Image

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

Published on 06 June, 2021
ഇടവപ്പാതി (കവിത: ബീന തമ്പാൻ)
മഴപ്പെയ്ത്തുകളെപ്പോഴും
      കനവുകണ്ടിരിക്കുമ്പോൾ
മഴയോർമ്മകളിലോർമ്മ-
       കളിതളിതളായ് വീഴവേ...
പറയുവാനുണ്ടെനിക്കെന്നു-
       മെപ്പൊഴും വാചാലമായ്
ഇടവപ്പാതിമഴച്ചന്തത്തിന്റെയാ
       ലാസ്യലയഭാവങ്ങൾ
ഇണങ്ങിയും പിണങ്ങിയും
        ഇടതടവില്ലാതിടിമിന്നലോടെ
ആർത്തലച്ചെത്തീടും
        നിൻ രൗദ്രഭാവങ്ങളും
ഇടയ്ക്കിടെ ചാറിയും
      ചിണുങ്ങിയും നിൽക്കവേ
നീയൊരു നാണം കുണുങ്ങി
      പെൺകൊടിയാകുന്നതും
മൊഴിയാതെ മൊഴിയും
       നിൻ മൗനഭാവങ്ങളിൽ
അറിയുന്നു ഞാനനുരാഗിയാം
       മഴയുടെ കവനഗീതികൾ
മഴമുത്തുപോലുള്ള
       നിൻ കവിതകൾ കേട്ടു
മഴപെണ്ണായ് ഞാൻ മാറും
       നിന്നിലായലിഞ്ഞീടാൻ
മഴപെയ്ത്തിൽ നനഞ്ഞു
       മഴക്കുളിരിലലിഞ്ഞ്
ഇറ്റിറ്റെൻ വദനത്തിൽ വീഴുന്ന
       മഴത്തുള്ളിയെ ചുംബിച്ചും
ഇടതൂർന്ന് പൊഴിയുന്നയാ
       മഴത്തുള്ളിക്കൊപ്പം
ഒഴുകുന്ന പുഴപോലെ
       നിന്നോരത്തിരുന്നും
മിഴിയിണയടയാതെയീ
      ഇടവപ്പാതിമഴയഴക് കാണവേ
മനമൊന്ന് തണുത്ത്‌
     മനതാരിലാനന്ദമേറുമ്പോൾ
 മഴപോലെപ്രിയമായെൻ
      പ്രിയനെന്നരികിലുള്ളപ്പോൾ
പ്രിയതരമാമീ രാമഴ
      കണ്ടിരിക്കാനുമെന്ത് ഭംഗി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക