America

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

Published

on

വാൽക്കണ്ണാടിയിൽ സ്വന്തം മുഖംനോക്കിയുള്ള ഇരുപ്പ് മാളവികയെ ഒട്ടൊക്കെ അഭിമാനിനിയാക്കി!ചുരുങ്ങിയത് രണ്ടുകൊല്ലമെങ്കിലും ആയിട്ടുണ്ട്, മുഖം രക്താഭമാക്കി, കൂട്ടുകാരികൾ പരസ്പരം ചെവിയിൽ മന്ത്രിക്കുന്ന ആ രഹസ്യത്തിന്റെ ഉടമയാവാൻ അവൾ കൊതിക്കുന്നു. മാളവിക, ആ വലിയവീട്ടിലെ ഒരേയൊരു പെൺതരിയായതോണ്ടാവണം, അവളുടെ അമ്മയും ആകാംക്ഷപ്പെടാൻ തുടങ്ങിയിരുന്നു... അങ്ങനെ പതിനാലാം വയസ്സിൽ മാളവിക വയസറിയിച്ചു. എന്താവോ ഈ സംഭവത്തിന് ഇങ്ങനൊരു പേര് എന്ന് വാൽക്കണ്ണാടിയോട് അവൾ നേർത്തൊന്നു ചിരിച്ചു. എന്തായാലും മോശല്ല്യ.. ഇന്നുമുതൽ നാലുദിവസം താനാണ് ഈ വീടിന്റെ ശ്രദ്ധാകേന്ദ്രം! എണ്ണപ്പലഹാരങ്ങൾ മുതൽ സ്വർണപ്പണ്ടങ്ങൾ വരെ സമ്മാനമായി കിട്ടുമെങ്കിൽ ഈ ഇളംവേദന കൊള്ളാലോ... !

അതൊരു പഴയ തറവാടാണ്. ചില ചിട്ടവട്ടങ്ങളും 'വെച്ചാരാധന'കളുമൊക്കെയുള്ള... അതിനാൽ, മാളവിക തെക്കിനിയറയ്ക്കകത്ത് നാലുദിവസം ഇരിക്കണംത്രേ!! സന്ധ്യയാവും മുന്നേ, അമ്മ കൊട്ടിയടച്ചിട്ടുപോയ ജനലിന്റെ ഒറ്റപ്പാളി അവൾ ശബ്ദമുണ്ടാക്കാതെ തുറന്നു.. പകൽ, ഇരുട്ടിന്റെ റൗക്കയിടാൻ തുടങ്ങുന്നു.. മൂവാണ്ടന്റെ താഴത്തെക്കൊമ്പിൽ കെട്ടിയ ഊഞ്ഞാൽ, "എന്തേ, ഇന്ന് നിന്നെക്കണ്ടില്ലല്ലോ "എന്നൊരു സങ്കടത്തിൽ തനിയെ ആടുന്നു.. അതിനടുത്തേക്ക് എത്താൻ ഇനി തനിക്ക് ഏറെ ദൂരം നടക്കേണ്ടതുണ്ട് എന്ന് തോന്നിയ നിമിഷത്തിൽ അവൾ ജനല് ശക്തിയായി അടയ്ക്കുകയും നോട്ടം വാൽക്കണ്ണാടിയിൽ കേന്ദ്രീകരിക്കുകയും ചെയ്തു. 

"ന്റാക്ക് ഒറക്കം വെര്ണ് ണ്ടാ? "
വാൽക്കണ്ണാടിയിൽ നിന്ന് തന്നെ നിലത്തിറക്കിയ ശബ്ദത്തെ മാളവിക അരിശത്തോടെ നോക്കി. ഉർളയാണ്.. മൂന്നാല് വീട് അപ്രത്ത് നിലത്തു കുമ്പിട്ടുകിടക്കുന്നൊരു കൂരയിൽ പാർക്കണ ഉർളത്തള്ള.. ആകപ്പാടെ ഉരുണ്ടു ചുരുണ്ടിരിയ്ക്കണോണ്ടാവും നാട്ടുകാര് ഉർളത്തള്ള ന്ന് വിളിയ്ക്ക്ണ്. മാളവികയ്ക്കും സമപ്രായക്കാരികൾക്കുമൊക്കെ അറപ്പോ വെറുപ്പോ ആണ് തള്ളയെ.. തനിക്ക് കൂട്ടുകിടക്കാൻ അമ്മ കണ്ടുപിടിച്ചൊരു മൊതല്!! പെങ്കുട്ട്യോളെ കയ്യെത്തും ദൂരത്ത് കിട്ടിയാല് മേലാകെ തപ്പിനോക്കണൊരു സ്വഭാവണ്ട്, നശുലത്തിന്.. മാളവിക തിരിഞ്ഞുകിടന്നു. 

"ന്റാള് എന്താ കയ്ച്ച്? "

തേങ്ങടെ മൂട്... മാളവിക, വാൽക്കണ്ണാടി മുഖത്തോട് കൂടുതൽ ചേർത്തുപിടിച്ചു. 
 "വയ്റ്റ്ല് നൊമ്പലം ണ്ടോ കുട്ട്യേ?"
ഹ്..... "ങ്ങളൊന്ന് മ്ണ്ടാണ്ടിരിക്യോ തള്ളേ..? "
"ആവൂ... പെങ്കുട്ട്യോള് ങ്ങനെ തൊള്ളട്വ, അതും വയസ്സറീച്ച് ഇരിക്കുമ്പോ?ന്റോളേ,തള്ള ബെർതെ ലോഗ്യം കൂടീതല്ലേ.. 
"ഉവ്വ്‌.. ലോഗ്യം കൂട്ണ്‌.. 
"ഇയ്ക്കാച്ചാ ഈ വയസ്സറീച്ചിരിയ്ക്കണ കുട്ട്യോളോട് വല്യൊരു സ്നേഹാ ട്ടോളൂ.. ഓല്ക്ക് ഒരു ഉമ്മം കൊട്ക്കാനൊക്കെ തോന്ന്യോവും.. അയ്ന് കുട്ട്യോളൊന്നും ന്നെ അടുപ്പിക്കില്ല്യാലോ.. "ഉർള ഒരു പൊട്ടൻചിരി പാസാക്കി. 
എങ്ങനെ അടുത്തുവരും... തപ്പിത്തെരയലല്ലേ... മാളവിക വാൽക്കണ്ണാടിയോട് മന്ത്രിച്ചു. 
"ന്റുട്ട്യേ, ഇയ്ക്കീ വയസ്സറീയ്ക്കലൊന്നും ണ്ടായ്‌ട്ടില്ല്യേയ്.."

ങേ ! 'വയസ്സറിയിക്കാത്ത പെണ്ണുങ്ങൾ 'എന്ന പുതിയ അറിവ്, മാളവികയെ ഇപ്പുറത്തേക്ക് തിരിച്ചുകിടത്തി. മുണ്ടിന്റെ കോന്തലത്തുമ്പഴിച്ച്, ഉർള ഒരു പൊകലക്കഷ്ണം പുറത്തെടുക്കുന്നു.. വളരെ ശ്രദ്ധയോടെ മേൽവരി മോണയും കീഴ്‌വരി മോണയും തുടച്ചു. പിന്നത് അണ്ണാക്കിലേക്ക് കയറ്റിവെച്ചു. ഓക്കാനം വന്നെങ്കിലും ആകാംക്ഷ അതിനെ ഭേദിക്കയാൽ മാളവികയ്ക്ക് ചോദിക്കാതിരിക്കാനായില്ല. 

"അതെന്താ, വയസ്സറീക്കാത്ത പെങ്കുട്ട്യോൾ ണ്ടാവ്വോ? "
കണ്ണടച്ച്, ചവയ്ക്കലിന്റെ ലഹരി ഒട്ടും ചോരാതെ, നർമം കുറയാതെ തള്ള പറഞ്ഞു :"പത്താം വയസ്സില് ന്റെ പൊടകൊട കയ്ഞ്ഞു കുട്ട്യേ.. "
"ന്നച്ചാൽ?? "
"ന്ന് വെച്ചാ... ന്താ... ങ്ങള് പ്പോ പറേണ കല്യാണല്ല്യേ.. അദന്നെ.. "തള്ള ഉറക്കെയുറക്കെച്ചിരിച്ച് പൊകല വിഴുങ്ങി.. മാളവികയുടെ അടിവയർ പുകഞ്ഞു.. 

"ഒരു രാത്രിയേർന്നു.. ന്റമ്മാമൻ അഞ്ചെട്ടാൾക്കാരേം കൊണ്ട് ന്റോട കേറിവന്നു. അമ്മേന്റട്ത്ത് എന്തൊക്ക്യോ പറഞ്ഞു.. അമ്മ നൊലോളിച്ചും കൊണ്ട് ന്നെ അട്ത്തക്ക് വിളിച്ചു.. "

കാലുകൾ നീട്ടിവെച്ച്, തള്ള ചുമരിൽചാരിയിരുന്നു.. എഴുപതുകൊല്ലം പിന്നിൽ നിന്നൊരു പത്തുവയസ്സുകാരി, രാത്രിത്തണുപ്പിൽ മറപ്പുരയിൽക്കയറി നനച്ചു കുളിക്കുന്നതും നനഞ്ഞ കോണകവും മുറിത്തോർത്തും ചുറ്റി പുറത്തുവരുന്നതും കത്തിച്ചുവെച്ച നിലവിളക്കിനുമുന്നിൽ പല്ലുകൾ പരസ്പരം കൂട്ടിയിടിച്ചിരിക്കുന്നതും രണ്ടു ചെന്നികളിലും കഷണ്ടി അരിച്ചു തുടങ്ങിയ, ചെവിയിൽ നീണ്ടരോമം എഴുന്നേറ്റുനിൽക്കുന്ന പല്ലുപൊന്തിയൊരാൾ ഒരു ഇണത്തോർത്ത് അവളുടെ കുഞ്ഞിക്കൈകളിൽ വെച്ചുകൊടുക്കുന്നതും മാളവിക വാൽക്കണ്ണാടിയിൽ തെളിഞ്ഞുകണ്ടു. അവൾക്ക് വെട്ടിവിയർത്തു. 

"കൂടെ വന്നോരും അമ്മാമീം കൊർച്ച് കഴിഞ്ഞപ്പോ പോയി. ഇയ്ക്കാച്ചാ ഒർക്കം വന്ന്ട്ട്... ഞാൻ അമ്മടെ പായ നീർത്തിട്ടു.. അപ്പൊ അമ്മ പറയാ, യ്യ് ഞ്ഞി അപ്രത്ത് അയാൾടെ കൂടെ കെടക്കണം ന്ന്.. "
അവളറിയാതെ, മാളവികയുടെ കയ്യിൽനിന്ന് വാൽക്കണ്ണാടി നിലത്തുവീണു. 
"എവടെങ്കിലും വീണ് ഒറങ്ങ്യാ മതീ ന്നേ ള്ളൂ ഇയ്ക്ക്. നനഞ്ഞ കോണകാച്ചാ ങ്ങനെ ഒട്ടിപ്പിടിച്ചിട്ട്... "
പാഡിനെ നനയിച്ചുകൊണ്ട് രക്തം പുറത്തേക്കൊഴുകുന്നുണ്ടെന്ന് മാളവിക മനസ്സിലാക്കി. ഇതൊട്ടും ചെറിയ വേദനയല്ല !!
 "ഹൌ !!ന്റോളേ... അന്നത്തെന്തി ഒരു രാത്രി... എന്തൊക്ക സൊപ്നാ ഞാങ്കണ്ടത്.. ഒരു പെരുമ്പാമ്പ് ന്നെ ങ്ങനെ ചിറ്റിവരിയാ... ന്റെ വായ അത് പൊത്തിപ്പിടിച്ചടക്ക്ണൂ..."
മാളവികയ്ക്ക് ശ്വാസം മുട്ടി. 
"അത് അരിച്ചെർങ്ങി അരിച്ചെർങ്ങി ന്റെ രണ്ട് തൊടേം വലിച്ചകത്തി... "

അടിവയറ്റിൽ നൂറുനൂറു പാതാളവരണ്ടികൾ കൊളുത്തിവലിക്കുന്നു.. മാളവിക ചുരുണ്ടുകിടന്നു.. 
"പിറ്റൂസല്ലേ തമാശ.. അമ്മ വിളിക്കാൻ വന്നപ്പോ ഞാൻ തുണീം കോണൂല്ല്യാണ്ടെ പോത്തിന്റന്തി കെടന്നൊറങ്ങ്വാത്രേ... അമ്മ ന്നെ മറപ്പെരെക്കോണ്ടോയി തേച്ചൊരച്ച് കുളിപ്പിച്ചിട്ടും ഇയ്‌ക്കൊരു ബോധൂല്ല്യ.. "ഉർള കൈകൊട്ടിച്ചിരിക്കുകയാണ്.. 
"ഇയ്ക്ക് തോന്നീത് അദ് ഒരു കിനാവാന്നാണ്.. മൂന്നൂസം കഴിയണ വരെ.. "പൊടുന്നനെ തള്ള ഗൗരവം പൂണ്ടു.. 

"മൂന്നാം നാള് ഉച്ച്യായപ്പോ അയാള് പിന്നേം വന്നു.. കൂടെ കൊർച്ച് പെണ്ണുങ്ങളും ണ്ടാർന്നു. അന്ന് അമ്മ യ്ക്ക് വയറ് നറച്ചും ചോറും കൂട്ടാനും തന്നു.. ഇടിച്ച് പിഴിഞ്ഞ പായസൂം... "
മാളവികയുടെ ചങ്കിലൊരു രക്തക്കട്ട തടഞ്ഞു.. 
"ചോറുണ്ട്ട്ട് ഞാൻ തെക്ക്വൊർത്ത് പോയിര്ന്ന് കൊത്തങ്കല്ലാട്വർന്നു.. അപ്പൊ അയാൾടെ കൂട്ടത്തില് വന്നൊരു പെണ്ണ് ന്റൊപ്പം കളിക്കാങ്കൂടി.. ന്ന്ട്ട് ന്നോട് ചോയ്ക്കാ.. മ്മക്ക് പൂവ്വല്ലേ ന്ന്.. "
മാളവിക കമന്നുകിടന്നു... 

"അന്ന് വൈന്നേരം ഓര് ന്നെ പിടിച്ചുവലിച്ച് കൊണ്ടോയി.. ഹാവൂ.... ന്റമ്മേ ഞാമ്പിന്നെ കണ്ട്ട്ടേ ല്ല്യ കുട്ട്യേ.. "
തലയണ നനഞ്ഞു കുതിർന്നിരിക്കുന്നു.. മതി.. നിർത്തൂ തള്ളേ.. 
"അന്ന് രാത്രി... ന്റെ കുട്ട്യേ.. ന്നെ ആ പെരുമ്പാമ്പ് എത്രവട്ടം കൊത്തിക്കീറി.. പുലർച്ചെ അയാൾടെ ആദ്യത്തെ ഭാര്യയാത്രെ ന്നെ എടുത്തോണ്ട് പോയി കുളിപ്പിച്ച് കഞ്ഞി തന്നത്... ഓര് ന്റെ തല തോർത്തിത്തന്നു ന്തൊക്ക്യോ പറഞ്ഞ് നൊലോളിച്ചു.. കൊറേ ദൂസം താറാവ് നടക്കണന്ത്യാ ഞാൻ നടന്നീര്ന്ന്.. രണ്ട് കാലും കവച്ച് വെച്ച്.. "തള്ള പിന്നെയും പൊട്ടിച്ചിരിച്ചു. 

"അങ്ങനെ ഒരുകൊല്ലം കഷ്ടി കഴിഞ്ഞൂടി.. ഒരൂസം കൊത്തങ്കല്ലാടുമ്പോ വല്ലാത്ത വയ്റ്റ്ല് വേദന.. ന്നെ നടുവേ പൊളിയ്ക്കണന്തി.. ഞാൻ ഒറക്കെ നെലോളിച്ചപ്പോ ഓര് -ആ ഏട്ത്തി -ന്നെ ഒരു ചായ്പ്പിന്റകത്ത് അടച്ച്ട്ടു.. ആ വേദന ണ്ടല്ലോ, ന്റെ കുട്ട്യേ.. ചാവാണ് ന്ന് ഒറപ്പായി ഇയ്ക്ക്.. അപ്പൊ ന്റെ തൊട രണ്ടും പൊളിച്ച്, അയ്ന്റെ ഉള്ള്ന്നാ ന്ന് തോന്ന്ണു,ആ ജീവി പൊർത്തയ്ക്ക് വന്നത്... "
മാളവികയുടെ കിടക്ക രക്തത്തിൽ കുതിർന്നു.. 

"പിന്നെ ചത്ത മാതിരി ഞാൻ ഒറങ്ങിപ്പോയി.. കീ കീ ന്നൊരു ശബ്ദം കേട്ട് കണ്ണ് തൊറക്കുമ്പോ ണ്ട്, ഓര്, ആ ജീവീനെ കയ്യ്പ്പിടിച്ച് ഇരിയ്ക്കുണു..ന്ന് ട്ട് ന്നോട് പറയാ, യ്യ് ദ് ന് ത്തിരി മൊല കൊട്ത്താ ന്ന്.. "

കുടല് മറിഞ്ഞ് വായിലേക്ക് വരുന്നു.. മാളവികയ്ക്ക് തന്റെ വയറിനുള്ളിൽനിന്ന് എന്തോ ഒന്നെടുത്ത് പുറത്തെറിയണമെന്നു തോന്നി. 
"ഞാനതിനെ തിരിഞ്ഞു നോക്കാനേ പോയില്യ.. കൊളത്തില് പോയി നല്ലോണം നീന്തിക്കുളിച്ചു. നനഞ്ഞ ഒന്നരേം മുണ്ടും ചിറ്റി, ന്റോടയ്ക്ക് പോന്നു. അന്ന് തൊടങ്ങീതാ കുട്ട്യേ, ന്റെ അലച്ചില്.. പിന്നെന്താ ച്ചാ, അതോടുകൂടി ന്റെ തീണ്ടാരി നിന്നു.. "

ഉർള അട്ടഹസിച്ചുകൊണ്ടിരിക്കെ, മാളവിക, കാലുകൾ കവച്ചുവെച്ച്, തന്റെ തീണ്ടാരിപ്പാത്രം വലിച്ചു പുറത്തിടാൻ തുടയിടുക്കിലേക്ക് കൈ നീട്ടി....... 
------------------------------------------=======--------
മായ കൃഷ്ണൻ, തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിൽ മലയാളം അദ്ധ്യാപിക. "ഭൂതകാലത്തിന്റെ ഭാരം പേറുന്നവൾ "എന്ന പേരിൽ ഓർമ്മക്കുറിപ്പുകളുടെ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ആകാശവാണിയിലും സ്വന്തം രചനകൾ അവതരിപ്പിക്കുന്നു. നിരൂപണം, സംഗീതം എന്നീ മേഖലകളിലും താല്പര്യമുണ്ട്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More