Image

കെപിസിസി പ്രസിഡന്റിനായി കാത്തിരിക്കുമ്പോള്‍

ജോബിന്‍സ് തോമസ് Published on 05 June, 2021
കെപിസിസി പ്രസിഡന്റിനായി കാത്തിരിക്കുമ്പോള്‍
സംസ്ഥാനത്ത് ഇപ്പോള്‍ പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് അധികമാരും ആവശ്യപ്പെടുന്നില്ല. തീരുമാനം ഉടന്‍ വേണമെന്ന് പറയുന്നത് ഒരാള്‍ മാത്രമാണ് അത് നിലവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രമചന്ദ്രനാണ്. രാജി പ്രഖ്യാപിച്ച് ശേഷം അല്ലെങ്കില്‍ മാറ്റും എന്നുറപ്പായ ശേഷം അധികനാള്‍ ഇങ്ങനെ സ്ഥാനത്തിരിക്കുന്നതില്‍ താത്പര്യമില്ലാത്തതാണ് കാരണം. ചര്‍ച്ച ചെയ്ത് ഒരു പ്രസിഡന്റിനെ സമവായത്തിലൂടെ കണ്ടെത്താം എന്ന താത്പര്യമാണ് ഗ്രൂപ്പുകള്‍ക്ക്. ചര്‍ച്ചകളില്‍ തങ്ങളുടെ താത്പര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും എന്നാണ് ഇവരുടെ പ്രതീക്ഷ. 

എന്നാല്‍ ഗ്രൂപ്പുകളിലേയ്ക്ക് ഒരുപാട് ചര്‍ച്ചകള്‍ക്ക് പോകേണ്ട കാര്യമില്ലെന്നും പ്രതിപക്ഷനേതാവിനെ നിശ്ചയിച്ച മാതൃകയില്‍ കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ അങ്ങട് പ്രഖ്യാപിക്കുക എന്നതാണ് തലമുറമാറ്റം ആവശ്യപ്പെടുന്നവരുടെ ആവശ്യം. എന്നാല്‍ സുധാകരന്‍ വന്നാല്‍ എങ്ങനെ തലമുറമാറ്റമാകും എന്നാണ് മറുപക്ഷം ചോദിക്കുന്നത്. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുന്നവരും ചര്‍ച്ചകള്‍ നടക്കട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയില്‍ പിണങ്ങി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും അവഗണിച്ച് ഇനിയും മുന്നോട്ട് പോകാന്‍ ഹൈക്കമാന്‍ഡും ഒരുക്കമല്ല. 

അതുകൊണ്ട് തന്നെയാണ് കേരളത്തിലെത്തി എല്ലാവരുടേയും അഭിപ്രായങ്ങള്‍ അറിഞ്ഞുവരാന്‍ താരിഖ് അന്‍വറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ മിണ്ടാതിരിക്കുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും ഒപ്പം മറ്റ് കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുമായും ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു പാട് വഴങ്ങിക്കൊടുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായേക്കില്ല.

കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകള്‍. എന്നാല്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഗ്രൂപ്പ് പിന്തുണയില്ല. എന്നാലും സുധാകരനെ വെട്ടാന്‍ സുരേഷിനെ പിന്തുണയ്ക്കാനും ഗ്രൂപ്പുകള്‍ ഒരുക്കമാണ്. സുധാകരന്‍ വന്നാല്‍ ഗ്രൂപ്പുകളികള്‍ക്ക് കടിഞ്ഞാണ്‍ വീഴുമെന്ന ഭയമാണ് ഇതിനു കാരണം. 

എന്തായാലും ഒരുപാട് നീട്ടിക്കൊണ്ട് പോകാതെ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. അതിനാല്‍ തന്നെ ഒരുപാട് വെച്ചു നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. തീരുമാനം ഈയടുത്ത് തന്നെ ഉണ്ടായേക്കും എന്നാല്‍ അത് ചര്‍ച്ചയെന്ന പേരില്‍ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങലാകുമോ അതോ എല്ലാവരുടേയും അഭിപ്രായം മാനിച്ച് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നും ധാരമായ നിലപാട് ഉണ്ടാകുമോ ? ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക