചിരി കൈമാറി. ക്യാമറയും ലൈറ്റിംഗുകളുമെല്ലാം ആനി വണ്ടിയില്‍ കയറ്റി വെച്ചിരുന്നു. സുപ്രിയയെയും സുചിത്രയെയും പോകുന്ന വഴിയില്‍ കൂട്ടാം. സൂചിത്രയാണ് സുപ്രിയയുടെയും വാഹിതയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്.
 
ഇനി നശിച്ച ഹത്രാസിലേക്ക് പോകേണ്ടെന്നും തനിക്കൊപ്പം കൂടാമെന്നും വാഹിത അവളോട് പറഞ്ഞു. തനിക്കും ഒരാള്‍ കൂടെവേണം. അവളാകുമ്പോള്‍ തന്റെ ചിന്തകളെ മൂര്‍ച്ചകൂട്ടാനും ഉപകാരപ്പെടുമെന്നാശിച്ചു വാഹിത.
 
നഗരത്തിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു ഫെമിനിച്ചികളെ അസഭ്യം പറഞ്ഞ മാന്യന്‍ താമസിച്ചിരുന്നത്. അതിന്റെ മൂന്നാം നിലയിലെ ചെറിയ ഒരു ഫ്‌ളാറ്റായിരുന്നു അയാളുടെ താമസവും സ്റ്റുഡിയോയും അഴുക്കും വൃത്തികേടുകളും നിറഞ്ഞ അതിന്റെ കോണിപ്പടികള്‍ക്ക് ശുക്ലത്തിന്റെ ഗന്ധമായിരുന്നെന്നു തോന്നി. ടിവിയിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയും ഏറെ പരിചിതമായിക്കഴിഞ്ഞ ആനിച്ചേച്ചിയെ കണ്ടപ്പോള്‍ പലരും അന്ധാളിക്കുന്നതു കണ്ടു. മേക്കപ്പും ലിപ്സ്റ്റിക്കുമില്ലാതെ ആദ്യമായാണ് ആനി പുറത്തിറങ്ങുന്നത്. ഇനി ക്യാമറയ്ക്ക് മുന്നില്‍ നില്ക്കാന്‍ പോകുന്നതും. തനി നാടന്‍ വസ്ത്രങ്ങള്‍ ധരിച്ച്. 
 
സോഷ്യല്‍ മീഡിയയിലെ മാന്യനെ കരിയോയില്‍ ഒഴിക്കുകയായിരുന്നു ലക്ഷ്യം. അതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന അടുത്ത വീഡിയോ. ലൈവായി ചെയ്യുകയാണ്. സ്ത്രീകളെ പൊതുമധ്യത്തില്‍ അവഹേളിക്കുന്നവര്‍ക്കും സ്ത്രീകളെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നവര്‍ക്കും യൂട്യൂബില്‍ ഒരു മറുപടി!
 
വാഹിതയും കൂട്ടുകാരും ഉത്സാഹത്തോടെ കെട്ടിടത്തിലേക്ക് കയറി. പിറകില്‍ മടിയോടെയാണെങ്കിലും ഹത്രാസിലെ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ആനിച്ചേച്ചിയാണ് വാതില്‍ തള്ളിത്തുറന്നത്. കമ്പ്യൂട്ടറിനു മുന്നിലിരുന്ന് തന്റെ പഴയ യൂട്യൂബുകള്‍ കണ്ടു രസിക്കുകയായിരുന്നു മാന്യന്‍. അയാള്‍ക്ക് മുന്നിലെ മേശയില്‍ ഒരു തടിച്ച പുസ്തകമുണ്ടായിരുന്നു. ഞങ്ങളെക്കണ്ട്, പൊടുന്നനെ മാന്യന്‍ കസേരയില്‍ നിന്നെഴുന്നേല്‍ക്കുന്നതു കണ്ടു. ആനിച്ചേച്ചി സുപ്രിയയുടെ കയ്യില്‍നിന്ന് കരിയോയിലിന്റെ കന്നാസ് വാങ്ങി അതിന്റെ അടപ്പൂരിയെടുത്തു.
 
“ഇനിയാണ് ഷോ ആരംഭിക്കുന്നത്.” ആനിച്ചേച്ചി എന്നോട് പറഞ്ഞു. “സ്റ്റാര്‍ട്ട് ക്യാമറ!”
 
പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് വാഹിതയ്ക്ക് അറിയാമായിരുന്നു. അവള്‍ മൈക്കു വാങ്ങി സുപ്രിയയുടെ മുന്നില്‍ നിന്നു. പിന്നെ ഊര്‍ജ്ജസ്വലയായി പറഞ്ഞ തുടങ്ങി.
 
ലേഡീസ് വ്യൂ പോയിന്റിലേക്ക് സ്വാഗതം. നിങ്ങള്‍ ഈ ചാനല്‍ ഇനിയും സസ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ വെള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇന്നു ഞങ്ങള്‍ അവതരിപ്പിക്കുന്നത് വളരെ പ്രത്യേകതയുള്ള ഒരു വിഡിയോ ആണ്. ഈ വിഡിയോയുടെ പേര് മെയില്‍ ഷോവനിസ്റ്റുകളും ജെട്ടികളും!
 
-----------
 
ചോലയില്‍ ഹക്കിം
 
മലപ്പുറം ജില്ലയില്‍  മമ്പാടില്‍ ജനനം
 
പിതാവ്: കരുവാപ്പറമ്പന്‍ ഹൈദ്രു. മാതാവ്: പുത്തൂരം കദീജ.
 
മമ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍, ഡോ. ഗഫൂര്‍ എം. ഇ. എസ് മമ്പാട് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദം. പതിനഞ്ചു വര്‍ഷത്തോളം ഗള്‍ഫുനാടുകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ നാട്ടില്‍ സ്ഥിര താമസം.
 
കോഴിക്കോട് സര്‍വകലാശാലാ ഇന്റര്‍സോണ്‍ മത്സരത്തില്‍ കഥയ്ക്ക് ഒന്നാം സമ്മാനം, ആദ്യനോവല്‍ 1920 മലബാര്‍ 2014 ലെ ഡി.സി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തെരഞ്ഞടുക്കപ്പെട്ടു. കഥകള്‍ തമിഴ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് സഹൃദയ പുരസ്‌കാരം, തനിമ ലിറ്റററി പുരസ്‌കാരം എന്നിവ ലഭിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു.
 
പുസതകങ്ങള്‍: 1920 മലബാര്‍ (നോവല്‍), ഫലൂജ, കഥയ്ക്കിടയിലെ ജീവിതം, റോസാപ്പൂക്കളുടെ യുദ്ധം (ചെറുകഥകള്‍)

Facebook Comments

Comments

  1. Aftab

    2021-06-12 06:53:58

    ഇത് നല്ലൊരു കഥയാണ്. മനസ്സിനെ നോവിപ്പിക്കുന്ന രചന. അഭിനന്ദനങ്ങൾ...

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More