Image

മലയാള സിനിമ ' ജോജി ' യെ പുകഴ്ത്തി ദ ന്യൂയോര്‍ക്കര്‍

ജോബിന്‍സ് തോമസ് Published on 04 June, 2021
മലയാള സിനിമ ' ജോജി ' യെ പുകഴ്ത്തി  ദ ന്യൂയോര്‍ക്കര്‍
മലയാള സിനിമ ഇക്കഴിഞ്ഞ കാലങ്ങളില്‍ ലോക സിനിമാ മേഖലയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല. അതുകൊണ്ട് തന്നെ നിരവധി ലോകോത്തര ചലച്ചിത്ര നിരൂപകര്‍ മലയാള സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോളിതാ അമേരിക്കയിലെ ' ദ ന്യൂയോര്‍ക്കര്‍ '  മലയാള സിനിമയായ ജോജിയെ പുകഴ്ത്തി ലേഖനമെഴുതിയിരിക്കുകയാണ്. കോവിഡ് കാലത്ത് ചിത്രീകരിച്ച മലയാള സിനിമയാണ് ജോജി. ഫഹദ് ഫാസിലാണ് നായകന്‍. കോവിഡ് കാലം വളരെ മികച്ച രീതിയില്‍ കഥയില്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞതായാണ് ന്യയോര്‍ക്കറിലെ ലേഖനത്തില്‍ പറയുന്നത്. 

പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ചിത്രത്തിന്റെ റിവ്യൂ ന്യൂയോര്‍ക്കറില്‍ എഴുതിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് പല ഹോളിവുഡ് ചിത്രങ്ങളും ഇറങ്ങിയെങ്കിലും ഇതിനെയെല്ലാം വെല്ലുന്ന ചിത്രമാണ് ജോജി യെന്ന് അദ്ദേഹം പറയുന്നു. കോവിഡ് കാല യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഒപ്പിയെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞതായാണ് പറയുന്നത്.

ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. കോട്ടയം ജില്ലയിലെ ഏരുമേലിയില്‍ പനച്ചേല്‍ കുടുംബത്തിലെ കുട്ടപ്പന്റെയും മക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. നിരവധി പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ അവസരം നല്‍കുകയും അവരുടെ പ്രകടനങ്ങള്‍ കൈയ്യടി നേടുകയും ചെയ്തിരുന്നു. 

ഷേക്‌സ്പിയറിന്റെ മാക്‌ബെത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് ജോജി. ജോജിയെ പ്രശംസിച്ചുകൊണ്ട് ദ ന്യൂയോര്‍ക്കറും രംഗത്തു വന്നതോടെ ജോജി യുടെ പ്രശസ്തി ആഗോളതലത്തിലേയ്‌ക്കെത്തുകയാണ് ഒപ്പം മലയാള സിനിമയ്ക്ക് അഭിമാന നിമിഷവും

മലയാള സിനിമ ' ജോജി ' യെ പുകഴ്ത്തി  ദ ന്യൂയോര്‍ക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക