America

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

Published

on

ഒരു കറുത്ത ദിനമായിരുന്നു അത്. സന്ധ്യാ  നേരത്ത് കുളിച്ചു മാറ്റി നാമം  ചൊല്ലി ദേവി പഠിക്കാനിരുന്നതായിരുന്നു. പാഠങ്ങെളെല്ലാം  വായിച്ച്  ഗൃഹപാഠങ്ങൾ  ചെയ്തു കൊണ്ടിരിക്കെയാണ് ദേവിക്ക്  എന്തൊക്കെയോ അസ്വസ്ഥകൾ  തോന്നിയത്. അടി വയറ്റിൽ  നിന്നും അസഹ്യമായ വേദന...തല അൽപം  കറങ്ങുന്ന പോലെ... അമ്മേ ...സഹിക്കാനാവാത്ത വേദനയിൽ  അവളലറി. കാലുറക്കാതെ അവൾ  തൂണും ചാരി നിലത്തിരുന്നു. ബോധം മെല്ലെ  മറയുന്നതിനിടയിൽ  തന്റെ അടിവസ്ത്രത്തിൽ  നനവ് പടരുന്നത് അവളറിഞ്ഞിരുന്നു.
****
അൽപ നേരത്തിനു ശേഷം ബോധം തെളിഞ്ഞപ്പോൾ ദേവി കണ്ടത് തന്റെ അരികിലിരുന്നു സ്നേഹത്തോടെ വിശറി വീശുന്ന അമ്മയെയാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ അവൾ നിലത്ത് നിന്നെണീക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ വസ്ത്രത്തിലും തറയിൽ അങ്ങുമിങ്ങുമായി പടർന്നു കിടക്കുന്ന  രക്തപുഷ്പങ്ങളെ അവൾ കണ്ടത്.അമ്മേ ..ചോര...തേങ്ങിക്കൊണ്ടവൾ അമ്മയുടെ മാറിലേക്ക് ചാഞ്ഞു. അമ്മയവളെ സ്നേഹത്തോടെ തന്നിലേക്ക് ചേർത്ത്‌ പിടിച്ചുകൊണ്ട് പറഞ്ഞു.
 
"മോള് പോയി കുളിച്ചു മാറ്റിട്ടു  വാ..'അമ്മ ഇവിടെയൊക്കെ വൃത്തിയാക്കട്ടെ"...
 
തനിക്കെന്താണ് സംഭവിക്കുന്നതെന്ന സ്ഥലകാലബോധമില്ലാതെ ദേവി കുളിക്കാൻ പോയി.
ഈ സമയം അമ്മയുടെ മനസ്സിൽ  പൂന്തോട്ടത്തിലെ പൂക്കളിൽ നിന്ന് മധു നുകർന്ന് പാറി നടക്കുന്ന പൂമ്പാറ്റയെ പോലുള്ള തന്റെ മകളെകുറിച്ചുള്ള ചിന്തകളായിരുന്നു. എത്രയും പെട്ടെന്ന് ദേവി മോൾക്കൊരു ചെക്കനെ കണ്ടുപിടിക്കാൻ മുത്തച്ഛനോട് പറയണം. നടന്ന സന്തോഷ വാർത്ത അറിയിക്കാൻ വേണ്ടിയവർ മുത്തച്ഛന്റെ മുറിയിലേക്ക് പോയി.
 
"സരിതേ...നമ്മുടെ തെക്കേതിലെ അയ്യപ്പൻ നായരുടെ ഒരു മോൻ ണ്ട് ..വിക്രം..മദ്രാസിലെ ഏതോ വല്യ കമ്പനീലെ  മാനേജറാത്രെ..വല്യ പഠിപ്പും പത്രാസും ഉള്ളോരാ ..ഓൻ ഇപ്പൊ നാട്ടിൽ വന്ന്ക്ക് ..ദേവി മോൾക്ക് ഒന്ന് ആലോയ്‌ച്ചോക്കാം"..
 
കുളിച്ചു തല തുവർത്തികൊണ്ട് മുറിയിൽ നിന്ന് വരികയായിരുന്ന ദേവി കേൾക്കുന്നത് നടുമുറ്റത്ത് വെച്ചുള്ള അമ്മയുടെയും മുത്തച്ഛന്റേയും ഈ സംസാര മാണ്. കല്യാണമെന്ന് കേട്ടപ്പോൾ ദേവി മോൾ ഞെട്ടിപ്പോയി..
"എന്താ അമ്മേ ഇത്..എന്തിനാ എനിക്കിപ്പോ ഒരു കല്യാണം..ഞാൻ എട്ടാം ക്ലാസ്സിൽ എത്തിയിട്ട് അല്ലെ ഉള്ളൂ"..
"നീ ഇത്ര ഒക്കെ പഠിച്ചാ മതി..അല്ലേലും പെണ്ണുങ്ങൾ കൊറേ പഠിച്ചിട്ട് എന്തിനാ...വയസ്സറിയിച്ചാ പിന്നെ അപ്പൊ കല്യാണം എന്നതാണ് നല്ല തറവാട്ടിലെ ശീലം"..
 
മുത്തച്ഛനിപ്പഴും ഈ പഴയ മട്ടുകാരനാണ്. എന്നാൽ അമ്മയെങ്കിലും തന്നെ പിന്തുണക്കുമെന്ന് കരുതിയ ദേവിക്ക് പിഴച്ചു.നിരാശയായിരുന്നു ഫലം.. 
രണ്ട് ദിവസം കഴിഞ്ഞു..ഇന്ന് ദേവിയെ പെണ്ണ്  കാണാൻ വരുന്ന ദിവസമാണ്.."മോൾ ഒരുങ്ങി നിക്ക് ട്ടോ..അവരിങ്ങെത്താൻ ആയി"..അമ്മ ഓരോ കാര്യങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുകായണ്‌..
"മോൾ ഈ ചായയും കൊണ്ട് അങ്ങോട്ട് ചെല്ല്" ...അമ്മ കയ്യിൽ ഒരു ട്രേയും കയ്യിൽ കൊടുത്ത് ദേവിയെ പറഞ്ഞയച്ചു..
"എന്റെ കൃഷ്ണാ..അവനെന്നെ ഇഷ്ടാവാര്തെ"..ഉള്ളുരുകി പ്രാർത്ഥിച്ച് അവൾ വിക്രമിനരികിലേക്ക് ചെന്നു.
"ഹമ്"....
ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ വിക്രം ദേവിയെ കണ്ടു...അവർ മുഖാമുഖം നിന്നപ്പോൾ അതുവരെ സംഭരിച്ചു വെച്ച ധൈര്യം ഒക്കെ ദേവിയിൽ നിന്ന് പറന്നു പോയി..അവൾ നിന്ന് വിയർക്കാൻ തുടങ്ങി.
 
"ആഹ്..ദേവീ ..എന്നോടൊന്നും തോന്നരുത്..എനിക്ക് ഈ കല്യാണത്തിന് താൽപര്യം  ഇല്ല. അച്ഛൻ നിർബന്ധിച്ചതോണ്ട് മാത്രമാണ് ഞാൻ വന്നത്". ഇത് കേട്ടപ്പോൾ ആശ്വാസത്തിന്റെ കുളിർമഴ പെയ്തത് ദേവിയുടെ മനസ്സിലാണ്. അങ്ങനെ പിറ്റേന്ന് മുതൽ അവൾ വീണ്ടും സ്കൂളിൽ പോവാൻ തുടങ്ങി.
 
***
"അടിവാരം...അടിവാരം ഇറങ്ങാനുണ്ടോ".??
കണ്ടക്ടർ കൂക്കി വിളിക്കുന്നത് കേട്ട് ശ്രീ ദേവി തന്റെ ചിന്തകളിൽ നിന്നുണർന്നു. നീണ്ട നാല് വർഷത്തെ വിട്ടു നിൽക്കലിന് ശേഷം അവൾ നാട്ടിലേക്ക് തിരിച്ചു വരികയാണ്. മധുരമൂറുന്ന സ്‌മൃതികളിൽ നിന്ന്  തന്നെയുണർത്തിയതിന് കണ്ടക്ടറോട് അരിശം തോന്നിയെങ്കിലും നാട്ടിലെത്തിയ സന്തോഷം ശ്രീദേവിയുടെ കവിളുകളിൽ അല്ല തല്ലി.  
അടിവാരം ബസ്റ്റോപ്പിലിറങ്ങി ചുറ്റും നോക്കിയ ദേവി അമ്പരന്ന് പോയി. തീർത്തും അപരിചിതമായ ഒരു നാട്. 4  വർഷം മുൻപത്തെ ഗ്രാമീണത്തനിമയിൽ നിന്നും നഗരവത്കരണത്തിലേക്കുള്ള മാറ്റം അവൾക്ക് ഉൾക്കൊള്ളാനായില്ല.
 
സ്കൂളിലേക്ക് നടന്ന്  പോയിരുന്ന വെടിപ്പായ ചെമ്മൺ പാതക്ക് പകരമിന്ന് ടാറിട്ട റബ്ബറൈസ്ഡ് റോഡ്... സൈക്കിളുകളും ദിവസത്തിലൊരിക്കൽ മാത്രം പോവുന്ന ബസും പൊടി പറത്തുന്നിടത്ത്  വമ്പൻ വാഹനങ്ങൾ പുകയുയർത്തി ചീറിപ്പായുന്നു .
ദേവി വീട്ടിലേക്കുള്ള വഴിയേ നടന്നു. തങ്ങൾക്ക് തീർത്തും അപരിചിതയായ സ്ത്രീയെ കണ്ട്  അപ്പുറത്തെ ചായക്കടയിലിരിക്കുന്ന ആളുകൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
 
സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുമ്പോൾ ഉപ്പിലിട്ടത് വാങ്ങുന്ന ബാബുവേട്ടന്റെ ഉന്തുവണ്ടി നിന്നിടത്തു ഒരു കൂൾബാർ...അവിടെ കയറി ഒരു നാരങ്ങാ സോഡ  കുടിച്ച്  ദേവി നടത്തം തുടർന്നു. ആ നടത്തമവസാനിച്ചത് സ്കൂൾ ഗെയ്റ്റിന് മുൻപിലാണ്. താൻ 12 വർഷം  ജീവിച്ച കെട്ടിടങ്ങൾ..പോയ കാലത്തെയോർത്ത്  ദേവി അവിടെ നിന്ന് നെടുവീർപ്പിട്ടു. കഞ്ഞിപ്പുരയും ഓടിട്ട ക്ലാസ് റൂമുകളും  നിന്നിടത്ത് വമ്പൻ കെട്ടിടങ്ങൾ.. ഒഴിവു സമയമാണെന്ന് തോന്നുന്നു, കുട്ടികളെല്ലാം പുറത്ത് ഓടിക്കളിക്കുന്നുണ്ട്...
 
"ദേവീ" ...പിന്നിൽ നിന്നാരോ തന്നെ വിളിക്കുന്നത് കേട്ട് ദേവി അമ്പരന്നു. ഇത്ര വർഷത്തിന് ശേഷം തന്നെ അറിയുന്ന ആരാണിവിടെ? അപരിചതത്വ ഭാവത്തിൽ നിന്നപ്പോൾ അയാൾ ദേവിക്കരികിലേക്ക് വന്നു.
"ദേവിക്കെന്നെ മനസ്സിലായില്ലേ..ഞാൻ അജ്മൽ..നമ്മൾ ഒരുമിച്ച് +2 വിൽ പഠിച്ചിരുന്നു"..അപ്പോഴാണ് അവൾക്കവനെ മനസ്സിലായത്.
"നീയിവിടെ എന്താ ചെയ്യുന്നേ"?അവൾ ചോദിച്ചു.
"ഞാൻ ഇപ്പൊ ഈ സ്കൂളിലെ പ്രൊഫസ്സർ ആണ്".ഇത് കേട്ടപ്പോൾ ദേവി വേദനയോടെ ചിരിച്ചു. അവൾക്കും ഒരു ടീച്ചറാവനായിരുന്നു മോഹം.അജ്മലിനെ കണ്ടപ്പോൾ വീണ്ടുമവളുടെ ഓർമ്മകൾ പോയ കാലത്തിലേക്ക് ഓടിപ്പോയി.
****
ക്ലാസ്സിൽ ഫ്രീ പീരീഡ് ഉള്ള ഒരു സമയം...അപ്പോഴാണ് മലയാളത്തിന്റെ ലളിത ടീച്ചർ കയറി വന്നത്. ടീച്ചർ വന്നാൽ പിന്നെ നല്ല രസമാണ്. കുറെ പാട്ടും കഥകളും പറഞ്ഞു തരും. എന്നാൽ ആ ദിവസം ടീച്ചർ പതിവ് പോലെ പാട്ട് പാടാതെ ഞങ്ങളുടെ ഭാവിയെ പറ്റി ചോദിച്ചു.
ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന മീന പറഞ്ഞത് അവൾക്കൊരു അമ്മയാവണം എന്നാണ്. അത് കേട്ട് എല്ലാവരും ആർത്ത് ചിരിച്ചു. അന്ന്   ഈ അജ്മൽ പറഞ്ഞത് അവനു വലിയ കപ്പടാ മീശയുള്ള കള്ളനെ പിടിക്കുന്ന പോലീസ് ആവണമെന്നാണ്. ഒടുവിൽ എന്റെ ഊഴമെത്തി...ഞാൻ പറഞ്ഞത് എനിക്ക് ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആവണമെന്നാണു.
 
പഠിക്കാൻ മിടുക്കിയായിരുന്നു ദേവി. ക്ലാസ്സിലെ സ്ഥിരം ഒന്നാം റാങ്കുകാരി.വർഷങ്ങൾ മാറിമറിഞ്ഞു കുഞ്ഞു പാവാടക്കാരിയായ ദേവി പത്താം ക്ലാസിലെത്തി.
ഒരു ദിവസം...പതിവ് പോലെ സ്കൂൾ വിട്ട നേരത്ത് ദേവി ബാബുവേട്ടന്റെ പെട്ടിക്കടയിലേക്കോടി ."ബാബ്വെട്ടാ ...രണ്ടുർപ്യന്റെ ഒരു സിപ്പപ്പ്".. വഴിയെലെത്തിയപ്പോൾ തന്നെ അവൾ  വിളിച്ചു കൂവി. എന്നാലന്ന് അവൾക്ക് രണ്ടു രൂപയുടെ ബൂസ്റ്റിന്റെ സിപ്പപ്പെടുത്ത്  കൊടുത്തത് ഒരു ശുഷ്കിച്ച കൈയാണ്. ബാബുവേട്ടന്റെ മോൻ ഗോപാലൻ. ഗോപാലനെ കണ്ട്  ദേവിയാകെ ചമ്മി. അവൾ സിപ്പപ്പും വാങ്ങി ഇറങ്ങിയോടി... ദേവിയുയുടെ ഓട്ടം കണ്ട് ഗോപാലൻ പൊട്ടിച്ചിരിച്ചു.
 
ഗോപാലനും ദേവിയുടെ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. പന്ത്രണ്ടാം ക്ലാസ്സിൽ.. എന്നാൽ വളരെ മുൻപ് തന്നെ അവൻ ശ്രീ ദേവിയെ അവന്റെ ഹൃദയമെന്ന അമ്പലത്തിലെ ദേവതയായി പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ ഗോപാലന് തന്റെ ഇഷ്ട്ടം അവളെയറിയിക്കാൻ പേടിയായിരുന്നു. ഞാനൊരു ചെറിയ കൂലിപ്പണിക്കാരന്റെ മോൻ...അവളോ,വല്യ തറവാട്ടിലെ കുട്ടി. അവൻ ഒഴിഞ്ഞു മാറി..
 
ഇന്ന് അച്ഛനെന്തോ ആവശ്യത്തിന് കോഴിക്കോട് പോയത് കൊണ്ടാണ് ഗോപാലൻ കടയിൽ നിന്നത്. അച്ഛന് ഇനിയെന്നും കോഴിക്കോട് പോവാൻ ഉണ്ടാവണേ ..അവൻ പുഞ്ചിരിയോടെ പ്രാർത്ഥിച്ചു...
വീട്ടിലെത്തി കുളിച്ച്  പഠിക്കാനിരുന്ന ദേവിയുടെ അവസ്ഥയും ഏകദേശം ഇത് തന്നെയായിരുന്നു. ഇളം മീശ കുരുത്ത ഗോപാലന്റെ മുഖമായിരുന്നു അവളുടെ മനസ്സിൽ...ഇന്നെന്താണാവോ ഇങ്ങനെ..ഞാനെന്തിനാ അവനെ കുറിച്ച് ചിന്തിക്കുന്നത്..എന്നിട്ടുമവൾക്ക് പാഠപുസ്തകത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവൾ പുസ്തകമടച്ചു വെച്ചു പോയി കിടന്നു.
 
കാലചക്രമങ്ങനെ കടന്നു പോയി..ദേവിയും ഗോപാലനും ആ ഒഴുക്കിൽ പെട്ട്  ഒഴുക്കിനൊത്തു നീന്തി. അവരെന്നും ബാബുവേട്ടന്റെ പെട്ടിക്കടയിൽ വെച്ച് കണ്ടു മുട്ടും..ഗോപാലനെ  കാണാൻ വേണ്ടി മാത്രം അവൾ കടയിൽ പോവും..ഒരു സിപ്പപ്പ് വാങ്ങും..ദേവിയെ കാണാൻ വേണ്ടി മാത്രം ഗോപാലൻ കടയിൽ നിൽക്കും..അവൾക്കൊരു പുഞ്ചിരി സമ്മാനിക്കും.
ഒരു ദിവസം വൈകുന്നേരം ദേവി കടയിൽ വന്നു..അപ്പോളവിടെ മറ്റാരുമില്ലായിരുന്നു.
"ഗോപാലാ...ഒരു സിപ്പപ്പ്"...ദേവി സിപ്പപ്പും വാങ്ങി പടിയിറങ്ങി...
"ദേവീ" ...അൽപ്പം ശങ്കിച്ച് കൊണ്ട് ഗോപാലൻ അവളെ പിന്നിൽ നിന്ന് വിളിച്ചു...
"ദേവീ ...എനിക്കൊരു കാര്യം പറയാനുണ്ട്"..
"ഹമ്"???
പറയണോ  വേണ്ടേ എന്ന സന്ദേഹത്തിനൊടുവിൽ ധൈര്യമവലംബിച്ചു ഗോപാലൻ  തന്റെ ഹൃദയം തുറന്ന് തന്റെ അമ്പലത്തിലെ നിത്യം പൂജിക്കുന്ന ദേവതയെ അവൾക്ക് കാണിച്ചു കൊടുത്തു. അവൻ പറയുന്നത്  കേട്ട് സ്തംഭിച്ചു  പോയ ദേവി ഒന്നും പറയാതെ തല താഴ്ത്തി അവിടുന്ന് വേഗം പോയി.
"പറഞ്ഞത് അബദ്ധായോ.. എന്തെങ്കിലുമാവട്ട്"..ഗോപാലൻ കടയടച്ചു വീട്ടിലേക്ക് പോയി.
 
താനിത്രയും കാലം മനസ്സിൽ കരുതിയത് തന്നെയാണ് ഗോപാലനിന്ന് പറഞ്ഞത്. മന്ദഹാസത്തോടെ കട്ടിലിൽ കിടന്ന ദേവിയുടെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ മുത്തച്ഛന്റെ മുഖം തെളിഞ്ഞു വന്നു. അപ്പോൾ അവളുടെ മന്ദഹാസമെല്ലാം മാഞ്ഞു മുഖമിരുണ്ടു.
മുത്തച്ഛനെങ്ങാനും ഇതറിഞ്ഞാ പിന്നെ എന്നേം കൊല്ലും അവനേം കൊല്ലും...ദേവിക്ക് പരിഭ്രമമായി.
പിന്നെ രണ്ട്  ദിവസത്തേക്ക് അവൾ സ്കൂളിൽ പോയില്ല. അമ്മയോട് തലവേദനയെന്ന് കള്ളം പറഞ്ഞു വീട്ടിൽ തന്നെയിരുന്നു. വല്ല വിധേനയും ഗോപാലനെ ഒഴിവാക്കുകയായിരുന്നു അവളുടെ ലക്ഷ്യം. രണ്ട്  ദിവസം ദേവിയെ കാണാത്തത് കൊണ്ട് ആകെ വിഷാദമൂകനായി ഇരിക്കുമ്പോഴായാണ് ഗോപാലന്റെ മുൻപിലേക്ക് സാക്ഷാൽ ശ്രീദേവി പ്രത്യക്ഷപ്പെട്ടത്.
 
"ഗോപാലാ..രണ്ട്  രൂപയുടെ സിപ്പപ്പ്"....സ്വരത്തിലെ ഗൗരവം കണ്ട്  ഗോപാലൻ ഞെട്ടി ദേവിയുടെ മുഖത്തേക്ക് നോക്കി..അവിടെ പതിവു  ചിരിയോ സൗഹൃദഭാവമോ ഇല്ല. സിപ്പപ്പും വാങ്ങി പണം മേശപ്പുറത്ത് വെച്ച്  തിരിഞ്ഞു നോക്കാതെ ദേവി പോയി.അവളെന്തെങ്കിലും  മറുപടി നൽകുമെന്ന ഗോപാലന്റെ പ്രതീക്ഷയും അസ്ഥാനത്തായി. നിരാശനായി തിരിഞ്ഞപ്പോഴാണ് മേശമേൽ രണ്ടു രൂപയുടെ ചുവടെ ഒരു ചെറിയ കടലാസ് കഷ്ണം അവന്റെ ശ്രദ്ധയിൽ പെട്ടത്. ആകാംക്ഷയോടെ ഗോപാലൻ അതെടുത്ത് തുറന്ന് നോക്കി...
"ഇഷ്ടമാണ്...ഒരുപാട്....കൂടെ വരാം, നിന്റെ ജീവിതത്തിലേക്ക്"..കൂടെ ചിരിച്ചു കണ്ണ് ചിമ്മുന്ന ഒരു സ്മൈലിയും.. ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഗോപാലൻ ആനന്ദത്തേരിലേറി  ആകാശത്ത് പറന്ന് നടക്കാൻ തുടങ്ങി. 
 
കാലചക്രം കറങ്ങിക്കൊണ്ടിരിക്കെ അവരുടെ പ്രണയവും പൂത്തുലയാൻ തുടങ്ങി.
അങ്ങനെ ഒരു ദിവസം...ദേവിയും ഗോപാലനും കൂടെ സ്കൂൾ വിട്ട് വൈകുന്നേരം ഒരുമിച്ച് നടന്നു വരികയായിരുന്നു.ഗോപാലന്റെ തമാശകൾ കേട്ട് ദേവി പൊട്ടിച്ചിരിക്കുന്നുണ്ട്. പെട്ടെന്നാണ് അവർക്ക് മുൻപിലേക്ക് ദേവിയുടെ മുത്തച്ഛൻ പ്രത്യക്ഷപ്പെട്ടത്. പേടിച്ചു  വിറച്ച് ഭൂമി പിളർന്ന് ഇപ്പോൾ തന്നെ താഴ്ന്നു പോയിരുന്നെങ്കിൽ എന്ന ദേവി ആത്മാർത്ഥമായി ആഗ്രഹിച്ചു .ഒന്ന് നോക്കിയെങ്കിലും മുത്തച്ഛൻ അവരെ കാണാത്ത പോലെ നടിച്ച് കടന്ന് പോയി.
വീട്ടിലെത്തിയ ദേവി പേടിച്ച് വിറച്ച് അമ്മയുടെ കൂടെ അടുക്കളയിൽ തന്നെ നിന്നു. എന്താ പറ്റിയെ എന്ന് അമ്മ പലായാവർത്തി ചോദിച്ചെങ്കിലും അവളൊരക്ഷരം ഉരിയാടിയില്ല. അപ്പോഴാണ് ഇറയത്ത് നിന്ന് കാലു കഴുകി മുത്തച്ഛൻ അകത്തേക്ക് കയറുന്ന ശബ്ദം അവൾ കേട്ടത്.
 
"സരിതേ" ...കേറിയ പാടെ മുത്തച്ഛൻ അലറി വിളിച്ചു...ഒന്നും മനസ്സിലാവാതെ അമ്മ ഓടിച്ചെന്നു."എവിടെ  നിന്റെ സന്തതി...വിളിക്കവളെ"...അമ്മ അടുക്കളയിൽ വന്ന്  ദേവിയെ വിളിച്ചോണ്ട് പോയി...
"എന്താടി നിന്റെ വികാരം..തീണ്ടാപ്പാടകലെ നിർത്തേണ്ടവരോടൊപ്പം കൊഞ്ചിക്കുഴഞ്ഞു മനിഷനെ പറീപ്പിക്കാനായിട്ട്"....
"മനുഷ്യരെല്ലാരും ഒന്നാണ് മുത്തച്ഛാ...എല്ലാരീം ചോരന്റെ  നെറം  ചോപ്പാണ്".
"തർക്കുത്തരം പറയുന്നോടീ അസത്തെ" ..തെക്കിനിയിലെ പുളിമരത്തിൽ നിന്ന് കൊമ്പൊടിച്ച് മുത്തച്ഛൻ ദേവിയെ പൊതിരെ തല്ലാൻ തുടങ്ങി. പിടിച്ചു മാറ്റാനുള്ള വിഫലശ്രമങ്ങളോടെ അമ്മ നിന്ന് കരയാനും തുടങ്ങി. ഒടുക്കം കൈ തളർന്നപ്പോൾ അടി നിർത്തി മുത്തച്ഛൻ ദേവിയെ മുറിയിലിട്ട് പൂട്ടിയിട്ടു. ശരീരമാസകലം വേദനിച്ച് ദേവി കരഞ്ഞു കരഞ്ഞു തളർന്നുറങ്ങി...അവളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും മുത്തച്ഛൻ സമ്മതിച്ചില്ല..ദേവിയുടെയും അമ്മയുടെയും എതിർപ്പുകൾ വകവെക്കാതെ തന്റെ ഒരു പഴയ സുഹൃത്തിന്റെ മകനുമായിട്ട് ദേവിയുടെ കല്യാണം  ഉറപ്പിക്കുകയും ചെയ്തു.
 
പേര് പോലുമറിയാത്ത ഏതോ ഒരാളുമായിട്ടുള്ള കല്യാണം..ദേവിയുടെ  മനസ്സ് ഗോപാലന്റെ ഓർമ്മകളിൽ വിങ്ങി.
"എനിക്കൊന്ന് അമ്പലത്തിൽ പോവണം"..ഒരു ദിവസം ദേവി മുത്തച്ഛന്റെ അടുത്ത് ചെന്ന് പറഞ്ഞു. "നിന്റമ്മനേം കൂട്ടി പൊയ്ക്കോ"...പുച്ഛത്തോടെ മുത്തച്ഛൻ തല തിരിച്ചു.
"ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം അമ്മെ"...അമ്മയോട് കെഞ്ചി അവൾ പുറത്തിറങ്ങി..കാലങ്ങൾക്ക് ശേഷം കിട്ടിയ അവസരമാണ്. അവൾ നേരെ ഗോപാലന്റെ  കടയിലേക്ക് ചെന്നു .എന്നാൽ അവിടെ അവന്റെ അച്ഛൻ ബാബുവേട്ടനായിരുന്നു ഉള്ളത് ."ബാബ്വേട്ടാ ...ഗോപാലൻ എവിടെ".."അവൻ വീട്ടിലാ"..ബാബുവേട്ടൻ പറഞ്ഞു..
അവൾ ഗോപാലന്റെ വീട്ടിലേക്കോടി..
"ഗോപാലാ"....."ദേവീ" ......ഗോപാലൻ സ്വയമൊരു താജ് മഹലായി തന്റെ മുംതാസിന്റെ മുൻപിൽ നിന്നു. ദേവി ഖൈസെന്ന മജ്നുവിന്റെ ലൈലയായി മാറി. ആ  പ്രണയഹംസങ്ങൾ പരസ്പരം ഇറുകെ പുണർന്നു.
"വാ..നമുക്ക് പോവാം.. ദൂരെ എങ്ങോട്ടേലും"...
കുറച്ച്  വസ്ത്രങ്ങൾ മാത്രം ബാഗിലാക്കി അവർ കോഴിക്കോട്ടേക്ക് ബസ് കയറി.എങ്ങോട്ടാണ് പോവേണ്ടതെന്ന് ഗോപാലനും തിട്ടമുണ്ടായിരുന്നില്ല. ബസ് സ്റ്റാൻഡിലെ ഏറ്റവും ദൂരെ നാട്ടിലേക്കുള്ള ബസിൽ അവർ കയറിയിരുന്നു. അപരിചിതമായ നാട്...ബുദ്ധിമുട്ടിയെങ്കിലും സൗകര്യങ്ങൾ കുറഞ്ഞ ഒരു ചെറിയ വീട് വാടകക്കെടുത്ത് അവർ താമസമാരംഭിച്ചു. ഒരു ചെറിയ പലചരക്കു കടയിൽ ഗോപാലന് ജോലിയും കിട്ടി. അല്ലലോടെയെങ്കിലും അവർ സന്തോഷത്തോടെ ഒരു പുതുജീവിതമാരംഭിച്ചു.
*****
പതിവ് പോലെയൊരു  ദിവസം ഗോപാലൻ ജോലിക്ക് പോയി.  അതേസമയം ദേവി വീട്ടുജോലികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. സമയം ഏകദേശം 10 മണി ആയപ്പോഴാണ് ഗോപാലന്റെ കൂടെ ജോലി ചെയ്യുന്ന വിനോദ് വീട്ടിലേക്ക് വന്നത്.
"ദേവിയേച്ചി...ഒന്ന് മാറ്റിട്ട് വാ...ഗോപാലേട്ടനു ചെറിയ ഒരു ആക്സിഡന്റ് പറ്റി. താലൂക്കാസ്പത്രീല് കൊണ്ടോയ്ക്ക്"...
ഗോപാലേട്ടനു അപകടം പറ്റിയെന്ന് കേട്ട് ദേവി നിലത്തിരുന്നു പോയി."ചേച്ചീ ...സമയല്ല..വേം വാ"...
അപ്പോൾ ദേവി സ്ഥലകാല ബോധം വീണ്ടെടുത്ത്  വേഗം വിനോദിനൊപ്പം ഇറങ്ങി.
ആക്‌സിഡന്റിൽ ഗോപാലന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഗോപാലനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
":ആരാണ് ശ്രീ ദേവി??അകത്തേക്ക് വരൂ"...
പ്രക്ഷുബ്ധമായ മനസ്സോടെ ആശുപത്രി വരാന്തയിലെ കസേരയിൽ പ്രാർത്ഥനയോടെ ഇരിക്കവെയാണ് ഡോക്ടർ വന്ന്  വിളിച്ചത്.
 
കർട്ടനിട്ട് മറച്ച വാതിലിനപ്പുറത്തെ കാഴ്ചകൾ കണ്ട് ദേവിയുടെ അത് വരെയുള്ള വിതുമ്പൽ കരച്ചിലായി മാറി..."മിണ്ടാതെ വേഗം കണ്ടിട്ട് ഇറങ്ങിപ്പോ"...അപ്പുറത്തെ കട്ടിലിലെ രോഗിയുടെ അടുത്ത് അലസമായി ഇരുന്നു മൊബൈലിൽ കളിക്കുകയായിരുന്ന നേഴ്സ് ദേഷ്യപ്പെട്ടു. അവർക്കറിയില്ലലോ അവിടെ കട്ടിലിൽ കിടന്ന് മല്ലടിക്കുന്നത് തന്റെ ജീവനാണെന്ന്.. .ഒട്ടനവധി വയറുകളാലും യന്ത്രങ്ങളാലും ചുറ്റപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന ഗോപാലൻ...ഇസിജി മെഷീനിൽ ജീവശ്വാസം ഉയർന്നും താഴ്ന്നും ഊഞ്ഞാലാടുന്നുണ്ട്. ദേവി ചെന്ന് ഗോപാലന്റെ കരം കവർന്നു.അൽപ നേരത്തിനു ശേഷം കൈയിലെ പിടുത്തം മുറുകുന്നത് കണ്ട്  നോക്കിയപ്പോൾ ഗോപാലൻ കണ്ണ് തുറന്നിട്ടുണ്ട്. ദൂരെയെങ്ങോട്ടോ കണ്ണ് പായിച്ച്  കിടക്കുന്നു.
 
"ദേവീ"...ബോധം വന്നെന്ന് പറയാൻ  ഡോക്ടറെ വിളിക്കാനായി എഴുന്നേൽക്കുമ്പോഴാണ് നേർത്ത ശബ്ദത്തിൽ ഗോപാലൻ  വിളിക്കുന്നതവൾ  കേട്ടത്. അവൾ ഗോപാലനോട് ചേർന്നിരുന്ന്  ഗോപാലന്റെ കൈകളിൽ മുഖമമർത്തി.
"ദേവീ"...ആ വിളിയോടെ കൈയിലെ പിടുത്തമയഞ്ഞു, കൺകൾ നിശ്ചലമായി..മൈതാനത്ത് പാറുന്ന ചിത്ര ശലഭങ്ങളെപ്പോലെ, മാനത്ത് ചിറകടിക്കുന്ന പറവകളെ പോലെ തന്റെ പ്രാണൻ പറന്നു പോവുന്നത് കണ്ട്  ദേവി വാവിട്ട്  കരയാൻ തുടങ്ങി...ശബ്ദം കേട്ട് മുഖം  ദേഷ്യം കൊണ്ട് ഫേഷ്യൽ ചെയ്ത നേഴ്സ് വീണ്ടും വന്നെങ്കിലും ദേവിയുടെ അവസ്ഥ മനസ്സിലാക്കിയാവണം, അപ്പോൾ ഒന്നും പറഞ്ഞില്ല.
 
നാടും വീടും വിട്ട് വന്നപ്പോഴുള്ള ഏക കൈത്താങ്ങായിരുന്നു ഗോപാലൻ..ഇനി മുന്നോട്ടുള്ള വഴിയിൽ ഇരുട്ടും ഏകാന്തതയും മാത്രം...ഗോപാലന്റെ ഭൗതിക  ശരീരത്തോടൊപ്പം ആശുപത്രി ആംബുലൻസിൽ വീട്ടിലേക്ക് പോകവേ ദേവി ചിന്തിച്ചു.
ഇനി രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വല്ല ജോലിക്കും പോകണം..ഗോപാലേട്ടന്റെ അടക്കവും ശേഷക്രിയകളുമെല്ലാം കഴിഞ്ഞു. വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് രണ്ട്  ദിവസമായി..പരിചയക്കാർ ആരുമില്ലാത്തതിനാൽ സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല. തന്നോടുള്ള സഹതാപത്തിന്റെ പുറത്തെങ്കിലും വല്ല ജോലിയും കിട്ടുമോ എന്നന്വേഷിക്കാനായി അവൾ ഗോപാലൻ മുൻപ് ജോലി ചെയ്തിരുന്ന കടയിലേക്ക് പോയി..
"ഗോപാലന്റെ ഭാര്യ ആണ് ല്ലേ...എങ്ങനാ ഇപ്പൊ വീട്ടിലെ അവസ്ഥ"...ഗോപാലന്റെ മുതലാളി ആയിരുന്ന ശേഖരൻ  അന്വേഷിച്ചു..
"അൽപം  പ്രയാസത്തിലാണ്..ഇവിടെ വല്ല ജോലിയും കിട്ടിയാൽ ഉപകാരമായേനെ"..
"ഇവിടെ ഇപ്പൊ ജോലിക്ക് ഒഴിവൊന്നും ഇല്ല...എന്നാലും നാളെ മുതൽ വാ..ഞാൻ എന്തെങ്കിലും ജോലി തരാം"...മുതലാളി ചിരിച്ചു..
"ആയിക്കോട്ടെ ഞാൻ നാളെ മുതൽ വരാം"..ദേവി ഇറങ്ങിയപ്പോൾ മുതലാളി അവളെ വിളിച്ചു. നിൽക്ക്..ആവശ്യത്തിന് വല്ലതും വേണേൽ വാങ്ങിക്കോ എന്നും   പറഞ്ഞു രണ്ടായിരം രൂപയുടെ ഒരു നോട്ട് നീട്ടി. ദേവി ശേഖരൻ മുതലാളിയെ ദൈവ തുല്യനായി കണ്ടു കൃതജ്ഞതയോടെ തൊഴുതു..
അങ്ങനെ പിറ്റേന്ന്  അവൾ കടയിലേക്ക് പോയി..."ഇവിടെ കാര്യായിട്ട് ജോലി ഒന്നും ഇല്ല..എന്നാലും നീ സാധനങ്ങൾ ഒക്കെ എടുത്ത് തുടച്ച്  വൃത്തിയാക്കി വെക്ക്"...ദേവി കടയിലെ സാധനങ്ങൾ ഒക്കെ ശീല എടുത്ത് തുടച്ച്  വൃത്തിയാക്കാൻ തുടങ്ങി....നേരം ഉച്ച കഴിഞ്ഞു..കടയിൽ ഇപ്പൊ ആവശ്യക്കാരാരും ഇല്ല. അൽപ്പം  വിശ്രമിക്കാം എന്ന കരുതി  അവിടെ മൂലക്ക്  ഒരു കസേരയിലിരുന്ന് മയങ്ങി. ഉറക്കത്തിനിടയിലെപ്പെഴോ തന്റെ ശരീരത്തിലൂടെ ഒരു കരസ്പർശം കടന്നു പോവുന്നതറിഞ്ഞപ്പോൾ ദേവി ഞെട്ടിയെഴുന്നേറ്റു.പിന്നിലേക്ക് നോക്കിയപ്പോൾ അവിടെ ശേഖരൻ മുതലാളി തന്റെ കസേരക്ക് പിന്നിൽ നിൽക്കുന്നതവൾ കണ്ടു .തന്റെ കഴുത്തിലൂടെ കൈയ്യിട്ട് വസ്ത്രത്തിനുള്ളിൽകൂടെ തന്റെ മാറിലേക്ക് കൈ കടത്താൻ ശ്രമിക്കുകയാണ് ആ വൃത്തികെട്ടവൻ. ദേവി ശേഖരനെ പിന്നിലേക്ക് തള്ളിക്കൊണ്ട് ചാടിയെഴുന്നേറ്റു."ഇപ്പൊ കടയിൽ ആരുമില്ല...നീ ഒന്ന് സഹകരിച്ചാൽ നിനക്ക് ഞാൻ ഇരട്ടി ശമ്പളം തരാം. "ശേഖരൻ പറയുന്നത് കേട്ട് ദേവിയുടെ കൈ തരിച്ചു. അവൾ ശേഖറിനരികിലേക്ക് ചെന്നു.നിന്റെയീ വൃത്തികേടിനു കൂട്ട് നിൽക്കുന്നവരെ നീ കണ്ടിട്ടുണ്ടാകും..എന്നാൽ ദേവി ആ ടൈപ്പല്ല..എന്നും പറഞ്ഞ്  അവൾ ശേഖറിന്റെ മുഖത്തു ആഞ്ഞടിച്ച് കടയിൽ നിന്നിറങ്ങിപ്പോയി.
 
ഭർത്താവ് മരിച്ച  സ്ത്രീയെ എല്ലാവരും നോ‌ക്കുന്നത് തന്നെ ഒരു പ്രത്യേക നോട്ടമാണ്. കടയിൽ പോവുമ്പോഴെല്ലാം ഓരത്തെ കലുങ്കിലിരിക്കുന്നവരിൽ നിന്ന് പതിയെ പല അശ്‌ളീല കമന്റുകളും കേൾക്കാറുണ്ട്. കേൾക്കാത്ത പോലെ നടിക്കലാണ് നല്ലത്.. അല്ലെങ്കിലിവിടെ ജീവിച്ച്‌  പോവാനാവില്ല.
അന്ന് വൈകുന്നേരം വിനോദ് വീട്ടിൽ വന്നു.
"ആഹ്..വിനോദ ഇരിക്ക്"..
"ഞാൻ വെള്ളമെടുത്ത് വരാം"...
"ദേവിയേച്ചി..ഇങ്ങളെ അവസ്ഥ മോശമാണെന്നറിയാ..എന്റൊരു കൂട്ടുകാരന്റെ മരുന്ന് കടയുണ്ട് ടൗണിൽ..അവിടെ ജോലിക്ക് ആളെ വേണമെന്ന് അവൻ പറഞ്ഞിരുന്നു..നിങ്ങൾക്ക് പറ്റുമെങ്കിൽ നാളെ രാവിലെ ചെന്നാ മതി..വിലാസം ഞാൻ തരാം...ജോലിയെന്ന്  കേട്ടപ്പോൾ ആദ്യം ദേവിയുടെ മനസ്സിലേക്ക് ഓടിയെത്തിയത് ശേഖരന്റെ  മുഖവും ആ വൃത്തികെട്ട ചിരിയുമാണ്. അതോർത്തപ്പോൾ അവൾക്ക് ഭയമായി..ആഹ് എന്തായാലും വരുന്നിടത് വെച്ച് കാണാം..
 
തീച്ചൂളയിലേക്ക് അൽപം  ആശ്വാസജലമൊഴിച്ച വിനോദിനെ നോക്കി കൃതജ്ഞതയോടെ കൈ കൂപ്പി നിൽക്കാനല്ലാതെ  ദേവിക്ക് മറ്റൊന്നിനും സാധിച്ചില്ല.പിറ്റേന്ന് മുതൽ അവൾ ടൗണിലെ മരുന്ന് കടയിൽ ജോലിക്ക് പോവാൻ തുടങ്ങി.
അല്ലലില്ലാതെ ജീവിതം ഏകദേശം താളത്തിലായി വന്നപ്പോഴാണ് ദേവിയെത്തേടി ഒരു കമ്പി സന്ദേശം വന്നത്.
"ആരാപ്പോ എനിക്ക് കത്തയക്കാൻ"?? വർഷങ്ങൾക്ക് ശേഷമാണു തന്നെ കുറിച്ച്  താനല്ലാതെ മറ്റൊരാൾ ചിന്തിക്കുന്നത്.
"അടിവാരം,
താമരശ്ശേരി (po )
കോഴിക്കോട്."
 
വിലാസം നാട്ടിൽ നിന്നാണെന്ന് കണ്ടപ്പോൾ ദേവിക്ക് പരിഭ്രമമായി..ഇനി അമ്മയ്‌ക്കെങ്ങാനും വല്ലതും... വേവലാതിയോടെ ദേവി കത്ത് തുറന്ന് വായിച്ചു...അമ്മയുടെ കത്താണ്..മുത്തച്ഛൻ മരിച്ചു.. അടക്കത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു...ഇത്ര മാത്രം...എന്തെന്നറിയില്ല , മുത്തച്ഛൻ മരിച്ചെന്ന് കേട്ടപ്പോൾ ആദ്യം ഒരു നിർവ്വികാരതയാണ് ദേവിക്ക് തോന്നിയത്..തന്റെ ഇപ്പോഴത്തെ അവസ്ഥയുടെ കാരണക്കാരൻ.. സന്തോഷകരമായ ജീവിതത്തിൽ നിന്നും ഈ ദുരിതത്തിലേക്ക് കാലെടുത്തു വെച്ചത് മുത്തച്ഛൻ കാരണമല്ലേ.. അത് കൊണ്ട് അടക്കത്തിന് പോവണ്ട എന്ന്  ദേവി തീരുമാനിച്ചു...എന്നാൽ കത്തിന്റെ കൂടെ മറ്റൊരു കുറിപ്പ് കൂടെയുണ്ടായിരുന്നു..
എന്റെ മോൾ എന്നോട് പൊറുക്കണം.മുത്തച്ഛൻ അറിവില്ലാതെ ചെയ്തതിനൊക്കെ മാപ്പ് ചോദിക്കുന്നു ..അതിനു മോളെന്തിനാ  പിണങ്ങിപ്പോയെ...മോൾക്ക് കല്യാണം വേണ്ട എന്ന പറഞ്ഞാൽ മുത്തഛൻ  ഒഴിവാക്കുമായിരുന്നല്ലോ...മോളെ കാണാനുള്ള ആശയോടെ മുത്തച്ഛൻ ..
 
ഇത് വായിച്ച്  കഴിഞ്ഞപ്പോയെക്ക് ദേവിയുടെ  കണ്ണിൽ നിന്ന് രണ്ട്  തുള്ളി കണ്ണുനീർ ആ കുറിപ്പിലേക്ക് വീണു. മുത്തച്ഛൻ അല്ലല്ലോ  മാപ്പ് ചോദിക്കേണ്ടത്.. ഞാനും തെറ്റുകാരിയാണല്ലോ...ഇപ്പോൾ അവൾക്ക് മുത്തച്ഛൻ മരിച്ചു എന്നോർത്തപ്പോ തന്നെ മനസ്സിൽ വിങ്ങൽ കൂടു കെട്ടാൻ തുടങ്ങി.ജീവിച്ചിരിക്കെ മാപ്പ് ചോദിയ്ക്കാൻ കഴിഞ്ഞില്ല..അത് കൊണ്ട് അടക്കത്തിന് മുൻപെങ്കിലും അങ്ങെത്തണം.അപ്പോൾ തന്നെ മരുന്ന് കടയിലെ മുതലാളിയോട് പറഞ്ഞ്  നാട്ടിലേക്കുള്ള ബസ് കയറി. 4 വർഷം  മുൻപ് താൻ ഉപേക്ഷിച്ച വഴികളിലേക്ക്  അവൾ വീണ്ടും കാലെടുത്ത് വെച്ചു.
****
"എനിക്ക് ക്ലാസ്സിൽ പോവാൻ സമയമായി..ഞാൻ പോവട്ടെ..നീ വിളിക്ക്"...അജ്മൽ പറഞ്ഞു.
"ആഹ് ഞാൻ വീട്ടിലേക്ക് പോവുകയാ"...
ദേവി വീട്ടിലേക്കുള്ള വഴിയേ നടന്നു. കനൽപഥങ്ങളിൽ ജ്വലിക്കുന്ന ഓർമ്മകളുടെ വിങ്ങൽ..
വീട്ടുമുറ്റത്ത്  ആരവങ്ങളെല്ലാം ഒഴിഞ്ഞിട്ടുണ്ട്. വിലാസം കൃത്യമായി അറിയാത്തതിനാൽ കത്ത് രണ്ട്  ദിവസം കഴിഞ്ഞാണ് കിട്ടിയത്. അത് കൊണ്ട് തന്നെ അടക്കവും മറ്റും  കഴിഞ്ഞിട്ടുണ്ട്. മുറ്റത്തെ മൂലക്ക് ഒരു പന്തൽ മാത്രം ..അങ്ങിങ്ങായി കുറച്ച്  ബന്ധുക്കളും.. ഒരപരിചിതയെ കണ്ട്  അവർ പരസ്പരം പിറുപിറുക്കുന്നു.. കോലായിലെ വാതിൽ പടിയിൽ തന്നെ  അമ്മയെ അവൾ കണ്ടു. അമ്മയും എന്നെ കണ്ടിട്ടുണ്ട്..ആ കണ്ണുകളിൽ പ്രതീക്ഷയുടെ, വാത്സല്യത്തിന്റെ തിളക്കം...നീണ്ട 4 വർഷത്തിന് ശേഷമുള്ള സമാഗമം...ദേവി നേരെ തൊടിയിലേക്കാണ് ചെന്നത് .അവിടെ ആരെയോ കാത്തിട്ടെന്ന പോൽ മുത്തച്ഛന്റെ ചിതയിലെ  കനലുകളെരിയുന്നുണ്ടായിരുന്നു.
---------------------------
മിദ്ലാജ് തച്ചംപൊയിൽ
കോഴിക്കോട് താമരശ്ശേരി സ്വദേശി.
ഗവൺെൻ്റ് ഹയർെക്കണ്ടറി സ്കൂൾ പൂനൂരിലെ +2 ഹ്യുമാനിറ്റീസ് വിദ്യാർത്ഥി.
 

Facebook Comments

Comments

  1. musin

    2021-06-17 07:04:06

    കാലത്തിനു ഒത്ത കഥ.ഭാവുകങ്ങൾ...

  2. നന്നായിട്ടുണ്ട്.. ശൈശവ വിവാഹത്തിന്റെ ആഘാതം ചെറിയ രീതിയിൽ വരച്ചു കാട്ടുന്ന നല്ലൊരു കഥ.. ഭാവുകങ്ങൾ 🙏

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More