Image

ഇന്ത്യക്ക് ആശ്വാസമായി കോവിഡ് കണക്കുകള്‍ കുറയുന്നു

ജോബിന്‍സ് തോമസ് Published on 05 June, 2021
ഇന്ത്യക്ക് ആശ്വാസമായി കോവിഡ് കണക്കുകള്‍ കുറയുന്നു
കോവിഡ് രണ്ടാം തരംഗത്തോടുള്ള പോരാട്ട പാതയില്‍ ഇന്ത്യക്ക് ആശ്വാസമായി കോവിഡ് പ്രതിദിന കണക്കുകള്‍ കുറയുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1,20,000 ആയി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലധികം കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കുകള്‍ പുറത്തുവരുമ്പോളാണ് 1,20,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 3,380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 5.78 ശതമാനത്തിലേയ്ക്ക് കുറഞ്ഞതും രാജ്യത്തിനാശ്വാസം നല്‍കുന്നു. രോഗമുക്തി നിരക്ക് 93.38 ശതമാനമാണ്. 15,55,248 പോരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.  22 കോടിയ 78 ലക്ഷം പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചുവെന്നാണ് കണക്കുകള്‍.

മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. വാക്‌സിന്‍ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ ചികിത്സാസൗകര്യങ്ങല്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമത്തില്‍ രാജ്യ തലസ്ഥാനമടക്കം വിറങ്ങലിച്ചു നിന്ന കാഴ്ചയില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ അല്‍പ്പമെങ്കിലും ആശ്വാസത്തിന്റെ കര തൊടുന്നത്. എന്നാല്‍ വാക്‌സിന്‍ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കുന്നതിലൂടെ മാത്രമെ മൂന്നാം തരംഗം ഉണ്ടായാല്‍ മരണനിരക്ക് അടക്കം പിടിച്ചു നിര്‍ത്താനാവൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്.

രണ്ടാം തരംഗത്തിനെതിരെ മുന്‍കരുതല്‍ എടുക്കാന്‍ കാട്ടിയ അഭാവത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും പഴി കേള്‍ക്കുന്നുണ്ട്. രാജ്യത്ത് എല്ലവരിലേയ്ക്കും വാക്‌സിന്‍ എത്തിക്കുക എന്നതാണ് ഇനി കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഉത്പാദനം കൂട്ടിയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക