America

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

Published

on

ഇരുട്ടു പടർന്ന ആ വഴിയിലേക്ക്  ആകാശത്തിൽനിന്ന് തെറിച്ചുവീണപോലെയാണയാൾ പ്രത്യക്ഷപ്പെട്ടത്. വാസ്തവത്തിൽ തോടിനും, വയലിനുമിടയിലുള്ള  വഴി നേർത്തു തുടങ്ങിയപ്പോഴേ അകാരണമായ ഒരു ഭയം എന്നെ ബാധിച്ചിരുന്നു.  ഏതുനിമിഷവും ആ ഇടവഴി അവസാനിക്കുമെന്നും  അവിടെ ഞാൻ ഒറ്റയ്ക്കാവുമെന്നും ഭയപ്പെട്ടു നടക്കുമ്പോഴാണ് ആ വഴിയിലേക്ക്  അയാൾ പ്രത്യക്ഷപ്പെട്ടത്. 
വരൂ...കുറച്ചു ദൂരമുണ്ട് .  ചിലമ്പിച്ച ശബ്ദത്തിൽ അയാൾ എന്നെ വിളിച്ചു.
 
ഇടുങ്ങിയ ആ വഴിയിലൂടെ , അയാൾക്ക് പുറകിലായി   നടക്കുമ്പോൾ സംശയത്തോടെ ഞാൻ  ചോദിച്ചു.
നിങ്ങൾ ആരാണ്? 
 
മുമ്പിൽ വീണ്ടും ആ ശബ്ദം കേട്ടു.
അനിരുദ്ധൻ. പഴയൊരു കൃഷിക്കാരനാണ്. പലരും വിളിക്കുന്നത് അനിക്കുഞ്ഞെന്നാണ്.
കൊയ്ത്തുകഴിഞ്ഞ വയലുകളിലേക്ക്   ഇരുട്ട് കനത്തിറങ്ങിയപ്പോൾ അനിക്കുഞ്ഞ്  ടോർച്ച് തെളിച്ചു.  ചിതറിയ വെളിച്ചത്തിൽ ഞാനയാളുടെ മുഖം കണ്ടു.
ഏകദേശം എഴുപതിനടുത്ത് പ്രായം . ഷേവു ചെയ്യാത്ത മുഖത്ത് വെളുത്ത രോമങ്ങൾ. പുകയിലക്കറയുള്ള പല്ലുകൾ. പുറത്തേക്ക് തള്ളിനിന്നിരുന്നു.
അകലെ, വീടുകളിലെ വെളിച്ചങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ദൂരെ കണ്ടു.
 
മക്കൾ എത്രപേരുണ്ട്?
ഞാൻ സംശയത്തോടെ  ചോദിച്ചു.
 
എൻ്റെ ചോദ്യത്തിന് മറുപടി പറയാതെ കുറച്ചുദൂരം അയാൾ നടന്നു.  ഒടുവിൽ കിതപ്പടക്കി,ശ്വാസമെടുത്ത് അയാൾ എന്നെ നോക്കി പറഞ്ഞു.
ഒരു മകനേയുള്ളൂ. പക്ഷെ ഇവിടെയില്ല. 
 
ചെറിയൊരു വളവിലെത്തിയപ്പോൾ  മണ്ണും, ചെളിയും കുഴഞ്ഞ് ഇടവഴി കൂടുതൽ ദുർഘടമായി.
ഇരുട്ടുപടർത്തിയ കറുപ്പിലെ കുറച്ചു നേരത്തെ നിശബ്ദത മുറിച്ചുകൊണ്ട്  അയാൾ തേങ്ങി.
അവനിപ്പോൾ വരാറില്ല. അച്ഛനേയും, ഈ മണ്ണിനേയുമൊക്കെ ഉപേക്ഷിച്ചിട്ട്  കാലങ്ങളായി.
 
 
വഴിയിൽ മറ്റാരുടെയോ ടോർച്ചിൻ്റെ വെളിച്ചം എതിരെ അടുത്തുവന്നപ്പോൾ  ഞങ്ങൾ വഴിയൊതുങ്ങി തിട്ടയിലേക്ക് മാറിനിന്നു. മരവിപ്പിക്കുന്ന കാറ്റിൽ അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
സാറേ കൂടെ ആരുമില്ലാതാവുമ്പോൾ ഇങ്ങനെയൊക്കെയാണ് .  നടന്നും,  കിതച്ചും, വിറയലോടെ വഴിയൊതുങ്ങി നിന്നും...
 അയാൾ വാചകം പൂർത്തിയാക്കാതെ നിശബ്ദനായി. ആ ശബ്ദത്തിൽ അടക്കാനാവാത്ത വിഷാദം തങ്ങിനിന്നിരുന്നു.
 
 എനിക്ക് എന്തോ പറയണമെന്നുണ്ടായിരുന്നു. അതിനാവാതെ വന്നപ്പോൾ മനസ്സിൽ വെറുതെ ഒരു ചിത്രം സങ്കല്പിച്ചു നോക്കി. നിറയെ പൂവുകളുള്ള ഒരു വലിയ മരം . മരത്തിൽ കുറേ പക്ഷികൾ. 
എൻ്റെ ചിന്തകളെ ഞെട്ടിച്ചുകൊണ്ട് ഇരുട്ടിൽ തെരുവു പട്ടികളുടെ ഓരിയിടൽ കേട്ടു. രാത്രിയുടെ ഭീകരതയുണർത്തി നിന്ന  വലിയൊരു പനയുടെ ചുവട്ടിലൂടെ ഞങ്ങൾ നടന്നു.
പേടിയുടെ നെടുനിശ്വാസങ്ങളുതിർത്തു ഞാൻ ചോദിച്ചു.
നമ്മൾ എങ്ങോട്ടാണ് പോകുന്നത്?
 
പനയോലകൾ കാറ്റിലുരസുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടില്ല. കൂർത്തകല്ലിൻ്റെ മുകളിലൂടെ ആഞ്ഞുനടക്കുമ്പോൾ  ആ വഴിയെ ശപിച്ചുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. 
നമ്മൾ എങ്ങോട്ടാണ്?
 
വേഗം വരൂ...മുമ്പിൽ വ്യദ്ധൻ്റെ കിതപ്പുള്ള ശബ്ദം മന്ത്രിച്ചു
ഇടയ്ക്കെപ്പോഴോ ടോർച്ചിൻ്റെ അരണ്ടവെളിച്ചം തോട്ടിലെ വെള്ളത്തിലേക്ക് ചിതറിവീണപ്പോൾ  ഒരു തോണി കുണുങ്ങിയാടുന്നത് കണ്ടു. അതിനുചുറ്റും വിരിഞ്ഞ   ആമ്പൽപ്പൂവുകൾ കൂമ്പി നിന്നിരുന്നു. തോടിനു കുറുകെയുള്ള പാലം കടക്കുമ്പോൾ  അയാൾ പറഞ്ഞു. 
പത്മിനി മരിക്കുമ്പോൾ ഈ പാലം ഇല്ലായിരുന്നു. നെഞ്ചുവേദനിച്ചപ്പോൾ കസേരയിലിരുത്തി  റോഡുവരെയെത്തിച്ചു.അപ്പോഴേക്കും...
 മുറിഞ്ഞു നിന്നു പോയ ശബ്ദം ശ്വാസംകിട്ടാതെ  പിടച്ചു. പിന്നെയൊരു തേങ്ങലോടെ ചോദിച്ചു.  ജനിക്കുമ്പോഴും, മരിക്കുമ്പോഴും മാത്രമാണോ സാറേ ഒറ്റയ്ക്കാവുന്നത്?
 
കാറ്റിൽ മരങ്ങളുടെ ഇലകൾ ഇളകിമറിയുന്നത് നോക്കി  ഞാൻ വാക്കുകൾ തിരഞ്ഞു. 
മറുകരയെത്തിയപ്പോൾ വഴിയും വെളിച്ചവും കൂടുതൽ തെളിഞ്ഞു.  വീതിയുള്ള വഴിയുടെ ഇറക്കത്തിലേക്ക് അയാൾ  കൈചൂണ്ടി
അവിടെയാണ് വീട്.
ആ വീടിൻ്റെ തെക്കുവശത്തെ ഗേറ്റിനരുകിലായി ചാൽ കീറി, വിറകും ചിരട്ടയും അട്ടിവെച്ച് ചിത ഒരുക്കിയിരുന്നു. വീടിനു മുമ്പിലെ നീല പോളിത്തീൻ ഷീറ്റ്  വിരിച്ച പന്തലിൽ കൂട്ടംകൂടി നിന്ന  കുറച്ചാളുകൾക്കിടയിലേക്ക് ഞാൻ കണ്ണുകൾ പരതി. അകത്തെ മുറിയിൽ ആരോ അമർത്തിപ്പിടിച്ചു കരയുന്നു.
തിരക്കുകൾക്കിടയിൽ ആരോ ഉറക്കെപറഞ്ഞു. 
മുഖം മൂടാൻ പോകുകയാണ്. അവസാനമായി കാണേണ്ടവർക്കു വരാം.
ഞാൻ ഭയന്നു  പിന്നിലേക്ക് മാറി. 
 
തിരിച്ചു  നടക്കുമ്പോൾ വഴിയിൽ ഞാനൊറ്റയ്ക്കായിരുന്നു. പാലത്തിനരുകിലെ ഇലകൾ കൊഴിഞ്ഞ ഒരു വലിയ വൃക്ഷത്തിനു ചുവട്ടിലെ കടവിലേക്ക് ഒരു തോണി എനിക്കായി  കുണുങ്ങിവന്നു
എങ്ങോട്ടാണ്? 
തലയിൽ തോർത്തു ചുറ്റിയ  തോണിക്കാരൻ ചിരിയോടെ ചോദിച്ചു.
വേഗം. അക്കരെയ്ക്ക്..
ഞാൻ ഉറക്കെ പറഞ്ഞു.
 
തോണി തുഴയുമ്പോൾ ചെറുപ്പക്കാരൻ അകലെയ്ക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
വിഷം കഴിച്ചതാണ്.
'ഉച്ചകഴിഞ്ഞ് വയലിനരുകിലെ തിട്ടയിലാണ് ചത്തുകിടന്നത്.
ആരാ മരിച്ചത്? 
പരിഭ്രമത്തോടെ  ഞാൻ ചോദിച്ചു.
അനിക്കുഞ്ഞ്. ആ വയസൻ. 
 
അതിൻ്റെ തുടർച്ച കേൾക്കും മുമ്പേ  ഉറക്കത്തിൽനിന്ന്  ഒരു ഞെട്ടലോടെ  ഞാനുണർന്നു. കണ്ട കാഴ്ചകളത്രയും ഒരു സ്വപ്നത്തിലേതായിരുന്നുവെന്ന ആശ്വാസത്തോടെ  ഞാൻ ചുറ്റുംനോക്കി. എൻ്റെയരുകിൽ ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന  ഭാര്യയേയും മകനേയും ഞാൻ കണ്ടു. അടുത്തമുറിയിൽ  അമ്മയുടെ വരണ്ട ചുമ കേട്ടു.
 പുറത്തേക്ക് നടക്കുമ്പോൾ പുതിയൊരു പ്രഭാതം വിടർന്നിരുന്നു.
 
പുറത്ത് കാൽച്ചുവട്ടിലേക്ക് വീണ പത്രക്കടലാസ് തുറക്കുമ്പോൾ മനസ്സ് സ്വപ്നത്തിൻ്റേയും യഥാർത്ഥൃത്തിൻ്റേയും മദ്ധ്യത്തിലായിരുന്നു.  ഓരോന്നായി ഓർമ്മിച്ചുനോക്കി.
ഇരുട്ടലിഞ്ഞ വഴിയിലെ കിതപ്പ്. ഒറ്റയ്ക്കു നിന്ന പന. ഒരുക്കിവച്ച ചിത.
കടലാസ്സുകൾ മറിച്ചപ്പോൾ ചരമ കോളത്തിൽ  മങ്ങിയ ഒരു ഫോട്ടോ കണ്ടു. സ്വപ്നത്തിൻ്റെ തുടർച്ചയെന്നോണം ഞാൻ വായിച്ചു.
' കർഷകൻ ആത്മഹത്യ ചെയ്തു.
ഓർമ്മകളിലെ കാഴ്ചകൾ വീണ്ടും തെളിഞ്ഞു.
നരച്ച ആകാശത്തിനു താഴെ വിളറിയ വയലുകൾ. അകലെ നക്ഷത്രങ്ങൾ പോലെ വെളിച്ചങ്ങൾ മിന്നിനിന്ന വീടുകൾ.
കണ്ണുകൾ അമർത്തിത്തുടച്ച്  ഞാൻ ആലോചിച്ചു.
ആ വീടുകൾക്കപ്പുറം - എന്തായിരിക്കും?.
----------------------
പ്രേം മധുസൂദനൻ
ചേർത്തല കണിച്ചുകുളങ്ങര  സ്വദേശി. വിവിധ ആനുകാലികങ്ങളിൽ നിരവധി കഥകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യ കഥാസമാഹാരം -ഇലഹൃദയങ്ങൾ പ്രഭാത് ബുക്ക് ഹൗസ് പബ്ലീഷ് ചെയ്തു.

Facebook Comments

Comments

  1. ജയാനന്ദൻ

    2021-06-07 07:01:12

    വളരെ നല്ല എഴുത്ത്. പതിവ് പോലെ .

  2. Sreedhar

    2021-06-06 16:11:07

    Ashamsakal.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More