Image

നേതൃത്വത്തിന്റെ കുഴലിടപാടില്‍ അണികള്‍ക്ക് അതൃപ്തി

ജോബിന്‍സ് തോമസ് Published on 05 June, 2021
നേതൃത്വത്തിന്റെ കുഴലിടപാടില്‍ അണികള്‍ക്ക് അതൃപ്തി
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സഭയില്‍ വിരിഞ്ഞു നിന്ന ഒരു താമര കൊഴിഞ്ഞതല്ലാതെ ബിജെപിക്ക് പ്രത്യേക നേട്ടങ്ങളൊന്നും ഉണ്ടായില്ല. കേന്ദ്ര നേതാക്കളെത്തി പൊലിമയ്ക്കും ആര്‍ഭാടങ്ങള്‍ക്കും ഒരു കുറവുമില്ലാതെ പ്രചരണം കൊഴുപ്പിച്ചപ്പോള്‍ കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ. സംസ്ഥാന നേതൃത്വം പറഞ്ഞതാകട്ടെ പത്ത് സീറ്റും. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞത് കണ്ട് നേതാക്കള്‍ ഞെട്ടിയില്ലെങ്കിലും അണികല്‍ ഞെട്ടി. 

ഇങ്ങനെ പരാജയത്തില്‍ നിരാശരായ ആത്മാര്‍ത്ഥതയുള്ള അണികള്‍ക്കാണ് നേതാക്കള്‍ വീണ്ടും പണി കൊടുത്തത്. അതും കുഴല്‍പ്പണമിടപാടുകളിലൂടെ. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഇടതിനെതിരെ ഏറ്റവും പ്രചാരണം നടത്തിയതും കളപ്പണവുമായി ബന്ധപ്പെട്ടാണ്. കേന്ദ്ര ഏജന്‍സികളടക്കം കേരളത്തില്‍ ഈ പ്രചരണത്തിന് ഉര്‍ജ്ജം പകരുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസ് മുന്നോട്ട് നീങ്ങിയതുമില്ല കള്ളപ്പണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുകയും ചെയ്തു. അണികളില്‍ അതൃപ്തി പുകയുകയാണ്. 

തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടിക്കായി പോരടിച്ചവര്‍ ഇപ്പോള്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറുകയാണ്. പലരും സോഷ്യല്‍ മീഡിയയില്‍ നിന്നും താല്ക്കാലികമായി മാറി നില്‍ക്കുന്നു. സംസ്ഥാന പ്രസിഡന്റിലേയ്ക്ക് തന്നെ അന്വേഷണം നേരിട്ടെത്തുന്നതാണ് പാര്‍ട്ടിയെ ഏറ്റവും വെട്ടിലാക്കിയത്. 

ആദ്യം വന്നത് കൊടകര പണമിടപാട് ആയിരുന്നു. അതില്‍ ബന്ധമില്ല എന്ന മട്ടില്‍ നേതാക്കള്‍ ഒഴിഞ്ഞു മാറി നില്‍ക്കുമ്പോളാണ്. സി.കെ ജാനുവിന് പാര്‍ട്ടി പ്രസിഡന്റ് പത്തു ലക്ഷം രൂപ പണമായി നല്‍കിയെന്ന ആരോപണം ഉയരുന്നത്. ഇതിന് പിന്നാലെ മഞ്ചേശ്വരത്തെ അപരനെ മാറ്റാന്‍ രണ്ട് ലക്ഷം നല്‍കിയെന്ന വെളിപ്പെടുത്തല്‍. സുരേഷ് ഗോപിയേയും സംസ്ഥാന പ്രസിഡന്റിനേയും അടക്കം ചോദ്യം ചെയ്യുമെന്ന സൂചനകള്‍, ഇങ്ങനെ തിരിച്ചടികളുടെ ഘോഷയാത്രയാണ് നടക്കുന്നത്. 

ഇതിനിടെ കേന്ദ്രത്തില്‍ നിന്നെത്തിയ പണം കുറച്ചു നേതാക്കന്‍മാര്‍ മാത്രമായി പങ്കിട്ടെടുത്തെന്ന പാര്‍ട്ടിയിലെ ആരോപണം, സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ സഞ്ചരിച്ചത് പണമിടപാടിനായിരുന്നു എന്ന ആരോപണം, തങ്ങള്‍ക്കു പണം കിട്ടാത്തതിന്റെ പേരില്‍ പോരടിച്ചു നില്‍ക്കുന്ന നേതാക്കളുടെ വാര്‍ത്തകള്‍ ഇങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍. 

കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ടു നിരോധനം നടത്തിയതും ഇപ്പോള്‍ ചര്‍ച്ചയാണ്. കേരളത്തില്‍ ബിജെപി പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന എതിര്‍പാര്‍ട്ടികളുടെ ആരോപണം വേറെ. ഇങ്ങനെ എല്ലാവിധത്തിലും പാര്‍ട്ടി സമ്മര്‍ദ്ദത്തിലും അണികള്‍ കടുത്ത അതൃപ്തിയിലുമാണ്. 

കേന്ദ്രം ഇടപെടണം എന്ന ആരോപണം ഉയരുമ്പോള്‍ പണം കൊടുത്തുവിട്ട കേന്ദ്രം ഇക്കാര്യത്തില്‍ ഇടപെട്ട് എന്തു ചെയ്യാനാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക