Image

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

Published on 09 June, 2021
ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)
ക്രിസ്ത്യാനി പിള്ളാർക്കു വേണ്ടി ശബ്ദമുയർത്താനും നീതി തേടാനുമൊന്നും  ഇതുവരെ  ആരുമുണ്ടായില്ല. എന്തിനും ഏതിനും പ്രതികരിക്കയും പത്രക്കുറിപ്പിറക്കുകയും തൊട്ടതിനും പിടിച്ചതിനും  പ്രതിഷേധിക്കയും ചെയ്യുന്ന  ഇവിടുത്തെ ബിഷപ്പുമാരുടെ  കണ്ണുതുറക്കാൻ  പാലക്കാടുകാരൻ  ജസ്റ്റിൻ പള്ളിവാതുക്കൽത്തന്നെ ഒടുവിൽ  വേണ്ടി വന്നു. അതോടെ ഉറക്കം     വിട്ട്  സടകുടഞ്ഞ്  പ്രസ്താവനയിറക്കാൻ എല്ലാവരും  മത്സരിച്ച് എത്തിക്കഴിഞ്ഞു.

ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട..10 വർഷമായി ഇവിടെ നടക്കുന്ന  വേർതിരിവ്, അല്ലെങ്കിൽ മനുഷ്യാവകാശ ലംഘനം ഇവരാരും അറിഞ്ഞില്ലെന്നോ?
ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ്  ക്രൈസ്തവർക്ക് നൽകുന്നത് വെറും 20 % മാത്രമായിട്ടും ഒരക്ഷരം ഉരിയാടാതെ കാഴ്ചക്കാരായി മാറി നിന്നു. മെറിറ്റ് സ്കോളർഷിപ്പിന് അർഹതപ്പെട്ട കുട്ടികൾ അവസരം നിഷേധിക്കപ്പെട്ട് എങ്ങുമെത്താതെ ഗതികേടിലും. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി അർഹതയുണ്ട്.ഇത് കണക്കിലെടുക്കാതെയാണ് മുസ്ളിം വിഭാഗത്തിനു മാത്രം 80 ശതമാനം സ്കോളർഷിപ്പ് അനുവദിച്ചത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ന്യൂനപക്ഷ കമ്മീഷനുകൾ ഒരു സമുദായത്തിനു മാത്രം വേണ്ടിയല്ല.

പച്ചില പോയിട്ട് കരിയിലപോലും തിന്നാനില്ലാതെ  പട്ടിണി കിടന്ന് ഉണങ്ങിയ കുഞ്ഞാടായാലും ഇടിച്ചു പിഴിഞ്ഞു കറക്കുന്നതിൽ ഇളവു കാണിക്കാത്ത പുരോഹിത വൃന്ദത്തിൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി.
ന്യുനപക്ഷ സ്കോളർഷിപ്പ് 80 :20 അനുപാതം റദ്ദാക്കിയ  കോടതി വിധി പുറത്തു വന്നപ്പോഴാണ് ഇങ്ങനൊരു നീതി നിഷേധം നിലവിലുണ്ടെന്ന് ക്രിസ്ത്യാനികളിൽ ഭൂരിപക്ഷത്തിനും പിടികിട്ടിയതു തന്നെ. അൽമായർക്കറിയില്ലെങ്കിൽ പുരോഹിതരെങ്കിലും അറിയണമല്ലോ. വിശ്വാസികളെ ഇഹലോകത്തിലെ ഇടുങ്ങിയതും ഞെരുക്കമുള്ളതുമായ വഴിയിലൂടെ ആട്ടിപ്പായിച്ചു സ്വർഗ്ഗത്തിലേക്ക് നടത്തുക മാത്രമാണോ അവരുടെ കർത്തവ്യം. വച്ചുനീട്ടിയ നീതി പോലും ലഭ്യമാക്കാൻ ഒരു വാക്കുരിയാടാതിരിക്കുന്നത് നീതി നിഷേധിക്കലായിപ്പോയില്ലേ ?. കൊലച്ചതി..

മുസ്ലിം കുട്ടികൾക്കായി അവകാശം ചോദിച്ചു വാങ്ങാൻ ആ സമൂഹത്തിൽ ചുണയുള്ള ആണുങ്ങളുണ്ട്.
ക്രിസ്ത്യാനിക്കോ?.
ജീവൻ പണയം വച്ച്  കടലിൽ പോയി  മീൻപിടിച്ച് കഞ്ഞി കുടിക്കുന്നവനും  പരിവർത്തനക്കാർക്കും കൂടെ 20% കിട്ടി. ബാക്കിയുള്ളവന് സ്വാഹ:.

 പള്ളി പണി, പള്ളിപുനർ നിർമാണം, പള്ളിമേട പണി, ഓഡിറ്റോറിയംപണി, തുടങ്ങി പല ഓമനപേരുകളിട്ട് കുഞ്ഞാടുകളുടെ വീട്ടിലേക്ക് ആഘോഷ കമ്മിറ്റികളുടെ വരവുണ്ട്.കൈക്കാരൻ തുടങ്ങി കമ്മിറ്റിക്കാർ വരെയുള്ളവരുടെ പടപ്പുറപ്പാട് കിരീടം വയ്ക്കാത്ത രാജാവായ അച്ചൻ തന്നെ നയിക്കുന്നു..

 "വക്കച്ചാ, മൂത്ത ചെറുക്കൻ യു കെയിലല്ലേ, ഇളയവൾ കാനഡയിലും. നമ്മടെ ഇടവകപള്ളി പുനരുദ്ധരിക്കാനുള്ള പണിയൊക്കെ ഉടൻ തുടങ്ങും, രണ്ടു ലക്ഷം രൂപ വക്കച്ചൻ്റെ വിഹിതം എഴുതുവാ കേട്ടോ ", ചോദ്യമില്ല, പറച്ചിലില്ല, കല്പന മാത്രം.തിരുവായ്ക്ക് എതിർ വായ ഇല്ല.മമ്മട്ടികൾ !.
 അങ്ങോട്ടേ വെട്ടിയെടുക്കൂ, ഇങ്ങോട്ടില്ല. വിശ്വാസികളെ ഞെക്കിപ്പിഴിയും, എക്സ്പെല്ലറിൽ കൊപ്രയാട്ടും പോലെ ഊറ്റിയെടുക്കും.
 
അൽമായരുടെ വീട്ടിൽ കഞ്ഞി വെച്ചോ, അവൻ്റെ മക്കൾ പഠിക്കുന്നുണ്ടോ, ഫീസു കൊടുത്തോ, എന്നൊക്കെ തിരക്കുന്ന എത്ര പാതിരിമാരുണ്ട്. ഇല്ലെന്നല്ല, എണ്ണത്തിൽ തുലോം വിരളമാണ്. പിന്നല്ലേ ന്യൂനപക്ഷ സ്കോളർഷിപ്പ് !.
ആടുകൾക്ക് നല്ല തീറ്റ കൊടുത്താലേ  കറന്നെടുക്കാൻ വേണ്ടത്ര പാൽ കാണൂ എന്ന തിരിച്ചറിവു പോലും വകവയ്ക്കാത്ത കൂട്ടർ.ഇടിച്ചു പിഴിയുന്ന തിരക്കിലാണവർ.

പക്ഷേ,ആടുകൾ ചവിട്ടാനും തൊഴിക്കാനും തുടങ്ങിയിരിക്കുന്നു ഇപ്പോൾ.

മിക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പള്ളി വക കോളജുകളുണ്ട്. പക്ഷേ, അതേ സഭയിലെ സാധുക്കളുടെ മക്കൾക്ക്   അഡ്മിഷൻ നൽകാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്. സഭയല്ലെങ്കിൽ മറ്റാരാണിവരെ ഉദ്ധരിക്കേണ്ടത്.കോളേജ് അഡ്മിഷൻ്റെ കാര്യമാണെങ്കിൽ പറയാനില്ല. കോട്ടയത്തെ ഒരു സഭാവക കോളേജിൽ അതേ സഭയുടെ കീഴിലുള്ള കുട്ടിയോട് ബികോം അഡ്മിഷന് വാങ്ങിയത് 75,000 രൂപ. അപ്പോൾ ഇതര മതത്തിലും സഭയിലും പെട്ടവരോട്  വാങ്ങുന്നതിനെപ്പറ്റി പറയാനുണ്ടോ? ക്രിസ്തുദർശനങ്ങളെ മറയാക്കി അതിനെ പരിഹാസ്യമാക്കുന്ന  രീതിയാണിത്.

കേരളത്തിലെ പള്ളികളെ  ഒന്നു നോക്കിയാൽ ഒരു സത്യം മനസ്സിലാകും. പളളികളൊക്കെ കുന്നിൻപുറങ്ങളിലാണ്.ദൂരെ നിന്നേ മകുടം കാണണം. വിശ്വാസികളൊക്കെ എന്നും താഴ്‌വരയിലാണല്ലോ. നല്ലൊരു ശതമാനവും 'പച്ചയായ പുൽപ്പുറങ്ങളിലാണെങ്കിലും  ഒരു 40 % വും പാഴും ശൂന്യവുമായ താഴ്വരകളിലാണ്.

കുന്നിൻപുറങ്ങളിൽ  കോടികൾ ചിലവഴിച്ചു നിർമിച്ച  പള്ളികൾ തലയെടുത്തു പിടിച്ചു നിൽപ്പുണ്ട്. അതാരുടെ പണം കൊണ്ടാണ്? ഒരിടത്തു നിന്നും ഇറക്കുമതി ചെയ്തതല്ല, ഇടവകക്കാരെ ഊറ്റിപ്പിഴിഞ്ഞ് ചാറെടുത്തതാണ്.അതേ ഇടവകയിൽ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയ കൂരയിൽ കഴിയുന്നവനും അടച്ചുറപ്പില്ലാത്ത വാതിലുള്ളവനും അംഗങ്ങളാണ്. പട്ടയം കിട്ടാത്ത ഭൂമിയായതിനാൽ മകളെ നഴ്സിംഗിനു വിടാൻ  കിടപ്പാടം പണയം വയ്ക്കാൻ പോലും കഴിയാതെ  കന്യാസ്ത്രീയാക്കാൻ പറഞ്ഞയച്ച അപ്പൻമാരുടെ കണ്ണീരുണ്ടീ സഭകളിൽ.
അതും സഭയ്ക്ക് മുതൽക്കൂട്ടാണല്ലോ.
 
അവസാനം ആരോ ഒരാൾ സ്വന്തം കീശയിലെ പണം ചെലവാക്കി ഹൈക്കോടതിയിൽ പോയി വിധി നേടിയപ്പോൾ  ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിന് കൂടുതൽ അർഹതയുണ്ടാവണമെന്ന് പറയാൻ ഉന്തും തള്ളും തുടങ്ങി.
 
കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളാണ് കേട്ട പാടെ വിധി സ്വാഗതം ചെയ്തത്. ബാക്കി കുറേ കൂട്ടർ രണ്ടു ദിവസം കഴിഞ്ഞ്, പ്രതികരണങ്ങളൊക്കെ നോക്കിയിട്ട് രംഗത്തെത്തിയിട്ടുണ്ട്.
  നിങ്ങള് ചോദിച്ചോ, ഞങ്ങള് പങ്കു വാങ്ങിച്ചോളാം എന്ന മട്ടിൽ പമ്മിയിരിക്കയാണ് മറ്റു ചില വിഭാഗങ്ങൾ. പരിവർത്തിത ക്രൈസ്തവർ ഏറെയുള്ള ചിലസഭകളുടെ അച്ചൻമാർ  പോയിട്ട്  ബിഷപ്പുപോലും ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നത് നമ്മളെ ചിന്തിപ്പിക്കുന്നു. സ്കോളർഷിപ്പുകിട്ടി അവൻ്റെയൊക്കെ മക്കൾ പഠിച്ച് അങ്ങനെ മിടുക്കരാകണ്ടാ എന്ന് ചിന്തിക്കുന്ന സവർണ്ണരുടെ എണ്ണവും കൂടുതലാണ്.അങ്ങനെ രക്ഷപ്പെട്ടാൽ പള്ളിക്കമ്മിറ്റിയിലും പ്രസ്ഥാനങ്ങളിലും അവര് കേറി ഇടം പിടിച്ചാലോ?
എന്നും എവിടെയും ക്രിസ്തുവിൻ്റെ അനുധാവകർ ഇടത്തരക്കാരും താഴേത്തട്ടിലും ഉള്ളവരാണ്. ക്രിസ്തുവിൻ്റെ 12 അപ്പോസ്തലന്മാരുടെ കാര്യം തന്നെ ഉദാഹരണം.
 
മുക്കുവരായിരുന്ന  അവരെ ക്രിസ്തു ചേർത്തു പിടിച്ചു കൊണ്ടു നടന്നു.
 സഭകളുടെ കാര്യത്തിലും ശരിയാണത്. സംഘബലം കാണിക്കാൻതെരുവിലിറങ്ങുന്നത് ഇത്തരക്കാർ മാത്രമാണ്. അവൻ്റെ മക്കൾ പഠിച്ചുയർന്നാൽ... ആ ശങ്ക ഇത്തിരി വലുതാണ്. അതാണോ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാമായിരുന്നെങ്കിലും 20 ശതമാനത്തിൽ സംതൃപ്തി ഭാവിച്ച് മാറി നിന്നത്.

 സമർത്ഥരായിട്ടും ഫീസ് നൽകാൻ നിവൃത്തിയില്ലാതെ  പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച ആയിരക്കണക്കിന് കുട്ടികളുടെ കണ്ണീരിന് ആരു സമാധാനം പറയും.അവർക്ക് സംവരണത്തിൻ്റെ സഹായം കിട്ടിയിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപ്പെട്ടേനേ. അത് നേടിയെടുക്കാൻ ആരായിരുന്നു മുന്നോട്ടു വരേണ്ടിയിരുന്നത് ?.ഇപ്പോൾ മുന്നോട്ടു വന്ന നിങ്ങൾത്തന്നെ അല്ലായിരുന്നോ.

ഇനിയിപ്പോ അടി തുടങ്ങുമോന്നാണ് പൊതുജനങ്ങളുടെ പേടി.രണ്ടു ന്യൂനപക്ഷക്കാരും കൂടി തമ്മിൽത്തല്ല് കൂടാൻ അധികം വൈകില്ല. 50:50 വേണമെന്ന് പറയാൻ മുന്നോട്ടിറങ്ങിക്കഴിഞ്ഞു തിരുമേനിമാർ. എൺപതു പോരാ നൂറിൽ നൂറും  വേണമെന്ന് മുസ്ളിം വിഭാഗം. മുഴുവനും കിട്ടാൻ  കോടതിയെ സമീപിക്കാൻ അവർ ഒരുങ്ങുമ്പോഴും ക്രൈസ്തവ നേതാക്കൾ  പ്രസ്താവന കൊണ്ട് തൃപ്തിപ്പെടുക മാത്രം. സ്വന്തം തലമുറകളെ ഓർത്ത് ഇപ്പോഴെങ്കിലും മൂന്നു വിഭാഗം കത്തോലിക്കരും ഓർത്തഡോക്സും യാക്കോബായും മർത്തോമ്മയും സി എസ് ഐയും ഇവാഞ്ചലിക്കലും യഹോവ സാക്ഷിയും നൂറായിരം കൂട്ടം പെന്തക്കോസ്തും ഒക്കെ ഒന്നിച്ചു നിന്നിരുന്നെങ്കിൽ !. ഇല്ല, അതുണ്ടാവാൻ തീരെ സാധ്യതയില്ല.

പ്രസ്താവനകളുടെ ഭീഷണി മാത്രം ഉയർത്തിയാണ് ക്രൈസ്തവ പുരോഹിതർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഇരു വിഭാഗത്തിൻ്റെയും വഴക്കു തീർക്കാൻ,അടിപിടി കൂടേണ്ട, രണ്ടു കൂട്ടർക്കും സംവരണം വേണ്ടെന്ന തീരുമാനത്തിലെത്തുമോ കോടതി അവസാനം, ആവോ.? നമ്മൾക്ക് കാത്തിരുന്നു കാണാം.
Join WhatsApp News
George Neduvelil 2021-06-09 02:41:18
സകല സൗഭാഗ്യങ്ങളും നന്മകളും പിടിച്ചുപറ്റി സുഖലോലുപരായി വിരാജിക്കുന്ന കേരളത്തിലെ ക്രിസ്തീയ സഭാമേലാളന്മാരുടെ നിഷ്ക്രിയത്വത്തെ എടുത്തുപറഞ്ഞുകൊണ്ടുള്ള ജോളിയുടെ ലേഖനം പ്രസിദ്ധീകരിച്ച ഇമലയാളിക്ക് അഭിനന്ദനം.
JACOB 2021-06-09 20:45:13
The Christian leaders were fighting against each other and trying to take over other churches.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക