Image

ആശുപത്രിക്ക് മലയാളി നേഴ്‌സുമാരെ വേണം, മലയാളം വേണ്ട ; പൊങ്കാല തുടങ്ങി

ജോബിന്‍സ് തോമസ് Published on 06 June, 2021
ആശുപത്രിക്ക് മലയാളി നേഴ്‌സുമാരെ വേണം, മലയാളം വേണ്ട ; പൊങ്കാല തുടങ്ങി
മലയാളി നഴ്‌സുമാര്‍ക്ക് ഇന്ത്യക്കകത്തും പുറത്തും ലഭിക്കുന്ന സ്വീകാര്യത ചെറുതല്ല. എല്ലാ ഹോസ്പിറ്റലുകള്‍ക്കും രാജ്യങ്ങള്‍ക്കും മലയാളി നേഴ്‌സുമാരെയാണ് ആവശ്യംതാനും. എന്നാല്‍ ഇന്ത്യയില്‍ ഒരു ഹോസ്പിറ്റലില്‍ ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്ന ഒരു നിയമമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത്. 

ജോലിക്കിടയില്‍ മലയാളി നേഴ്‌സുമാര്‍ മലയാളം പറയാന്‍ പാടില്ലെന്നാണ് പുതിയ നിയമം. ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയിലാണ് ഇന്ത്യാ മഹാരാജ്യത്തെ അംഗീകരിക്കപ്പെട്ട ഭഷകളിലൊന്നായ മലയാളം പാടില്ലെന്നും മറിച്ച് ഇംഗ്ലീഷോ ഹിന്ദിയോ മാത്രമെ ഉപയോഗിക്കാവൂ എന്നും സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇതിനെതിരെ ഡല്‍ഹിയില്‍ നേഴ്‌സുമാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ്. 

കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി കഴിഞ്ഞു. ഭാഷാ വിവേചനം പാടില്ലെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയും പ്രതിഷേധക്കുറിപ്പിറക്കി. 

എന്നാല്‍ ഈ ആശുപത്രിയിലടക്കം സേവനം ചെയ്യുന്ന മലയാളി നേഴ്‌സുമാര്‍ തങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്ന് ഡല്‍ഹിയില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള പലരും ഇതിനോടകം തന്നെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു കഴിഞ്ഞു. ഇതിന് ഇവര്‍ക്ക് ഭാഷ ഒരു പ്രശ്‌നമല്ലെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഹിന്ദി മാത്രം പറയുമ്പോള്‍ മലയാളി നേഴ്‌സുമാര്‍ ഇംഗ്ലീഷും ഹിന്ദിയും വളരെ സ്ഫുടമായും തെലുങ്ക് കന്നട, തമിഴ്, മുതലായ മറ്റ് ഭാഷകള്‍ അത്യാവശ്യവും സംസാരിക്കുമെന്നും അതിനാല്‍ പലകാര്യങ്ങള്‍ക്കും തങ്ങള്‍ക്കു സഹായം മലയാളി നേഴ്‌സുമാരാണെന്നും ആശുപത്രികളിലെ രോഗികള്‍ പറയുന്നു.

മലയാളി നേഴ്‌സുമാരില്ലാത്ത ആശുപത്രികളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് ഒരു ദേശീയ ചാനല്‍ പ്രതിനിധിയായ ഹരിയാന സ്വദേശി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത്. ഇതിനാല്‍ തന്നെ ആശുപത്രിയുടെ അനാവശ്യ സര്‍ക്കുലറിനെതിരെ പ്രതിഷേധം പുകയുകയാണ്. 

എന്നാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഇനിയും വൈകിയാല്‍ തങ്ങള്‍ കൈവിട്ട കൈകളിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ നല്‍കുന്ന മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ രണ്ടും കല്പ്പിച്ചിറങ്ങിയാല്‍ എതിരാളികള്‍ക്ക് പിന്നെ പൊങ്കാലയൊരുങ്ങും എന്നത് ചരിത്രം വ്യക്തമാക്കിയിട്ടുള്ളതാണ്. പലരും ഇതിനോടകം തന്നെ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. എവിടെയെല്ലാം മലയാളി വിവേചനത്തിനിരയായിട്ടുണ്ടോ അവിടെയെല്ലാം സമരരംഗത്തിറങ്ങിയ കേരളത്തിലെ സോഷ്യല്‍ മീഡിയ പോരാളികള്‍ ആശുപത്രിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

ആശുപത്രിക്ക് മലയാളി നേഴ്‌സുമാരെ വേണം, മലയാളം വേണ്ട ; പൊങ്കാല തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക