Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

Published on 07 June, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)
കതിര്‍മൊഴികള്‍ അടരുമ്പോള്‍

കിരണ്‍ ലണ്ടനിലേക്ക് പോകുന്ന ദിവസം ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വന്നുപോയി. അവരില്‍ പലരും ദൈവത്തോടുള്ള ബന്ധത്തില്‍ ജീവിക്കണമെന്ന് ഉപദേശിച്ചു. എല്ലാവരുടെയും സ്‌നേഹവാത്സല്യത്തോടെ കിരനും കുടുംബവും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചു.
ഇളംകാറ്റില്‍ പുളകമണിഞ്ഞുനില്ക്കുന്ന നെല്‍പ്പാടത്തിന്റെ ഓരത്തിലൂടെ കാര്‍ മുന്നോട്ടു പോയി. സൂര്യപ്രഭയില്‍ തെങ്ങോലകള്‍ മിന്നിത്തിളങ്ങുന്നുണ്ട്. കിരണിന്റെ കവിളുകള്‍ കണ്ണുകള്‍ വിവിധ വികാരങ്ങളാല്‍ കാണപ്പെട്ടു. മുന്നിലിരുന്ന് കാറോടിച്ചിരുന്ന കരുണിനെ പ്രണയപരവശതയോടെ നോക്കി. ഞാന്‍ മുന്നോട്ടു വച്ച പ്രണയാഭ്യര്‍ത്ഥന അവന്‍ ഗൗരവമായി കണ്ടില്ല. അത് പ്രണയത്തെ ഭയക്കുന്നതുകൊണ്ടല്ല. പപ്പയെ ഭയക്കുന്നതുകൊണ്ടാണ്. അവന്റെ മൂകത ഭയാശങ്കകള്‍ ഒരിക്കല്‍ മാറുമെന്ന പ്രതീക്ഷയിലാണ്. ആ സത്യം ഉയര്‍ത്തെഴുനേല്‍ക്കുകതന്നെ ചെയ്യും. ഇന്നത്തെ ആകുലത നാളത്തെ ആനന്ദമാണ്. താനായി ഉണ്ടാക്കിയ മുറിവിനെ പൂര്‍ണ്ണമായി ചികിത്സിച്ച് സുഖപ്പെടുത്തേണ്ടതും തന്റെ കര്‍ത്തവ്യമാണ്. അതിനാവശ്യം ആത്മവിശ്വാസമാണ്. പ്രകൃതിയാല്‍ സൗന്ദര്യമണിഞ്ഞ് നില്ക്കുന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കാര്‍ ഹൈവേയില്‍ കടന്നപ്പോള്‍ ജന്മനാടിനെ വേര്‍പിരിയുന്നതുപോലെ തോന്നി. അത് സങ്കടത്തിന്റെ നിമിഷങ്ങളാണ്. അതിനൊപ്പം സാന്ത്വനം നല്കുന്ന കാര്യമാണ് മറ്റൊരു ലോകത്തേക്കുള്ള യാത്ര.
ഓരോ മനുഷ്യനും അറിവും തിരിച്ചറിവും നല്കുന്ന അനുഭവ പാഠങ്ങളാണ് യാത്രകള്‍. പപ്പ ലണ്ടനിലും മറ്റ് പല രാജ്യങ്ങളിലും പോയിട്ടുണ്ട്. മകളും അതുപോലെ സഞ്ചരിക്കണമെന്ന ആഗ്രഹം  മുന്നോട്ടു വച്ചതും പപ്പയാണ്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എത്രയോ പേരാണ് സമൂഹത്തില്‍ ഉന്നതന്മാരായി വന്നിട്ടുള്ളത്. അത് സാമ്പത്തിക നേട്ടത്തെക്കാള്‍ മാനസിക സംതൃപ്തിയാണ് മനുഷ്യനിലുണ്ടാക്കുന്നത്. ധാരാളം മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിക്കുന്നവരായ പാശ്ചാത്യ രാജ്യത്ത് പോയിട്ടുള്ളതുകൊണ്ടാകണം ജന്മനാട്ടിലക്ക് മങ്ങിവരാന്‍ മടിക്കുന്നത്. ഏതൊരു മനുഷ്യനും ഈ ചുരുങ്ങഇയ ആയുസ്സിനുള്ളില്‍ ശ്രേഷ്ഠമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. അതവര്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. സ്വന്തം നാട്ടിലെ സാമൂഹ്യനീതിയും സമീപനങ്ങളുമാണ് അതിനടിസ്ഥാനം. ജീവിതം മുരടിച്ച യുവതി യുവാക്കള്‍ സ്വന്തം നാട് ഉപേക്ഷിച്ച് പൊയ്‌ക്കൊണ്ടിരിക്കും. ധൈര്യത്തോടെ ഏത് വെല്ലുവിളികളെയും നേരിടാന്‍ മറ്റൊരു ദേശത്തേ അവകാശമാക്കാന്‍ തയ്യാറാവുകയാണ്. അങ്ങനെയൊരു ത്യാഗത്തിന് കിരണ്‍ ഒരുക്കമല്ല. സ്വന്തം പിതൃഭവനത്തെയും ദേശത്തെയും ഉപേക്ഷിച്ച് പോകുക അതിനായി മനസ്സിനെ സജ്ജമാക്കുക നടപ്പുള്ള കാര്യമല്ല. താന്‍ മടങ്ങി വരിക തന്നെ ചെയ്യും. ഭാവിയെ ഗൗരവമായി കാണുന്നവര്‍ക്ക് ഇന്നത്തെ വര്‍ത്തമാനകാല ജീവിതം നീറ്റലുകളാണ് നല്കുന്നത്. കേരളീയന്റെ ഭാവിയിലേക്കുള്ള യാത്ര നിരാശകളും പരീക്ഷകളും നിറഞ്ഞതാണ്. ഇവയെ നല്ല നിലയില്‍ നേരിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. കാരണം അവരുടെ ഭാവി ഫലപ്രദവും ഭദ്രവുമാണ്. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ മാതൃകാപുരുഷന്മാരുടെ ഒരു നിര തന്നെ ഉണ്ടാകണം. നാടിനെ നയിക്കാന്‍ നായകന്മാരില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നം ഇതുതന്നെയാണ്. റോഡില്‍ വിവിധ നിറത്തിലുള്ള വാഹനങ്ങള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങി മറഞ്ഞു. എത്രയെത്ര ജീവനുകളാണ് ഈ റോഡില്‍ പൊലിയുന്നതെന്ന് അവള്‍ ഒരു നിമിഷം ഓര്‍ത്തിരുന്നു, റോഡുകള്‍പോലും സുരക്ഷിതമല്ലാത്ത മനുഷ്യജീവിതം എത്രന നിരാശാജനകമാണ്.
കൊല്ലത്ത് ഇറങ്ങിയിട്ടവര്‍ ഒരു ഹോട്ടലില്‍ കയറി ചായയും പാലപ്പവും കഴിച്ചു. അതിനിടയില്‍ കരുണിനൊരു പുഞ്ചിരി നല്കാനും അവള്‍ മറന്നില്ല. അവന്റെ സാമീപ്യം അവള്‍ക്ക് എപ്പോഴും ഊര്‍ജ്ജമാണ് പകരുന്നത്. അവന്‍ എത്ര അകറ്റി നിറുത്തിയാലും അവനോട് അടുത്തു നില്ക്കാനാണ് താല്പര്യം. മറ്റ് പലരെയുംപോലെ ഇന്നുവരെ ഒരു പ്രണയലീലകളിലും ഇടപെട്ടിട്ടില്ല. ഒരു പുരുഷന്റെ സൗന്ദര്യത്തിലോ സമ്പത്തിലോ ആകര്‍ഷകമായ ഒരു സ്‌നേഹമല്ല എന്നില്‍ വളര്‍ന്നത്. ചെറുപ്പം മുതലേ അവനില്‍ കണ്ടിട്ടുള്ള സ്‌നേഹവും ത്യാഗവും കഷ്ടപ്പാടുകളുമാണ് അവനിലേക്ക് തന്നെ ആകര്‍ഷിച്ചത്. എല്ലാ പെണ്‍കുട്ടികള്‍ക്കും അങ്ങനെയൊരു ഭാഗ്യം ലഭിക്കണമെന്നില്ല. അഥവാ അങ്ങനെയുണ്ടായാല്‍ ഉള്ളിന്റെയുള്ളില്‍ ഒന്ന് കെട്ടിപ്പുണരാന്‍ ഒന്നു ചുംബിക്കാന്‍ ശരീരങ്ങള്‍ ഒന്നായി തീരാന്‍ മനസ് വെമ്പല്‍ കൊള്ളുക സ്വാഭാവികമാണ്. ഈ പ്രണയത്തില്‍ അങ്ങനെയൊരു ചിന്ത ഇന്നുവരെ ഉണ്ടായിട്ടില്ല. ഒരുപക്ഷെ പലര്‍ക്കും ഇതൊരു വിചിത്ര സ്വഭാവമായി തോന്നാമെങ്കിലും അവനൊന്നു താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ യാതൊരു ഭയവും ഭീതിയും കൂടാതെ നീ വഴിപ്പെടുമായിരുന്നില്ലേ? ഏതൊരു പെണ്ണും അതാഗ്രഹിക്കുന്നില്ലേ? അങ്ങനെ സംഭവിക്കുമോയെന്നവള്‍ സ്വയം ചോദിച്ചു. സാധാരണ പുരുഷന്റെ മനോഭാവം അതായിരിക്കും. ആ മനോഭാവത്തിലേക്ക് പെണ്ണിന്റെ മനസ്സിനെ മാടിവിളിക്കാന്‍ അവനറിയാം. അതിന് വഴങ്ങാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകുമോ? അതിന് ഉത്തരം കണ്ടെത്താനാകാതെ മനസ് കുഴങ്ങി. നിമിഷത്തിനുള്ളില്‍ അവള്‍ അതിന് ഉത്തരം കണ്ടെത്തി. അങ്ങിനെ ഒരു സാഹചര്യത്തില്‍ പിടിയിലമരാന്‍ അത്രമാത്രം പ്രണയനൊമ്പരങ്ങളൊന്നും തനിക്കില്ല. എന്റെ വ്യക്തിത്വത്തില്‍ ചായം പൂശാന്‍ മനസ്സിനെന്നല്ല ശരീരത്തിനുമാവില്ല. സ്വന്തം ശരീരത്തിലേക്ക് ഒരാള്‍ നുഴഞ്ഞു കയറുകയെന്നത് വിശ്വസിക്കാനുമാകില്ല. പ്രണയത്തെ എപ്പോഴും അതിന്റെ വിശുദ്ധിയോടെ കാണാനേ ആഗ്രഹിച്ചിട്ടുള്ളു. അങ്ങനെയൊരു പ്രതിസന്ധിയുണ്ടായാല്‍ ആ ബന്ധം വേര്‍പിരിയാനും മടിക്കില്ല. ഒരാളെ പ്രണയിക്കുന്നത് മറ്റൊരാളിന്റെ സ്വകാര്യതയില്‍ ഇടപെടാനാല്ലെന്നാണ് തന്റെ വിശ്വാസം.
സ്ത്രീയെന്നും കത്തുന്ന ഒരു വിളക്കാണ്. അത് ഈ മണ്ണിന്റെ പ്രകാശമാണ്. പ്രകാശത്തിന് ശബ്ദമോ മറ്റടയാളങ്ങളോ ഇല്ല. പ്രകാശം മാത്രം. ലോകത്തിന്റെ വഴികാട്ടിയായി നമ്മെ നടത്തുന്ന. ഒ സ്ത്രീയുടെ ചാരിത്യവും ഇരുട്ടുമിറിയില്‍ കത്തുന്ന വിളക്കു പോലെയാണ്. അതിനെ ഊതിക്കെടുത്താനോ കരിംതിരിയായി കത്താനോ മനഃശക്തി അനുവദിക്കില്ല. ഇന്നെന്റെ മുന്നില്‍ പ്രണയത്തിന്റെ ഇരുട്ടുതന്നെയാണ്. താനത് ആരുമറിയാതെ തിരിയിട്ട് എണ്ണയൊഴിച്ച് ഒളിപ്പിച്ചു വച്ചിരിക്കയാണ്. നാളെ കടലോരത്തെ വിളക്കുമരം പോലെ കത്തുമെന്ന വിശ്വാസമുണ്ട്. അത് വരാനിരിക്കുന്ന കാലത്തിന്റെ ഒരടയാളമാണ്.
ചിന്തിയാണ്ടിരകുന്ന കിരണ്‍ ഉറങ്ങിയത് മറ്റാരുമറിഞ്ഞില്ല. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. കാര്‍ പാര്‍ക്ക് ചെയ്തിട്ട് കരുണ്‍ ട്രോളിയുമായി വന്നു. അകത്തേ കയറുന്നതിന് മുമ്പായി അമ്മയുടെയും മകളുടെയും സങ്കടം വര്‍ദ്ധിച്ചു. കണ്ണുകള്‍ നിറഞ്ഞു. അവര്‍ക്ക് ധൈര്യം പകരാനായി പപ്പ പറഞ്ഞു, സന്തോഷമായി പോകുക. എല്ലാവരും സങ്കടത്തിലായിരുന്നെങ്കിലും പുറമെ അതൊന്നും കാട്ടിയില്ല. അടുത്ത് വേദനയോടെ കണ്ണുനീരോടും പ്രിയപ്പെട്ടവരെ യാത്രയാക്കുന്നവരുമുണ്ടായിരുന്നു. ചിലര്‍ എന്തോ ഒക്കെ ചെറുതായി പുലമ്പുന്നുമുണ്ട്.
പുറത്തെ ഓരോ ദൃശ്യങ്ങളും സി.സി.ടി.വി. ഒപ്പിയെടുത്തുകൊണ്ടിരുന്നു. കാറുകളും ടാക്‌സികളും വരികയും അതില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു. വേദന നിറഞ്ഞ കണ്ണുകളുമായി കരുണും അവളെ നോക്കി. കണ്ണുകള്‍ തുടച്ചിട്ട് ഓമന മകളുടെ കവിളുകളില്‍ ചുംബിച്ചു. പപ്പായുടെ കവിളുകളില്‍ ചുംബിച്ചിട്ട് അവള്‍ പറഞ്ഞു, പപ്പാ, തിരക്കുകള്‍ കുറച്ചിട്ട് ശരീരം ശ്രദ്ധിക്കണം. അടക്കാനാവാത്ത വികാരത്തോടെയും ദുഃഖത്തോടെയും കരുണിനോടും പറഞ്ഞു. കരുണ്‍ പപ്പ-മമ്മിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം കെട്ടോ. ഞാന്‍ ചെന്നിട്ട് വിളിക്കാം.
വീണ്ടും പപ്പയുടെയും മമ്മിയുടെയും ഇരുകവിളുകളിലും മാറി മാറി ചുംബിച്ചിട്ടവള്‍ ട്രോളിയുമായി അകത്തേക്കു നടന്നു.
അവരില്‍ സന്തോഷത്തിന്റെ നേരിയ കുളിര്‍മ തോന്നിയെങ്കിലും ഉള്ളിന്റെയുള്ളില്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടു. ഓമനയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അടക്കാനാവാത്ത വ്യഥയോടെ മകള്‍ അകത്തേക്ക് പോകുന്നത് നോക്കി നിന്നു. യാത്രയാക്കാന്‍ വന്നവരില്‍ ചിലര്‍ അവളുടെ സൗന്ദര്യം ആസ്വദിക്കാനും മടിച്ചില്ല. അവര്‍ അകത്തേക്ക് ഉറ്റുനോക്കി. മകളെപ്പറ്റി അത്യധികം ഭീതിയൊന്നും ചാരുംമൂടനില്ല. പരിചിതമല്ലാത്ത ഒരു രാജ്യത്തേക്കുള്ള യാത്ര. അതിലൊട്ടും ആശങ്കയില്ല. പ്രിയപ്പെട്ടവരൊക്കെ അവിടെയുള്ളപ്പോള്‍ ഭയാശങ്കകളൊന്നും ഏശില്ല. ആരുമില്ലെങ്കില്‍പോലും അവള്‍ വായനപോലെ ഇഷ്ടപ്പെടുന്നതാണ് യാത്രയും. ഇംഗ്ലീഷുകാര്‍ ഓരോ വര്‍ഷവും ഓരോ രാജ്യത്തേക്കാണ് ഒറ്റയായും കൂട്ടമായും യാത്ര ചെയ്യുന്നത്. അതിലൂടെ അവര്‍ ധാരാളം അറിവുകള്‍ ശേഖരിക്കുന്നു. അറിവില്ലാത്തവന് എന്തും കണ്ണടച്ചു വിശ്വസിക്കാനും സ്ഥിരീകരിക്കാനുമേ സാധിക്കൂ. ഓമനയുടെ മുഖത്ത് സഹിക്കാനാവാത്ത വേദനയുണ്ടായിരുന്നു. ചാരുംമൂടന്‍ കണ്ണീരൊപ്പുന്ന ചിലരെ നോക്കി.
ഇവിടുത്തെ വാതിലുകള്‍ നൊമ്പരങ്ങളും സന്തോഷങ്ങളും അതിന്റെ മുദ്രകളായിട്ടാണ് ഇവിടെ നില്ക്കുന്നത്. ജീവിതം നീണ്ട യാത്രകളാണ്. തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍ യാത്രയയപ്പ് നല്കുന്ന വാതിലുകളാണ്. സഹതാപവും വേദനയുമാണത്. ഒരു വിടപറയല്‍. അതിനടുത്തുള്ള വാതില്‍ പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തു നില്ക്കുന്നവര്‍. ആ നിമിഷങ്ങള്‍ നല്കുന്നത് ആനന്ദമാണ്. ഇവിടെ ചാരത്തില്‍ പുതഞ്ഞ ഒരു കനലെങ്കില്‍ അവിടെ സന്തോഷം ഊതിക്കത്തിക്കുകയാണ്. പ്രിയപ്പെട്ടവരെ കാണുമ്പോള്‍ മനുഷ്യമനസ്സുകളില്‍ നിറയുന്ന സന്തോഷം. അവര്‍ ആഹ്ലാദം പങ്കിടുന്നു. കത്തി ജ്വലിക്കുന്നു. ഇവിടെ നില്ക്കുന്നവര്‍ ശവപ്പറമ്പില്‍ വാടിയ മുഖങ്ങളുമായി നില്ക്കുന്നവരാണ്. മര്‍ത്യജന്മങ്ങളെല്ലാം ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. അതുകൊണ്ടാണ് മകള്‍ പോയതിന്റെ  വ്യഥ തന്നെയും വേട്ടയാടുന്നത്. ആ വ്യഥയില്‍ നിന്ന് മോചനം തേടാന്‍ ആര്‍ക്കാണ് കഴിയുക. ഇത്തരം അനുഭവങ്ങള്‍ ഒരു പെറ്റമ്മയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവിടെ ക്ഷമയാണ് ആവശ്യം.
അമ്മയും മകളും തമ്മില്‍ ആഴമേറിയ ബന്ധമാണ് കണ്ടിട്ടുള്ളത്. തന്നെ സമീപിക്കുന്നത് അവളുടെ ഭാഗം വാദിക്കുവാന്‍ മാത്രമാണ്. ചിലപ്പോള്‍ അവളുടെ മുന്നില്‍ ഉത്തരം മുട്ടും. എന്താണ് പറയേണ്ടതെന്ന് അവള്‍ക്കറിയില്ല. താന്‍ ഇടപെട്ടു കഴിഞ്ഞാല്‍ ഭാര്യയെക്കാള്‍ മുന്‍തൂക്കം മകള്‍ക്കാണ് എന്നറിയാം. മകളെ കീഴടക്കാന്‍ ശ്രമിച്ചവള്‍ ഭര്‍ത്താവിന്റെ മുന്നില്‍ കീഴടങ്ങുകയാണ് പതിവ്. കാരണം പരാതിയുമായി വരുന്നവര്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണം കൊടുക്കുമെന്ന് അവള്‍ക്കറിയാം. അവിടെ സത്യമതല്ല. രക്ഷപെടാന്‍ അമ്മയ്ക്ക് അവസരമുണ്ടെങ്കിലും അപ്പനും മകളും രക്ഷപെട്ടുകൊള്ളട്ടെയെന്ന് അമ്മ ആഗ്രഹിക്കും. ഭാര്യയ്ക്ക് അചഞ്ചലമായ ദൈവചിന്ത ഉള്ളതുകൊണ്ടാവാം ഒന്നിനോടും പരാതിയോ പിറുപിറുക്കലോ ഇല്ല. അവിടെ വിദ്വേഷവും നിരാശയും മാറി സ്‌നേഹവും വിശ്വാസവുമാണര്‍പ്പിക്കുന്നത്. അത് ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും. അതാണ് ദാമ്പത്യജീവിതത്തിന്റെ സമൃദ്ധിയും ഐശ്വര്യവും. ഇന്നത്തെ ദാമ്പത്യ കലഹത്തിന് പ്രധാന കാരണം ക്ഷമിക്കുവാന്‍ ഇരുകൂട്ടരും തയ്യാറല്ല. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത കാലം. യഥാര്‍ത്ഥ സ്‌നേഹം അവരെ സ്വതന്ത്രരാക്കുമെന്നുള്ള ചിന്തയാണ് ഭരിക്കേണ്ടത്. ദാമ്പത്യജീവിതം പടിപടിയായി വളര്‍ന്നുവരേണ്ടതാണ്. അതിനാവശ്യം വിശ്വാസവും സ്‌നേഹവുമാണ്. അതിന് കഴിയാത്തവര്‍ പരാജയപ്പെടുന്നു.
മകളുടെ ഫോണ്‍ നമ്പര്‍ ഓമനയുടെ മൊബൈലില്‍ തെളിഞ്ഞു. മകളുടെ ശബ്ദമുയര്‍ന്നു. ചാരുംമൂടന്‍ ആ മുഖത്തേക്ക് ഉറ്റുനോക്കി. ഓമനയുടെ പുഞ്ചിരി ചുരുങ്ങിയ വാക്കുകളില്‍ മാത്രം പുറത്തു വന്നു. ''എല്ലാ പരിശോധനകളും കഴിഞ്ഞു. അര മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ കയറും. ഇനിയും പപ്പയും മമ്മിയും നില്‍ക്കേണ്ട. ഒ.കെ. മമ്മി ടേക്ക് കെയര്‍''.
നിമിഷനേരത്തേക്ക് ആ മാതൃഹൃദയം നിശബ്ദായി ഫോണ്‍ ഭര്‍ത്താവിന് കൈമാറി. മകളുടെ വാക്കുകള്‍ മനസ്സിന് ആനന്ദം പകര്‍ന്നു. മകള്‍ക്ക് എല്ലാ യാത്രാമംഗളങ്ങളും നേര്‍ന്നിട്ട് അവര്‍ നാട്ടിലേക്ക് തിരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുനായ്ക്കള്‍ റോഡില്‍ അലയുന്നുണ്ടായിരുന്നു. ചാരുംമൂടന്റെ നിര്‍ബന്ധപ്രകാരം ശംഖുമുഖം കടല്‍പ്പുറത്ത് അല്പം വിശ്രമിച്ചു. അവിടുത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും ഭക്ഷണം കഴിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് നീണ്ടു നിവര്‍ന്ന് കിടക്കുന്ന കട്ടിയുള്ള കയറുകള്‍ വലിച്ച് ആഴക്കടലില്‍ പോയിരുന്ന വഞ്ചികള്‍ കരയിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. കടപ്പുറത്ത് കാറുകള്‍ നിരനിരയായി കിടന്നു.
മാസങ്ങള്‍ ഇഴഞ്ഞു നീങ്ങി. ലണ്ടനില്‍ നിന്ന് മകള്‍ പപ്പയെയും മമ്മിയെയും കരുണിനെയും എല്ലാം ആഴ്ചകളിലും തുടരെ വിളിച്ചു. കരുണുമായി സംസാരിക്കുമ്പോഴൊക്കെ അവളുടെ കണ്ണുകള്‍ കത്തുന്ന നിയോണ്‍ വിളക്കുപോലെ തിളങ്ങി. ലണ്ടനിലെ മഞ്ഞണിഞ്ഞ വീടുകളും റോഡുകളും മഞ്ഞ് വൃത്തങ്ങളും അവളില്‍ അത്യാനന്ദമാണ് ഉണ്ടാക്കിയത്. അവളുടെ ഓരോ ഫോണും ഓരോരോ പ്രണയലേഖനം പോലെയാണ് കരുണിന് തോന്നിയത്. ആ വാക്കുകളിലൊക്കെ പ്രണയനൊമ്പരങ്ങള്‍ നിറഞ്ഞിരുന്നു. എല്ലാറ്റിനും ഉത്തരമായി അവന് ഒന്നുമാത്രമേ പറയാനുണ്ടായിരുന്നുള്ളു. കിരണ്‍ മിടുക്കിയായി പഠിക്കാന്‍ ശ്രമിക്ക്. നാട്ടില്‍ വന്നിട്ട് ഐ.പി.എസ് ഒക്കെ എഴുതിയെടുക്കേണ്ട ആളല്ലേ?
അതിനവള്‍ കൊടുത്ത മറുപടി അവന്റെ വാക്കുകള്‍ക്ക് പകരമായിരുന്നില്ല, ''കരുണ്‍ വീടിന് മുകളിലും റോഡിലും എല്ലാം ഇപ്പോഴും മഞ്ഞ് പെയ്യുകയാണ്. അത് പ്രണയപ്പൂക്കള്‍ പോലെയാണ്.''
അവന്‍ മറുപടിയായി പറഞ്ഞു. ''കിരണ്‍ ഇന്ന് കൊയ്ത്തു നടക്കുന്ന ദിവസമാണ്. പാടത്ത് സാര്‍ എന്നെയും കാത്തിരിപ്പുണ്ട്.''
അവളെ കൂടുതല്‍ നൈരാശ്യത്തിലേക്ക് തള്ളി വിടാതെ ബൈ ബൈ പറഞ്ഞുകൊണ്ടവന്‍ മൊബൈല്‍ പോക്കറ്റിലിട്ട് പാടത്തേക്ക് നടന്നു. ആകാശത്തിലേക്ക് തലയുയര്‍ത്തി നിന്ന നെല്‍ക്കതിരുകള്‍ ഇപ്പോള്‍ മണ്ണിലേക്ക് തല താഴ്ത്തി നമിച്ച് നില്ക്കയാണ്. പാടത്തിന്റെ പല ഭാഗത്തും കൊയ്ത്തു നടക്കുന്നുണ്ട്. നാല് സ്ത്രീകളും കരുണടക്കം രണ്ടു പുരുഷന്മാരുമാണ് കൊയ്ത്തു നടത്തുന്നത്. ചാരുംമൂടന്‍ തലയില്‍ ഒരു തോര്‍ത്ത് കെട്ടിയിട്ടുണ്ട്. ആണുങ്ങളാണ് വെട്ടി മാറ്റിയിട്ടിരിക്കുന്ന നെല്‍ക്കതിരുകള്‍ കറ്റകളാക്കുന്നത്. കരുണും അടുത്ത കണ്ടത്തില്‍ അത് തന്നെയാണ് ചെയ്യുന്നത്. വയല്‍കാറ്റിനും നല്ല തണുപ്പ് തോന്നി. വയല്‍ക്കിളികള്‍ ആഹ്ലാദാരവങ്ങളോടെ പാടത്തിരുന്ന് നെല്‍ക്കതിരുകള്‍ കൊത്തി തിന്നുന്നു.
കരുണിന്റെ കണ്ണുകള്‍ നെല്ലു കൊയ്തുകൊണ്ടിരുന്ന തങ്കപ്പനില്‍ പതിഞ്ഞു. അയാളുടെ കണ്ണുകള്‍ അടുത്ത നിന്ന് നെല്‍ക്കതിരുകള്‍ അറുത്തുകൊണ്ടിരുന്ന ഒരു സ്ത്രീയില്‍ ഉടക്കി നില്‍ക്കുകയാണ്. ആ സ്ത്രീയുടെ മുണ്ട് മുട്ടുകള്‍ക്ക് മുകളിലേക്ക് കയറ്റിയും വലിയ മുലകള്‍ ബ്ലൗസുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. അത് കണ്ടു നിന്നപ്പോള്‍ വല്ലാത്തൊരു വല്ലായ്മ തോന്നി. തങ്കപ്പന്റെ കുടുംബത്തെ കരുണിനറിയാം. ഭാര്യയും കുട്ടിയുമുള്ള വ്യക്തിയാണ്.
പരിസരം മറന്നുള്ള അയാളുടെ നോട്ടം വളരെ പരിഹാസ്യമായിട്ടാണ് തോന്നുന്നത്. ഇവരെപ്പോലുള്ള കാമരോഗികളാണ് സമൂഹത്തെ ദുഷിപ്പിക്കുന്നത്. സ്ത്രീകളെ പീഡിപ്പിക്കാനും ഇവര്‍ക്ക് മടിയില്ല. ഇവനെല്ലാം സമൂഹത്തിലെ വെറും കഴുതകളായിട്ടാണ് തോന്നുന്നത്. മനുഷ്യത്വം കെടുത്തിക്കളയുന്ന നോട്ടവും ഭാവവും. കഴുത സ്വഭാവത്തെയാണ് കാണിക്കുന്നത്. മനുഷ്യരൂപമുള്ള കഴുത. ഈ മനുഷ്യരൂപമെങ്കിലും നന്മയും തിന്മയും തിരിച്ചറിയേണ്ടതല്ലേ. ശരീരം വളര്‍ന്നതുപോലെ മനസ് വളര്‍ന്നിട്ടില്ല. മനസ് വളര്‍ന്നാലേ അക്ഷരത്തിലും ആത്മാവിലും വളരാനാകൂ. ഇവരെ ഇതിലൊക്കെ ആകര്‍ഷിക്കാനോ അധീനപ്പെടുത്താനോ സാധ്യമല്ല. ഇതിനെതിരെ പ്രതികരിക്കേണ്ടത് വിവേകമുള്ള സഹജീവികള്‍ തന്നെയാണ്. നിയമങ്ങള്‍ ധാരാളമുണ്ട്. അത് കര്‍ശനമാക്കേണ്ടത് പോലീസ്സാണ്. പലപ്പോഴും അവര്‍ കണ്ണടയ്ക്കുന്നു. ഇവിടെ പോലീസിനെ വിളിക്കാന്‍ പറ്റില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ തന്നെ പോലീസ്സാകുന്നതാണ് നല്ലത്. എന്തായാലും ചാരുംമൂടന്‍ സാര്‍ അടുത്ത കണ്ടത്തിലായത് അയാളുടെ ഭാഗ്യം. ഇതൊക്കെ കണ്ടാല്‍ ഉടനടി കണ്ടത്തില്‍ നിന്ന് പുറത്താക്കുന്ന സ്വഭാവമാണ് കണ്ടിട്ടുള്ളത്. ചില ആണുങ്ങള്‍ ഇങ്ങനെയാണ്. എത്ര കഴുകിയാലും അവരുടെ മനസ് വൃത്തിയാകില്ല. സ്വന്തം ഭാര്യയെ മറ്റൊരാള്‍ ഇങ്ങനെ നോക്കിയാല്‍ ഇയാള്‍ക്ക് സഹിക്കുമോ. ഇതൊക്കെ മാറ്റിയെടുക്കാന്‍ നാടന്‍ അടിയും നല്ലൊരു മരുന്നാണ്. നാളത്തെ പഞ്ചായത്ത് മെമ്പറായി വരേണ്ടവന്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുന്നത് അത്ര നല്ലതല്ല. ഈ വാര്‍ഡില്‍ നിന്ന് നാമനിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.
അവന്‍ അയാളുടെ അടുത്ത് ചെന്ന് ഒരു മൂളിപ്പാട്ടു പാടി.
''തങ്കപ്പനാശാനേ... മീശ നരച്ചാലും ആശ നരയ്ക്കുമോ?''
തങ്കപ്പന് സംശയമായി, അവന്റെ അടുത്ത് വന്ന് ചോദിച്ചു. ''എന്താടാ. എന്നെ കണ്ടപ്പം ഒരു പാട്ട്.''
അവനതിന് ഉത്തരം കൊടുത്തു, ''ഞാന്‍ കണ്ടു. ഈ വായിനോട്ടം ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല കേട്ടോ.''
അപ്പോഴാണ് സംഗതി തങ്കപ്പന് മനസ്സിലായത്. ഒരു കുറ്റബോധത്തോടെ തിരികെ നടന്നു. കൊയ്‌തെടുത്ത കറ്റകളെല്ലാം കരുണും തങ്കപ്പനും തലയില്‍ ചുമന്നുകൊണ്ട് പാടത്തെ ടെമ്പോയിലെത്തിച്ചു. പതിനൊന്ന് മണിയോടെ കൊയ്‌തെടുത്ത കറ്റകള്‍ ടെമ്പോയില്‍ വീട്ടിലെത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക