Image

ബജറ്റില്‍ ഇടം നേടി മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍

ജോബിന്‍സ് തോമസ് Published on 04 June, 2021
ബജറ്റില്‍ ഇടം നേടി മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍
കേരളക്കരയില്‍ നിന്നും മണ്‍മറഞ്ഞു പോയ മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഇടം നേടി. ജെഎസ്എസ് നേതാവും സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായിരുന്ന കെ.ആര്‍.ഗൗരിയമ്മയും. കേരളാ കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയും മാര്‍ത്തോമാസഭാദ്ധ്യക്ഷനായിരുന്ന മാര്‍ ക്രിസോസ്റ്റം തിരുമേനിയുമാണ് ഈ മൂന്നുപേര്‍. 

കെ.ആര്‍.ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. മാര്‍ ക്രിസോസ്റ്റത്തോടുള്ള ബഹുമാനാര്‍ത്ഥം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ പേരില്‍ ചെയര്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. 

മാര്‍ ക്രിസോസ്റ്റം ചെയറിനായി അരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിത്യസ്ത മതദര്‍ശനങ്ങളിലെ മാനവീകതയുടെ മൂല്ല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ അരക്കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 

എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ രണ്ട് രാഷട്രീയ നേതാക്കളുടെ സ്മാരക നിര്‍മ്മാണത്തിന് തുക അനുവദിച്ചത് വിവാദമാകാനും സാധ്യതയുണ്ട് . ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നുകഴിഞ്ഞു. മുമ്പ് കെ.എം.മാണിക്ക് സ്മാരകം പണിയാന്‍ പണമനുവദിച്ചപ്പോളും ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക