Image

മധുവിധു തുടങ്ങുംമുമ്പേ പ്രിയതമ യാത്രയായി

ജോബിന്‍സ് തോമസ് Published on 06 June, 2021
മധുവിധു തുടങ്ങുംമുമ്പേ പ്രിയതമ യാത്രയായി
ദീര്‍ഘ നാളത്തെ പ്രണയം. ഒടുവില്‍ സ്വപ്നസാഫല്ല്യമായി വിവാഹം. എല്ലാ പ്രവാസികളേയും പോലെ വിവാഹം കഴിഞ്ഞ് വീണ്ടുമൊന്നിക്കാമെന്നുള്ള പ്രതീക്ഷയില്‍ അവരും പരസ്പരം യാത്ര പറഞ്ഞ് രണ്ട് ദേശങ്ങളിലേയ്ക്ക് യാത്രയായി.  പിന്നീടങ്ങോട്ട് ഒന്നിക്കാനും ഒരുമിച്ച് താമസിക്കാനുമായിരുന്നു ഇരുവരുടേയും കഷ്ടപ്പാടുകള്‍. പ്രിയതമ തന്നോട് പറഞ്ഞിറങ്ങിയത് അവസാനയാത്രയാണെന്ന് ബിജോ അറിഞ്ഞിരുന്നില്ല.   

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കുറവിലങ്ങാട് സ്വദേശിനി ഷിന്‍സിയുടെ ഭര്‍ത്താവ് ബിജോ കുര്യന് ഈ വാര്‍ത്ത ഇപ്പോളും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുമിച്ച് താമസിക്കാന്‍ വീടൊരുക്കി അതിലേയ്ക്ക് മറ്റ് കാര്യങ്ങളൊക്കെ ഒരുക്കുന്നതിനിടയിലായിരുന്നു ബിജോയെത്തേടി പ്രിയതമയുടെ മരണ വാര്‍ത്തയെത്തിയത്. ഒരുമിച്ച് നേഴ്‌സിംഗ് പഠിച്ച് ഒരാശുപത്രിയില്‍ ജോലി ചെയ്തശേഷമാണ് ഇരുവരും വിവാഹിതരായത്. അതും ഏറെക്കാലത്തെ പ്രണയത്തിനു ശേഷം. വിവാഹം കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 17 നാണ് ഇരുവരും തിരികെ പോയത്. ഒന്നിച്ച് താമസിച്ചത് കേവലം 24 ദിവസങ്ങള്‍ മാത്രം.

ബിജോ ബഹ്‌റൈനിലേയ്ക്കും ഷിന്‍സി സൗദിയിലേയ്ക്കും. ഷിന്‍സിയേയും ബഹ്‌റൈനിലെത്തിക്കാന്‍ ബിജോ ഷിന്‍സിക്ക് അവിടെ ജോലി ശരിയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഷിന്‍സി സൗദിയിലെ ജോലി രാജിവയ്ക്കുകയും ചെയ്തു. മേയ് അവസാനം ഷിന്‍സി ബഹ്‌റിനിലേയ്ക്ക് പോകേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യാത്ര നീണ്ടു.

ഷിന്‍സി വരുന്നതും കാത്ത് ബഹ്‌റൈനില്‍ ബിജോ ഇരുവര്‍ക്കും ഒന്നച്ചു താമസിക്കാന്‍ പുതിയ വീട് റെഡിയാക്കി. വീട്ടിലേയ്ക്കുള്ള സാമഗ്രികളും വാങ്ങിച്ചു. ഏറെ നാളത്തെ പ്രണയസാഫല്ല്യമായ പ്രിയതമയെ കാത്തിരിക്കുന്നതിനിടെയാണ് ഈ ദുരന്തവാര്‍ത്ത. ജീവിതം ആരംഭിക്കും മുമ്പേ വിധി കവര്‍ന്ന പ്രിയതമയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ തകര്‍ന്നിരിക്കുന്ന ബിജോയെ ആശ്വസിപ്പിക്കുവാന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കുന്നില്ല. 

സൗദി നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നേഴ്‌സുമാരാണ് മരിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി അശ്വതി വിജയനാണ് മരിച്ച രണ്ടാമത്തെയാള്‍. നജ്‌റാനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ താര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കണ്ടു മടങ്ങുമ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക