Image

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

Published on 07 June, 2021
കറുപ്പ് മാത്രം (കവിത: സുജാത പിള്ള)
ഒറ്റമുറിയിൽ
അച്ഛനും, അമ്മയും, ഞാനും, എന്റെ നിറക്കൂട്ടുകളും.. 
വാതിലിന്റെ കുറ്റി ഭദ്രമതുമാറ്റാറേയില്ല.. 
പല നിറക്കൂട്ടുകൾ
മാറ്റി, മാറ്റി വരച്ചിട്ടും
പഴയ ആകാശമാകുന്നില്ല.. പഴയ ഭൂമിയും...
നിറങ്ങളുടെ സങ്കലനം നടക്കുന്നതേയില്ല.. 
ചായങ്ങൾ കലരാതെ... വേറിട്ട്‌.. വേറിട്ട്‌..!
കാക്കകളെ ചുവപ്പാക്കിയാലോ...
ചുവന്ന കാക്കകൾ പറക്കുന്ന നീല ആകാശം... 
പുഴയെ മഞ്ഞയും മരങ്ങളെ നീലയും ആക്കിയാലോ?
ചുണ്ടിൽ ചിരി പൊട്ടി..
എത്ര ചാലിച്ചിട്ടും വർണ്ണങ്ങൾ കറുപ്പാവുന്നു..
ഉള്ളിലെ നോവ് നനവാവുന്നു...
പുറത്തു മഴ ശമനമില്ലാതെ..
ടിവിയിൽ തീജ്വാലകൾ..
വെള്ളപുതച്ച് അനക്കമറ്റവർ...
ഓഫാക്കൂ.... അച്ഛന്റെ നിസ്സഹായത.
അച്ഛന് പനിയ്ക്കുന്നുണ്ട്...
മരണം പടികടന്നെത്തുമോ..
ഭയത്തിന്റെ
ഒരു പാതി അച്ഛന്റെ കണ്ണിലും.. 
മറുപാതി അമ്മേടെ കണ്ണിലും.. 
യൗവ്വനം പ്രതിരോധം തീർക്കും 
ഹുങ്ക്, എന്റെ ചങ്കിൽ...
പുതിയ വർണ്ണങ്ങൾക്കായ് ഞാൻ പരതി..
എല്ലാത്തിനും കറുപ്പുനിറം ...
എത്രതവണ കലർത്തിയിട്ടും കറുപ്പ് , കറുപ്പ് മാത്രം ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക