Image

റോസ് മേരിയുടെ, നിലാവിൽ ഒരു പനിനീർചാമ്പ : ആൻസി സാജൻ

Published on 05 June, 2021
റോസ് മേരിയുടെ, നിലാവിൽ ഒരു പനിനീർചാമ്പ : ആൻസി സാജൻ
മലമുകളിലെ ഗേഹത്തിനും
അതിനെ ചൂഴ്ന്നുനിന്ന
സമസ്ത ചരാചരങ്ങൾക്കും
എന്നെ ഞാനാക്കിയ 
പിതൃജനത്തിനും
അവരുടെ കാലടയാളങ്ങൾ
പതിഞ്ഞു കിടക്കുന്ന
ഓരോ മണൽത്തരിക്കും ...
റോസ് മേരിയുടെ 'നിലാവിൽ ഒരു പനിനീർചാമ്പ'യുടെ - മനോജ്ഞമായ ആത്മകഥ - സമർപ്പണ വരികളാണിത്.
മാതൃഭൂമി ബുക്സിന്റെ പുതിയ പുസ്തകം.
ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകളാണ് നിലാവിൽ നിലകൊള്ളുന്ന പനിനീർചാമ്പയെപ്പോലെ ലാവണ്യം തികഞ്ഞ പുസ്തകമായത്. തറവാടിന്റെ കൽത്തൂണുകൾ പോൽ, അവിടെ വസിച്ചിരുന്ന മനുഷ്യരെപ്പോൽ സജീവ സാന്നിദ്ധ്യമാണീ പനിനീർ ചാമ്പ .
പോർട്ടിക്കോയിൽ, ട്യൂബ് ലൈറ്റുകളുടെ തീക്ഷ്ണപ്രകാശത്തിൽ രാവിലെ മുതൽ തുടർന്ന് പാതിരവരെനീളുന്ന ചീട്ടുകളി .അപ്പനും ആറ് ചിറ്റപ്പൻമാരും അവരുടെ പതിവു കിങ്കരന്മാരും പരിവാരങ്ങളുമൊക്കെയുണ്ട്. ഒറ്റ ഓട്ടത്തിന് കസേരകൾക്കിടയിലൂടെ നൂണ്കടന്ന് അപ്പന്റെ മടിയിൽ വലിഞ്ഞുകയറി ഇരിക്കുന്ന കൊച്ചു പെൺകുട്ടിക്ക് ചുറ്റുമുള്ള സുരക്ഷാവലയമുണ്ടല്ലോ... പുറത്തെ വലിയ ഇരുട്ടുകളെ തരിമ്പും കൂസേണ്ടതില്ല. ബലിഷ്ഠഗാത്രരായ അപ്പനും ചിറ്റപ്പന്മാരും ചുറ്റുമുള്ളപ്പോൾ ഒന്നും പേടിക്കേണ്ടാത്ത പെൺകുട്ടി.
'ചുറ്റിനും സിഗററ്റിന്റെ സുഖദഗന്ധം. ഗ്ലാസ്സുകളുടെ കലമ്പൽ, 
ചീട്ടുകളിക്കിടയിലെ വാഗ്വാദങ്ങൾ , 
ജയഘോഷങ്ങൾ, ആഹ്ളാദച്ചിരിമുഴക്കങ്ങൾ .. 
വിസ്കിയും സുഗന്ധലേപനങ്ങളും വിയർപ്പും ഇടകലർന്ന പ്രിയതരമായ സുഗന്ധം 
അതായിരുന്നു എന്റെ ശൈശവത്തിന്റെ ഗന്ധം ...' 
ഉന്മത്തമായ സിരകളോടെ സ്നേഹവാൽസല്യങ്ങളുടെ ഉറപ്പുള്ള കോട്ടയ്ക്കുള്ളിൽ ചെലവഴിച്ച വിനാഴികകളിൽ ലോകത്തിലെ ഏറ്റം സുരക്ഷയനുഭവിക്കുന്ന പൈതലാണെന്ന് റോസ് മേരി സ്വയം വിശ്വസിച്ചിരുന്നു.
യാഥാർത്ഥ്യങ്ങളെക്കാൾ തീവ്രമായി സ്വപ്നങ്ങളുടെ ലോകത്ത് അഭിരമിച്ചൊരു കുട്ടിക്കാലമായിരുന്നു റോസ് മേരിയുടേത്. നീണ്ട പകൽവേളകളിൽ ബദാം മരത്തിന്റെ ചുവട്ടിലും മൾബറി മരത്തിന്റെ താഴത്തെ കൊമ്പിലും വീടിനു ചുറ്റും ചിതറിക്കിടക്കുന്ന പാറച്ചെരിവുകളിലുമിരുന്ന് കനവുകളിൽ മുഴുകിയൊരു കുട്ടി.  
കുട്ടിക്കാലത്ത് ഒരു പുണ്യവതിയാകാൻ ആഗ്രഹിച്ചു മരിയ ഗൊരേത്തി എന്ന് മാമ്മോദീസാപ്പേര് വിളിക്കപ്പെട്ട റോസ് മേരി. 
ചേതോഹരവും ഹൃദയഹാരിയുമായ ജീവിതാഭിലാഷങ്ങളുടെ കൂടെയവർ യാത്ര ചെയ്തു.
പാറത്തോട് എന്ന തന്റെ ഗ്രാമത്തെയും അവിടുത്തെ കുന്നുകളെയും പുൽമേടുകളെയും കിഴക്കുദിക്കിന്റെ അന്നവും വെള്ളവുമായ പാൽമരങ്ങളെയും അവർ സ്നേഹിച്ചു. റബർമരക്കാടുകളിൽ ഋതുഭേദങ്ങളുണർത്തുന്ന വ്യതിയാനങ്ങളത്രയും കാവ്യാത്മകമായി പങ്കുവച്ച റോസ്മേരി കുന്നിൻ മുകളിലെ കണ്ണാടി ജാലകങ്ങളുള്ള അപ്പന്റെ തറവാട്ട് വീടും അവിടെ പുലർന്നിരുന്ന താളമിയന്ന ജീവിതവും എന്നും ഹൃദയത്തിൽ ചേർത്തുവച്ചു. 
കോഴിക്കോടൻ സൗഹൃദസദസ്സുകൾ പോലെ കാഞ്ഞിരപ്പള്ളിക്കാരുടെ പാട്ടും ലഹരിയും വറുത്തിറച്ചിയുടെ ആസ്വാദ്യതയും തരളചിത്തരായ അവരുടെ നിർമ്മലസായന്തനങ്ങളും പരിചാരകരും അയൽക്കാരും എല്ലാം ചേർന്നൊരു സ്നേഹക്കൂട് ഉള്ളിൽ കുരുക്കിയിട്ടു നടന്നു റോസ്മേരി.
വിചിത്രവിസ്മയങ്ങൾ നിറഞ്ഞ ബാല്യ കൗമാരങ്ങളാണ് പാറത്തോട് എന്ന മലയോരഗ്രാമം റോസ് മേരിക്ക് കരുതിവച്ചത്. ചടുലവും സംഭവബഹുലമായ ദിനരാത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കിയ എണ്ണമറ്റ മുഖങ്ങളും രംഗപടമായ് വർത്തിച്ച മരങ്ങളും പക്ഷികളും പിന്നെ കരിമ്പാറക്കെട്ടുകളും കാട്ടുകൊങ്ങിണിപ്പടർപ്പുകളും വെളിഞ്ഞിലുകൾ നീന്തും പൊയ്കകളും പങ്കുവയ്ക്കുകയാണ് റോസ് മേരി.
കാവ്യസുഗന്ധം പൊഴിക്കുന്ന നിലാവിലെ ഈ പനിനീർചാമ്പ വായനയുടെ സുഖദമായ സ്വപ്നങ്ങളാണ് നമുക്ക് പകരുന്നത്.
മനുഷ്യനെപ്പോലെ തന്നെ വീടുകൾക്കും പൂർവകല്പിതമായൊരു ജീവിതഗതി ഉണ്ടെന്നും അവർക്കും പരഹസ്തങ്ങളാൽ അപമൃത്യു സംഭവിക്കുമെന്നും നമുക്കും കാണാനാകുന്നു. പ്രകാശത്തിന്റെ വീട് എന്ന് കരുതിപ്പോന്ന ആ പിതൃഭവനം തൂർത്തുമാറ്റപ്പെട്ടതോടെ തന്റെ ബാല്യത്തിന്റെ സുപ്രധാനമായ അടയാളക്കല്ലാണ് പിഴുതുമാറ്റപ്പെട്ടതെന്ന ദുഃഖമായിമാറുന്ന യാഥാർത്ഥ്യം നമ്മളെയും സങ്കടത്തിലാഴ്ത്തുന്നു.
അപ്പനും സഹോദരങ്ങൾക്കും ജീവിതം  കാർണിവൽ പോലെയായിരുന്നു. അന്തമില്ലാത്ത മദ്യപാനം തങ്ങളുടെ സുഭഗഗാത്രങ്ങളെ തകരാറിലാക്കുമെന്നോ ഖജനാവുകളെ അവതാളത്തിലാക്കുമെന്നോ അവർ ചിന്തിച്ചിട്ടുണ്ടാവില്ല.
പ്രായോഗികവാദികളുടെ കണ്ണിൽ അവരുടെ വാഴ് വുകൾ തികഞ്ഞ പരാജയമായിരുന്നിരിക്കാം. പക്ഷേ അപാരമായ മനുഷ്യസ്നേഹം അവരിൽ നിറഞ്ഞിരുന്നു. പരിസരങ്ങളെ മുഴുവനും പരിപൂർണ്ണമായി സ്നേഹിക്കാൻ റോസ് മേരി പഠിച്ചതും അങ്ങനെയാവാം.
ദരിദ്രരും പാമരരും നിഷ്കളങ്കരുമായ പരിചാരകരും ചുറ്റുവട്ടങ്ങളും ഭൂതപ്രേത കഥകളും നിലാവിന്റെ വശ്യതയും രാപ്പക്ഷികളുടെ കൂജനവും കാറ്റിന്റെ മർമ്മരവുമൊക്കെയാണ് നിലാവിലെ ഈ പനിനീർചാമ്പ നിറയെ. ആ അർത്ഥത്തിൽ ജീവന്റെ വൃക്ഷമാകുന്നു ഈ പുസ്തകം.
റോസ് മേരിക്ക് നാട്ടുമ്പുറത്തെ വഴക്കുകൾ കണ്ട് നിൽക്കാനാണ് കുർബാനയ്ക്ക് പോകുന്നതിലും പ്രിയം. അടിപിടി തെറിവിളി കലാപരിപാടികൾ ആസ്വദിച്ച്കണ്ടുനിൽക്കാൻ കൊതിച്ച കുട്ടി. കുർബാന നടക്കുമ്പോൾ പള്ളി വാതിലിനടുത്തുള്ള ഒളിസ്ഥലത്തിരുന്ന് പുൽമൈതാനത്ത് പശുക്കൾ മേയുന്നതും അച്ചന്റെ പൂച്ച വെയിലു കായുന്നതും കുശിനിക്കാരൻ ളോഹകൾ ഉണക്കാനിടുന്നതും കണ്ട് ഏകാഗ്രതകളഞ്ഞ കുട്ടി. അടുത്തിരുന്ന ഭക്തകളുടെ വളകളിൽ തങ്ങിനിൽക്കുന്ന പുട്ടുപൊടിയോ കൈത്തണ്ടമേൽ ഉണങ്ങിയിരിക്കുന്ന കള്ളപ്പമാവിന്റെ അവശിഷ്ടങ്ങളോ നോക്കി വല്ലപാടും സമയം നീക്കുന്ന രസികത്തി..
അവസാന വാഴ്ത്തുകഴിഞ്ഞ് അച്ചൻ തിരിയുന്നതും വഴക്കടികളുടെ തുടർച്ചയിലേക്കോ മീൻപിടുത്ത കൂട്ടുകെട്ടുകളിലേക്കോ മരംകേറി നടക്കാനോ ഒക്കെ കുതിച്ചുപാഞ്ഞ് ആഘോഷമാക്കിയ ജീവിതം വായനയുടെ സുഖസന്തോഷങ്ങൾ ഏറ്റുന്നു.
വസന്തലഹരിയായ് പൂത്തുലഞ്ഞ ജീവിതത്തിന്റെ തിരിച്ചിറക്കങ്ങളിൽ വ്യസനം പൂണ്ട വിഷണ്ണയായ കുട്ടിയും പിന്നാലെ കടന്നുവരുന്നു. അപ്പന്റെ വീട്ടിലെ മേളക്കൊട്ടുകൾ നിശ്ശബ്ദമാവുകയും മഹാസദസ്സൊരുക്കി കുന്നിൻമുകളിൽ വിരാജിച്ച ആ പ്രൗഢഗേഹം അസ്ഥിഖണ്ഡങ്ങൾ പോലെ പൊഴിഞ്ഞു വീണതും ചിരിമുഴക്കങ്ങൾ നിലച്ചതും  വ്യസനമാറാപ്പായി നനഞ്ഞുതൂങ്ങി ഭാരം തിങ്ങി. തച്ചുതകർക്കപ്പെട്ട ജീവിതമുഹൂർത്തങ്ങളും പ്രിയതരവദനങ്ങളും.
കൗമാരം കലർന്നുവന്ന നാളിൽ ഒരു മായക്കിനാവിനെ നോക്കിപ്പോയതും കൈത്തണ്ടമേൽ പതിഞ്ഞ നിശ്വാസവും മാന്തളിരിനെ ഓർമ്മിപ്പിക്കുന്ന ശരീരഗന്ധവും ഹൃദയമിടിപ്പുകളുടെ താളംതെറ്റിക്കുന്നപോലെ.. ഉള്ളിൽ നടക്കുന്നതൊക്കെ അപ്പൻ അറിഞ്ഞേക്കുമോ എന്ന പേടി...
എന്നാൽ ഇലപൊഴിയുന്ന കാലത്ത് ഓരോ ചെറുകാറ്റിലും പഴുത്തിലകൾ അടർന്നു പതിച്ചുകൊണ്ടിരുന്ന തോട്ടത്തിൽ പുതുതായുയർന്ന ഒരു മൺകൂനയിലതുറങ്ങുകയായി.
ഹാ.. ഒരിക്കൽ പോലും ഞാനാ മുടിയിഴകളിൽ വിരലോടിച്ചതേയില്ലല്ലോ.. കണ്ണുകളിൽ ഉമ്മ വെച്ചിട്ടുമില്ലല്ലോ ... ആകാശത്ത് മങ്ങിക്കത്തുന്ന നക്ഷത്രങ്ങളെയും നോക്കി പിന്നീടുള്ള എത്രയോ രാവുകളിൽ ഞാനുറങ്ങാതെ കിടന്നു...
നിലാവിന്റെ മുഴുതെളിച്ചത്തിൽ ചിത്രംപോലെ പടർന്നുനിന്ന പനിനീർചാമ്പ ഇങ്ങനെ പൂർണ്ണമാകുന്നു.

നിലാവിൽ ഒരു പനിനീർചാമ്പ - റോസ് മേരി
മാതൃഭൂമി ബുക്സ്
വില : ₹ 150
പുസ്തകം ലഭിക്കാൻ :
https://buybooks.mathrubhumi.com/product/nilaavil-oru-panineerchampa/
റോസ് മേരിയുടെ, നിലാവിൽ ഒരു പനിനീർചാമ്പ : ആൻസി സാജൻറോസ് മേരിയുടെ, നിലാവിൽ ഒരു പനിനീർചാമ്പ : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക