America

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

Published

on

വിജനമായ കുന്നിന്‍ ചരിവുകള്‍ക്കരികില്‍, പുഴയോരത്തെ ഈ കൊച്ചു ക്യാബിനില്‍  താമസിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ആറു മാസമായി. ഇതുവരെ ശാന്തമായി ജീവിക്കുകയായിരുന്നു. ആദ്യമായിട്ടാണ് എനിക്കിങ്ങനെയൊരു അനുഭവം.
 
ഇവിടെയെത്തുന്നതിനു മുന്‍പ്  ഞാന്‍ നഗരത്തിലെ  ഒരു വലിയ കമ്പനിയിലെ, ഉന്നത ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. അവിടെ ഒരു ഫ്ലാറ്റിലായിരുന്നു ഞാന്‍ താമസിച്ചത്. എനിക്ക് ആരുമില്ലായിരുന്നു. അടുത്ത കാലത്തായി പകല്‍ നേരങ്ങള്‍ നീളുന്നതായും രാത്രി ഒട്ടും ഉറങ്ങാന്‍ കഴിയാത്തതുമായി എനിക്ക് അനുഭവപെട്ടു. പ്രത്യേകിച്ച് ഒരു കാരണവും തോന്നാതെ ഞാന്‍ രണ്ടു മൂന്നു പ്രാവശ്യം ആത്മഹത്യയെകുറിച്ച്  ചിന്തിച്ചു. അങ്ങിനെ ഞാനൊരു ഡോക്ടറെ കണ്ടു. അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഞാന്‍ ഉറങ്ങിപോയി. ഉണര്‍ന്നപ്പോള്‍ അദ്ദേഹം മരുന്നുകള്‍ കുറിക്കുകയായിരുന്നു .ഞാന്‍ ഉണര്‍ന്നത് കണ്ടു അദ്ദേഹം പുഞ്ചിരിച്ചു.
 
“സോറി ഡോക്ടര്‍, ഞാനറിയാതെ ഉറങ്ങിപോയി,” ഞാന്‍ വല്ലായ്മയോടെ പറഞ്ഞു.
“ആരു  പറഞ്ഞു...” അദ്ദേഹം ഒരു ചിരിയോടെ പറഞ്ഞു.
“നമ്മള്‍ സംസാരിക്കുകയായിരുന്നു.ഞാനും നിങ്ങളുടെ മനസ്സും.”
 
ചോദ്യങ്ങള്‍ക്കിടയില്‍ അദ്ദേഹം എന്നെ ഹിപ്നോട്ടൈസ് ചെയ്തെന്നു എനിക്ക് മനസ്സിലായി. അദ്ദേഹം എന്നെ ശ്രദ്ധിക്കാതെ കുറിക്കുന്നത് തുടര്‍ന്ന് കൊണ്ടിരുന്നു.
“നന്നായി ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള ഗുളികകളാണ് എഴുതുന്നത്‌..” അദ്ദേഹം എഴുതുന്നതിനിടയില്‍ പറഞ്ഞു.
“എനിക്ക് കുഴപ്പം വല്ലതുമുണ്ടോ ഡോക്ടര്‍ ?” ഞാന്‍ ചോദിച്ചു.
“നിങ്ങള്‍ക്ക് എത്ര വയസ്സായി.?’ ഡോക്ടര്‍ ചോദിച്ചു.
“നാല്‍പ്പതിയഞ്ച്,.” ഞാന്‍ പറഞ്ഞു.
“ഇത്രയും നാള്‍ കുഴപ്പമില്ലാതെ ജീവിച്ചില്ലേ?” ഡോക്ടര്‍ സൗമ്യമായി ചിരിച്ചുകൊണ്ട് ചോദിച്ചു.
“നിങ്ങളുടെ ശരീരവും മനസ്സും നന്നായി വിശ്രമിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ  ?”
“ഇല്ല.”
“ഈ തിരക്ക് പിടിച്ച നഗരത്തില്‍ ,സമ്മര്‍ദം നിറഞ്ഞ ജോലിയുമായി, ഇങ്ങനെ  മുന്‍പോട്ടു പോയാല്‍ നിങ്ങള്‍ ഇടയ്ക്കിടെ എന്നെ വന്നു കാണേണ്ടി വരും. നോക്കൂ , സ്ഥിരമായി നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപെടണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. ഈ നഗരം എന്നെന്നെക്കുമായി വിടുക. ഏതെങ്കിലും പ്രകൃതി സുന്ദരമായ സ്ഥലത്ത് പോയി കുറച്ചു നാള്‍ തനിച്ചു താമസിക്കുക. മനസ്സിലെ മുറിവുകള്‍ കരിയാന്‍ സമയം കൊടുക്കുക.നിങ്ങള്‍ സന്യസിക്കാന്‍ പോകാനല്ല  ഞാന്‍ പറഞ്ഞത്. പക്ഷേ യൂ നീഡ്‌ എ ബ്രേക്ക്,”
അദ്ദേഹം എന്നെ ഉപദേശിച്ചു.
 
അങ്ങിനെയാണ് ഞാന്‍ ആറുമാസം മുന്‍പ് ഈ സ്ഥലത്ത് വന്നത്. മഞ്ഞുമൂടിയ കുന്നിന്‍ ചരിവുകള്‍ കൊണ്ട് ചുറ്റപ്പെട്ട പ്രദേശം. ചെങ്കുത്തായ പാറക്കെട്ടുകളില്‍ പറ്റിപിടിച്ചു വളരുന്ന കാട്ടുപുല്ലും പാഴ് മരങ്ങളും. അടുത്തുള്ള ഗ്രാമത്തിലെത്തണമെങ്കില്‍ പത്തു കിലോമീറ്റര്‍ വനത്തിലൂടെ നടക്കണം. കുന്നിന്‍ചരിവുകളില്‍ ആടുകളെയും പശുക്കളേയും മേയ്ക്കാന്‍ ഗ്രാമത്തില്‍ നിന്നെത്തുന്ന ആട്ടിടയന്‍മാരും വന്യമൃഗങ്ങളെ വേട്ടയാടാന്‍ വരുന്നവരും മാത്രമാണ് ഇങ്ങോട്ട് എത്തുന്നത്. എങ്കിലും അവരെ വളരെ അപൂര്‍വമായാണ് ഞാന്‍ കണ്ടുമുട്ടിയത്‌. ഞാന്‍ വാങ്ങിയ സ്ഥലത്ത്  തകര്‍ന്നുപോയ ഒരു പഴയ ക്യാബിനുണ്ടായിരുന്നു. മരക്കഷണങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ആ ക്യാബിന്‍  നന്നാക്കി ഞാനവിടെ താമസം തുടങ്ങി.
 
ഞാന്‍ പറഞല്ലോ, ആറുമാസത്തെ എന്റെ ജീവിതം സുഖകരമായിരുന്നു. കിളികള്‍ എന്നെ ഉണര്‍ത്തി. കിളികള്‍ ഉറങ്ങുന്ന നേരത്ത് ഞാനുമുറങ്ങി. പുഴയില്‍ മണിക്കൂറുകള്‍ നീന്തി കുളിച്ചു. തീയില്‍ ഭക്ഷണം പാകം ചെയ്തു. ധാരാളം പുസ്തകങ്ങള്‍ ഞാന്‍ തലച്ചുമടായി എന്റെ  ക്യാബിനില്‍ എത്തിച്ചിരുന്നു.വളരെ അപൂര്‍വമായാണ് പുഴയുടെ തീരത്തെ എന്റെ ക്യാബിനില്‍നിന്നും കുന്നിന്‍ചരിവുകളിലേക്ക് ഞാന്‍ നടന്നിരുന്നത്. പുസ്തകങ്ങള്‍ വായിക്കാത്തപ്പോള്‍ ഞാന്‍ കുടിലിലെ അറ്റകുറ്റപണികള്‍ തീര്‍ക്കും. ഒരു കസേരയും മേശയും ഞാന്‍ പുഴയുടെ തീരത്തടിഞ്ഞ തടിക്കഷണത്തില്‍ നിന്നുണ്ടാക്കിയെന്നു പറയുമ്പോള്‍ എത്ര മാത്രം ഒഴിവു സമയം എനിക്ക് ലഭിച്ചു എന്ന്ഊഹിക്കാമല്ലോ.
 
ചിലപ്പോഴൊക്കെ ട്രെക്കിംഗിന് വരുന്ന സഞ്ചാരികള്‍ എന്റെ ക്യാബിന്‍ സന്ദര്‍ശിക്കുമായിരുന്നു. നീണ്ട താടിയും മുടിയുമായി പുസ്തകങ്ങള്‍ വായിച്ചു കഴിയുന്ന എന്നെ അവര്‍ അത്ഭുതം കൂറുന്ന കണ്ണുകളോടെ നോക്കും.
 
വസന്തകാലമായി. വനം പല നിറങ്ങള്‍ വാരിപ്പുതച്ചു സുന്ദരിയായി. കുന്നിന്‍ചരിവുകളിലെ പുല്‍മേടുകളില്‍ നീലയും ചുവപ്പും  നിറമുള്ള പുഷ്പങ്ങള്‍ വിടര്‍ന്നു. ഒരു കുന്നിനു ചുവപ്പ് നിറമെങ്കില്‍ മറ്റൊന്നിനു നീല. പല നിറത്തിലുള്ള ഇലകള്‍ തിങ്ങിയ മരക്കൂട്ടങ്ങള്‍. വൃക്ഷങ്ങളുടെ വേരുകളില്‍ സുഗന്ധമുള്ള കൂണുകള്‍ പ്രത്യക്ഷപ്പെട്ടു. പുഴയുടെ തീരത്ത് ചുവന്ന നെയ്യാമ്പലുകള്‍ സൂര്യന് നേര്‍ക്ക് തലനീട്ടി.
 
ഒരു ദിവസം രാവിലെ ഞാനുണര്‍ന്നപ്പോള്‍ കറുത്ത നിറമുള്ള ഒരു വേട്ടനായ ക്യാബിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍  ഓടിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും അവന്‍ പോയില്ല. മാത്രമല്ല അവന്‍ എന്നെ നോക്കി ദേഷ്യത്തില്‍ കുരച്ചു എന്നെ ക്യാബിനില്‍ നിന്നോടിച്ചു വിടാന്‍ ശ്രമിക്കുകയും ചെയ്തു. അവന്റെ വരവ് എനിക്ക് വല്ലാത്ത ശല്യമായി അനുഭവപ്പെട്ടു. എത്ര ഓടിച്ചിട്ടും അവന്‍ ക്യാബിന്റെ വാതില്‍ക്കല്‍നിന്ന് പോയില്ല. സത്യതില്‍ തനിച്ചു താമസം തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് മനസ്സിലിരുട്ടു നിറയുന്നത്. ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകമടച്ച് വച്ച് നേരത്തെ കിടന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ നഗര ജീവിതവും കരിഞ്ഞുണങ്ങിയ ദിവസങ്ങളും ഓര്‍മ്മിച്ചു. അവയൊക്കെ എന്റെ മനസ്സിന്റെ ചതുപ്പില്‍ കുഴിച്ചിട്ടശേഷമാണ് തനിച്ചു ജീവിക്കാന്‍ ഈ  വിജനപ്രദേശത്തേക്ക് പോന്നത്. പുഴയുടെ തീരത്ത് , പ്രശാന്തമായ കുന്നിന്‍ ചരിവുകളുടെ തണലില്‍ ജീവിച്ചു കൊണ്ടിരിക്കുമ്പോള്‍, പഴയ ഉണങ്ങിയ ദിവസങ്ങള്‍ എന്നെ വിട്ടു പോയിട്ടുണ്ടാകും എന്നാണ് കരുതിയത്‌. എന്നാലതൊന്നും അത്ര എളുപ്പം പോകുന്നതല്ല എന്നെനിക്ക് മനസ്സിലായി.
 
 
എല്ലാത്തിന്റെയും കാരണം ആ കറുത്ത പട്ടിയുടെ അപ്രതീക്ഷിതമായ രംഗപ്രവേശമാണ് എന്നെനിക്ക് തോന്നി. ഉറങ്ങാന്‍ കിടക്കുമ്പോള്‍  നായ ക്യാബിന്റെ വാതില്‍ക്കല്‍ കിടന്നു മുറുമ്മുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
 
ഒരിക്കലും ഇവിടെനിന്ന് തിരിച്ചു പോകുന്നതിനെകുറിച്ചു ഞാന്‍ അത് വരെ ആലോചിച്ചിരുന്നില്ല.പക്ഷേ അന്ന് കിടക്കുമ്പോള്‍ തിരിച്ചു പോകുന്നതിനെക്കുറിച്ച് അറിയാതെ ഞാന്‍ ചിന്തിച്ചു. അതോര്‍ത്തു എന്റെ മനസ്സു വല്ലാതെ കലങ്ങി. ശാന്തത എന്നത് താല്‍കാലികമായ പ്രതിഭാസമാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. എത്ര മനസ്സിലിരുട്ടു പരന്നാലും ശാന്തതയുടെ ഉറവ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെട്ടു. ആ ഉറവ കണ്ടെത്താനായാണ് ഞാനീ വിജനതയിലേക്ക് ഒളിച്ചോടിയത്‌. പക്ഷേ..
 
അന്ന് രാത്രി ഞാന്‍ വിചിത്രമായ ഒരു സ്വപ്നം കണ്ടു. ഞാന്‍ മുന്‍പ് താമസിച്ച നഗരത്തിലൂടെ വൈകുന്നേരം നടക്കുകയാണ്. തിരക്ക് കുറഞ്ഞ ഏതോ തെരുവിലൂടെ, മങ്ങിയ മഞ്ഞ പ്രകാശം വീണ മുഖങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നുകൊണ്ടിരിക്കുന്നു. എന്റെ കയ്യില്‍ വിലപിടിച്ച എന്തോ ഒന്നുണ്ട്. അത്  നഷ്ടപ്പെടാതിരിക്കാന്‍ വളരെ സൂക്ഷിച്ചു മെല്ലെയാണ് ഞാന്‍ നടക്കുന്നത്. പെട്ടെന്ന് കട്ട പിടിച്ച ഇരുട്ടില്‍, ഞാന്‍ സൂക്ഷിച്ചു നെഞ്ചോട്‌ ചേര്‍ത്തു നടന്ന  വസ്തു എന്റെ കയ്യില്‍നിന്ന് നഷ്ടപെട്ടതായി ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ഐസ് ക്യൂബിനുള്ളിലേക്ക് ശരീരം വീണത്‌ പോലെ  ദു:ഖത്തിന്റെ തണുപ്പ് എന്നെ പൊതിഞ്ഞു. പെട്ടെന്ന് പട്ടി കുരയ്ക്കുന്ന സ്വരം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു.
 
അര്‍ദ്ധരാത്രിയാണ്. ഇലകളില്‍നിന്ന് മഞ്ഞുതുള്ളികള്‍ ഇറ്റ്‌ വീഴുന്ന സ്വരം കേള്‍ക്കാവുന്നത്ര  നിശബ്ദത. കഠിനമായ തണുപ്പെന്നെ പൊതിഞ്ഞു. ഉള്ളിലുറങ്ങുന്ന അകാരണമായ ഭയം തണുപ്പില്‍ പതിന്‍മടങ്ങ്‌ ശക്തിയോടെയുണരും.
 
ഞാന്‍ ക്യാബിന്റെ വാതില്‍ തുറന്നപ്പോള്‍ പട്ടി മുറ്റത്ത്‌ തണുത്തു വിറച്ചിരിക്കുന്നത് കണ്ടു. പക്ഷേ അതെന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ  മുരണ്ടില്ല.
 
“വേണേല്‍ അകത്തു കേറി കിടന്നോ .” ഞാന്‍ വാതില്‍ ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു.
 
പട്ടി എന്നെ ഒരു നിമിഷം സംശയിച്ചു നോക്കിനിന്നതിനുശേഷം  അകത്തേക്ക് ഓടിക്കയറി. അകത്തു കയറിയതിനുശേഷം അത് ക്യാബിന്‍ മുഴുവന്‍ എന്തോ പരതി നടന്നു. കുറച്ചു കഴിഞ്ഞു എന്റെ കാല്‍ക്കീഴില്‍ കിടന്നുറക്കമായി. എന്തായിരിക്കും നായ തിരഞ്ഞുകൊണ്ടിരുന്നത് എന്ന് ആലോചിച്ചിരുന്നു ഞാനും ഉറങ്ങി.
 
അതിന്റെ പിറ്റേന്ന് മുതല്‍  നായ എന്റെയൊപ്പം കൂടി. അതിനെ ആദ്യം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഇരുട്ട് അന്ന് രാത്രി അതിനു അഭയം കൊടുത്തപ്പോള്‍ത്തന്നെ അത്ഭുതകരമായി മാറുകയും ചെയ്തു.
എങ്കിലും മനസ്സില്‍ അന്ന് രാത്രി കണ്ട സ്വപ്നത്തിന്റെ അംശങ്ങള്‍ കരടു പോലെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ദു:സ്വപ്നത്തിന്റെയും ഭീതി, അത് യാഥാര്‍ത്ഥ്യമാകുന്നത് വരെ ഉള്ളിന്റെയുള്ളില്‍ മയങ്ങി കിടക്കുമല്ലോ.
 
സാധാരണ ഞാന്‍ പുഴയുടെ തീരത്ത് നിന്ന്, സമീപത്തുള്ള കുന്നിന്‍ ചെരിവുകളിലെക്ക് അങ്ങിനെ പോകാറില്ല. കാട്ടിലെ ഇടവഴികളില്‍ക്കൂടി നടക്കാന്‍ ഭയമായത് കൊണ്ടല്ല. പുഴയുടെ തീരത്തെ താമസത്തില്‍ ഞാന്‍ അതീവ തൃപ്തനായതു കൊണ്ടാണ്.
 
എങ്കിലും നായയുടെ വരവോടെ എന്റെ ദിനചര്യയില്‍ ചെറിയ മാറ്റമുണ്ടായി. പുലര്‍ച്ചെ പുഴയില്‍ കുളിച്ചു വന്നാലുടന്‍ നായ എന്റെ ചുറ്റും മുറുമ്മിക്കൊണ്ട് നടക്കും. കുന്നിന്‍ ചരിവുകള്‍ക്കിടയിലേക്കുള്ള പുലര്‍കാലനടത്തത്തിനായ് അവന്‍ നിര്‍ബന്ധിക്കുന്നതാണ്. നായ എനിക്ക്  മുന്‍പേ ഓടും. എന്നിട്ട് ഞാന്‍ വരാന്‍ കാത്തിരിക്കും. ഈ നടത്തത്തിലും ചിലപ്പോള്‍ അവന്‍ വനപാതയില്‍ നിന്ന് വഴുതിമാറി കാട്ടിനുള്ളിലേക്ക് ഓടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ അവന്‍ ഒരിടത്ത് നിന്ന് ഇലകള്‍ മണത്തു നോക്കുന്നത് കാണാം. അവനും എന്തിനെയോ സദാ തിരയുന്നത് പോലെ എനിക്ക് തോന്നി.
 
എല്ലാ ദിവസവും ഒരേ വഴിയിലൂടെയാണ് ഞങ്ങള്‍ നടന്നു കൊണ്ടിരുന്നത്. സത്യത്തില്‍ നടക്കുന്നതിന്റെ രസം എനിക്കപ്പോഴാണ് മനസ്സിലായത്. ഓരോ ചുവടും മുന്‍പോട്ടു  വയ്ക്കുമ്പോള്‍, കൃത്യമായ ലക്ഷ്യമില്ലാതെ, ആയാസരഹിതമായി നടക്കുമ്പോള്‍ മനസ്സില്‍ നിന്ന് ഭാരം പൊഴിഞ്ഞുപോകുന്നതുപോലെ അനുഭവപ്പെടുന്നു. പച്ചപ്പുല്ലിന്റെയും യൂക്കാലിമരങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന പച്ചനിറമുള്ള പൂപ്പലിന്റെയും ഗന്ധം, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒലിച്ചു വരുന്ന നീര്‍ച്ചാലിന്റെ മൃദുവായ സ്വരം, മേഘക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പറക്കാനൊരുങ്ങുന്ന കിളികളുടെ സ്വരം..
 
ഒരു ദിവസം നടക്കുന്നതിനിടയില്‍ നായയുടെ ബഹളം കേട്ടു ഞാനോടിച്ചെന്നു. കാട്ടുചെടികള്‍ക്കിടയില്‍ അവന്റെ അരികിലേക്ക് ഓടുന്നതിനിടയില്‍ ഞാന്‍ കാലു തെറ്റി വീഴുകയും ചെയ്തു. അടുത്തു ചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് ,അവന്റെ കാല്‍  ഒരു മരത്തിന്റെ വേരിനടിയില്‍ കുടുങ്ങി പോയിരുന്നു. സര്‍പ്പങ്ങളെ പോലെ പിണഞ്ഞു കിടക്കുന്ന വേരുകള്‍ക്ക് നല്ല ബലമുണ്ടായിരുന്നു.സര്‍വ്വശക്തിയും ഉപയോഗിച്ച് വേരുകള്‍ വിടര്‍ത്തി നായയുടെ കാല്‍ ഞാന്‍ മോചിപ്പിച്ചു. അവന്‍ ആശ്വാസത്തോടെ തന്റെ വാല്‍ ചുഴറ്റി നന്ദി പ്രകടിപ്പിച്ചു. തളര്‍ന്നു മരച്ചുവട്ടിലിരിക്കുമ്പോള്‍ എന്റെ ചുണ്ടില്‍ കാരണമൊന്നുമില്ലാതെ ഒരു പുഞ്ചിരി വിടര്‍ന്നിരുന്നു. ആ വന്‍വൃക്ഷം,സര്‍പ്പവലപോലെയുള്ള അതിന്റെ വേരുകള്‍ ,അല്‍പ്പമകലെ കാണുന്ന കരിമ്പാറക്കെട്ട് , ഞാനോടിവന്നപ്പോള്‍ ഉലഞ്ഞ കുറ്റിക്കാട്ടിനുള്ളില്‍ നിന്ന് മെല്ലെ ശിരസ്സ് നിവര്‍ക്കുന്ന ഒരു കുഞ്ഞുപൂവ്, വനത്തിലെ അനേകം തിരിച്ചറിയാനാകാത്ത ശബ്ദങ്ങളും ഗന്ധങ്ങളും.. ആ നിമിഷം പട്ടിയുടെ കാല്‍ വേരില്‍നിന്ന് സ്വതന്ത്രമായതുപോലെ എന്റെ മനസ്സും സ്വതന്ത്രമായത് പോലെ തോന്നി. അത് ഒരു ഒറ്റ നിമിഷത്തെ അനുഭവമായിരുന്നു. ഞാനും ആ നായയുമെല്ലാം വനത്തിന്റെ  ഭാഗമായതുപോലെ. ഒരു പൂവ് വിടരുന്നതുപോലെ ആ ചിന്ത ശിരസ്സിലുദിച്ചതാകാം ചുണ്ടില്‍ പുഞ്ചിരിയായി മാറിയത്.
 
ഞാന്‍ അന്ന് നടത്തം നേരത്തെ മതിയാക്കി വേഗം ക്യാബിനിലേക്ക് തിരിച്ചുനടന്നു. ഞാന്‍ തിരിച്ചു നടക്കുമ്പോഴും നായ ആ മരച്ചുവട്ടില്‍ നിന്ന് പോന്നിരുന്നില്ല. അത് സര്‍പ്പപടലം പോലെയുള്ള വേരുകള്‍ക്കിടയില്‍ മണം പിടിച്ചു നടന്നു. ഇടക്ക് മരത്തിന്റെ മുകളിലേക്ക് നോക്കി കുരച്ചു. ചിലപ്പോള്‍ ഏതെങ്കിലും പക്ഷികളെയോ അണ്ണാനെയൊ കണ്ടതാകാം അവനെ പ്രകോപിപ്പിച്ചത്. എങ്കിലും ആദ്യം കണ്ടപ്പോള്‍ മുതല്‍ ആ നായ എന്തോ തിരയുകയാണ് എന്ന എന്റെ തോന്നല്‍ കുറച്ചു കൂടി ശക്തമായി.  എന്റെ പുറകെ വരാനായി ഉറക്കെ വിളിച്ചെങ്കിലും നായ ശ്രദ്ധിച്ചില്ല.ഏറെ ദൂരം നടന്നിട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ നായ  തിരച്ചിലൊക്കെ അവസാനിപ്പിച്ചു വൃക്ഷത്തിന്റെ മുകളിലേക്ക് തന്നെ നിശ്ചലമായി നോക്കിനില്‍ക്കുന്നത് ഞാന്‍ കണ്ടു. അത്രയും നാള്‍ അവിടെ  ഒറ്റയ്ക്ക് ജീവിച്ചിട്ട് ഒരു ഫോട്ടൊഗ്രാഫ് പോലെ മനസ്സില്‍ പതിഞ്ഞ ഏക ദൃശ്യമായിരുന്നു അത്.
 
ആ നായയുമായി ഞാനടുക്കുന്നതായി എനിക്ക് തോന്നി.ആ ചിന്ത എന്നെ ചെറുതായി അലോസരപ്പെടുത്തി. ഒരു പക്ഷേ താന്‍ തിരയുന്നത്  കണ്ടെത്തിയാല്‍ ആ നായ എന്നെ വിട്ടുപോകാനും മതി. അന്ന് മുഴുവന്‍  ആ ചിന്ത ഉള്ളില്‍ മങ്ങലുണ്ടാക്കി. രാത്രി ആ  പഴയ സ്വപ്നം ഞാന്‍ വീണ്ടും കണ്ടു. നഗര രാത്രിയില്‍  ഒറ്റക്ക് നടക്കുന്നതിനിടയില്‍ എനിക്കെന്തോ നഷ്ടപെടുന്നു. ഞാനത് എല്ലായിടത്തും തിരയുന്നു. ഉണര്‍ന്നപ്പോള്‍ ഞാന്‍ ആ സ്വപ്നം ഓര്‍മ്മിച്ചില്ല. എങ്കിലും പുഴയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ആ സ്വപ്നം സകല ശക്തിയോടും കൂടി എന്നെ ആക്രമീച്ചു. കാരണം  വളരെ വിലപ്പെട്ട ഒരു വസ്തു എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടത് ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്.
 
ഇരുപതു വര്‍ഷമായി ഞാന്‍ വിരലിലണിയുന്ന മോതിരം നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ വളരെ അടുപ്പമുണ്ടായിരുന്നയാള്‍ സമ്മാനിച്ചതാണ്‌ ആ മോതിരം. നഗരത്തില്‍ നിന്ന് ഇങ്ങോട്ട് പോന്നപ്പോള്‍, ഭൂതകാലത്തില്‍ നിന്ന് ഒപ്പം കൂട്ടിയത് കുറച്ചു പുസ്തകങ്ങളും ഈ മോതിരവും മാത്രമായിരുന്നു. മുളംകാടുകള്‍ ഇല പൊഴിഞ്ഞു മഞ്ഞച്ച ചില വൈകുന്നേരങ്ങള്‍, പായല്‍ പിടിച്ച അമ്പലക്കുളത്തിന്റെ പടിക്കെട്ടുകള്‍ , മസാലദോശയുടെ കൊതിപ്പിക്കുന്ന ഗന്ധമുള്ള കോഫിഹൗസില്‍ പങ്കിട്ട നേരങ്ങള്‍ ... കോളേജില്‍ നിന്ന് പഠനം അവസാനിച്ചു പിരിയുന്ന  ദിവസമാണ് ഈ മോതിരം വിരലില്‍ അണിയിച്ചത്.
 
“എന്നെ മറക്കാതിരിക്കാന്‍ വേണ്ടിയാണ്...” മോതിരത്തിന്റെ തണുപ്പ് വിരലില്‍ പടര്‍ന്നപ്പോള്‍ ആ വാക്കുകള്‍ കേട്ടു. ഓരോ പ്രാവശ്യവും  ആ മോതിരം കാണുമ്പോള്‍ ആ വാക്കുകള്‍ വീണ്ടും കേള്‍ക്കും.
ആ മോതിരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ ക്യാബിന്‍ മുഴുവന്‍ തിരഞ്ഞു.കണ്ടില്ല. എപ്പോഴാണ്, എവിടെ വച്ചാണ് നഷ്ടപെട്ടത്? അടുത്തിടെയായി ആ മോതിരം കുറച്ചു അയഞ്ഞതായി സംശയമുണ്ടായിരുന്നു.
 
ഒരു മിന്നല്‍ പോലെ പെട്ടെന്നാണ്  അതോര്‍മ്മിച്ചത്. ഇന്നലെ  നായയെ രക്ഷിക്കാന്‍ ആ മരച്ചുവട്ടില്‍ പോയപ്പോള്‍ നഷ്ടപെട്ടതല്ലേ? അല്ലെങ്കില്‍ ഒരു പക്ഷേ  ആ വേരുകള്‍ക്കിടയില്‍ അറിയാതെ ഊര്‍ന്നു പോയതാകാം. അല്ലെങ്കില്‍ കുറ്റിക്കാട്ടില്‍ ഉരുണ്ടു പിരണ്ടു വീണപ്പോള്‍...
 
നേരെ കാട്ടിലേക്ക് ഇറങ്ങിനടന്നു. ഞാന്‍ നടക്കുന്നത് കണ്ടപ്പോള്‍ നായ മുന്‍പേ ഓടി. ഞാനെങ്ങോട്ടാണ്  പോകുന്നതെന്ന് അവനറിയാവുന്നത് പോലെ..
ഏറെ നേരം മരത്തിന്റെ ചുവട്ടില്‍ തിരഞ്ഞിട്ടും മോതിരം ലഭിച്ചില്ല. എനിക്കൊപ്പം ആ നായയും മരത്തിന്റെ ചുവട്ടില്‍ പരതി നടന്നു. ഞാന്‍ ഉരുണ്ടുവീണ കുറ്റിക്കാട്ടിലും, മരത്തിന്റെ ചുവട്ടിലേക്ക് പോകുന്ന വഴിയിലും സൂക്ഷ്മമായി പരിശോധിച്ചു. കാര്യമൊന്നുമുണ്ടായില്ല.
 
മനസ്സില്‍ വല്ലാത്ത ഒരു ശൂന്യത പടര്‍ന്നു. എങ്കിലും ഉറക്കത്തില്‍ ആവര്‍ത്തിച്ചു കണ്ട നഷ്ടപെടലിന്റെ സ്വപ്നം , ആ ശൂന്യതയെ നേരിടാന്‍ മനസ്സിനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. ഒരിക്കലും ആ മോതിരം നഷ്ടപെടില്ല എന്നാണു കരുതിയിരുന്നത്. അതൊരു അവയവം പോലെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു. അതിന്റെ ഓര്‍മ്മകള്‍ സ്വപ്നങ്ങളായി രൂപാന്തരപ്പെട്ടിരുന്നു.
 
പിറ്റേന്നും രാവിലെ തന്നെ മരത്തിന്റെ ചുവട്ടില്‍ പോയി നോക്കി .ഇനി തലേന്ന് ശരിക്ക് നോക്കാത്തത് കൊണ്ടാണോ തനിക്കത്‌ ലഭിക്കാതെ പോയത് ? പക്ഷേ അന്നത്തെ തിരച്ചിലിലും നിരാശയായിരുന്നു ഫലം. മോതിരം തിരയാന്‍ പോകുമ്പോള്‍ പതിവ് പോലെ നായയും കൂടെ വന്നു. താന്‍ തിരിച്ചു പോകുമ്പോള്‍  നായ മരത്തിന്റെ മുകളിലേക്ക് നോക്കി നില്‍ക്കുന്നതു കണ്ടു.
 
ഇനി ആ മരത്തിന്റെ ചുവട്ടില്‍ വച്ച് തന്നെയാണ് പോയതെന്ന് എന്താണ് ഉറപ്പ്? ചിലപ്പോള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അത് നഷ്ടപെട്ടിട്ടുണ്ടാകും. ആ മരത്തിന്റെ ചുവട്ടില്‍ വച്ച് തന്നെയാവണം എന്നില്ല താനും.
പിറ്റേന്ന് മുതല്‍ എല്ലാ ദിവസവും മോതിരം തിരയാനായി രാവിലത്തെ മണിക്കൂറുകള്‍ ഉപയോഗിച്ചു. പോയതും പോകാത്തതുമായ, കാട്ടിടവഴികളിലൂടെ നടന്നു. മൃഗങ്ങള്‍ സഞ്ചരിക്കുന്ന  ഇലകള്‍ പുതഞ്ഞു കിടക്കുന്ന പാതകള്‍ കണ്ടെത്തി. മോതിരം ലഭിച്ചില്ലെങ്കിലും മറ്റു പല കൗതുകകരമായ വസ്തുക്കളും ലഭിച്ചു. പഴയ മദ്യകുപ്പികള്‍, മാലയുടെ കഷണങ്ങള്‍, ഒരു ഒറ്റച്ചെരിപ്പ്.. പതിയെ മോതിരം നഷ്ടപ്പെട്ട കാര്യം ഞാന്‍ മറന്നു. പുലര്‍ച്ചെയുള്ള ആ തിരച്ചിലും ,നടത്തവും ഞാനറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി. ഓരോ ദിവസവും ഞാന്‍ പരിചയപ്പെടുന്നത് പുതിയ കാടിനെയാണ്. ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ഞാന്‍ കണ്ടെത്തും. ക്യാബിനില്‍ തനിച്ചിരുന്നു വായിക്കുന്നതിനെക്കാളും ഹൃദയം പുതിയതാക്കപ്പെടുന്നത് ഈ നടത്തയിലാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
 
ഒരു ദിവസം നായ  കുന്നിന്‍ചരിവിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിര്‍ത്തലില്ലാതെ കുരയ്ക്കുന്നത് കണ്ടു ഞാന്‍ ചെന്നുനോക്കി. പാറയുടെ കീഴില്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന വിലപിടിപ്പുള്ള ഒരു വാച്ച്. ആരോ ഉപേക്ഷിച്ചതുപോലെയാണ് ആ വാച്ച് കിടന്നിരുന്നത്. ആ വാച്ചിലെ സൂചികള്‍ അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ അകാരണമായ ഒരു ദു:ഖം മനസില്‍ നിറഞ്ഞു. ഞാനാ വാച്ച് കയ്യിലെടുത്തപ്പോള്‍ മുതല്‍ നായ എന്നെ നോക്കി  കുരയ്ക്കുകയായിരുന്നു. ക്യാബിനില്‍ ചെന്ന് ഞാന്‍  വാച്ച് ശ്രദ്ധാപൂര്‍വം ക്ലീന്‍ ചെയ്തു. നീല  ഡയലുള്ള വാച്ചിലെ ചളി നീക്കി കഴുകിയെടുത്തപ്പോള്‍ അത് പുത്തന്‍ പോലെ കാണപ്പെട്ടു. ആ വാച്ച് കയ്യില്‍ കെട്ടിയപ്പോള്‍ നായ എന്നെ കുറ്റപ്പെടുത്തുന്നതുപോലെ നോക്കി. എന്നിട്ട് ക്യാബിന്റെ മൂലയില്‍ ചുരുണ്ട് കൂടി കിടന്നു. അത് പിന്നീട് കുരച്ചതേയില്ല.
 
ആ വാച്ച് കെട്ടി കഴിഞ്ഞപ്പോള്‍ മുതല്‍ , മോതിരം നഷ്ടപ്പെട്ടതിന്റെ ദു:ഖം ഞാന്‍ പൂര്‍ണ്ണമായും മറന്നു. ആ വാച്ച് പണ്ട് മുതലേ എന്റെയായിരുന്നുവെന്ന് എനിക്ക് തോന്നി. എങ്കിലും  ആരുടെയാണ് ആ വാച്ച് , എന്തിനായിരുന്നു അയാള്‍ ആ വാച്ച് ഉപേക്ഷിച്ചത് എന്നൊക്കെയുള്ള ചിന്തകള്‍ എന്റെ മനസ്സിലുദിക്കാതിരുന്നില്ല. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍  വാച്ച് കിട്ടിയ പാറയുടെ സമീപം വിശദമായി തിരയണമെന്നു ഞാന്‍ തീരുമാനിച്ചു. പക്ഷേ നേരം പുലര്‍ന്നപ്പോഴാണ് നായയെ കാണാനില്ല എന്ന് മനസ്സിലായത്. ആ വാച്ച് പരിശോധിച്ച് വളരെ വൈകിയാണ് ഞാന്‍ തലേന്ന് കിടന്നത്. ഞാന്‍ കിടക്കുമ്പോഴും നായയെ കാണാനില്ലായിരുന്നു എന്ന് ഞാനോര്‍ത്തു. മിക്കവാറും അതാ പാറയുടെ അടുത്തോ സര്‍പ്പവേരുകളുള്ള മരത്തിന്റെ ചുവട്ടിലോ കാണും. ഞാന്‍ അതിവേഗം നടന്നു. അകലെ നിന്ന് നോക്കിയപ്പോള്‍ തന്നെ പാറക്കെട്ടിന്റെ സമീപത്തു നായയില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് പിന്നീട് അങ്ങോട്ട്‌  പോകാന്‍ തോന്നിയില്ല. സത്യത്തില്‍ ഞാനിപ്പോള്‍ തിരയുന്നത് ആ നായയെയാണെന്നു എനിക്ക് തോന്നി. ഞാന്‍ വേഗം തന്നെ സര്‍പ്പവേരുകളുള്ള മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. നായ  ആ മരത്തിന്റെ മുകളിലേക്ക് നോക്കി നില്‍ക്കുന്നത് ഞാന്‍  ഭാവനയില്‍ കണ്ടു. പക്ഷേ ഭാവനയിലൊരിക്കലും പ്രതീക്ഷിക്കാത്ത സംഗതിയാണ്  ഞാനാ മരച്ചുവട്ടില്‍ കണ്ടത്.
 
സര്‍പ്പവേരുകള്‍ക്കിടയില്‍ ആറോ  ഏഴോ വയസ്സുള്ള ഒരു പെണ്‍കുഞ്ഞു ബോധരഹിതയായി കിടക്കുന്നു. അതിന്റെ  ശരീരമാകെ മുറിവുകള്‍. ആരോ ഉപദ്രവിച്ചശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞത് പോലെയുണ്ട്.
ഞാന്‍ വേഗം വേരുകള്‍ക്കിടയില്‍ നിന്ന്  പെണ്‍കുഞ്ഞിന്റെ ശരീരം മോചിപ്പിച്ചു. അതിവേഗത്തില്‍ ഞാന്‍ ക്യാബിനിലേക്ക് ഓടി. നായയെ അവിടെയെങ്ങും കാണാനില്ല എന്ന കാര്യം ഞാനപ്പോള്‍ ശ്രദ്ധിച്ചില്ല . 
അവിടുത്തെ താമസത്തിനിടയില്‍ നായാട്ടുകാരില്‍നിന്നും മറ്റും മനസ്സിലാക്കിയ പച്ചിലമരുന്നുകള്‍ ഉപയോഗിച്ചു കുഞ്ഞിന്റെ മുറിവുകള്‍   വച്ചുകെട്ടി. അല്പം കഴിഞ്ഞു അവള്‍ കണ്ണ് തുറന്നു. അവള്‍ എങ്ങിനെയാണ് അവിടെ വന്നുപെട്ടതെന്നു ചോദിയ്ക്കാന്‍ ശ്രമിച്ചു. ഭയത്തോടെ എന്നെ ഒരു നിമിഷം നോക്കിയ ശേഷം  ആ കുഞ്ഞു വീണ്ടും ബോധരഹിതയായി .
 
“അവള്‍ ഊമയാണ്,” ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കാഷായ വസ്ത്രമണിഞ്ഞ ഒരു വൃദ്ധന്‍ ഞങ്ങളിരുവരെയും സൂക്ഷിച്ചു നോക്കി നില്‍ക്കുന്നത് കണ്ടു. അയാള്‍ അവള്‍ക്കരികിലിരുന്നു നാഡി പിടിച്ചു നോക്കി. പിന്നെ അയാളുടെ ഭാണ്ഡക്കെട്ടില്‍ നിന്ന് ഏതോ മരുന്നെടുത്ത് അവളുടെ നാവിലിറ്റിച്ചു.ഉടനെ അവള്‍ കണ്ണ് തുറന്നു.
 
“ഇവള്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. അല്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും,” അയാള്‍ പറഞ്ഞു.
 
ഞാന്‍ വേഗം യാത്രക്ക് തയ്യാറായി. ക്യാബിന്റെ മൂലയില്‍ കൂട്ടിയിട്ട നഗരത്തില്‍ ധരിച്ചിരുന്ന ഉടുപ്പുകള്‍ തിരയുന്നതിനിടയില്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട്  ആ നഷ്ടപ്പെട്ട മോതിരം താഴേക്ക് വീണു.എങ്ങിനെയാണ് ആ മോതിരം അവിടെ വന്നത് ? ഇനി എന്റെ കയ്യില്‍ നിന്ന് തന്നെ ആദ്യം മുതലേ അതിവിടെ വച്ച് വീണു പോയതാണോ ? അതോ ഇനി നായ കാട്ടില്‍നിന്നും ആ മോതിരം കണ്ടെത്തി ഇവിടെ കൊണ്ടിട്ടതായിരിക്കുമോ? അതോ... ഈ കാടിന്റെ വിജനതയില്‍ തനിച്ചു കഴിയുന്ന ഏതെങ്കിലും ആത്മാക്കള്‍ എനിക്ക് വേണ്ടി ചെയ്ത അത്ഭുത പ്രവര്‍ത്തിയോ ? അപ്പോഴാണ്‌ അയാള്‍ എന്റെ വാച്ച് സൂക്ഷിച്ചു നോക്കുന്നത് കണ്ടത്.
 
“ഇത് നിങ്ങള്‍ക്ക് മുന്‍പ് ഇവിടെ താമസിച്ച യുവാവിന്റെയായിരുന്നു.”വൃദ്ധന്‍ പറഞ്ഞു.
“അയാള്‍ക്ക് എന്താണ്  സംഭവിച്ചത് ?”
“ആത്മഹത്യയായിരുന്നു. അല്പമകലെ കാട്ടില്‍ ഒരു മരക്കൊമ്പില്‍..’
“സര്‍പ്പവേരുകളുള്ള മരത്തിന്റെ മുകളില്‍ അല്ലെ..” ഞാന്‍ ചോദിച്ചു.
“അതെ.”
“അയാള്‍ക്ക് ഒരു നായയുണ്ടായിരുന്നോ ?” ഞാന്‍ തിരക്കി.
വൃദ്ധന്‍ എന്നെ നിര്‍ന്നിമേഷനായി ഒരു നിമിഷം നോക്കി.
“കാട് എല്ലാ രഹസ്യങ്ങളും നിങ്ങള്‍ക്ക് പറഞ്ഞു തന്നിരിക്കുന്നു...” അയാള്‍ ദു:ഖകരമായ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
 
“ഉവ്വ്. ആ നായ അയാളുടെ പ്രിയപ്പെട്ട കൂട്ടായിരുന്നു. മരിക്കുന്നതിനു ഏതാനും നാളുകള്‍ക്ക് മുന്‍പ് അയാള്‍ ആ നായയെ എനിക്ക് വളര്‍ത്താന്‍ തന്നു. ഈ വനത്തില്‍ നിന്ന് വളരെ ദൂരെയാണ് ഞാന്‍ ആ നായയുമായി പോയത്. പക്ഷേ അവന്‍ എന്റെ കയ്യില്‍ നിന്ന് രക്ഷപെട്ടു പോയി...”
 
ഞാന്‍ ആ പെണ്‍കുഞ്ഞിനെയും തോളിലിട്ടുകൊണ്ട് ക്യാബിനില്‍ നിന്നിറങ്ങി. കുറച്ചു പുസ്തകങ്ങള്‍ മാത്രമേ എനിക്ക്  ക്യാബിനില്‍ ഉപേക്ഷിക്കണ്ടതായി വന്നുള്ളൂ.
 
“അയാള്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് ?”എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഏകാന്തത കടല്‍പോലെയാണ്. നീന്താനറിയില്ലെങ്കില്‍ അത് നമ്മെ വിഴുങ്ങും.” വൃദ്ധന്‍ മെല്ലെ പറഞ്ഞു. 
മുന്‍പോട്ടു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ ഒരു നിമിഷം നിന്നു. പിന്നെ സ്ഥിരമായി ആ നായയും ഞാനുമായി നടക്കാന്‍ പോകുന്ന വഴിത്താരയിലേക്ക് വെറുതെ നോക്കി.അവന്‍ എന്നെ തേടി വരും. വരാതിരിക്കില്ല.
------------------
അനീഷ്‌ ഫ്രാന്‍സിസ് 
സ്വദേശം കാഞ്ഞിരപ്പള്ളി 
ജോലി: അസിസ്റ്റന്റ് എഞ്ചിനീയര്‍, KSEB
വിദ്യാഭ്യാസം: B.tech, M.tech 
•2017: “ദൂരെ ദൂരെ റോസാക്കുന്നില്‍ ” കഥാസമാഹാരം ഗ്രീന്‍ ബുക്ക്സ് പ്രസിദ്ധീകരിച്ചു.
•2018:ഡി.സി നോവല്‍ സാഹിത്യമത്സരത്തില്‍ “വിഷാദവലയങ്ങള്‍” എന്ന നോവല്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. ജനുവരി 2019-ല്‍ “വിഷാദവലയങ്ങള്‍ “ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു.
• 2017-2019: കലാകൗമുദി കഥ, ചന്ദ്രിക, എതിര്‍ദിശ, മുഖങ്ങള്‍, കവിമൊഴി,പ്രവാസിശബ്ദം തുടങ്ങിയ ആനുകാലികങ്ങളിലായി പതിനെട്ടു ചെറുകഥകള്‍ .
• 2020-പച്ചക്കുതിര, കവിമൊഴി, ഒലിവ് വാര്‍ഷികപ്പതിപ്പ്  എന്നിവയില്‍ ചെറുകഥകള്‍ .
• 2021-“ശ്വേതദണ്ഡനം “-മൂന്നു നോവെല്ലകളുടെ സമാഹാരം ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ചു.
 
അനീഷ്‌ ഫ്രാന്‍സിസ് .
തൈപ്പറമ്പില്‍ ഹൗസ്
ആനക്കല്‍  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More