Image

ചിന്ന ചിന്ന ആശൈ പാടി വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല (കുര്യൻ പാമ്പാടി)

Published on 05 June, 2021
ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)
"ചിന്ന ചിന്ന ആശൈ ചിറകടിക്കും ആശൈ,  മുത്തു മുത്തു ആശൈ , മുടിന്തുവൈത  ആശൈ" എന്ന 'റോജ'യിലെ ഒരൊറ്റ പാട്ടുകൊണ്ട് എആർ റഹ്‌മാനെയും കേരളത്തിന്റെ മിന്മിനിയെയും ദേശിയ അന്തർദേശിയ തലങ്ങളിലേക്കു ഉയർത്തിയ ആളാണ് തമിഴിലെ വൈരമുത്തു. ഏഴായിരം ഗാനങ്ങൾ, ഏഴു ദേശിയ അവാർഡുകൾ. ഇപ്പോൾ വിവാദങ്ങളുടെ നെരിപ്പോടിൽ എരിയുന്നു. 

കുമിളിയിൽ നിന്ന് മധുരയ്ക്ക് പോകുമ്പോൾ അടിവാരം കഴിഞ്ഞാലുടൻ മലയാളികളെ എതിരിടുന്ന സ്ഥലം  വൈഗ ആണ്. അവിടെ വൈഗ ഡാമും ജലവൈദ്യുതപദ്ധതിയും ഡാമിൽ നിന്ന് അരുവികൾ സൃഷ്ട്ടിച്ചു ജലസേചനം ചെയ്യുന്ന പതിനായിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും കാണാം.

മേട്ടൂർ ഗ്രാമത്തിൽ  ജനിച്ചു അണക്കെട്ടു വന്നപ്പോൾ വീടും കുടിയും നഷ്ടപ്പെട്ട കുടുംബത്തിലെ അംഗമാണ് വൈരമുത്തു രാമസ്വാമി (68). പാട്ടെഴുതി പ്രശസ്തി ആയപ്പോൾ 2013ൽ  വൈഗയിലെ ബാല്യ കാല ജീവിതവും കുടിയിറക്കലും ഓർമ്മിപ്പിക്കുന്ന ഒരു നോവൽ--കള്ളിക്കാട്‌ ഇതിഹാസം-- എഴുതി സാഹിത്യ അക്കാദമി അവാർഡ് നേടി. 22 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു.  

കുമിളിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ചെങ്കുത്തായ  ഇറക്കം ആണ്. അടിവാരത്തെത്തുന്നതിനിടയിൽ തമിഴ നാടിനെ നാട്ടു നനച്ച് വളർത്താൻ കേരളം ഒഴുക്കുന്ന മുല്ലപെരിയാർ വെള്ളം കൊണ്ടുപോകുന്ന പെൻസ്‌റ്റോക് പൈപ്പുകൾ കാണാം. 125 വർഷം മുമ്പ് ഡാമും പൈപ്പുകളും സ്ഥാപിച്ച ഇംഗ്ലീഷ് എൻജിനീയർ ജോൺ  പെന്നിക്വിക്കിന്റെ പ്രതിമ അടിവാരത്ത് സ്ഥാപിച്ചിട്ടുണ്ട്.

വൈഗ മേഖലയിലെ പന്നൈപുരം ഗ്രാമത്തിൽ ജനിച്ച സംഗീത സംവിധായകൻ ഇളയ  രാജ വൈഗ ഡാമിന്റെ പണി നടക്കുമ്പോൾ  കൂലിവേല ചെയ്തു തേവാരം ഹൈസ്‌കൂളിൽ പഠിച്ചു വളർന്ന  ആളാണ്.  ലണ്ടനിലെ ട്രിനിറ്റി മ്യൂസിക് സ്‌കൂളിൽ നിന്ന് ക്ലാസ്സിക്കൽ ഗിറ്റാറിൽ സ്വർണമെഡൽ നേടി സിനിമാസംഗീത ലോകത്തെ അധ്രുശ്യ പ്രതിഭയായി.  ബന്ധുവായ  വൈരമുത്തുവിനെ . അദ്ദേഹമാണ്   കൈപിടിച്ചുയർത്തിയത്.

ദേശിയ അവാർഡുകൾ വാരിക്കൂട്ടിയ 1992 ലെ 'റോജ' യിലും മറ്റൊരുപാടു ചിത്രങ്ങളിലും ജനപ്രീതിനേടിയ നിരവധി പാട്ടുകൾ വൈരമുത്തു എഴുതി. അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലർ ആയ 58   പാട്ടുകൾ 2003 ൽ ബാലൻ മേനോൻ ഇംഗ്ലീഷിലേക്കു തർജമ ചെയ് തു പ്രസിദ്ധീകരിച്ചു . "എ ഡ്രോപ്പ് ഇൻ സേർച്ച് ഓഫ് ദി ഓഷ്യൻ:  ബെസ്റ്  സോങ്‌സ് ഓഫ് വൈരമുത്തു' എന്നാണ്  ശീർഷകം. നാല്പതിലേറെ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട് വൈരമുത്തു.

ഒട്ടേറെ ദേശിയ, സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ എക്കാലവും യൂറ്യുബിൽ അലയടിക്കുന്നു. 1985ലാണ് മുതൽ മര്യാദ  എന്ന ചിത്രത്തിലെ പാട്ടിനു ആദ്യമായി ദേശിയ പുരസ്ക്കാരം ലഭിക്കുന്നത്. 1992ൽ റോജയിലെ ചിന്ന ചിന്ന ആശൈയ്ക്ക് ആ ബഹുമതി കിട്ടി.  

ഇൻഡോ റഷ്യൻ സഹൃദ സംഘടനയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ   റഷ്യയും ആരാധകരുടെ  ക്ഷണം അനുസരിച്ച് യുഎസ്, കാനഡ, യൂറോപ്പ്, മിഡിൽ ഈസ്റ്, ചൈന, സിംഗപ്പൂർ, മലേഷ്യ തുടങ്ങി കിഴക്കും പടിഞ്ഞാറുമുള്ള നിരവധി രാജ്യങ്ങളിൽ വൈരമുത്തു പര്യടനം നടത്തിയിട്ടുണ്ട്.

ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജിൽ നിന്ന് തമിഴ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വൈരമുത്തു, ഷെല്ലി, കീറ്റ്സ്   തുടങ്ങിയ റൊമാന്റിക് കവികളുടെ ആരാധകൻ ആണ്. പെരിയാർ, അണ്ണാ, ഭാരതി, കണ്ണദാസൻ എന്നിവരുടെ കൃതികൾ അദ്ദേഹം പഠിച്ചു മനഃപാഠം ആക്കി. മുഖ്യ മന്ത്രി കലൈഞ്ജർ കരുണാനിധിയുമായി നല്ല അടുപ്പം.  മകൻ സ്റ്റാലിന്റെ ചങ്ങാതി.

"റോജാക്കു വേണ്ടി രണ്ടരമണിക്കൂർ കൊണ്ട് നൂറു വരികൾ ഞാൻ എഴുതി, അവയിൽ വെറും 14 വരികൾ മാത്രമേ  മിന്മിനി പാടിയുള്ളു, അത്രയും വരികൾക്കെ റഹ്‌മാൻ ഈണം പകർന്നുള്ളു," എന്ന് വൈരമുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ മണിരത്നം എന്ന സംവിധായകന്റെ മേൽനോട്ടത്തിൽ മലയാളി സന്തോഷ് ശിവൻ നടത്തിയ ചിത്രീകരണം ഒന്നാംതരം ആയിരുന്നു.

തമിഴ്‍നാടുഗ്രാമങ്ങളുടെ പച്ചയായ സൗന്ദര്യം-- നെൽവയലുകളും തെങ്ങിൻ തോപ്പുകളൂം മലകളും താഴവാരങ്ങളും ചെറു മീനുകൾ ഊളിയിടുന്ന തോടുകളും ചേറിൽ ഞാറുനടുന്ന ചെറുമികളും നീന്തി മടദി ക്കുന്ന താറാവിൻ കൂട്ടവും തിന്നു തമിർക്കുന്ന ആട്ടിൻ പറ്റങ്ങളും അങ്ങിനെ വലിയൊരു ലോകം--അഞ്ചു  മിനിറ്റിലെതൂക്കി ചിത്രീകരിക്കാൻ  ടീമിന് കഴിഞ്ഞു.

പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ വൈരമുത്തു അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് തമിഴിലെ പേരെടുത്ത പിന്നണി ഗായിക ചിന്മയി ശ്രീപാദ 2018ൽ ഉന്നയിച്ച അര്രോപണം  സാമൂഹ്യമാധ്യമങ്ങളിൽ അന്ന് വൈറൽ ആയിരുന്നു.

സിനിമയിൽ ജോലി ചെയ്യുന്ന പതിനാറു പെൺകുട്ടികൾ കൂടി അന്ന് ചിന്മയിക്കൊപ്പം അണി നിരന്നു. ജേര്ണലിസ്റ് സന്ധ്യാ മേനോൻ, വൈരമുത്തു തന്നെ പീഡിപ്പിച്ചതായി ഒരു ടെലിവിഷൻ അവതാരിക പറഞ്ഞതായി ട്വീറ്റ് ചെയ്തു.  പക്ഷെ പ്രബലനായ വൈരമുത്തുവിനെതിരെ ചെറുവിരൽ അനക്കാൻ സിനിമക്കാരോ ബുധ്ധിജീവികളോ മുതിർന്നില്ല. ക്രമേണ ആരവം കെട്ടടങ്ങി.

കേരളം ഈയിടെ നൽകിയ അഞ്ചാമത് ഒഎൻവി പുരസ്കാരമാണ് പ്രശ്നം കുത്തിപൊക്കിയത്.മൂന്നു  ലക്ഷം രൂപ അടങ്ങുന്ന പുരസ്‌ക്കാരം വൈരമുത്തുവിന് സമ്മാനിക്കുന്നതായി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ഒഎൻവി സാംസകാരിക  സമിതി പ്രഖ്യാപിച്ചച്ചതോടെ കേരളത്തിലെ മിടൂ സംഘടനയിലെ വാചാലരായ അംഗങ്ങൾ പ്രകോപിതരായി.

വൈരമുത്തുവിനെപ്പോലെ പെൺകുട്ടികളെ പ്രര്ധിപ്പിച്ചുവെന്ന ആരോപണത്തിന് വിധേയനായ ഒരാൾക്ക് പുരസ്ക്കാരം നൽകുന്നത്  ഒഎഎൻവി പവിത്രമായ ഓർമ്മയ്ക്ക് കളങ്കം ഉണ്ടാകുന്നതായി പാർവതി തിരുവോത്ത്, ഗീതു  മോഹൻ ദാസ്, റീമാ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവർ ഉൾപ്പെടുന്ന കേരളത്തിലെ സിനിമാ പ്രവർത്തകർ ഓരിയിട്ടു.

കലാകാരന്റെ സാഹിത്യ പ്രതിഭയാണ്  വ്യക്തി ജീവിതമല്ല പുരസ്‌ക്കാരസമിതി വിലയിരുത്തിയതെന്നും ഈടുറ്റ കാവ്യ കൃതികൾ വൈരമുത്തു സൃഷ്ടിച്ചിട്ടുണ്ടെന്നുംസമിതി  അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ ന്യായം പറഞ്ഞെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലെ കളിക്കാർക്കു അത്  ബോധ്യമായില്ല.

അവാർഡ് ഞാൻ തിരികെ ഏൽപ്പിക്കുന്നു. ആ തുകക്ക് പുറമെ എന്റെ സ്വന്തം കയ്യിൽ നിന്ന് രണ്ടുലക്ഷം രൂപ കൂടി ഇട്ടു മുഖ്യ മന്ത്രിയുടെ ദുശിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു എന്ന വൈരമുത്തുവിന്റെ പ്രസ്താവന അവാർഡ് നൽകിയവരെ തല്ക്കാലം രക്ഷിച്ചിട്ടുണ്ട്.

ലോകത്ത് മീ ടൂ പ്രസ്ഥാനം തുടങ്ങിയത് ഹോളിവുഡിലെ വെയ്ൻസ്റ്റീൻ സംഭവത്തോടെ ആണല്ലോ. സിനിമാ മോഹവുമായി എത്തുന്ന പെൺകുട്ടികളെ പീഡിപിച്ചതിന്റെ പേരിൽ  പ്രൊഡ്യൂസർ ഹാർവി  വെയിൻസ്റ്റീൻ  23 വർഷത്തെ തടവുശിക്ഷ വാങ്ങി ന്യൂ യോർക്കിൽ ജയിലിൽ കിടക്കുകയാണ്. ഏറ്റവും കുറഞ്ഞത് 2039നെ പുറത്തിറങ്ങാൻ കഴിയൂ. അപ്പോൾ  പ്രായം 87 ആകും.

ആഗോള പ്രശസ്തി നേടിയ സംവിധായകൻ ആണ് പോളിഷ്-ഫ്രഞ്ച് പൗരൻ റോമൻ പൊളാൻസ്കി. ഒലിവർ  ട്വിസ്റ്റ്, ദി പിയാനിസ്റ്, ദി ഗോസ്റ് റൈറ്റർ,  നൈഫ് ഇൻ ദി വാട്ടർ, റോസ് മേരിസ് ബേബി, ചൈന ടൌൺ തുടങ്ങിയ  അവാർഡ് നേടിയ ചിത്രങ്ങൾ എടുത്ത പ്രഗത്ഭൻ.

ഹോളിവുഡിൽ പ്രവർത്തിച്ച കാലത്ത് 1977ൽ ആദ്ദേഹം സിനിമയി റോൾ നൽകാമെന്ന് പറഞ്ഞു പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ പ്രതിയായി. രായ്ക്കു രായ്മാനം പലായനം ചെയ്തു.  ഇപ്പോഴും  അമേരിക്കക്കു  കുറ്റവാളികളെ വിട്ടുകൊടുക്കാൻ ബാധ്യത  ഇല്ലാത്ത ഫ്രാൻ‌സിൽ ഒളിച്ച് കഴിയുകയാണ്. ഇതിനിടെ പൊളാൻസ്കിയുടെ ഒരു ചിത്രം കാൻ  ഫിലിം ഫെസ്റ്റിവലിൽ ആദ്യപ്രദർ ശനത്തിനു എത്തി. എന്നാൽ പതിവുപോലെ  ബഹുമതി ഏറ്റെടുക്കാൻ പൊളാൻസ്കി ഹാജരുണ്ടതായിരുന്നിട്ടില്ല.

പൊളാൻസ്കിയുടെ ലൈംഗിക ചെയ്തികളെപ്പറ്റി ന്യൂയോർക്കർ മാസികയുടെ ഒരു ലേഖകൻ വിശദമായി അന്വേ ഷിച്ചു എഴുതിയ ഒരു ലേഖനം ഞാൻ വായിച്ചിട്ടുണ്ട്.  പെൺകുട്ടിയ ഒരു ബാത്ത് ടബ്ബിൽ കിടത്തി സിനിമക്ക് ഫോട്ടോ എടുക്കാൻ എന്ന് പറഞ്ഞു എല്ലാ വസ്ത്രവും അഴിപ്പിക്കുന്ന വിവരണം വായിച്ചാൽ ഞെട്ടിപ്പോകും.

സൂറിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ പൊളാൻസ്കിയെ 2009ൽ   ഇന്റർപോളിന്റെ റെഡ് അലർട്ടു മാനിച്ച് സ്വിസ്സ് പോലീസ് അറസ്റ് ചെയ്തു. പക്ഷെ അമേരിക്കൻ കോടതിയിൽ കിട്ടിയേക്കാമായിരുന്ന തടവ് ശിക്ഷ ഒളിച്ചു കഴിഞ്ഞ കാലത്ത് പൊളാൻസി  അനുഭവിച്ച്‌ കഴിഞ്ഞു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.അങ്ങിനെ ഉന്നത കോടതി മോചനം നൽകി.

ഇന്ത്യയിലേക്കു വന്നാൽ പല മഹാമേരുക്കളും ലൈംഗികാതിക്രമം കേസുകളിൽ കടപുഴകി വീണിട്ടുണ്ട്. ഏഴു വർഷത്തെ വിചാരണക്ക് ശേഷം വിട്ടയക്കപ്പെട്ട  തെഹൽക്ക മുൻ പത്രാധിപർ തരുൺ തെജ്പാലിനെതിരെ  ഗോവ ഗവർമെന്റ് അപ്പീൽ നൽകി. കുറ്റം നിരുപാധികം സ്ഥാപിക്കാൻ അണിനിരത്തിയ തെളിവുകളെല്ലാം  നിരാകരിച്ചത്  ഇരയായ പെൺകുട്ടിയു മാനഭംഗപ്പെടുത്താൻ ലൈസൻസ് കൊടുക്കുന്നതുപോലെ
യാണെന്നാണ് കോടതി നിരീക്ഷിച്ച്ത്.

ജീവിതകാലം മുഴങ്ങുവാൻ കോൺഗ്രസിന്റെ അനുഭാവി ആയിരുന്ന ടെലിഗ്രാഫ്, ഏഷ്യൻ ഏജ്  പത്രാധിപർ ആയിരുന്ന എംജെ  അക്ബർ ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രി ആയ ആളാണ്.മിടൂ ആരോപണം മൂർശ്ചിച്ചു മന്ത്രിസ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നു. അതിനു ശേഷം ദേശിയ ശ്രധ്ധ ആകർഷിച്ച വലിയൊരു ആരോപണമനു വൈരമുത്തുവിന് എതിരെ  ഉയർന്നത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വൈരമുത്തുവിനെതിരെ പതിനേഴു പെൺകുട്ടികൾ ആരോപണം ഉന്നയിച്ചുവെങ്കിലും സത്യം അറിയാൻ ആരും ഒരു ശ്രമവും നടത്തിയിട്ടില്ല. അടിസ്ഥാന  രഹിതമാണ് ആരോപണങ്ങൾ എന്നും അവക്ക് പിന്നിൽനിഗൂഢ ലക്ഷങ്ങൾ ആണുള്ളതെന്നും വൈരമുത്തു വാദിക്കുന്നു.

മണിരത്നവും  എആർ റഹ്‌മാനും വൈരമുത്തുവും എന്ന ത്രിമൂർത്തികള തമിഴ സിനിമയിൽ മുൻ നിരയിൽ ആധിപത്യം സ്ഥാപിച്ചിട്ടു പതിറ്റാണ്ടുകളായി. ഈ ടീമിന്റെ പുതിയ ചിത്രം 'പൊന്നിയിൻ ശെൽവ'ത്തിന്റെ  രണ്ടു ഷെഡ്യൂളുകൾ  ആന്ധ്രയിലെ രാമോജി ഫിലിം സിറ്റിയിൽ  പൂർത്തിയായിക്കഴിഞ്ഞു. ഐശ്യര്യ റായി ബച്ചനാണ് നായിക.

കാവേരിനദിയുടെ പര്യായം ആണ് പൊന്നി. നദിയിൽ വീണ രാജാവ് രാജ രാജ ചോളനെ പൊന്നി രക്ഷപ്പെടുത്തുന്നതാണ് പ്രമേയത്തിന്റെ കാതൽ. അങ്ങിനെ രാജാവ് പൊന്നിയുടെ ശെൽവൻ (മകൻ) ആയിത്തീരുന്നു. ഈ ഇതിഹാസം 2400  പേജുള്ള നോവൽ ആയി പുസ്തകങ്ങളിലായി കൽക്കി കൃഷ്‍ണമൂർത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം. മി ടൂ  അപവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈരമുത്തുവിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി കേൾക്കുന്നു.

എഴുത്തുകാരനെയും അയാളുടെ കൃതികളെയും വേർതിരിച്ച് കാണാൻ ആവില്ലെന്നു കൃതികളിലെ വിശുധ്ധി ജീവിതത്തിലും ഉണ്ടാവണമെന്നും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന നാഗർകോവിൽ സ്വദേശി എസ് രാമൻ  പറയുന്നു. കോട്ടയത്ത് മനോരമ തമിഴ് ഇയർബുക്കിന്റെ എഡിറ്റർ ആയ രാമൻ തമിഴിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ്.

ബെന്യാമിന്റെ ആടുജീവിതം എന്ന പ്രസിദ്ധ നോവൽ അതേ പേരിലും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരുന്ന് എന്ന നോവൽ മരുന്ത് എന്നപേരിലും വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഊഷരഭൂമിയിൽ വിയർപ്പും രക്സ്തവും വീഴ്ത്തി പണിയെടുക്കുന്ന കൃഷിക്കാരുടെ ദൈന്യ ജീവിതം വരച്ചു കാട്ടുന്ന വൈരമുത്തുവിന്റെ മൗലിക കൃതി കള്ളിക്കാട്ടു ഇതിഹാസം മഹത്തായ സൃഷ്ടിയാണ്, തർക്കമില്ല.

എന്നാൽ സ്വകാര്യ ജീവിതത്തിൽ നിഴൽ വീഴ്‌ത്തുന്ന അപവാദങ്ങൾ ഉണ്ടാകുമ്പോൾ അവ നേരിട്ട് അഗ്നിവിശുദ്ധി വരൂത്താൻ വൈരമുത്തു ബാദ്ധ്യസ്ഥനാണെമ്മു രാമൻ കരുതുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ രചനകളുടെ വിശുധ്ധി തന്നെ ചോദ്യം ചെയ്യപ്പെടാം.

അഭിപ്രായ സംഘർഷങ്ങളുടെ കാലത്ത് അതൊന്നും ഏശാതെ പ ത്തു വർഷമായി എറണാകുളത്ത് സംഗീത സ്‌കൂൾ നടത്തുകയാണ്മിൻ മിനിയും ഭർത്താവ് ജോയി മാത്യൂവും കൂടി. ലണ്ടനിലെ ട്രിനിറ്റി സ്‌കൂളിന്റെ പരീക്ഷാകേന്ദ്രമായ ജോയ്‌സ് അക്കാദമി ഫ് പെർഫോമിംഗ് ആർട്സിൽ നിന്നു  ഇതിനകം രണ്ടായിരത്തിലേറെ പേർ പഠിച്ചിറങ്ങി.

ആലുവയിലെ കീഴ്‌മാട്‌ ജനിച്ച റോസിലിയെ മിന്മിനി ആക്കിയത് ഇളയരാജ ആണ്.  1993 ജൂണിൽ ലണ്ടനിൽ ഒരു പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന വേളയിൽ പൊടുന്നനവെ ശബ്ദം നഷ്ട്ടപ്പെട്ടു, സംസാരിക്കാൻ പോലും വയ്യാതായി. അനേക വർഷത്തെ ചികിത്സ  കൊണ്ടാണ് 13 വർഷത്തിന് ശേഷം ശബ്ദം പഴയപടി  തിരിച്ചു കിട്ടിയത്.
 ശബ്ദമില്ലാതിരുന്ന കാലത്ത് മിനിയെ വിവാഹം കഴിച്ച സംഗീതജ്ഞനാണ് തൃശൂർ പറവട്ടാനി സ്വദേശി കീബോർഡ് ആർടിസ്റ് സി ജോയ് മാത്യു. റാസൽഖൈമ  റേഡിയോ സ്റ്റേഷനിൽ മ്യൂസിക് ഡയറക്ടർ ആയിരുന്നു. പൂക്കാട്ടു പ ടിയിലാണ് അവരുടെ വീട്.

"ചിന്ന"ക്കു മുമ്പും പിമ്പും  ഇളയരാജ, എ ആർ റഹ്മാൻ,   രവീന്ദ്രൻ മാസ്റ്റർ, മോഹൻ  സിതാര, ശരത്,  രാജാമണി,  ശ്യാമ്   തുടങ്ങിയവർക്കെല്ലാം വേണ്ടി പാടിയിട്ടുണ്ട് മിന്മിനി. ഇതിനകം  രണ്ടായിരത്തിലേറെ പിന്നണി ഗാനങ്ങൾ ആലപിച്ചു. ആ ലാപനകാലത്ത്  തിക്താനുഭവങ്ങൾ  ഒന്നും ഉണ്ടായിട്ടില്ല എന്ന ആശ്വാസം ഉണ്ട്. .  ഗിറ്റാറിസ്റ് ആയ മകൻ  അലൻ  ചെന്നൈയിൽ സിനിമ രംഗത്ത് ചുവടു റപ്പിച്ച് കഴിഞ്ഞു, മകൾ അന്ന കീത്തന പത്തിൽ. നന്നായി പാടും.
 
ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)ചിന്ന ചിന്ന ആശൈ  പാടി  വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല  (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക