Image

പരിസ്ഥിതി ദിനം - ആവാസവ്യവസ്ഥയെ വീണ്ടെടുക്കാം (വേണു വാരിയത്ത്)

Published on 05 June, 2021
പരിസ്ഥിതി ദിനം - ആവാസവ്യവസ്ഥയെ വീണ്ടെടുക്കാം (വേണു വാരിയത്ത്)
മഹാമാരിയിൽ ലോകം വീർപ്പുമുട്ടുമ്പോൾ ഒരു പരിസ്ഥിതി ദിനം കൂടി  നമ്മുടെ മുന്നിലേക്കു  കടന്നു വരികയാണ് .   ecosystem restoration അഥവാ  ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കൽ . എന്നതാണ്‌  2021  ലെ പരിസ്ഥിതി സംരക്ഷണ വിഷയം , മലിനീകരണത്തെ പ്രതിരോധിക്കുക എന്നതായിരുന്നു  കഴിഞ്ഞ  വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ഇത്തവണ ആഗോള പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന രാജ്യം  പാകിസ്താനാണ് .ജൂൺ നാലിന് രാത്രി പാകിസ്ഥാൻ പ്രസിഡണ്ട്  ഇമ്രാൻ ഖാൻ ലോക പരിസ്ഥിതി സമ്മേളനം ഇസ്ളാമാബാദിൽ  ഡിജിറ്റലായി ഉദ്ഘാടനം ചെയ്യും . ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ഔദ്യോഗികമായി പരിസ്ഥിതി ദിനത്തിന് ആഥിത്യമരുളുന്നത് .യു എൻ സെക്രട്ടറി ജനറൽ   അന്റോണിയോ ഗുട്ടെറാസ് , പോപ്പ് ഫ്രാൻസിസ് , ജർമൻ ചാൻസലർ ആന്ജല  മെർക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.  പരിസ്ഥിതി സുരക്ഷയുമായി ബന്ധപ്പെട്ട  10  സുപ്രധാന തീരുമാനങ്ങൾ  ജൂൺ 5 നു  നടക്കുന്ന മെഗാ പരിസ്ഥിതി ചടങ്ങിൽ പ്രഖ്യാപിക്കും ,10 കോടി വൃക്ഷങ്ങൾ നടുന്ന താണ്  അതിലൊരെണ്ണം . കൂടാതെ ക്ലീൻ ഗ്രീൻ പാകിസ്ഥാൻ , വൈദ്യുതവാഹന നയം , ഹരിത തൊഴിൽ എന്നിവയുമുണ്ട് .

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിട്ടാണ്  1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഏതാണ്ട് നൂറോളം രാജ്യങ്ങൾ ഇതിൽ ഭാഗഭാക്കാവുന്നുണ്ട് .

പ്രകൃതിയുടെ സംരക്ഷണത്തിന്  എന്തുചെയ്യണം എന്ന് പലരും ചോദിക്കാറുണ്ട് . ഇതിനുള്ള ശരിയായ ഉത്തരം ഒന്നും ചെയ്യാതിരിക്കുക എന്നതാണ് .അതായത് മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടൽ എത്രകണ്ട് കുറയുന്നോ അത്രയും പ്രകൃതി സുന്ദരവും  ജൈവസമ്പന്നവും സംശുദ്ധവുമായി  നിലനിൽക്കും .നൂറുകണക്കിന് വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചിട്ടു ഒന്നോ രണ്ടോ വൃക്ഷം നട്ടുപിടിപ്പിക്കുന്ന രീതിയാണ് ഇന്ന് കാണുന്നത് . അതുപോലെ ശുദ്ധമായ തെളിനീരുറവകൾ മലിനമാക്കിയ ശേഷം നാം  ജലശുദ്ധീകരണ പ്ലാന്റുകൾ പുതുതായി നിർമിക്കുന്നു .നോക്കൂ , നാം തന്നെ പ്രകൃതിയെന്ന റുബിക്സ് ക്യൂബിനെ  മാറ്റിമറിച്ചു വീണ്ടും പുനഃക്രമീകരിക്കാൻ ശ്രമിക്കുന്നു !  ഇത്തരം പ്രവർത്തനങ്ങൾ  ഇന്ന് പരിസ്ഥിതിയുടെ സമതുലനാവസ്ഥയെ തകിടം മരിക്കുന്നു

ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കൽ എന്നാൽ ഉദ്ദേശിക്കുന്നത്  നഷ്ടമാകുന്ന അഥവാ നഷ്ടപ്പെട്ട പ്രകൃതിയെ പൂർവ രൂപത്തിലാക്കുക എന്നതാണ് . മരങ്ങൾ നട്ടുപിടിപ്പിക്കുക ,നഗരങ്ങളെ കൂടുതൽ ഹരിതാഭമാക്കുക ,ഭക്ഷണശീലത്തിൽ മാറ്റങ്ങൾ വരുത്തുക , കടിഞ്ഞാണില്ലാതെ  കുതിക്കുന്ന ഉപഭോഗസംസ്കാരത്തിനു കുറച്ചെങ്കിലും കടിഞ്ഞാണിടുക , നദീതീരങ്ങളും , നദിയിലേക്കൊഴുകിയെത്തുന്ന ചെറുതോടുകളും മാലിന്യമുക്തമാക്കുക , പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പ്ളാസ്റ്റിക്കിനെ പരിസ്ഥിതി ദോഷമില്ലാത്ത തരത്തിൽ പുനരുപയോഗിക്കുക , പൊതുഗതാഗതം പ്രോത്സാഹിപ്പിച്ചു വാഹനങ്ങളുടെ എണ്ണം കുറക്കുക  ,  വൈദുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക   തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനുള്ള  ചില  മാർഗങ്ങളാണ് .   .ഇത്തരം പ്രവർത്തനങ്ങൾ  പലതരത്തിൽ നമ്മുടെ വായു , ജലം, മണ്ണ്  എന്നിവയിലെത്തിച്ചേരുന്ന മാലിന്യത്തെ വലിയ അളവിൽ കുറക്കാൻ സഹായിക്കും  .

അനുദിനം കൂടിവരുന്ന ആഗോളതാപനം നമുക്ക് പലതരത്തിൽ ഭീഷണി ഉയർത്തുന്നുണ്ട് . കടലിലെ ജലനിരപ്പുയരുന്നതും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും മനുഷ്യരാശിക്ക് വൻവിപത്തുകളാണുണ്ടാക്കുന്നത്‌ . കൊടുങ്കാറ്റും പ്രളയവും   ഇടിമിന്നൽമരണങ്ങളും ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുന്നു . ഇതുമൂലം വീടും തൊഴിലും ഉറ്റവരെയും നഷ്ടപ്പെട്ട്  ആയിരക്കണക്കിനാളുകൾ കഷ്ടപ്പെടുന്നുണ്ട് . ഇവരെ പരിസ്ഥിതി  അഭയാർത്ഥികൾ എന്നാണിപ്പോൾ അറിയപ്പെടുന്നത് !

കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ നാം കൂടുതൽ കർശനമായ  തീരുമാനങ്ങൾ എടുത്തേ പറ്റൂ . പ്ലാസ്റ്റിക് ഉപേക്ഷിച്ചതുകൊണ്ടോ മരംനട്ടതുകൊണ്ടോ മാത്രം അതുപരിഹരിക്കാനാവില്ല പകരം ഓരോരുത്തരും പുതുതായി ഒരു നൂതന പരിസ്ഥിതി സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്.  ഇത്തരം മാറ്റങ്ങൾകൊണ്ടുമാത്രമേ പരിസ്ഥിതി ദുരന്തങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാനും  ശുദ്ധവായുവും ശുദ്ധജലവുമുള്ള നല്ലൊരു ലോകം പടുത്തുയർത്താനും   നമുക്ക് കഴിയു .. .

ഗ്രൻഥകാരനും പരിസ്ഥിതി- പത്ര പ്രവർത്തകനും ദേശീയ ഹരിതസേനയുടെ എറണാകുളം ജില്ലാ കോ കോർഡിനേറ്ററുമാണ് ലേഖകൻ  .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക