Image

നസീറും ഷീലയും വരെ പറഞ്ഞു ആന വണ്ടി ഞങ്ങള്‍ വിട്ടുകൊടുക്കില്ല

ജോബിന്‍സ് തോമസ് Published on 05 June, 2021
നസീറും ഷീലയും വരെ പറഞ്ഞു ആന വണ്ടി ഞങ്ങള്‍ വിട്ടുകൊടുക്കില്ല
ഓടിത്തളരുമ്പോഴും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണെങ്കിലും ആനവണ്ടിയെ ഇഷ്ടപ്പെടാത്ത ബസ് യാത്രികരില്ല കേരളത്തില്‍. കാടും മലകളും നഗരങ്ങളും താണ്ടി ഒറ്റക്കൊമ്പന്റെ തലയെടുപ്പോടെയുള്ള ആ വരവ് മലയാളിക്കെന്നും ഒരഭിമാനമാണ്. നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പറയുന്നതിനിടയ്ക്കും ആനവണ്ടി അഭിമാനാര്‍ഹമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കെ.എസ്ആര്‍ടിസി എന്ന ഔദ്യോഗിക നാമവും ആനവണ്ടിയെന്ന ഓമനപ്പേരും ഒപ്പം ആനച്ചന്തമുള്ള ലോഗോയും നിയമപോരാട്ടത്തിലൂടെ നിലനിര്‍ത്തിയിരിക്കുകയാണ് കെ.എസ്,ആര്‍.ടി.സി. 

കെ.എസ്ആര്‍ടിസി എന്നുതന്നെ അറിയപ്പെടുന്ന കര്‍ണ്ണാടകാ സ്റ്റേറ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനോടാണ് ഇതിനായി എതിരിടേണ്ടി വന്നത്. ഒരുപാട് പൊരുതേണ്ടി വന്നു ഈ നേട്ടം കൈപ്പിടിയിലൊതുക്കാന്‍. പണ്ടു മുതലേ കേരളമാണ് ഈ പേരുകള്‍ ഉപയോഗിക്കുന്നതെന്നു ബോധിപ്പിക്കാന്‍ പഴമയുടെ കഥകള്‍ തേടേണ്ടിവന്നു. മുന്‍ ഗതാഗത മന്ത്രിമാരായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടേയും ലോനപ്പന്‍ നമ്പാടന്റേയും ആത്മകഥകള്‍ ഒരു പരിധിവരെ ഗുണം ചെയ്തു. ആദ്യം ഉണ്ടായത് കേരളത്തിലെ  ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണെന്ന് തെളിയിക്കാനായിരുന്നു നെട്ടോട്ടം.

കേരളത്തിന്റെ അവകാശം നേടിയെടുക്കാന്‍ നസീറും ഷീലയും വരെ സഹായത്തിനെത്തി എന്നു വേണമെങ്കില്‍ പറയാം 1969 ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ ഡീലക്‌സ് എന്ന സിനിമയിലെ ദൃശ്യങ്ങളാണ് തെളിവിനായി ഹാജരാക്കിയത്. ഇതില്‍ അഭിനയിച്ചത് നസീറും ഷീലയുമായിരുന്നു. ബസിനുള്ളിലും ബസ്സ്റ്റാന്‍ഡ് പരിസരത്തും ചിത്രീകരിച്ച സീനുകള്‍വരെ ഇതിലുണ്ടായിരുന്നു. രണ്ട് ആനകള്‍ ചേര്‍ന്ന ലോഗോയും ഡീലക്‌സ് എക്‌സ്പ്രസ് എന്ന എഴുത്തും സിനിമയിലെ ദൃശ്യങ്ങളില്‍ ക്യത്യമായി കാണാന്‍ സാധിക്കുമായിരുന്നു. 

പഴയ ഉദ്ഘാടനങ്ങളുടെയും മറ്റും ശിലാഫലകങ്ങള്‍, റിട്ടയര്‍മെന്റ് സമയത്തെ ഫോട്ടോകള്‍, ഇങ്ങനെ ആദ്യം രൂപീകരിച്ചതും ഈ പേരിലും ലോഗോയിലും ഓടിത്തുടങ്ങിയതും കേരളത്തിന്റെ വണ്ടിയാണെന്ന തെളിവിനായി പല കാര്യങ്ങളും ഹാജരാക്കേണ്ടി വന്നു. യാദൃശ്ചികമായാണെങ്കിലും നസീറിന്റേയും ഷീലയുടേയും കടന്നുവരവാണ് സിനിമാ പ്രേമികളെ ഹരം കൊളളിച്ചതും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയും

ഇനി ആരേയും കൂസാതെ പേരിന് മറ്റ് അവകാശികളില്ലാതെ തലയെടുപ്പോടെ അങ്ങനെ രാജകീയ യാത്ര തുടരാം കേരളത്തിന്റെ പ്രിയപ്പെട്ട ആനവണ്ടിക്ക്.

Join WhatsApp News
Mathew Abraham 2021-06-05 15:55:36
ANNA VANDIE WE ALL LOVE ANNA VANDIE
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക