America

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

Published

on

നോക്കൂ
തിരുവനന്തപുരത്തുനിന്നും അങ്കമാലിക്കു പോകുന്ന എം.സി. റോഡിനരികിലെ കലുങ്കിൽ മൂന്നു ചെറുപ്പക്കാർ. അവരുടെ ബൈക്കുകൾ കാട്ടുപോത്തുകൾ ദേഷ്യം കൊണ്ടിട്ടെന്ന പോലെ പുറകോട്ടു കണ്ണുപായിച്ച്  ചാഞ്ഞും ചെരിഞ്ഞും വഴിയരുകിൽ ചുരമാന്തുന്നു.
 
രാത്രിയാണ്. നേരം ഒരൊമ്പതൊമ്പതര കഴിഞ്ഞിട്ടുണ്ടാകും.  ഒരു പോലീസ് ജീപ്പ് ഇറക്കമിറങ്ങി വരുന്നുണ്ട്.    
വഴിയരികിലെ കലുങ്കിൽ ഇരിക്കുന്നത് കുറ്റകരമാണ്. നാട്ടിൽ ഏറ്റവും കൂടുതൽ ആളുകളെ പോലീസ് പിടിച്ചു കൊണ്ടു പോയതും ഓടിച്ചതും ആ കലുങ്കിൽ ഇരുന്ന കുറ്റത്തിനാണ്. അതുകൊണ്ട് എതെങ്കിലുമൊരു നിയമപ്രകാരം കലുങ്കിൽ ഇരിക്കുന്നത് കുറ്റകരമാണെന്ന് നാട്ടുകാർ എല്ലാവരും കരുതിപ്പോന്നു.
 
എന്നാൽ വിദേശത്തു നിന്നു ഒരുമാസം മുമ്പ് നാട്ടിലെത്തിയ ഈ മൂന്നു ചെറുപ്പക്കാർക്ക് അതറിയില്ല. കുറച്ചു നേരം മുമ്പ് അവരിലൊരാളുടെ അപ്പൻ അമേരിക്കയിൽ നിന്നു വിളിച്ചപ്പോൾ ഞങ്ങൾ മൂന്നു പേരും കലുങ്കിൽ ഇരിക്കുന്നു എന്നു പറഞ്ഞതിന്  അപ്പൻ എതിരൊന്നും പറഞ്ഞതുമില്ല. അപ്പനും അവിടെ ഇരിക്കാ‍റുണ്ടായിരുന്നെന്ന് പറയുകയും ചെയ്തു.
 
മൂന്നുപേരും കരിയപ്പയെ കാത്തിരിക്കുകയാണ്. നാട്ടിൽ വന്ന ഉടനെ അവർ പരിചയപ്പെട്ട മിലട്ടറിക്കാരനടുത്തേക്ക്  റം വാങ്ങാൻ പോയിരിക്കുകയാണ് കരിയപ്പ. അവൻ അവരോടൊപ്പം കൂടിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു.  കമ്പ്യൂട്ടർ പഠനം മൂന്നാം വർഷം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഭാഗ്യഹീനനായിരുന്നു കരിയപ്പ. ഒരിംഗ്ലീഷ് പത്രത്തിൽ അമേരിക്കയിൽ നിന്നെത്തിയ മൂന്നു യുവാക്കളെക്കുറിച്ചുള്ള കൗതുകകരമായ ഒരു വാർത്ത കണ്ട് അവിടെ എത്തിയതായിരുന്നു കോയമ്പത്തൂരുകാരൻ കരിയപ്പ. കരിയപ്പ അവരുടെ പദ്ധതിക്കു ഏറെ ഉപകാരപ്പെടുമെന്നു കണ്ടതിനാൽ കൂടെ കൂട്ടിയതാണ്. 
 
പോലീസ്  ജീപ്പ് അവരുടെ അരികെ നിർത്തി. അപ്പോഴും കലുങ്കിൽ പാതികിടപ്പിലും ഇരുപ്പിലുമായിരുന്ന മൂന്നു പേരും കാര്യമായിട്ടൊന്ന് അനങ്ങിയതു പോലുമില്ല. അത് ഏതു പോലീസിനെയാണു ചൊടിപ്പിക്കാത്തത്?
 
ഇപ്പോൾ നേരം പതിനൊന്നുമണി.
പോലീസ് സ്റ്റേഷനിൽ നിൽക്കുകയാണ്  ചെറുപ്പക്കാർ മൂന്നു പേരും. അങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ട്. പുറത്തു നിന്നും കയറി വന്ന എസ്.ഐ. കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ കഴുവേറട മക്കടെ പേരിലൊള്ള വകുപ്പുകൾ എന്തെല്ലാം എന്ന്  ചോദിച്ച് അഴിക്കടാ  ട്രൌസറ്” എന്നു പറയുന്നതു കേട്ട് മൂന്നു പേരും വിറച്ച നേരം, ആ നേരം കയറി വന്ന പോലീസുകാരൻ പറഞ്ഞു.
“ഈ കുട്ടികളെ സാറിനു മനസിലായില്ലെന്നു തോന്നുന്നു..? ”
എവിടെ നിന്നോ ഒരു പത്രം തപ്പിയെടുത്ത് അത്  എസ്.ഐക്കു  നേരേ നീട്ടി, അതിലെ ചിത്രത്തെ തൊട്ട് പോലീസുകാരൻ പറഞ്ഞു.
“ഈ മൂന്നു പേർ ഇവരാണു സാർ...”
 
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ സപ്ലിമെന്റായിരുന്നു അത്.  വിദേശത്തു നിന്നും എത്തിയ മൂന്നു യുവാക്കൾ നടത്തിയ കരുണ നിറഞ്ഞ ഒരു പ്രവൃത്തി ചിത്രങ്ങൾ സഹിതം അതിൽ വിസ്തരിച്ച്  കൊടുത്തിരുന്നു.
ബസ് സ്റ്റാന്റിൽ മേലാകെ വ്രണം പിടിച്ച് കിടന്നിരുന്ന ഒരാളെ‌-നാട്ടുകാരെല്ലാവരും അയാളെ കാലങ്കോഴി എന്നാണു വിളിച്ചിരുന്നത്- മൂന്നു പേരും ചേർന്ന് കുളിപ്പിച്ചെടുത്ത് മുറിവുകളിൽ മരുന്നുകളും, സുഗന്ധ വസ്തുക്കളും ലേപനം ചെയ്ത്  പുനരുദ്ധരിച്ചെടുത്ത കഥയായിരുന്നു അത്. അതിലൊരു ചെറുപ്പക്കാരന്റെ അപ്പന്റെ  മലമുകളിലെ റബർ തോട്ടത്തിലുള്ള ഒരു ചെറിയ വീട്ടിൽ രക്തവും ചലവും പുഴുക്കളും നിറഞ്ഞ അയാളെ താമസിപ്പിക്കുകയും ചെയ്തു..
 
 
ആ വാർത്ത കണ്ടാണ്   കരിയപ്പ, എറണാകുളത്തെ ഹോട്ടൽ പണി കളഞ്ഞ് അവരുടെ അടുത്തെത്തിയത്. പഠനത്തിൽ ഒന്നാമനായിരുന്നെങ്കിലും ഇടയ്ക്കു വെച്ചു പഠനം നിർത്തി പോരേണ്ടി വന്നവനാണു കരിയപ്പ. ഈ മൂന്നു ചെറുപ്പക്കാർ തുടങ്ങുന്ന കമ്പനിയിൽ തനിക്കൊരു പണി കിട്ടിയേക്കുമെന്ന് കരിയപ്പ വിചാരിച്ചിരിക്കണം. (പത്രത്തിൽ മൂന്നു പേരും ചേർന്നാരംഭിക്കുന്ന  സോഫ്റ്റ് വെയർ കമ്പനിയെക്കുറിച്ച്  സൂചനയുണ്ടായിരുന്നു)
 
അതുകൊണ്ടായിരിക്കണം, രോഗിയെ പരിചരിക്കുന്ന കാര്യത്തിൽ കരിയപ്പ കൂടുതൽ ശ്രദ്ധവെച്ചിരുന്നത്. കാലങ്കോഴിക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തത് കരിയപ്പയായിരുന്നു. കുളി, മരുന്നുപുരട്ടൽ, ഭക്ഷണം, പുഴുക്കളെ തോണ്ടിക്കളയൽ തുടങ്ങി എല്ലാം.
കാലങ്കോഴിയുടെ  ശരീരത്തിലെ വ്രണങ്ങളിലെ പുഴുക്കളുടെ എണ്ണവും വണ്ണവും കുറഞ്ഞിട്ടുണ്ടന്നേയുള്ളു. കരിവു തട്ടിത്തുടങ്ങാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും എന്നാണു വൈദ്യർ പറഞ്ഞത്. ചിലപ്പോളൊക്കെ വ്രണങ്ങളിൽ  നിന്നും ഒന്നോരണ്ടോ പുഴുക്കൾ വഴക്കിട്ടെന്നവണ്ണം താഴേക്കു പൊഴിഞ്ഞു വീഴും. പുഴുക്കളുടെ എണ്ണം കൂടുന്നു എന്നാണു കരിയപ്പയുടെ കണക്ക്.
 
എന്തായിപ്പള് മൂവർ സംഘത്തിന്റെ  വരവിന്റെ ഉദ്ദേശം? എസ്.ഐ.  ചോദിച്ചു.
മൂന്നുപേരും കൂടി പറഞ്ഞതിന്റെ പൊരുൾ ഇതാണ്.  
മൂന്നുപേരും ചേർന്ന് ഒരു ഗെയിം നിർമ്മിക്കാനാണു പദ്ധതി. തനി കേരളീയ പശ്ചാത്തലത്തിൽ. ഗെയിമിനു പറ്റിയ ഒരു തീം ഇതുവരെ കിട്ടിയിട്ടില്ല. ഗെയിം മാത്രമല്ല ഉദ്ദേശം. നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും എല്ലാം മറുനാടുകളിലെ കുട്ടികളിൽ, കുട്ടികളിൽ മാത്രമല്ല വലിയവരിലും എത്തിക്കുക എന്നതു കൂടിയാണ് ലക്ഷ്യം. എന്നാലും പ്രധാന ഉദ്ദേശം പണമുണ്ടാക്കൽ തന്നെ. 
എന്താ പേര്?. അത് ആദ്യം ചോദിക്കേണ്ടതായിരുന്നെന്ന് എസ്.ഐ. ക്ക് തോന്നി. ഇനിയവരെ നായിന്റെ മക്കളെന്നു വിളിക്കണ്ട.
സുധീഷ്, രതീഷ് , അനീഷ്
 
പേരുകൾ പറഞ്ഞു തീർന്നതും മുറിയുടെ മൂലയിൽ അൽപം ഇരുട്ട് കിടന്നിരുന്നിടത്തു നിന്ന് ഒരു ശബ്ദം ഉയർന്നു. ഒരുതവണയല്ല.. രണ്ടു തവണ.. 
“ഷ്..  ഷ്..” അതിനൊപ്പം ഒരു പെൺചിരിയുടെ പാതിയും കേട്ടു.
“എന്താടീ.. നായിന്റെ മോളേ... കഴുവേറട മോളേ..” ചിരി വന്നിടം  നോക്കി എസ്.ഐ ഒച്ചയിട്ടു. പിന്നെ അയാൾ അടുത്തുനിന്ന പോലീസുകാരനെ നോക്കി പറഞ്ഞു. “നായിന്റെ മോളടെ  ബുദ്ധി അപാരം തന്നെ..”
ഇരുട്ടിൽ നിന്നും വീണ്ടും “ഷ്” എന്ന ശബ്ദമുണ്ടായി.   
“കഴുവേറട മോടെ “ഷ്” ന്റെ അർഥം നിങ്ങക്കു പിടികിട്ടിയോ?” എസ്.ഐ ചോദിച്ചു.
ഇല്ലെന്ന് മൂന്നു പേരും തലയാട്ടി.
  “അതു കണ്ടുപിടിക്കാൻ കമ്പ്യൂട്ടർ ബുദ്ധി പോരാ... അസല് പോലീസ് ബുദ്ധി തന്നെ വേണം... അല്ലെങ്കിൽ കള്ളന്റെ ബുദ്ധി എങ്കിലും..
എസ്.ഐ. പറഞ്ഞു. “നിങ്ങൾക്ക് അവൾ ഒരു പേരിട്ടിരിക്കുന്നു..  ഇഷ് ... ഇഷ് ഗാങ്ങ്..”
           
അതു കേട്ട നേരം മൂന്നു പേരും പരസ്പരം നോക്കി. നാലഞ്ചു വർഷം ഒരുമിച്ച് ഒന്നു ചേർന്ന് പഠിച്ചിട്ടും ആരും കണ്ടെത്താത്ത  ഒരു ബന്ധമായിരുന്നു അത്.
അനീഷ് സുധീഷിനോട് പറഞ്ഞു. “നൈസ് നെയിം.. അല്ലേ..?”
രതീഷ് പറഞ്ഞു. “നല്ല പേരു തന്നെ.. ഏറ്റവും നല്ല പേരു തന്നെ.. എനിക്കിഷ്ടപ്പെട്ടു...” സുധീഷിനും ആ പേർ ഇഷ്ടപ്പെട്ടു.
സോഫ്റ്റ് വെയർ കമ്പനി തുടങ്ങണമെന്ന്  തോന്നിയ കാലം മുതൽ ഒരു പേരിനു വേണ്ടി അന്വേഷിച്ചു നടക്കുകയാണ്. ഇപ്പോളിതാ ഒട്ടും വിചാരിക്കാത്തൊരു നേരത്ത് ഒരു പേര് വീണുകിട്ടിയിരിക്കുന്നു..
ഷ് ഗാംങ്ങ്..
 
മൂലയിൽ  ഇരുളു നീങ്ങി വെട്ടം തെളിഞ്ഞു.. ആദ്യം കണ്ണിൽ പെട്ടത് “ഇവരെ സൂക്ഷിക്കുക “ എന്ന വലിയൊരു  ഫ്ലക്സ് ബോർഡാണ്. അതിനു  താഴെ അത്ര തെളിയാത്ത ഒരു രൂപം.. എസ്.ഐ. കഴുവേറട മകൾ, നായിന്റെ മോൾ എന്നിങ്ങനെ വിളിക്കാതിരുന്നെങ്കിൽ അത് ഒരു പെണ്ണാണെന്ന് അത്ര പെട്ടെന്ന് തിരിച്ചറിയുമായിരുന്നില്ല. ഒറ്റ നോട്ടത്തിൽ അവളുടെ മുഖം ആണിന്റേതു പോലെ തോന്നിച്ചു.
“കള്ളിയങ്കാട്ടു വാസന്തി..” എസ്.ഐ പരിചയപ്പെടുത്തി.
ഊമയാണ്. ചില ശബ്ദങ്ങൾ ഉണ്ടാക്കും..  അത്ര തന്നെ. പ്ലാസ്റ്റിക്ക് പെറൂക്കിയാണു ജീവിക്കുന്നത്.   തരം കിട്ടിയാൽ പോക്കറ്റടിക്കും.. അത് നേരേ ചൊവ്വെ ചെയ്യാനും അറിയില്ല.. മിക്കവാറും ആൾക്കാരു തന്നെ പിടിക്കും.  പെടയ്ക്കും..ഞങ്ങക്കും പണിയാകും. പിടിച്ചു കഴിഞ്ഞാ ഇവടെ ഒരു ദിവസം ഇരുത്തും അത്രതന്നെ... അറിയാൻ വയ്യാണ്ടെന്തിനാ പോക്കറ്റടീക്കണേന്നു ചോദിച്ചാല് ആ പണി  പഠിക്കുവാന്ന് പറയും.. പെണ്ണാണേലും ഒരു പെണ്ണിനു പറ്റിയ പണി ഇന്നേവരെ അവളു നോക്കീട്ടില്ല. പത്തുകാശൊണ്ടാക്കണ പണി.. ഇവടെ എല്ലാവരും അവളെ ഉപദേശിച്ചിട്ടുണ്ട്.. ആയ കാലത്ത് പത്തുകാശൊണ്ടാക്കാൻ.. അതിനു പറ്റിയ തടിമിടുക്കം അവക്കൊണ്ടായിരുന്നു.. ഒരൊറ്റ രാത്രിക്ക് പത്തും അഞ്ഞൂറും  വരെ വിലയിട്ട ഒരു കാലമൊണ്ടായിരുന്നു അവക്ക്...
 
എസ്.ഐ. അവൾക്കു നേരേ തിരിഞ്ഞു.” എന്നാലും കാലം പറ്റയങ്ങു പോയിട്ടില്ല.. കൊറച്ച് ഹോർലിക്സോ ബോൺവിറ്റയോ പിണ്ണാക്കോ ഒക്കെ  കലക്കി കഴിച്ചാ മൊഴച്ചും പൊന്തീം  വരാനുള്ളതേ ഒള്ളു എല്ലാം...”
ഒത്ത ഒരു പെണ്ണായിരുന്നിട്ടും ഒരൊറ്റ രാത്രിക്ക് മാത്രം അഞ്ഞൂറു രൂപ വാടക പറഞ്ഞിട്ടും എന്തുകൊണ്ടാണു കള്ളിയങ്കാട്ടു വാസന്തി അതിൽ നിന്നെല്ലാം മാറി  ഒട്ടും വശമില്ലാത്ത പോക്കറ്റടി മാ‍ത്രം ഉപജീവനമാർഗമാക്കിയത്. ?
 
അക്കഥയും പറഞ്ഞു, എസ്.ഐ.
പതിനഞ്ചാം വയസിൽ തഞ്ചാവൂരിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയതാണ് കള്ളിയങ്കാട്ടു വാസന്തി. കുറച്ചു കഴിഞ്ഞപ്പോൾ അവനെ കാണാതായി.  അവൾ ഇപ്പോഴും കാത്തിരിക്കുകയാണ്. അവൻ തിരിച്ചു വരും...രണ്ടു പേരും കൂടി തഞ്ചാവൂരിലേക്കു തിരിച്ചു പോകും.. 
എസ്.ഐ. ചിരിച്ചു. പതിവ്രത.
“വടകരക്കാരൻ ഒരു നമ്പ്യാര്, പാറശാലക്കാരനൊരു നാടാര്, തുടങ്ങിയ എസ്.ഐ മാർമുതൽ ഒരു  എസ്.പി.വരെ  എന്റെ അറിവില് സില്ലു പറഞ്ഞ കേസാ അവള്.. അവളെ ഈ ഭൂമി മലയാളത്തില് ആർക്കും തോൽപ്പിക്കാൻ കഴിയില്ല.. നല്ലെണ്ണയിൽ മുക്കിയെടുത്ത മനഞ്ഞിലാ  അവള്.. വഴുതിപ്പോകും.. ശക്തി ജയിക്കാത്തിടത്തവള് ബുദ്ധി പ്രയോഗിക്കും....കളരിയും ചൂണ്ടു മർമ്മവും പഠിച്ച നമ്പ്യാരെ അവളു തോൽപ്പിച്ചത് ബുദ്ധികൊണ്ടാ...  നാണം കെട്ട് നമ്പ്യാർ സ്ഥലമാറ്റം വാങ്ങിപ്പോയി....”
 
എസ്.ഐ അവൾക്കരികിലെ “ഇവരെ സൂക്ഷിക്കുക”യിലേക്കു വിരൽ ചൂണ്ടി. “ആ അമ്പത്തിയാറെണ്ണത്തിൽ നിന്ന് അമ്പത്തിയാറ് നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾ അവളെ കണ്ടെത്തണം.. കലുങ്കിൽ അസമയത്ത് ഇരുന്നതിന് നിങ്ങൾക്കുള്ള ശിക്ഷയാണത്...”
അതത്ര എളുപ്പമല്ല.. അതിൽ തലമൊട്ടയടിച്ച ഒന്നു പോലുമില്ല.
 പരാജയം സമ്മതിച്ചപ്പോൾ  എസ്.ഐ ബാറ്റൺ കൊണ്ട് ഒരു ചിത്രത്തിൽ തൊട്ടു പറഞ്ഞു.
“ഇതാ.. ഇവള്... മോണാലിസ.. കള്ളിയങ്കാട്ടു വാസന്തി..”
ചിത്രത്തിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്ണ്.. അതിനു താഴെ ഇരിക്കുന്ന വാസന്തിക്ക് ആ ചിത്രവുമായി ഒരു ചേർച്ചയുമില്ലായിരുന്നു.
നിങ്ങള് കമ്പ്യൂട്ടറ് വല്ലാണ്ട് പഠിച്ചപിള്ളേരല്ലേ... ആദ്യം മുട്ടറ്റം മുടി അവക്കങ്ങ് വെച്ചു പിടിപ്പിക്ക്... എന്നിട്ട് മുഖത്ത് കൊറച്ചു കളറ് കൊടുക്ക്... പിന്നെ ഒരു മാറ് കനകാംബരം.. അരമാറ് മുല്ലപ്പൂ... പിന്നെ കവിളിലൊരു പൊട്ട്... മുറുക്കില്ലെങ്കിലും ചൊമന്ന ചുണ്ട്.
 
ഇതെല്ലാം അണിയിച്ചിട്ടും അവൾക്ക് ഫോട്ടോയുമായി ഒരു സാമ്യവും കണ്ടില്ല.
”അവളെ കണ്ട് ആരും ഭ്രമിക്കാതിരിക്കാൻ അവളുതന്നെ ചെയ്ത പണിയാ മൊട്ടയടിക്കലും എല്ലാം...പട്ടിണി കെടന്ന് മേദസ് കൊറച്ചു..” എസ്.ഐ. ഗൗരവപ്പെട്ടു. “ഇപ്പളും ഒരു രണ്ടു വാസന സോപ്പിട്ട് കുളിപ്പിച്ചെടുത്താൽ ഒരു മൂന്നാലു വെടിക്കുള്ള കരിമരുന്ന് അവടെ മേത്തു കാണും ഉറപ്പാ...” പെട്ടെന്നയാൾ നിരാശപ്പെടുകയും ചെയ്തു.” അതിനു കഴുവേറട മോളൊന്നു സമ്മതിച്ചു കിട്ടണ്ടേ...?”
എസ്. ഐ. ഒന്നു നിർത്തി  ഷ് ഗാംങ്ങിനെ നോക്കി.
 “ഇതിലൊരു ഗെയിമിനുള്ള സാധ്യതയില്ലേ....? 
അയാൾ പതിവായി കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചു ഒഴിവുനേരങ്ങൾ ആസ്വദിക്കുന്ന ആളാണെന്ന് അഭിമാനത്തോടെ പറഞ്ഞു.
“ആലോചിച്ച് നോക്ക്... എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർത്ത് അതൊരു ഗെയിമാക്കാൻ പറ്റില്ലേ...?  കള്ളിയങ്കാട്ടു വാസന്തിയെ തോൽപ്പിക്കുന്ന ഒരു കളി.. ചെറുപ്പക്കാർക്കും വയസന്മാരും അതിൽ ഹരം പിടിക്കും.. കേരളീയ ചുറ്റുപാടുള്ള ഒരു നല്ല പേരും കൊടുക്കാം..
 
കള്ളിയങ്കാട്ടു വാസന്തി..
കരിയപ്പയുമായി ആലോചിക്കണം. ഒരു ഗെയിം ഡിസൈൻ ചെയ്യാൻ തങ്ങളേക്കാൾ ഏറെ മുന്നിലാണ് കരിയപ്പയെന്ന് അവർക്ക് കഴിഞ്ഞ അഞ്ചെട്ടു ദിവസങ്ങൾ കൊണ്ട് മനസിലായിരുന്നു.
പിറ്റേന്ന്  സന്ധ്യ കഴിഞ്ഞ നേരം. മൂന്നു പേരും കലുങ്കിൽ ഇരിക്കുകയാണ്. ഇന്നും കരിയപ്പ അവരോടൊപ്പം വന്നില്ല. കാലങ്കോഴിക്ക് രാവിലെ മുതൽ അസ്വസ്ഥത കൂടിയിരുന്നു. രോഗിക്കല്ല കാലങ്കോഴിയുടെ കാലിലെ വ്രണങ്ങളിലെ പുഴുക്കൾക്കാണ് അസ്വസ്ഥത എന്നു വൈദ്യർ പറഞ്ഞു. മരുന്നു ഫലിക്കുന്ന ലക്ഷണമാണ്. മുറിവുകൾ  വിട്ട് പുഴുക്കൾ പുറത്തേക്കു വീഴാൻ തുടങ്ങുന്നു. വ്രണം ഭേദപ്പെടാനുള്ള സൂചനകളാണെന്ന് വൈദ്യർ പറഞ്ഞു. എന്നാലും പാമ്പു ചത്തുചീഞ്ഞ മണം അയാളിൽ നിന്നും പുറത്തുവരുന്നുണ്ട്. അതോർക്കുമ്പോൾ തന്നെ മൂക്കു ചുളിയും. കരിയപ്പ വന്നതു നന്നായി. തമിഴന് പാമ്പു ചത്തു ചീഞ്ഞ മണം പ്രശ്നമല്ല. 
 
അവൻ വന്നിരുന്നില്ലെങ്കിൽ എപ്പോഴേ അവർ അയാളെ അകലെയെങ്ങാനും കൊണ്ടുപോയി  തട്ടുമായിരുന്നു. പത്രത്തിൽ വാർത്ത വന്നത് പൊല്ലാപ്പായി. പട്ടാള റം ആവശ്യത്തിലധികം കുടിച്ച ഒരു രാത്രിയിൽ പെട്ടെന്നു തോന്നിയ ഒരു തോന്നലായിരുന്നു അത്. അന്ന് പട്ടാളക്കാരന്റെ വീട്ടിലിരുന്നാണ് കുടിച്ചത്. മദ്യം അധികമാകുന്നു എന്നു കണ്ട് മിലട്ടറിക്കാരൻ ഉപദേശിച്ചു. മദ്യം അധികമായാൽ നമ്മുടെ മനസിൽ വേണ്ടാത്ത ചിന്തകളുണ്ടാകും. അതല്ലെന്നു തെളിയിക്കാനാണ് കാലങ്കോഴിയെ കുളിപ്പിച്ചെടുത്തത്. ആരാണു കുളിപ്പിച്ചതെന്നു പോലും ഓർമ്മയില്ല. ബോധം വീണു കഴിഞ്ഞപ്പോൾ മൂന്നു പേരും പറഞ്ഞു. അതു ഞാനല്ല.. നീയോ മറ്റവനോ ആയിരിക്കും.
തെല്ലു കഴിഞ്ഞപ്പോൾ  ആ വഴി കള്ളിയങ്കാട്ടു വാസന്തി വന്നു.
 “ഷ്” അവൾ ശബ്ദമുണ്ടാക്കി പരിചയം നടിച്ച് അരികിലെത്തി.
കൊച്ചു കൊച്ചു വർത്തമാനങ്ങൾക്കിടയിൽ   സുധീഷ് അവളെ മുല്ലപ്പൂ അണിയിക്കുകയും ചുണ്ടിൽ ചുവപ്പ് ചേർക്കുകയും ചെയ്തു. രതീഷ് അവൾക്ക് മുട്ടോളമെത്തുന്ന മുടി ചേർക്കുകയും പട്ടുചേലകൾ ഉടുപ്പിക്കുകയും ചെയ്തു. അനീഷ് അവളുടെ മുടിയിൽ കനകാംബരം അണിയിക്കുകയും സുഗന്ധ ലേപനങ്ങൾ പുരട്ടുകയും ചെയ്തു. അവൾ മോണാലിസയുടെ പാതി പുഞ്ചിരി ചുണ്ടിൽ ചേർത്തു.
കുഴപ്പമില്ല.. അവൾ കള്ളിയങ്കാട്ടു വാസന്തി തന്നെ.. ആരേയും ഭ്രമിപ്പിക്കുന്നവൾ.. കരിമ്പനയുടെ മുകളിലേക്ക് വലിച്ചു കയറ്റുന്നവൾ..
കൈ വീശിയാത്ര പറഞ്ഞ് അവൾ പോയി.
          
മിലട്ടറി റം വാങ്ങി  പട്ടാളക്കാരനു കാശുകൊടൂക്കാൻ ഒരുങ്ങിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അനീഷ് അറിയുന്നത്. മറ്റു രണ്ടു പേരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരിക്കുന്നു.
“നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം,” അനീഷ് പറഞ്ഞു. 
തലേന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് എസ് .ഐ. പറഞ്ഞത് ഓർത്തു. പോക്കറ്റടിയിൽ അവൾക്ക് ഒരു കഴിവുമില്ല.. എപ്പോഴും പരാജയപ്പെടും... തൊണ്ണൂറ്റി ഒമ്പതേമുക്കാൽ ശതമാനവും  പിടിക്കപ്പെടും. ഇനി അവളു വിജയിച്ചാലോ അത്  ലോകമണ്ടമ്മാരാന്ന് ഉറപ്പാ...”
പട്ടാളക്കാരനും ചിരിച്ചു. “അവൾ ആദ്യമായിട്ടായിരിക്കും പോക്കറ്റടിയിൽ വിജയിക്കുന്നത്.. നിങ്ങളിത്ര മണ്ടമ്മാരുകുമെന്ന് ഞാൻ കരുതിയില്ല”.                 
സ്റ്റാർട്ടാക്കിയ ബൈക്ക് ഒന്നുറൈസാക്കി, പെട്ടെന്നു തന്നെ നിർത്തി ഉറച്ച ശബ്ദത്തിൽ സുധീഷ് പറഞ്ഞു.
 “നമ്മൾ  പകരം വീട്ടുകയാണ് വേണ്ടത്. നമ്മുടെ പോക്കറ്റടിച്ചെന്നു കേട്ടാൽ എസ്.ഐ തല തല്ലി  ചിരിക്കും...” 
“ഒരു പക്ഷേ അവൾ ഏറ്റവും സമർഥമായി പോക്കറ്റടിച്ചത് നമ്മളെ ആയിരിക്കും.. ആദ്യമായി അവൾ വിജയിച്ചത് നമ്മുടെ അടുത്തായിരിക്കും.. അതും നമ്മൾ മാത്രമുള്ള ഒരിടത്തു വെച്ച്. അതൊരു കടുത്ത നാണക്കേടാണ്..” രതീഷ് പറഞ്ഞു.
 ‘എങ്ങനെയാണു പകരം വീട്ടുക?” 
 “വളരെ സിമ്പിൾ.....കള്ളിയങ്കാട്ടു വാസന്തിയെ പരാജയപ്പെടുത്തുക.. അല്ലാതെന്ത്? എസ്.ഐയുടെ ചലഞ്ച് ഏറ്റെടുത്താലോ?. നാടാരും നമ്പ്യാരും തോറ്റിടത്ത് ഷ് ഗാംങ്ങ് ജയിക്കുന്നു...? വീ കാൻ.. വീ കാൻ വിൻ...”
 
അതങ്ങനെ തന്നെയാണു വേണ്ടതെന്ന് ഷ് ഗാംങ്ങ് തീരുമാനത്തിലെത്തി.
കള്ളിയങ്കാട്ടു വാസന്തി ആ നേരം അവിടെ പ്രത്യക്ഷപ്പെട്ടു. ബ്ലൗസിനുള്ളിൽ കൈയിട്ട് അവൾ മൂന്ന് പേഴ്സുകൾ  എടുത്ത് അവരുടെ നേരേ നീട്ടി. കൈകളിൽ അവൾ സംസാരിച്ചത്  ഇത് കൈയിൽ വെച്ചോളൂ എന്നായിരിക്കാം.
ആ നേരം ലോകത്താകമാനമുള്ള കമ്പ്യൂട്ടറുകളേയും കമ്പ്യൂട്ടർ ജീനിയസുകളേയും അവൾ അവളുടെ പാതി മോണോലിസ മന്ദഹാസത്താൽ  അപമാനിക്കുന്നതായി മൂന്നുപേർക്കും അനുഭവപ്പെട്ടു.
 
പഴയ മലയാള സിനിമകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അവർ ധാരാളം കണ്ടിരുന്നതിനാൽ (നാ‍ടിന്റെ പഴയകാലങ്ങൾ അറിയാൻ അതാണു നല്ലതെന്ന് ആരോ  അവരെ ഉപദേശിച്ചിരുന്നു) ഒരു ബലാത്സംഗം വിജയകരമായി നടത്താൻ അവർക്കു കഴിയുമെന്നുറപ്പാണ്. അങ്ങനെയൊരു സിനിമയിലെ പശ്ചാത്തലവും അവിടെ ആ നേരം ഉണ്ടായി. തോടിന്റെ കര. ആളനക്കം കുറവ്.  കള്ളിയങ്കാട്ടു വാസന്തി അവിടെ കുളിക്കാനിറങ്ങുകയാണ്. ഒരൊറ്റ വലിക്ക് തോട്ടിൻ കരയിലെ കൊങ്കിണികളും പുല്ലാന്തികളും കാടുപിടിച്ചു കിടക്കുന്നിടത്തേക്ക് എത്തിക്കാം. പോരെങ്കിൽ  കള്ളിയങ്കാട്ടു വാസന്തി ഊമയുമാണല്ലോ?
 
പെട്ടെന്നു തന്നെ ഒരു ബലാത്സഗം ഡിസൈൻ ചെയ്തു.
മദ്യക്കുപ്പി തുറന്ന് ഒന്നു രണ്ടു കവിൾ വീതം അകത്താക്കി  ഒന്നാമൻ വാസന്തിയിൽ ഓടിക്കയറി പഴയ സിനിമയെ അനുകരിച്ച്  അവളെ വലിച്ചു കീറാൻ പുറപ്പെട്ടു. പുറപ്പെട്ടു എന്നേ പറയാൻ കഴിയൂ... അപ്പോഴേക്കും കള്ളിയങ്കാട്ടു വാസന്തി  പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയായി മാറി.
അവളുടെ കൈയിൽ പരിചയും വാളും ഉറുമിയും പുളഞ്ഞു. ഒന്നാമന്  അവളുടെ അരികിലെത്താനേ കഴിഞ്ഞൊള്ളു. രണ്ടാമന് അടുത്തെത്തിയപ്പോഴേക്കും കാഴ്ച്ചകൾ നഷ്ടപ്പെട്ടു.   മൂന്നാമന് എല്ലാം അവസാനിച്ചെന്നൊരു തോന്നലിൽ വാസന്തിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല.  അങ്കം ജയിച്ച ഉണ്ണിയാർച്ച പാറപ്പുറത്തിരുന്ന് വിയർപ്പാ‍റ്റി. 
 
എന്നാൽ പരാജയപ്പെട്ട ചെറുപ്പക്കാരോ, അങ്കത്തളർച്ചയിൽ  അവളൊന്നു മയങ്ങിപ്പോയ നേരത്ത്, അവളുടെ തലയിൽ ആഞ്ഞടിച്ചു. അവൾ ബോധം കെട്ടെന്നു തോന്നിയ നേരത്ത് ഒന്നാമൻ അവളെ സമീപിച്ച്, വസ്താക്ഷേപത്തിനു തുടക്കമിട്ടെങ്കിലും അർധബോധത്തിലും അവൾ ഒന്നാമനെ തട്ടിയെറിഞ്ഞു. രണ്ടാമനും മൂന്നാമനും അങ്ങനെ തന്നെ സംഭവിച്ചു.  എന്നാലും, വീണ്ടുമൊരു ശ്രമത്തിൽ അവളുടെ പാതിത്തുണിയെങ്കിലും തോട്ടിലൂടെ ഒഴുകിപ്പോയിരിക്കണം.
 
അവർ കലുങ്കിലേക്കു വന്നിരുന്നു. പോലീസ് ജീപ്പ് ഇറക്കമിറങ്ങി വന്ന് അവർക്കരികെ നിന്നു.എസ്.ഐ. പുറത്തേക്ക് തലയിട്ടു  ചോദിച്ചു.   ഗെയിം എവിടം വരെയെത്തി ബ്രോ..? ഗെയിം എന്തായാലും പേര് കള്ളിയങ്കാട്ടു വാസന്തി എന്നു തന്നെ കൊടുക്കണം. എന്റെ ഒരു ടച്ച് അതിൽ വേണം..
മറുപടിക്കു കാക്കാതെ ജീപ്പ് മുന്നോട്ടെടുത്തു പെട്ടെന്നു തന്നെ വണ്ടി  നിർത്തി . ജീപ്പ് പുറകോട്ട് വന്ന് അവരുടെ അടുത്തെത്തി.എസ്.ഐ. ചിരിച്ചു.
 “എന്റെ അനുഭവം വെച്ചു പറയുകയാണെങ്കിൽ ഒരാൾക്കു തന്നെ കളിക്കാൻ പറ്റുന്ന ഗെയിമിനേക്കാൾ സംഘം ചേർന്നുള്ള കളികളിലാണ് എല്ലാവർക്കും താല്പര്യം...  സംഘം ചേർന്ന്  എതിരാളിയെ തോൽപ്പിക്കുക... പണ്ട് കാട്ടിൽ  സംഘം ചേർന്നു വേട്ടയാടിയ നമ്മുടെയൊക്കെ  ചോര തീരെ ഇല്ലാതായിട്ടില്ല.... അത് പെട്ടെന്ന് ചൂടാവുകയും ചെയ്യും.. ബ്രോ.. അങ്ങനെ ഒരെണ്ണം ആലോചിക്ക്...”
 
കരിയപ്പാ... അനീഷ് മൊബൈലിൽ കരിയപ്പയെ  വിളിച്ചു. ഉടനെ വരണം. അത്യാവശ്യമാണ്.
കരിയപ്പ അപ്പോൾ കാലങ്കോഴിയിൽ നിന്നും പൊഴിഞ്ഞു കൊണ്ടിരുന്ന  പുഴുക്കളെ ഒന്നൊന്നായി തട്ടി താഴെയിട്ട് വ്രണങ്ങളിൽ മരുന്നു പുരട്ടുകയായിരുന്നു. എങ്കിലും അവന്റെ മനസു നിറയെ കള്ളിയങ്കാട്ടു വാസന്തിയെ കേന്ദ്രമാക്കി ഒരു ഗെയിം നിർമ്മിക്കുന്നതിനെക്കുറിച്ചായിരുന്നു... അതു കൊണ്ടായിരിക്കണം പുഴുനടപ്പുകളിലും പാമ്പു ചത്തു ചീഞ്ഞ മണത്തിലും  അവനൊട്ടും അറപ്പുതോന്നാതിരുന്നത്.
രണ്ടാമത്തെ വിളിക്ക് കരിയപ്പ അവരുടെ അടുത്തെത്തി. തോട്ടിൻ കരയിൽ എത്തിയപ്പോഴാണ് നിലാവിന്റെ നിഴലിൽ  മയങ്ങിക്കിടക്കുന്ന കള്ളിയങ്കാട്ടു വാസന്തിയെ  അവൻ കണ്ടത്...
 
അനീഷ് വളരെ വേഗത്തിൽ രൂപകൽപ്പന ചെയ്ത ഗെയ്മിനെ കുറിച്ച്  എല്ലാവരോടുമായി പറഞ്ഞു.
ഒന്നാമൻ വാസന്തിയുടെ ഇടം കൈ അമർത്തിപ്പിടിക്കുന്നു. രണ്ടാമൻ അവളുടെ വലം കൈ അമർത്തിപ്പിടിക്കുന്നു. മൂന്നാമൻ അവളുടെ ഇടം കാൽ മുറുകെ പിടിക്കണം.. നാലാമൻ  വാസന്തിയുടെ വലം കാൽ മുറുകെ പിടിക്കണം..
“എന്നിട്ട്? കരിയപ്പ  ചിരിച്ചു.
ചോദ്യത്തിന്റെയും ചിരിയുടേയും അർഥം അവർക്കു മനസിലായില്ല.
“ഒരാൾ കൂടി വേണ്ടേ സാർ..? ഒരഞ്ചാമൻ...?” കരിയപ്പ ചോദിച്ചു. അല്ലാ‍തെ അവളെ തോൽപ്പിക്കുന്നതെങ്ങനെ..?
ഈ തമിഴന്റെ ബുദ്ധി എത്ര പെട്ടെന്നാണു പ്രവർത്തിക്കുന്നത്?
പെട്ടെന്നു തന്നെ അനീഷ് പറഞ്ഞു.”യെസ്.... കാലങ്കോഴി.. കാലങ്കോഴി ഈസ് ദ ഫിഫ് ത് യംഗ് മാൻ...”
            
കാലങ്കോഴിയെന്നു കേട്ട് അർദ്ധബോധത്തിൽ കിടന്ന വാസന്തി ബോധത്തിലേക്കു കയറാൻ ആഞ്ഞൊന്നു പിടഞ്ഞു. ആ പിടച്ചിലിൽ അവൾ വായ് മൂന്നാലു വട്ടം തുറന്നപ്പോൾ  അനീഷ് കുപ്പിയിലുണ്ടായിരുന്ന മദ്യം അവളുടെ വായിലേക്ക്  ഒഴിച്ചു. വാസന്തി വീണ്ടും പിടഞ്ഞു. 
മദ്യം തലച്ചോറിലൂടെ ഒഴുകട്ടെ... ചിലപ്പോൾ കാലങ്കോഴിയുടെ ആവശ്യമുണ്ടാകില്ല.
 
മൂന്നാമൻ വാസന്തിയുടെ ഇടതുകാൽ ആണിയടിച്ചപോലെ മുറുകെ പിടിച്ചു. രണ്ടാമൻ വാസന്തിയുടെ വലതു കാലിൽ ആണിയടിച്ചു. കരിയപ്പയോട് അവളുടെ കൈകൾ രണ്ടും ഭൂമിയോട് ചേർത്തു പിടിക്കാൻ ആവശ്യപ്പെട്ടു. കൂട്ടത്തിൽ ഏറ്റവും ശക്തിയുള്ളത് അവനായിരുന്നു.
കരിയപ്പ അവളുടെ കൈകൾ ചേർത്തു പിടിക്കാൻ തുടങ്ങിയപ്പോൾ കള്ളിയങ്കാട്ടു വാസന്തി വേവലാതിപ്പെട്ടും വിറകൊണ്ടും കൈകളിൽ എന്തോ ആംഗ്യങ്ങൾ കാണിച്ചു.   അതുകണ്ട്  ഒരു ഞെട്ടലോടെ കരിയപ്പ പെട്ടെന്നു പുറകോട്ടു മാറി.
 
കരിയപ്പ ഭയപ്പെട്ടതു കണ്ട് കാലുകളിൽ അടിച്ച ഇരുമ്പാണികൾ അയഞ്ഞു. മൂന്നു പേരും കരിയപ്പയെ നോക്കി.
വീണ്ടും വാസന്തി ആംഗ്യങ്ങൾ കൊണ്ടു സംസാരിക്കുന്നു. വളരെ തളർന്ന ഭാവത്തിലായിരുന്നു അത്. ഒടുവിൽ അവൾ കൈകൾ കൂപ്പി. അവളുടെ ചുണ്ടും തൊഴുകൈ പോലെ കൂമ്പി.
“എന്താണവൾ പറഞ്ഞത്...?” മൂന്നു പേരും കരിയപ്പയെ നോക്കി.
കരിയപ്പ പറഞ്ഞു.” സാർ.. അവൾക്ക് പൈത്യം സാർ.. അവൾക്ക് പീരിയഡാണെന്ന്...  അല്ലെങ്കിൽ അവൾക്കെന്തോ ലൈംഗികരോഗമുണ്ടായിരിക്കും.. എനിക്കത് അത്ര വായിച്ചെടുക്കാൻ കഴിഞ്ഞില്ല..”
വീണ്ടും അവളുടെ തളർന്ന കൈകൾ എന്തോ പറഞ്ഞു.
“അതെ... അവൾ അങ്ങനെതന്നെയാണു പറഞ്ഞത്...” കരിയപ്പ അവളുടെ കൈവിരലിൽ നിന്നും ശ്രദ്ധാപൂർവം വായിച്ചെടുത്തു.
പിടി വിട്ടു. അവളൊന്നു പിടഞ്ഞു.
 “അത് നിനക്കെങ്ങനെയാണു മനസിലായത്...?
 “എന്റെ അനിയത്തി ഒരൂമയായിരുന്നു.. അതുകൊണ്ട് ആംഗ്യഭാഷ കുറച്ചൊക്കെ എനിക്കു മനസിലാകും... എന്റെ അനിയത്തി അവളുടെ അസുഖത്തേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയെല്ലാമായിരുന്നു...”
“നിന്റെ പെങ്ങൾക്ക് അതിന് ലൈംഗിക രോഗമായിരുന്നോ...?”  അനീഷ് ചോദിച്ചു.
‘അല്ലായിരുന്നു... പക്ഷേ വാസന്തി പറഞ്ഞത് അങ്ങനെയെന്ന് ഊഹിച്ചെടുക്കാൻ  എനിക്കു കഴിയും...”
മൂന്നു പേരും തളർന്നിരുന്നു. തെല്ലുകഴിഞ്ഞ്   രതീഷ്  ചോദിച്ചു.
“കാലങ്കോഴിയുടെ  ഇന്നത്തെ സ്ഥിതി എങ്ങനെയാണ്..?
“പുഴുക്കളുടെ എണ്ണം  കൂടുന്നു... വൈദ്യരുടെ മരുന്ന് അവ ആസ്വദിക്കുകയാണെന്നു തോന്നുന്നു..” കരിയപ്പ പറഞ്ഞു. പാമ്പ് ചത്ത മണം അയാളിൽ കൂടുന്നേയുള്ളു. “ഇന്ന് നല്ല വിശപ്പുണ്ടെന്നു പറഞ്ഞു... ഇറച്ചി തിന്നാൻ കൊതിയുണ്ടെന്നു പറഞ്ഞു. പക്ഷേ അധികഭക്ഷണം കൊടുക്കേണ്ടെന്നാണു വൈദ്യർ പറഞ്ഞിരിക്കുന്നത്...”
                 
രതീഷ് പറഞ്ഞു. “ അനീഷ് .. നീ പോയി വേഗം കാലങ്കോഴിയെ കൂട്ടി വാ... അയാൾ ഇന്നെങ്കിലും നല്ല ഭക്ഷണം കഴിക്കട്ടെ.. കാലങ്കോഴി അയാളുടെ കൊതി തീർക്കട്ടെ..” 
അനീഷ്  ബൈക്കെടുത്ത് മല മുകളിലേക്ക് പാഞ്ഞു.       
 
ഒരു ശവശരീരത്തെ എന്ന പോലെ കള്ളിയങ്കാട്ടു വാസന്തിയെ നാലു പേരും ചേർന്ന് കാലങ്കോഴിയുടെ മുമ്പിൽ പാറപ്പുറത്ത് ഇറക്കി വെച്ചു. അപ്പോൾ തല തകർന്ന പാമ്പിന്റെ വാൽ പോലെ  വാസന്തി ഇടയ്ക്കിടെ ഇളകുന്നുണ്ടായിരുന്നു.  തന്റെ മുമ്പിൽ നഗ്നയായി കിടക്കുന്ന ഒരു പെണ്ണിനെ കണ്ട് കാലങ്കോഴി ഞെട്ടി. അയാൾ തന്റെ ജീവിതത്തിൽ അങ്ങനെയൊരു കാഴ്ച്ച അതുവരെ കണ്ടിട്ടേയില്ലായിരുന്നു. അത് മനോഹരമായ കാഴ്ച്ചയായി അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങി.
 
അയാൾ കാലങ്കോഴിയുടേതു പോലെ ഒരു ശബ്ദമുണ്ടാക്കി.  അയാൾക്ക് വിശക്കുന്ന നേരത്തോ ശരീരത്തിൽ പുഴുക്കളുടെ അരിക്കൽ കൂടുമ്പോഴോ ആയിരുന്നു അങ്ങനെ അയാൾ കൂവിയിരുന്നത്. അതുകൊണ്ടായിരുന്നു അയാൾക്ക് കാലങ്കോഴി എന്ന പേർ വന്നത്.
കാലങ്കോഴീ... വേണ്ടുവോളം തിന്ന്... വയർനിറച്ച്…മുഴുക്കെ...  ഒട്ടും ബാക്കിവെക്കാതെ..    കാലങ്കോഴിയുടെ ദേഹം വേനലിലെ കടൽ പോലെ ചൂടുപിടിച്ചു. അലകൾ ഉലഞ്ഞാടി. എത്രകാലമായി സുഖമായി എന്തെങ്കിലും തിന്നിട്ട്.. ആ ചൂടിലും ഉലച്ചിലിലും അയാളുടെ വൃണങ്ങളിൽ വസിക്കാനാവാതെ പുറത്തേക്കു ചാടിയ പുഴുക്കൾ കള്ളിയങ്കാട്ടു വാസന്തിയുടെ അടുത്തേക്ക് പുളഞ്ഞു. 
“കള്ളിയങ്കാട്ടു വാസന്തി.....” സുധീഷ് വാസന്തിയെ വിളിച്ചു. “നിന്റെ തഞ്ചാവൂർ രാമനാഥൻ ഇതാ വന്നിരിക്കുന്നു... കണ്ണു തുറക്ക്...”
 
കള്ളിയങ്കാട്ടു വാസന്തി ഒന്നു ഞരങ്ങി. കണ്ണു തുറക്കാൻ ശ്രമിച്ചു.അവളുടെ ചുണ്ടുകൾ വിറകൊണ്ടത് രാമനാഥൻ എന്നായിരുന്നോ? തഞ്ചാവൂരിലെ രാമനാ‍ഥൻ അവളുടെ മനസിലിപ്പോൾ നിറയുന്നുണ്ടായിരിക്കണം.. ചുണ്ടിൽ ഒരു പുഞ്ചിരിപ്പാതി വന്നു പോയി.
കാലങ്കോഴീ.... കാലങ്കോഴി വിശപ്പു തീരും വരെ തിന്നോളൂ... ഇത് നിനക്കുള്ള രാത്രിയാണ്. ഇറച്ചി തിന്ന് കൊതി തീർക്കാനുള്ള രാത്രി.
കാലങ്കോഴി കള്ളിയങ്കാട്ടു വാസന്തിയെ നോക്കി.  വിശപ്പ് സഹിക്കാനാവാതെ അയാളിൽ നിന്നും കാലൻ കോഴിയുടെ മൂളൽ ഒന്നുരണ്ടു തവണ ഉയർന്നു.
 
കരിയപ്പയെ കാവലിരുത്തി  മൂന്നു പേരും  തോട്ടിൻ കരയിൽ നിന്നും കലുങ്കിലേക്ക് വന്നിരുന്നു.  
പോലീസ് ജീപ്പ് ഇറക്കമിറങ്ങി വന്നു. കലുങ്കിനോട് ചേർത്തു നിർത്തി   എസ്.ഐ ചോദിച്ചു. 
“ബ്രോ”..കള്ളിയങ്കാട്ടു വാസന്തിയുടെ കഥ എവിടെവരെയെത്തി... ? എന്തെങ്കിലും ഒരു ഔട്ട് ലൈൻ..?. ഞാനും ആലോചിക്കുന്നുണ്ട് ബ്രോ.. എനിക്കതിൽ ഇപ്പോൾ താല്പര്യമേറിയിരിക്കുന്നു..”
അയാൾ ജീപ്പ് സ്റ്റാർട്ടാ‍ക്കി. പെട്ടെന്നു തന്നെ ഓഫാക്കി.
“അവൾ നിങ്ങളെ നല്ലവണ്ണം പറ്റിച്ചു അല്ലേ..? ആദ്യമായിട്ടാണെന്നു തോന്നുന്നു അവൾക്ക് ഒരു പോക്കറ്റടി വിജയത്തിലെത്തിക്കാൻ  കഴിഞ്ഞത്...”  
 
പോലീസ് ജീപ്പ് പോയിക്കഴിഞ്ഞപ്പോൾ ഒരു കവിൾ വായിലേക്കൊഴിച്ച് പാതിയിറക്കി പൊടുന്നനെ  പാതി പുറത്തേക്കു തുപ്പി രതീഷ്  ചോദിച്ചു.
 “എനിക്കിപ്പോൾ സംശയം തോന്നുന്നു.... അവൾ നമ്മളെ പറ്റിച്ചതായിരിക്കുമോ..? അവൾ എങ്ങനേയും രക്ഷപ്പെടുമെന്നല്ലേ   എസ്.ഐ  പറഞ്ഞത്. കൂർമ്മ ബുദ്ധി..?. ഇല്ലാത്ത ഒരസുഖത്തേക്കുറിച്ചു പറഞ്ഞ്...?”
കുറച്ചു നേരം കഴിഞ്ഞ്   അനീഷ് പറഞ്ഞു. ‘അതെ.. അത് അവളുടെ അതിബുദ്ധിയായിരിക്കാം...”
 
സുധീഷ് പറഞ്ഞു..”  അത് അവളുടെ മാത്രം ബുദ്ധിയായിരിക്കാൻ വഴിയില്ല...ചിലപ്പോൾ രണ്ടു തമിഴ് നാട്ടുകാർ കൂടി നമ്മൾ മലയാളികളെ  പറ്റിച്ചതാകാം...  രണ്ടു തമിഴ് നാട്ടുകാർ ചേർന്ന്....               
“കരിയപ്പ പറഞ്ഞതെല്ലാം നമ്മൾ ഒറ്റയടിക്ക് വിശ്വസിക്കാൻ പാടില്ലായിരുന്നു”. 
“അതെ...  ശക്തി പരാജയപ്പെട്ടിടത്ത് അവൾ   ബുദ്ധി ഉപയോഗിച്ചിരിക്കുന്നു...”
അതെ... അവൾ നമ്മളെ പറ്റിച്ചതു തന്നെ... ഒരു പക്ഷേ വടകരക്കാരൻ കളരിക്കുറുപ്പിനെ അവൾ തോൽപ്പിച്ച ബുദ്ധിയായിരിക്കും ഇത്....
മൂന്നു പേരും പാറക്കെട്ടിനു  താഴെയെത്തിയപ്പോൾ മങ്ങിയ നിലാവു മാത്രമേ ഉണ്ടായിരുന്നുള്ളു. പാറയുടെ മറുപുറത്തു നോക്കാമെന്നു കരുതി കയറുമ്പോൾ കാലിൽ ചൂടു തട്ടി.
 
ഒന്നാമൻ മൊബൈലിലെ ലൈറ്റ് തെളിച്ചു. പാറയുടെ മുകളിൽ നിന്നും അപ്പോൾ ഒരു നീർച്ചാലു പോലെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ചോരയിൽ വെളുത്തു പുഴുക്കൾ ശ്വാസം കിട്ടാതെ പുളയുന്നു. ചിലവ ഒഴുക്കിൽ നിന്നു മാറി ചത്തു കിടക്കുന്നു. കറുത്ത കൂനനുറുമ്പുകൾ ഇരുട്ടിലൂടെ തിരക്കിട്ടു കയറി വരുന്നു.
ഒന്നാമൻ പറഞ്ഞു.” ഗ്രേറ്റ്.. കാലങ്കോഴി  കള്ളിയങ്കാട്ടു വാസന്തിയെ തോൽപ്പിച്ചിരിക്കുന്നു.
കരിയപ്പയെ മൂന്നാലാവർത്തി വിളിച്ചു.. മറുപടി ഉണ്ടായില്ല..
അവിടെ തെറിച്ചു കിടന്ന കുപ്പിച്ചില്ലുകൾ നിലാവിൽ തിളങ്ങുകയും കാറ്റിൽ ഇളകുകയും  ചെയ്യുന്നത് കണ്ണിൽ പെട്ടു.
മൊബൈൽ തെളിച്ചു നോക്കി. ചോര തിളങ്ങുന്നു.  എന്തെന്നില്ലാത്ത ചുവന്ന തിളക്കം.  
പാറപ്പുറത്ത് പാതിയുടഞ്ഞ ഒരു കുപ്പിയിൽ നിന്നാണ് ചോര തുടങ്ങുന്നത്.  മുന്നോട്ടു കയറാനൊരുങ്ങുന്ന ഒന്നാമനെ രണ്ടാമനും  മൂന്നാമനും കൂടി തടഞ്ഞു.
“വേണ്ടാ... തിരിച്ചു നടക്കാം...”
 
പിറ്റേന്ന് രാവിലെ വിദേശത്തേക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോൾ നാലു പേരും ഒന്നും മിണ്ടിയില്ല. ചോര കണ്ടതിനു ശേഷം അവരാരും അധികം സംസാരിച്ചിരുന്നില്ല അവരെല്ലാം ഒരു ഗെയിമിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു.
വിമാനം ഇനിയും വൈകുമെന്നറിഞ്ഞപ്പോൾ അനീഷ് മറ്റു രണ്ടു പേരോടുമായി ചോദിച്ചു.
“ആ ചോര ആരുടേതായിരുന്നു..?”
രതീഷ് പറഞ്ഞു. “ അത് കള്ളിയങ്കാട്ടു വാസന്തിയുടെ?..എനിക്കങ്ങനെ തോന്നുന്നു.
സുധീഷ്  പറഞ്ഞു.” അത്  കാലങ്കോഴിയുടേതായിരിക്കാനാണു സാധ്യത..
അനീഷ് ചോദിച്ചു..” അതോ കരിയപ്പയുടേതോ?
ആർക്കറിയാം?
വീണ്ടും മൗനമായി.
 
ഒടുവിൽ വിമാനത്തിൽ കയറാനുള്ള അറിയിപ്പെത്തിയപ്പോൾ, നടക്കുന്നതിനിടയിൽ     അനീഷ്  പറഞ്ഞു. “എല്ലാം കൂടി ചേർത്തു വെച്ചാൽ ഒരു ഗെയിമിനുള്ള സാധ്യതയില്ലേ...? ഉണ്ടെന്നെനിക്കു തോന്നുന്നു..   ഒരു മൾട്ടി പ്ലെയർ ഗെയിമിന്...? പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന ഒരു കളിക്ക്..? ചിലയിടങ്ങളിൽ കുട്ടികൾക്ക് പ്രവേശനം റെസ്റ്റ്രിക്റ്റ്  ചെയ്താൽ മതിയാകും...”
വീണ്ടും മൗനം..
തെല്ലു കഴിഞ്ഞ്  സുധീഷ്   പറഞ്ഞു.
പരാജയപ്പെടാത്ത ഒരു പെണ്ണ്, ഒരു തമിഴൻ, കാലങ്കോഴി, പുഴുക്കൾ, പിന്നെ നമ്മൾ... എല്ലാം ചേർത്ത് ഒരു ഗെയിം..  ഒരു പെണ്ണിനെ പരാജയപ്പെടുത്തുന്ന ഗെയിം...
രതീഷ് ചോദിച്ചു.  എന്നാൽ കുട്ടികളെ റെസ്ട്രിക്റ്റ് ചെയ്യുന്നതെന്തിനാണ്..?. അണ്ണാൻ കുഞ്ഞിനും തന്നാലായത്.. എന്നുണ്ടല്ലോ?”
 
ഇന്നലെ അവർ സിനിമയിൽ കേട്ടതായിരുന്നു അണ്ണാൻ കുഞ്ഞിനെ.. മിലട്ടറിക്കാരനാണതിന്റെ അർഥം വിവരിച്ചു കൊടുത്തത്..
കള്ളിയങ്കാട്ടു നീലിയെ സംഘം ചേർന്ന് പരാജയപ്പെടുത്തുന്നതിനോടൊപ്പം , ബ്ലഡ് ആരുടേതെന്നു കണ്ടു പിടിക്കാനുള്ള  ശ്രമവും... രണ്ടും കൂടി ചേർത്താൽ...
അനീഷ്  പറഞ്ഞു....
 “കള്ളിയങ്കാട്ടു വാസന്തി തോൽക്കുന്നിടത്ത് ഗെയിം അവസാനിപ്പിക്കുകയാണ് നല്ലത്...  ബ്ലഡ് ആരുടേതെന്നു കണ്ടെത്തൽ മറ്റൊരു ഗെയിമാക്കാം... ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഗെയിം.. രണ്ടും കൂടി കൂട്ടിക്കുഴച്ചാൽ ചിലർക്ക് ബോറടിച്ചേക്കും...”
വിമാനം പുറപ്പെടുന്നതിനു തെല്ലുമുമ്പ് അനീഷ്  പറഞ്ഞു.
  “കരിയപ്പന് ഈ ഗെയിമിൽ നല്ലൊരു റോളുണ്ടാകണം..  അറ്റ് ലീസ്റ്റ്  ഒരു ടൂളെങ്കിലുമായി... അവനൊരു ജോലി തേടിയാണല്ലോ  നമ്മുടെ അടുത്തു വന്നത് .?”
മറ്റു രണ്ടു പേരും തലയാട്ടി.
  വിമാനം യാത്രയ്ക്ക് ഒരുങ്ങുകയാണ്.
-----------------
കെ.ആർ.വിശ്വനാഥൻ
കോട്ടയം ജില്ലയിൽ മോനിപ്പള്ളി സ്വദേശി. അധ്യാപകനായിരുന്നു.
ദേശത്തിന്റെ ജാതകം. (പൂർണ- ഉറൂബ് അവാർഡ്) പ്രണയപർവം (സീഡ് ബുക്സ് അവാർഡ്) അസൂറ തുടങ്ങിയ നോവലുകൾ.
ഒച്ച, ക്ലാര മാലാഖയായ വിധം (കഥാ സമാഹാരങ്ങൾ)  കുഞ്ഞനാന( ഭീമ ബാല സാഹിത്യ പുരസ്കാരം) ഹിസാഗ (കേരള സാഹിത്യ അക്കാദമി അവാർഡ്)  തുടങ്ങി പത്തു ബാലസാഹിത്യ കൃതികൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്)
തീർഥം, ക്ലാരറ്റ്  ഭവൻ റോഡ്
കുറവിലങ്ങാട്. 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More