America

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

Published

on

വിഹായസ്സിന്റെ നീലിമയിലലിഞ്ഞിരുന്നപ്പോള്‍ വീണ്ടും ഇടനെഞ്ചില്‍ നൊമ്പരങ്ങളുടെ ഇലയിളക്കമുണ്ടായി. തുറന്നിട്ട ജനല്‍പാളികള്‍ വഴി കടന്നുവന്ന ഇളംതെന്നല്‍ പൂച്ചക്കുട്ടിയെപ്പോലെ ചുറ്റിലും മുട്ടിയുരുമ്മി നടന്നു. അതിന് അമ്മുക്കുട്ടിയുടെ തൊട്ടുതടവലുകളുടെ മൃദുത്വമുണ്ടായിരുന്നു. അവളുടെ സുഗന്ധമുണ്ടായിരുന്നു. നഗരം കാല്‍ക്കീഴിലായി അങ്ങ് ദൂരെ ചുരുണ്ടുകിടന്നു. അതിവിദൂരതയില്‍ ഹരിത കമ്പളം പോലെ ഗ്രാമങ്ങള്‍... അതിനിടയിലൂടെ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന നദി. ഒരു കലാകാരന്‍ തന്റെ കാന്‍വാസില്‍ വരഞ്ഞ ചിത്രംപോലെ കാഴ്ച മനോഹരം. പക്ഷെ, നദിയെ അതിനടുത്തിരുന്ന്, അതിലിറങ്ങിയാണല്ലോ ശീലം. അകന്നിരിക്കുന്ന നദിയുടെ ചിത്രം നഷ്ടമായ് പോയതിന്റെ സമൃതികളാണുര്‍ത്തുന്നത്. നിശ്ശബ്ദതയ്ക്ക് ഭീകരതയുടെ മുഖമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നാട്ടിന്‍പുറങ്ങളില്‍ അതിന് ധ്യാനത്തിന്റെ ധന്യതയായിരുന്നു. ഇവിടെ ഇടയ്ക്കിടെ തല്ലിത്തകര്‍ത്തെത്തുന്ന കാറ്റിന്റെ മുരള്‍ച്ചകള്‍ വിസ്‌ഫോടനങ്ങളുടെ പടനിലമാക്കി മാറ്റുന്നു. ശേഷം ഒഴുകിയെത്തുന്ന മഹാശൂന്യത. ഇഷ്ടങ്ങള്‍ അടുത്തില്ലാത്ത ശൂന്യത അതിനിഗൂഢമായ ഭീകരതയാണെന്ന് ഇപ്പോഴാണ് ബോധ്യമാകുന്നത്.

അയാള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നു. ഗ്രാമത്തിന്റെ തിക്കും തിരക്കും വിട്ട് മകനോടൊത്ത് നഗരത്തിലെത്തിയപ്പോള്‍ അമ്മുക്കുട്ടിയോടൊത്തുള്ള ദിനങ്ങള്‍ നഷ്ടമായതിന്റെ നൊമ്പരം കുത്തികുറുകി തികട്ടി നിന്നു. ഗ്രാന്റ് പ്ലാസയിലെ പതിനഞ്ചാം നിലയിലെ തന്റെ സ്വന്തം ഇടത്തിന്റെ ജനലരികിലിരുന്നപ്പോള്‍ താന്‍ ജയിലിലാണോ എന്നയാള്‍ക്ക് സന്ദേഹമുണ്ടായി. വീടിനു താഴേയ്ക്കു പോകാന്‍ അനുവാദമില്ല. താഴേക്കു പോകാന്‍ തനിച്ച് ലിഫ്റ്റ് ഇറങ്ങാന്‍ ഭയമായിരുന്നു. നാട്ടില്‍ വീട്ടുപറമ്പില്‍ തളരാതെ നടന്നു കയറിയ കാലുകള്‍ ഇവിടത്തെ സ്റ്റെപ്പുകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നു. താഴോട്ട് ചവുട്ടി യിറങ്ങാന്‍ കാലുകള്‍ക്ക് ശക്തി ക്ഷയിച്ചിരിയ്ക്കുന്നു. അടുത്ത അപ്പാര്‍ട്ടുമെന്റിലെ അന്തോവാസികളെ കാണാമെന്നു കരുതി പുറത്തിറങ്ങിയാല്‍ ഒരു മുറിയും ആരും തുറന്നിടാറില്ല. അപരിചിതത്വം എവിടേയും വില്ലനായി നിന്നു. എപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും. നാട്ടിന്‍പുറങ്ങളില്‍ ശുദ്ധവായുവും ശ്വസിച്ച് എവിടേയും നടന്നുകയറാനുള്ള സ്വാതന്ത്ര്യം ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. നഗരത്തിലേയ്ക്ക് മകനോടൊത്ത് പ്രവേശിച്ചപ്പോള്‍ ഭീതിയായിരുന്നു. പിന്നെ തനിച്ചാക്കപ്പെട്ട ഈ മുറിയിലെത്തിയപ്പോള്‍, തുറന്നിട്ട ജാലകത്തിനരുകില്‍ വിദൂരതയിലേയ്ക്ക് മിഴിയെറിഞ്ഞ് മൗനമായിരുന്നപ്പോള്‍ നുള്ളിനോവിച്ചുകൊണ്ട് ചിന്തകള്‍ അലോസരപ്പെടുത്തി. തുറന്നിട്ട ജാലകപ്പാളികളിലൂടെ നെടുകേ പിളര്‍ന്ന ദേഹിയായി നൊമ്പരക്കാറ്റുകള്‍ ആഞ്ഞുവീശിക്കൊണ്ട് അകത്തേയ്ക്ക് തലതല്ലി വീണു.

രാവിലെ ജനല്‍ ചില്ലുകളിലൂടെ അരിച്ചെത്തിയ പ്രഭാതരശ്മികള്‍ മനസ്സിന് സന്തോഷമുണ്ടാക്കി. താഴെ നാടുകള്‍ അപ്പോഴും ഇരുട്ടിന്റെ മേലാപ്പിനുള്ളിലായിരുന്നു. പുകമഞ്ഞുപോലെ ഗ്രാമങ്ങള്‍ പുതച്ചുമൂടി കിടക്കുന്നത് കണ്ടപ്പോള്‍ വീണ്ടും നാടും വീടും തന്റെ ഇംഗീതമറിഞ്ഞ് കൂടെ നടന്ന് പരിപാലിച്ചിരുന്ന അമ്മുക്കുട്ടിയും മനസ്സില്‍ മുള്ളുകൊണ്ടുള്ള കൊളുത്തി വലിയലായി വേദനിപ്പിച്ചു. സൂര്യന് ചൂടുപിടിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും മകന്‍ ഭാര്യയേയും കൂട്ടി ജോലിയ്ക്ക് പോകാന്‍ തയ്യാറായി ഇറങ്ങി. പേരക്കുട്ടിയെ അതിനുമുമ്പേ സ്‌ക്കൂള്‍ ബസ് വന്ന് കൂട്ടിക്കൊണ്ടു പോയിരുന്നു.

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ വീട്ടുവേലയ്ക്കായി വന്ന സര്‍വന്റ് തനിക്കുള്ള ഭക്ഷണമെല്ലാം മേശപ്പുറത്ത് ഒരുക്കിവെച്ച് യാത്രയായി. മഹാമുനിയായി തപസ്സിരിക്കാന്‍ ഒരാള്‍ മാത്രം. ഇണപിരിയപ്പെട്ട ആണ്‍കിളിയായി മുറിയ്ക്കുള്ളില്‍ കിടന്ന് മനസ്സുപിടയാന്‍ തുടങ്ങി. ഒരുപക്ഷേ എല്ലാ ഫ്‌ളാറ്റുകളിലും ഇതുപോലെ അന്യവല്‍ക്കരിക്കപ്പെട്ട് കൂട്ടിലടച്ച തത്തയെപ്പോലെ ഓരോരുത്തര്‍ ഇരിക്കുന്നുണ്ടാവാം. സെല്ലുകളില്‍ അടയ്ക്കപ്പെട്ട ഓരോ ജന്മങ്ങള്‍. പക്ഷേ അവരെല്ലാം തന്നെപ്പോലെ തനിച്ചാവണമെന്നില്ല. മിണ്ടിയും കേട്ടുമിരിയ്ക്കാന്‍ ജീവിത പങ്കാളികളുമുണ്ടാകാം. എന്റെ അമ്മുക്കുട്ടിയെപ്പോലെയൊരാളാ ണെങ്കില്‍ നേരം പോകുന്നതറിയുക പോലുമില്ല. അമ്മുക്കുട്ടിയെക്കുറിച്ചോര്‍ത്തതും മിഴികള്‍ ഈറനായി. മക്കള്‍ മഹാനഗരങ്ങളില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ അവള്‍ പറഞ്ഞതാണ്.
''അവരെവിടെ വേണമെങ്കിലും താമസിക്കട്ടേ... നമുക്കിവിടം വിട്ട് ഒരിടത്തും പോവണ്ട.''

പറമ്പിലും തൊടിയിലും ഇറങ്ങി നടന്നും വെണ്ടയും ചീരയും തക്കാളിയും കുമ്പളവും പപ്പായയും കൃഷി ചെയ്തും നിത്യവും പറമ്പില്‍ നിന്നും സംഭരിക്കുന്ന ഇലയോ കായകളോ കൊണ്ടുമാത്രം കറിയുണ്ടാക്കി കഞ്ഞി വെച്ചു കഴിച്ചു കഴിച്ചുകൂട്ടിയ നല്ല ദിനങ്ങള്‍. ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലാത്ത സുന്ദരദിനങ്ങള്‍.
മക്കള്‍ ഇടയ്ക്ക് വിരുന്നെത്തുമ്പോള്‍ വീട് ആഘോഷങ്ങളാല്‍ ഇളകിമറിയും. അപ്പോഴും ഒരു വിഷമം കടന്നുവരും. രണ്ടു മക്കളും ഒന്നിച്ച് ഒരിക്കലും വരുന്നില്ലല്ലോ എന്ന വിഷമം. കൂടപ്പിറപ്പുകളായിട്ടും പരസ്പരം കാണുന്നു പോലുമില്ലല്ലോയെന്ന വിഷമം. സ്‌ക്കൂള്‍ കാലം മാത്രമേ മക്കള്‍ നാട്ടിലുണ്ടായിരുന്നുള്ളൂ. അന്ന് അവരുടെ വളര്‍ച്ചയെ കാത്തിരുന്ന ഓരോ നിമിഷങ്ങളും എന്തെന്തുപ്രതീക്ഷകളുടേതായിരുന്നു. അതിന്റെ തിളക്കങ്ങള്‍ മിഴികളില്‍ നിന്നും ഇന്നും മാഞ്ഞുപോവാതെ നില്‍ക്കുന്നു. പിന്നെ അവര്‍ ഹോസ്റ്റലുകളിലും നഗരങ്ങളിലുമായി ഇടയ്ക്കിടെ വന്നുപോകുന്ന വിരുന്നുകാരായി മാറി. എന്‍ജിനീയറായും ഡോക്ടറായും രണ്ടുപേരും രണ്ടു മഹാനഗരങ്ങളില്‍ ചേക്കേറുകയും അവിടെ സ്ഥിരവാസമാക്കുകയും ചെയ്തപ്പോള്‍ മനസ്സില്‍ തിങ്ങിനിറഞ്ഞ വിങ്ങല്‍ അതിപ്പോഴും മനസ്സിലുണ്ട്. അന്ന് അമ്മുക്കുട്ടിയാണ് സമാധാനിപ്പിച്ചത്.
''അവര് പഠിച്ചു വളര്‍ന്നതെല്ലാം നഗരത്തിലല്ലേ, അവരുടെ ചിന്തകളിലും എപ്പോഴും നഗരമായിരുന്നല്ലോ... അല്ലെങ്കിലിന്ന് നഗരവും ഗ്രാമവും തമ്മിലെന്താണ് വിത്യാസം.''

''അതു ശരിയാണ്. യാതൊരു വിത്യാസവുമില്ല. കെട്ടിടങ്ങള്‍, ഭക്ഷണങ്ങള്‍, ടി വി, ആചാരങ്ങള്‍, വസ്ത്രങ്ങള്‍ എല്ലാം ആഗോളീകരിക്കപ്പെട്ടിരിക്കുന്നു. ഒരൊറ്റ വിത്യാസമേ ഉള്ളൂ. അവിടെ മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുമ്പോള്‍ ഇവിടെ അതില്ല. അത്രമാത്രം. ചിലപ്പോള്‍ തോന്നും ഡോ. എസ് രാധാകൃഷ്ണന്റെ ദി എമര്‍ജിങ്ങ് വേള്‍ഡ് സൊസൈറ്റിയായി നമ്മള്‍ മാറുന്നുണ്ടോയെന്ന്. എവിടെ... സങ്കുചിതത്വത്തിന്റെ അതിര്‍ത്തികള്‍ വീടുയരെ കെട്ടിപ്പൊക്കുമ്പോള്‍, ജാതിയുടേയും മതത്തിന്റേയും പേരില്‍ നാട്ടില്‍ നിന്നുപോലും സ്വന്തം സഹോദരങ്ങളെ പുറത്താക്കാന്‍ നിയമം  കൊണ്ടുവരുമ്പോള്‍ നമ്മളെങ്ങനെ എമര്‍ജിങ്ങ് വേള്‍ഡ് സൊസൈറ്റിയുടെ ഭാഗമാകും. മനുഷ്യന്റെ ആര്‍ത്തി അതിന് സമ്മതിച്ചിട്ടു വേണ്ടേ...''

ഒരോരോ ചിന്തകള്‍ വന്നു നിറയുമ്പോള്‍ അമ്മുക്കുട്ടിയെ ഓര്‍ക്കും. അടുത്തുണ്ടായിരിന്നെങ്കില്‍ ക്ഷീണം വരുവോളം ഇതെല്ലാം വിശദമായി സംസാരിക്കാമായിരുന്നു. അവളുടെ അഭിപ്രായങ്ങളും ചിന്തകളും അതിലലിയീച്ചുചേര്‍ത്ത് സ്വന്തം ആശയങ്ങളെ ഒന്നുകൂടി ദൃഢപ്പെടുത്തിയെടുക്കാമായിരുന്നു.
ഒന്നുചേര്‍ന്ന നാള്‍ മുതല്‍ അവള്‍ നല്ലൊരു പങ്കാളിയായിരുന്നു. ഒരാള്‍ക്കു മറ്റൊരാള്‍ തുണയെന്നപ്പോലെ പരസ്പരം ഊന്നുവടികളായി ഇഷ്ടങ്ങളെ പരസ്പരം ആദരിച്ചും ബഹുമാനിച്ചും രണ്ടെന്ന ചിന്തയില്ലാതെ ഒന്നു മറ്റൊന്നിന്റെ പൂരിതഭാഗമായി അലിഞ്ഞുചേര്‍ന്ന്...

വേര്‍പ്പാടിന്റെ ദിനങ്ങള്‍ സങ്കല്‍പങ്ങള്‍ക്കുമതീതമായിരുന്നു. എവിടേയും ഒന്നിച്ചു യാത്ര പോകുമ്പോള്‍ പലരും നോക്കി അസൂയപ്പെടും. ഇണക്കിളികള്‍. അതേ, എതിര്‍ശബ്ദമില്ലാത്ത രണ്ടു ഹൃദയങ്ങള്‍. ഒന്നിലലിഞ്ഞു ചേര്‍ന്ന ഒരൊറ്റ ശബ്ദമായിത്തീര്‍ന്നതിന്റെ പ്രതീകങ്ങള്‍.

രതിയുടെ ആലസ്യത്താല്‍ ചേര്‍ന്നുകിടക്കുമ്പോള്‍ അവള്‍ പതുക്കെ ചേര്‍ത്തുപിടിക്കും. കവിളിലും നെറ്റിയിലും മൃദുവായി ചുംബിക്കും. എന്നിട്ട് മധുരമായി മൊഴിയും.
''നിങ്ങളെപ്പോലെയൊരാളെ കൂട്ടാളിയായി കിട്ടിയതില്‍ ഞാന്‍ പുണ്യവതിയാണ്. ഒരിക്കലെങ്കിലും എനിക്കിഷ്ടമില്ലാത്ത സമയങ്ങളില്‍ എന്നെ സ്പര്‍ശിച്ചിട്ടില്ല. എന്റെ ആഗ്രഹങ്ങള്‍ എങ്ങനെയാണ് തിരിച്ചറിയുന്നത്. ഞാനുണരാന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം എന്നെ ഉണര്‍ത്തുകയും ആളിപടര്‍ത്തി പാരമ്യത്തിലെത്തിക്കുകയും സത്ചിത്ആനന്ദത്തിന്റെ പരകോടിയിലെത്തിച്ച്... ഓരോ കോശങ്ങളേയും ത്രസിപ്പിച്ച്... ധ്യാനത്തിന്റെ ഉച്ചക്കോടിയിലെന്നോണം ഒന്നാക്കിത്തീര്‍ക്കലുകള്‍... ഇതു മനുഷ്യ സാധ്യമാണോ... പരമകാഷ്ഠയില്‍ എല്ലാം മറന്ന് ശൂന്യമായി പോകുന്ന നിമിഷങ്ങള്‍ സമ്മാനിക്കുന്ന സാക്ഷാത്കാരത്തിന്റെ പരകോടിയിലേയ്ക്ക് നയിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുന്നതെന്താണ്. ഓരോ രതിയും ഒരായുസ്സുമുഴുവന്‍ കാത്തിരുന്നതെന്തോ കരഗതമാകുന്നതിന്റെ പുതുമ കൊണ്ടുവരുന്നു. നിങ്ങളെ എന്നില്‍ നിന്നും വേര്‍പ്പെട്ടു കാണാനാകുന്നില്ല. അലിയീച്ചുചേര്‍ക്കപ്പെട്ട രണ്ടാത്മാക്കളുടെ സയാമീസ് രൂപങ്ങളാണ് നമ്മള്‍. നിങ്ങളെ എന്നില്‍ നിന്നടര്‍ത്തി മാറ്റിയാല്‍ പിന്നെ ഞാനില്ല. പ്രണയത്തിന്റെ രാഗതാളവിസ്മയങ്ങള്‍ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ചാലിച്ചുചേര്‍ക്കാന്‍ എങ്ങനെ സാധ്യമാകുന്നു. ഞാന്‍ നിങ്ങളെ ദൈവമെന്നു വിളിച്ചോട്ടെ.''

അന്നേരം നെഞ്ചിലെ ഇളംചൂടിലേയ്ക്ക് ചേര്‍ത്തുവെച്ച് പറയും. ''ഞനെന്നെയാണ് നിന്നില്‍ കാണുന്നത്. എന്നെ ഞാന്‍ തന്നെ അപമാനിക്കുന്നതെങ്ങനെ... എന്റെ സുഖങ്ങള്‍, എന്റെ വേദനകള്‍, എന്റെ അപമാനങ്ങള്‍ എല്ലാം നിന്റേതുമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. നീയെന്നോട് എങ്ങനെ പെരുമാറണമെന്നാണോ ഞാനാഗ്രഹിക്കുന്നത്, അതുപോലെ ഞാന്‍ നിന്നോടുപെരുമാറുന്നു. നീയെന്നോട് എങ്ങനെ പെരുമാറരുത് എന്ന് ഞാനാഗ്രഹിക്കുന്നവോ അതുപോലെ ഞാനും നിന്നോട് പെരുമാറാതിരിക്കാന്‍ പരിശ്രമിക്കുന്നു.''

''എങ്കിലും ഒരു വാക്കുപോലും പറയാതെ നിശ്ശബ്ദതയിലും നിങ്ങളെങ്ങനെ എന്നെ തിരിച്ചറിയുന്നു.''
''അതിന് ത്രികാലജ്ഞാനമൊന്നും വേണ്ട. നിത്യവും അല്പനിമിഷം തനിച്ചിരുന്ന് സ്വന്തം ഉള്ളിലേയ്ക്ക് നോക്കാന്‍ കഴിഞ്ഞാല്‍ മതി. ശരീരം നമുക്ക് വെളിപ്പെടാനുള്ള ഭൗതികാവസ്ഥ മാത്രമാണ്. ശരീരത്തെ നമുക്ക് ഒരിക്കലും തൃപ്തിപ്പെടുത്താനാകില്ല. ആത്മാവിലേയ്ക്ക് തുറന്നുവെയ്ക്കാനൊരു കണ്ണ് കരുതലുണ്ടെങ്കില്‍ എല്ലാം ശുഭം. പ്രപഞ്ചംപോലെ എല്ലാം ഉള്‍ക്കൊള്ളുന്ന മനസ്സും വഴിഞ്ഞൊഴുകുന്ന സ്‌നേഹവും കാരുണ്യവും അലിഞ്ഞു ചേര്‍ന്നുനില്‍ക്കും.''
''വാര്‍ദ്ധക്യം ഏതെങ്കിലും വിധത്തില്‍ അസുഖങ്ങളാണോ...''
''ആരാണ് പറയുന്നത് നമുക്ക് വാര്‍ദ്ധക്യമായെന്ന്...''
''അതെല്ലാം മനസ്സിന്റെ മായക്കാഴ്ചകള്‍.''
''അവര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇനി ഇവിടെ തനിച്ചു നില്‍ക്കണ്ടാന്ന്.''
''ആരു പറഞ്ഞു തനിച്ചാണെന്ന്, നീയില്ലെ എനിക്ക്. ഞാനില്ലെ നിനക്ക്.''
''അതല്ല, പ്രായമായ നമ്മള്‍ ഇവിടെ ഈ വീട്ടില്‍... മറ്റാരും സഹായമില്ലാതെ എങ്ങനെ കഴിയുമെന്നാണ് അവരുടെ സംശയങ്ങളും ആശങ്കകളും.''
''മരണം വരേയും ശരീരത്തേയും മനസ്സിനേയും ചേര്‍ത്തുനിര്‍ത്താന്‍ അസാധ്യമാണെന്നാണോ... ആരാണിതെല്ലാം നിശ്ചയിക്കുന്നത്.''
''വിവരമില്ലായ്മകള്‍. നമ്മളിപ്പോഴും സ്വന്തം കാര്യങ്ങള്‍ സ്വയം നടത്തിപ്പോരുന്നില്ലേ. മനസ്സ് പതറാതെ നില്‍ക്കുന്ന കാലത്തോളം ഇത് തുടരും. ഒരു നാള്‍ വഴിയില്‍ വീണുപോകും വരെ. നടന്നോണ്ടിരിക്കവേ വീണുപോകുക. അതല്ലേ സാര്‍ത്ഥകമായ ജീവിതം. നിനക്ക് ഭയം തോന്നി തുടങ്ങിയോ... എന്നിലുള്ള വിശ്വാസം നഷ്ടമായിത്തുടങ്ങിയോ...''
''അയ്യോ, ഇല്ല പൊന്നേ... നിങ്ങളുള്ളിടത്ത് എനിക്ക് സ്വര്‍ഗ്ഗമാണ്. പിന്നെയെന്തിന് ഞാന്‍ ഭയപ്പെടണം. മക്കള് അവരുടെ ഉല്‍ക്കണ്ഠകളാല്‍ വിഡ്ഢിത്തങ്ങളൊന്നും പ്രവര്‍ത്തിക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.''
''കഴിഞ്ഞ തവണ വന്നപ്പോള്‍ അവര്‍ പറഞ്ഞതാണ്. ഇനിയിവിടെ ഈ നാട്ടില്‍പുറത്ത് താമസിക്കേണ്ടാന്ന്. എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പെട്ടെന്ന് ഓടിയെത്താന്‍ കഴിഞ്ഞില്ലെങ്കിലോ...''
''അവര്‍ക്ക് ഓടിയെത്താന്‍ കഴിഞ്ഞില്ലെങ്കിലെന്താ, നമ്മുടെ നാട്ടുകാരില്ലെ ഇവിടെ. മക്കള്‍ക്ക് നഗരത്തിന്റെ സ്വഭാവമായിരിക്കുന്നു. ഗ്രാമത്തിന്റെ നന്മ അവര്‍ മറന്നു പോയിരിക്കുന്നു.''
''നമ്മുടെ ജീവിതം ആഴത്തില്‍ വേരോടിയിരിക്കുന്നത് ഈ നാടന്‍ മണ്ണിലാണ്. ഇവിടെ നിന്നും പറിച്ചു നട്ടാല്‍ ഇനിയും പുതിയ വേരുകള്‍ പൊട്ടിമുളയ്ക്കും എന്ന വിശ്വാസം എനിക്കില്ല. പക്ഷെ അവര്‍ക്ക് അങ്ങനെയല്ലല്ലോ...''

''നമ്മള്‍ മാമ്പഴക്കാലത്ത് മാമ്പഴം മാത്രം ഭക്ഷണമാക്കുന്നുവെന്നത്, ചക്ക പഴുത്തു വരുമ്പോള്‍ ചക്ക മാത്രം ഭക്ഷിച്ചു കഴിയുന്നത്, അതുപോലെ പപ്പായയും ചാമ്പക്കയും പേരയ്ക്കയും പ്രധാന ഭക്ഷങ്ങളാക്കുന്നതില്‍ അവര്‍ക്ക് നമ്മളോട് പരിഭവങ്ങളുണ്ട്. നല്ല നാടന്‍ കുത്തരിയുടെ പൊടിയരി കഞ്ഞിയും അതിലേയ്ക്ക് തൊടിയില്‍ നിന്നും പറിച്ചെടുക്കുന്ന ചീരയോ, മുരിങ്ങയിലയോ തോരന്‍ വെച്ച് കാന്താരിമുളകും തേങ്ങയും ചേര്‍ത്ത് ചമ്മന്തിയും അരച്ച് എത്ര സ്വാദിഷ്ടമായാണ് നിത്യവും ഭക്ഷണം. നഗരത്തില്‍ ഇതു വല്ലതും സാദ്ധ്യമാകുമോ...''
''നമ്മളിവിടെ തന്നെ നില്‍ക്കും. അവര് എവിടെയാണെങ്കില്‍ കഴിയട്ടേ... മരണം വരെ നമുക്ക് ഇവിടെത്തന്നെ കഴിയണം.''
''നമുക്ക് കഴിയാനുള്ള വകയെല്ലാം പെന്‍ഷനായി ഇവിടെ ലഭിക്കുന്നുണ്ടല്ലോ... പിന്നെയെന്തിനാ അവര് ഉത്കണ്ഠപ്പെടുന്നതെന്നാ എനിക്കു മനസ്സിലാവാത്തത്.''

ഒരു ദിവസം അപ്രതീക്ഷിതമായി രണ്ടു മക്കളും കുടുംബവും ഒന്നിച്ച് നാട്ടിലെത്തി. അന്ന് അമ്മുക്കുട്ടിയാണ് ഏറെ സന്തോഷിച്ചത്. കാലങ്ങള്‍ക്കുശേഷം ആദ്യമായാണ് എല്ലാവരും ഒന്നിച്ചുകൂടുന്നത്. അതിന്റെ സന്തോഷം അവള്‍ക്ക് അടക്കി നിര്‍ത്താനായില്ല. ഒരു ദിവസം എല്ലാവരും സന്തോഷത്തോടെ നാടിന്റെ ഉന്മേഷം ഏറ്റുവാങ്ങി. കുട്ടികള്‍ അവിടെ ഓടി നടന്ന് സ്വര്‍ഗ്ഗം തീര്‍ത്തു. അവര്‍ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടെന്നോണം പറമ്പ് മുഴുവന്‍ ഓടി നടന്നു. അവരുടെ കൂടെ പ്രായംപോലും മറന്ന് രണ്ട് ആത്മാക്കള്‍ കൂട്ടുകൂടി. മരുമക്കള്‍ പിറുപിറുത്തു.
''കുഴിയിലേയ്ക്ക് കാലും നീട്ടിയിരിക്കുന്ന കാലത്താണ് കുട്ടികളോടൊത്തുള്ള ഓരോരോ ക്രീഢകള്‍.''
അതുകേട്ട് മക്കള്‍ അവരുടെ നേരെ കണ്ണുരുട്ടി. അതൊന്നും അവര്‍ക്ക് ഏശുന്നതായിരുന്നില്ല. അവര്‍ ഓരോന്ന് സൂക്തങ്ങള്‍ പോലെ വിളിച്ചു പറഞ്ഞുക്കൊണ്ടിരുന്നു. അതൊന്നും വകവെച്ചുകൊടുക്കാന്‍ അമ്മുക്കുട്ടിയോ അയാളോ തയ്യാറായിരുന്നില്ല. പഴയകാലത്തെ ആ നല്ലകാലം തിരിച്ചു വരികയാണെന്ന് അവള്‍ അയാളുടെ ചെവിട്ടില്‍ മന്ത്രിച്ചു. അവള്‍ മക്കളോട് പറഞ്ഞു.
''ഇടയ്ക്ക് വല്ലപ്പോഴും നിങ്ങള്‍ ഇവിടെ ഇതുപോലെ വന്നുപോയാല്‍ അതുമതി ഞങ്ങള്‍ക്ക് പരമാനന്ദം ലഭിക്കാന്‍. ഇനിയും വരില്ലേ നിങ്ങളിതുപോലെ...'' മക്കള്‍ തീര്‍ത്തു പറഞ്ഞു.
''ഇല്ല. ഇനിയൊരിക്കലും ഇവിടെ വരാന്‍ ആഗ്രഹിക്കുന്നില്ല. വീടും പറമ്പും നമുക്ക് ഇപ്പോള്‍ വില്ക്കണ്ട. നമ്മുടെ പഴയ കാര്യസ്ഥന്‍ രാമുവിനെ നോക്കാന്‍ ഏല്പിക്കാം. പിന്നീടുള്ള കാര്യങ്ങള്‍ പിന്നീട് വരുംപോലെ നിശ്ചയിക്കാം.''

അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല. ഞങ്ങളെ അവര്‍ നഗരത്തിലേയ്ക്ക് കൂട്ടികൊണ്ടുപോവുകയാണോ... കുറേ കഴിഞ്ഞ് സന്ധ്യയായപ്പോള്‍ മൂത്തവന്‍ പറഞ്ഞു.
''ഞങ്ങള്‍ അച്ഛനേയും അമ്മയേയും കൊണ്ടുപോകാനാണ് വന്നത്. നമ്മള്‍ നാളെ നഗരത്തിലേയ്ക്ക് പോകും. നിങ്ങള്‍ക്കൊരു കുറവും അവിടെ വരുത്തില്ല.''
അതുകേട്ട് പകപ്പുമാറുന്നതിന് മുമ്പ് അവര്‍ പറഞ്ഞു.
''ഇനിയും നിങ്ങളെ ഇവിടെ തനിച്ചാക്കി പോകാന്‍ മനസ്സുസമ്മതിക്കുന്നില്ല.''
''ഞങ്ങള്‍ക്കിവിടെ പരമസുഖമാണല്ലോ... പിന്നെയെന്തിനാ നിങ്ങള് അസ്വസ്ഥപ്പെടുന്നേ...''
''അതൊന്നും പറഞ്ഞാല്‍ ശരിയാവില്ല. ഇനി നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി.''
''എന്നാലും...''
''ഒരെന്നാലുമില്ല. ഇനിയുള്ള കാലം ഇവിടെ ഒറ്റയ്ക്കു കഴിയണ്ട.''
മക്കള്‍ വരേണ്ടായിരുന്നു എന്ന് ആശിച്ചു. കാലങ്ങള്‍ക്കു ശേഷം രണ്ടാളും കുടുംബവുമായി ഒന്നിച്ചു വന്നപ്പോള്‍ സന്തോഷിച്ചത് കൊടിയ വേദന നല്‍കാനായിരുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സ് ദുര്‍ബലപ്പെട്ടു. എല്ലാ ശക്തിയും നാഡിഞെരമ്പുകളില്‍ നിന്നും ചോര്‍ന്നുപോകുന്നത് അറിഞ്ഞു. എല്ലാ ഉത്സാഹങ്ങളും ചത്തുമലച്ചു. അവര്‍ പറഞ്ഞു.
''നാളെ രാവിലെ നമുക്കു പോകണം. അത്യാവശ്യം വസ്ത്രം മാത്രം എടുത്താല്‍ മതി. ബാക്കിയെല്ലാം അവിടെനിന്നും പുതിയത് വാങ്ങാം.''

അവരുടെ ആജ്ഞകള്‍ക്കുമുമ്പില്‍ നിരായുധരായി രണ്ടുപേരും മുഖത്തോടു മുഖം നോക്കിയിരുന്നു. പക്ഷങ്ങള്‍ തകര്‍ന്ന പറവകളായി ദീനത മുറ്റിയ മിഴികള്‍ പരസ്പരം കൈമാറി ഭാരമേറിയ ആ രാത്രിയെ അകറ്റിയോടിക്കാന്‍ മടിച്ചു. നേരം പുലര്‍ന്നാല്‍ ഇവിടം ശൂന്യമാക്കപ്പെടും. മനസ്സില്‍ കുടിയിരിക്കുന്ന ഓരോ പുല്‍ക്കൊടികളും നഗരത്തിന്റെ ചൂടില്‍ കരിഞ്ഞില്ലാതാകും എന്നത് നീറ്റലായി കരളില്‍ കുഴഞ്ഞുമറിഞ്ഞു.
നേരം വെളുത്ത് എയര്‍പോര്‍ട്ടില്‍ പോകാന്‍ കാറ് തയ്യാറായി വന്നപ്പോള്‍ മൂത്തവന്‍ അതില്‍ കൈപിടിച്ച് കയറ്റി. അമ്മുക്കുട്ടിയെ അതിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ ചെറിയവന്‍ പറഞ്ഞു. അമ്മ അടുത്ത വണ്ടിയില്‍ വരും. ഞാന്‍ അതെന്താണെന്ന ഭാവത്തില്‍ മൂത്ത മകനെ നോക്കി. അപ്പോഴേയ്ക്കും വണ്ടി മുന്നോട്ടു പോകാന്‍ തുടങ്ങിയിരുന്നു. അമ്മുക്കുട്ടിയെ ഒന്നു കാണാന്‍ പോലും കഴിയുന്നതിനു മുമ്പേ കാര്‍ അതിവേഗം മുന്നോട്ടു പോയിരുന്നു. കഴുത്തുതിരിച്ച് കുറേ പുറകോട്ട് നോക്കി. വിഫലമായിരുന്നു ഫലം. അവന്‍ പറഞ്ഞു.
''അച്ഛനെ ഞങ്ങള്‍ കൊണ്ടുപോകുന്നു. അമ്മയെ അവനും. രണ്ടുപേരേയും ഒരാള്‍ നോക്കുക കഷ്ടമാണ്. അതിനാലാണ് ഞങ്ങളിങ്ങനെ തീരുമാനിച്ചത്.''
''ഇതിലും ഭേദം ഞങ്ങളെ വിഷം തന്ന് കൊല്ലായിരുന്നില്ലേ...''
''ഇനിയുള്ള കാലം സ്വസ്ഥമായി ഒരിടത്ത് അടങ്ങിയൊതുങ്ങി കഴിയണം. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ രണ്ടാള്‍ക്കും രണ്ടു സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.''

ജീവിതത്തിലാദ്യമായി അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കൂടെകൂടിയ നാള്‍ മുതല്‍ ഒരുദിവസംപോലും പിരിഞ്ഞിരിക്കാത്ത അമ്മുക്കുട്ടിയെ വഴിയിലുപേക്ഷിച്ച് പോകേണ്ടി വരുന്നതിലും ഭേദം മരണമായിരുന്നു. പിടയുന്ന ഹൃദയത്തിന്റെ താളം അയാള്‍ക്ക് തടഞ്ഞുനിര്‍ത്താനാകാതെ വന്നപ്പോള്‍ അയാള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അതൊന്നും കാണാനുള്ള കണ്ണ് മകനും കുടുംബത്തിനുമില്ലായിരുന്നു.
പതിനഞ്ചാം നിലയിലെ മുറിയുടെ ജനല്‍ ആകാശത്തിലേയ്ക്ക് മലര്‍ക്കെ തുറന്നപ്പോള്‍ അയാള്‍ പുറത്ത് മേഘക്കീറുകള്‍ക്കുമീതെ തന്റെ അമ്മുക്കുട്ടിയെ കണ്ടു. അവള്‍ കാതരയായി നിലവിളിച്ചുകൊണ്ട് അയാളെ വിളിക്കുന്നു. അയാളുടെ കരളും ദുഃഖക്കയമായി മാറി. അതിന്റെ തിരയിളക്കങ്ങള്‍ ക്രമരഹിതമായി ആഞ്ഞടിച്ചപ്പോള്‍ അയാള്‍ അമ്മുക്കുട്ടിയുടെ നേരെ കൈനീട്ടി. കസേരയുടെ മേല്‍ ചവുട്ടിനിന്ന് അയാള്‍ മേഘക്കീറുകള്‍ക്കുചാരെ കുനിഞ്ഞിരിക്കുന്ന അമ്മുക്കുട്ടിയെ തൊടാന്‍ കൈ നീട്ടി. കൈനീട്ടിനീട്ടി അയാള്‍ ആകാശത്തിന്റെ ശൂന്യതയിലേയ്ക്ക് നടന്നു.
-----------------------
പിയാര്‍കെ ചേനം

തൃശൂര്‍ജില്ലയില്‍ ചേര്‍പ്പിനടുത്ത് ചേനത്തു ജനനം. ചേനം എ എല്‍ പി സ്‌ക്കൂള്‍, ചേര്‍പ്പ് സി എന്‍ എന്‍ ഹൈസ്‌ക്കൂള്‍, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ഇടതുപക്ഷ സഹചാരി. 1992 ല്‍ സൗദി അറേബ്യയിലെ ഖഫ്ജിയില്‍ അല്‍ റൗദാന്‍ കമ്മേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റില്‍ സെയില്‍സ്മാന്‍ ജോലിയില്‍ പ്രവേശിച്ചു. 1996 ല്‍ ഗള്‍ഫു ജീവിതം വേണ്ടെന്നു വെച്ചു നാട്ടില്‍ തിരിച്ചെത്തി. 

പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പ്രായോഗികതലത്തില്‍ പരീക്ഷിക്കുന്നതിനായി കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തക രോടൊത്തുചേര്‍ന്ന് ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രം എന്ന പേരില്‍ ട്രസ്റ്റു രൂപീകരിച്ച് വയനാട്ടിലെ തൃക്കൈപ്പറ്റയില്‍ പ്രവര്‍ത്തനത്തിറങ്ങി. 2003 വരെ വയനാട് തൃക്കൈപ്പറ്റയിലുള്ള ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2003 ഓക്‌ടോബറില്‍ ക്രിമിനല്‍ ജൂഡിഷ്യറിയില്‍ ക്ലര്‍ക്കായി ഔദ്യോഗികജീവിതത്തില്‍ പ്രവേശിച്ചു. 2020 ജനുവരി 31 ന് ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയ്ല്‍ നിന്നും സൂപ്രണ്ടായി വിരമിച്ചു. ഇപ്പോള്‍ എഴുത്തുകാരുടെ കൂട്ടായ്മയായി രൂപീകരിച്ച മണ്‍സൂണ്‍ കള്‍ചറല്‍ ഫോറത്തിന്റെ സെക്രട്ടറി. 
പുസ്തകപ്രസാധന ത്തിലും വിതരണത്തിലുമായി പുതിയ എഴുത്തുകാരെ സഹായിക്കു ന്നതിനായി രൂപീകരിച്ച മണ്‍സൂണ്‍ ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കലാകൗമുദി - കഥ മാസികകളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ട എഴുത്തുക്കൂട്ടത്തിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ്.. സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 1982 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും 2011 ലാണ് ആദ്യകഥാസമാഹാരമായ 'നേര്‍ക്കാഴ്ചകള്‍' പ്രസിദ്ധീകരിക്കപ്പെടുന്നത്. 2012ല്‍ രണ്ടാമത്തെ കഥാസമാഹാരമായ 'ബോധിവൃക്ഷത്തണലില്‍', 2013 ല്‍ 'തണലിടങ്ങള്‍', 'ഒരിടത്തൊരിടത്തൊരിടത്ത്' (എഡിറ്റര്‍) എന്നീ കഥാസമാഹാരങ്ങളും 2014 ല്‍ 'മടക്കയാത്ര' എന്ന നോവലും 2016 ല്‍ വഴിത്താരകള്‍ എന്ന നോവലും 2019 ല്‍ പ്രളയാതീതം എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചീട്ടുണ്ട്. 

നാഷണല്‍ കള്‍ചറല്‍ ആന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ 2019 ലെ ഡോ. അംബേദ്കര്‍ നാഷണല്‍ സാഹിത്യശ്രീ ഫെല്ലോഷിപ്പിന് അര്‍ഹനായി. 2020 ഫെബ്രുവരി 12 ന് ഗോവയിലെ മഡ്ഗാവിലുള്ള രവീന്ദ്രഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍വെച്ച് പ്രസിദ്ധ കൊങ്ങിണി സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി കൊങ്ങിണി ഭാഷാ കണ്‍വീനറുമായ ഡോ. ബുഷാന്‍ ബവേ യില്‍ നിന്നും ഏറ്റുവാങ്ങി.
ഭാര്യ വനിത കെ വി, പുള്ള് വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്നു. മകള്‍ അനല കൃഷ്ണ, കേരള വര്‍മ്മ കോളേജില്‍ ബി എസ് സി മാത്തമറ്റിക്‌സ് വിദ്യാര്‍ത്ഥിനി.

 

Facebook Comments

Comments

  1. sureshTR

    2021-06-06 04:31:50

    PRK താങ്കളുടെ കഥ അതി മനോഹരമായിരിക്കുന്നു. പ്രണയാർദ്ര വിചാരങ്ങ ളിൽ മുങ്ങി നിവരുമ്പോഴും, വിചാര വേവുകളിൽ പൊള്ളുമ്പോഴും.... അവ - യൊക്കെ അങ്ങനെ ത്തന്നെ യാവാഹിക്കാൻ കഴിയുംവിധം ഹൃദയത്തെ സ്വാദീനിക്കാൻ പോന്ന കഥ തന്നെ ഇത്. അച്ഛനമ്മ മാരെ അവർ ക്കിഷ്ടമില്ലെങ്കിലും തങ്ങളോ ടൊപ്പം നിർത്താനുള്ള ആഗ്രഹം സ്വാഭാവികം.പക്ഷെ .. ചേനം, ജീവിതത്തിൽ ഒന്നായ്ത്തീർന്ന അവരെ രണ്ട് സ്ഥലങ്ങളിൽ ജീവിക്കാൻ നിർബന്ധിതമാക്കിയ ആ ബോധം, ആ തീരുമാനം ക്രൂരമായ് eപ്പായി. കഥാകൃ ത്ത് ഗൃഹനാഥൻ്റെ റോളി- ലെ ആ'ഗട്ട്സി'ല്ലായ്മ ഒഴിവാക്കേണ്ടിയിരുന്നില്ലെ. ഇത് കഥയുടെ- നല്ല കഥ എന്ന് പറയുമ്പോഴും - ഒരു കുറവായ് ത്തന്നെ ഞാൻ കാണുന്നു. കഥാകൃത്തക്കൾ ജീവിതാവബോധം പ്രകടി പ്പിക്കണം. ക്രൂരതക്കെ തിരെത്തന്നെ നിൽക്കണം. രണ്ടിടത്തായി ജീവിക്കാൻ ഞങ്ങൾ.... നഗരത്തിലേ ക്കില്ലെന്ന് ഗൃഹനാഥന് ഉറപ്പിച്ചു പറയാൻ കഴിയണം. അങ്ങനെയായാലേ ലോകം മാറ്റത്തിന് വിധേയമാകൂ. ടീയാർ.

  2. Abdul Jaleel Rawuther

    2021-06-05 08:21:38

    Excellent....

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More