America

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

Published

on

ഗംഗാധരൻ പിള്ള മരിച്ചുപോയി. കൊടുങ്കാറ്റാടിച്ച പോലെയൊന്നുമല്ല, ആ വാർത്ത താമരഭാഗത്തു പടർന്നത്. ലോകത്തെ മുഴുവൻ അടച്ചിട്ട ഒരു മഹാമാരിക്കിടയിൽ വാർദ്ധക്യ സഹജമായ ഒരസുഖം വന്നൊരാൾ മരിക്കുന്നത്, എങ്ങനെയാണൊരു വലിയ വാർത്തയാവുന്നത്? ഇരുപതു പേരെ സംബന്ധിക്കാൻ പാടുള്ളു എന്ന് സർക്കാരുത്തരവുണ്ട്. പക്ഷേ ഏതിരുപതാള് എന്ന്‌ തീരുമാനിക്കുന്നതെങ്ങനെ? ഗംഗാധരൻ പിള്ളയ്ക്ക് രണ്ടു മക്കളേയുള്ളൂ. പക്ഷേ മൂന്നു സഹോദരന്മാരുണ്ട്‌. അവരിൽ രണ്ടാമത്തെയാൾ കല്യാണം കഴിച്ചിരുന്നത് ആറു സഹോദരങ്ങളുള്ള ജഗദമ്മയെയാണ്‌. അവരുടെ മക്കളും കൊച്ചുമക്കളുമായി പത്തുപേര് വേറെയുമുണ്ട്. ജഗദമ്മയുടെ രണ്ടു സഹോദരന്മാർ നാട്ടുപ്രമാണിമാരാണ്. അവരേയും പങ്കെടുപ്പിക്കാതെ സാധ്യമല്ല. പിന്നെ അയൽക്കാർ, മക്കളുടെ സുഹൃത്തുക്കൾ, മക്കളുടെ ഭാര്യാഗൃഹത്തിലെ ആൾക്കാർ; സർക്കാരു തീരുമാനം അനുസരിക്കാനൊരു നിവൃത്തിയുമില്ല.
 
ശവം കൊണ്ടു വന്നപ്പോൾ ഉച്ചതിരിഞ്ഞു രണ്ടരയായി. ടിവിക്കു മുൻപിൽ പാ വിരിച്ച്, ഫാനിടാതെ ഉച്ചയ്ക്കു കിടക്കുന്നത് ഗംഗാധരൻ പിള്ള ശീലമാക്കിയിരുന്നു. പക്ഷേ ഇതിനു മുൻപ് കിടക്കുമ്പോഴെല്ലാം അയാൾക്കൊരു പേരുണ്ടായിരുന്നു. ഇന്നയാൾക്ക് പേരില്ല. ഒരു ഗണനാമം മാത്രമേയുള്ളു. ശവം, അല്ലെങ്കിൽ ബോഡി. "ബേവി" എന്നയാൾ വിളിച്ചിരുന്ന അയാളുടെ ഭാര്യ ബേബി (അതോ ഇനി മുൻഭാര്യ എന്നു പറയണോ?) പൊട്ടിക്കരയുന്നുണ്ട്. രണ്ടാഴ്ച മുൻപ് അയാൾ ആശുപത്രിയിലായപ്പോൾ, കഷ്ടപ്പെടുത്താതെ അങ്ങെടുക്കരുതോ എന്നു പ്രാർത്ഥിച്ചതിൽ ബേവിക്ക് കുറ്റബോധമുണ്ടാവും. മരുമക്കൾ രണ്ടും തേങ്ങിക്കരഞ്ഞുകൊണ്ട് അമ്മയുടെ ഇരുവശവുമിരിപ്പുണ്ട്. ഗംഗാധരൻ പിള്ള അവസാനകാലത്ത് ഒരു ബാധ്യതയായിരുന്നോ? മക്കളോ മരുമക്കളോ അയാളെ ഉപേക്ഷിക്കണം എന്നാഗ്രഹിച്ചില്ല. "എന്തൊരു ശല്യ"മാണെന്ന് ഒരു വട്ടം പോലും പറഞ്ഞില്ല. 2002-ൽ മൂത്തമോൻ രായൻ എന്ന രാജൻ ഒരു ബൈക്ക് വാങ്ങിയതിനു ശേഷം ചില മരണങ്ങൾക്കും കല്യാണങ്ങൾക്കും കൊണ്ട് പോകാൻ പറഞ്ഞ് അവനെ ബുദ്ധിമുട്ടിച്ചതൊഴിച്ചാൽ മറ്റൊരു ശല്യവും അയാളെകൊണ്ടുണ്ടായിട്ടില്ല. രണ്ടാമത്തെ മകൻ ശിവൻ ബുദ്ധിയുള്ളവനായിരുന്നു. അവൻ പിൻഭാഗം ഉയർന്ന ഒരു ബൈക്കാണ് വാങ്ങിയത്. അതുകൊണ്ടുതന്നെ അച്ഛനെ എവിടെയെങ്കിലും കൊണ്ടുപോകേണ്ട ബാധ്യത അവനൊരിക്കലും ഉണ്ടായില്ല. പക്ഷേ, അവസാനകാലത്ത്, പതിവില്ലാത്ത ചില ദേഷ്യപ്രകടനങ്ങളും വാശിയും അയാളുടെ ഭാഗത്തുനിന്നുണ്ടായി.
 
മൂത്ത ചെറുകുട്ടി ആദികേശനും, ഗംഗാധരൻ പിള്ളയ്ക്കും, ഒരേ സ്വഭാവമാവുന്നത് ബേവി ശ്രദ്ധിച്ചിരുന്നു. ഗംഗാധരൻ പിള്ളയെ സംബന്ധിച്ചിടത്തോളം ഒരുകാലത്ത് തന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്നവരെല്ലാം, അധികാര സ്ഥാനങ്ങളിലെത്തിയപ്പോഴുണ്ടായ അസ്വസ്ഥകളായിരുന്നോ അത്, എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജീവിച്ചിരുന്ന കാലത്തിനു ഞാൻ പ്രസക്തനാണോ എന്ന ചിന്ത, അയാളെ അലട്ടിയിരുന്നതുപോലെ. നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നമുക്കു പ്രസക്തിയുണ്ടോ എന്ന സംശയത്തേക്കാൾ അപകടകരമായ മറ്റൊരു ചിന്തയില്ല. ആ ചിന്ത മനസ്സിൽ വിത്തിട്ടു കഴിഞ്ഞാൽ, ശുഭാപ്തി വിശ്വാസങ്ങളുടെ കളനാശിനി നിങ്ങളെ സഹായിക്കുകയില്ല.
 
 
കേൾവികുറവിനും കാഴ്ച്ചക്കുറവിനുമൊപ്പം അവസാന നാളുകളിൽ ഓർമ്മക്കുറവും ശ്രീമാൻ പിള്ളയെ ബാധിച്ചിരുന്നു.  സാധാനങ്ങളെവിടെ വച്ചു, എന്ന മറവി മാത്രമല്ല; ആ മറവി അംഗീകരിക്കാനുള്ള മടിയും കൂടി ചേർന്നതായിരുന്നു അത്. തന്റെ സാധനങ്ങൾ എടുത്തുമാറ്റുന്നുവെന്നു പറഞ്ഞ്, അയാൾ പതിവായി ബേവിയോട്‌ വഴക്കിട്ടു. ബുദ്ധിമാനായ രണ്ടാമത്തെ മകന്റെ ഫെമിനിസ്റ്റ് ആയ ഭാര്യ, അയാളുടെ കോപത്തിന്റെ വാദമുഖങ്ങളെ പലപ്പോഴും യുക്തികൾ കൊണ്ട് പരാജയപ്പെടുത്തി. അയാളുടെ കോപത്തിനു പലപ്പോഴും സ്വന്തം പുരികങ്ങളിലൊതുങ്ങി നിൽക്കേണ്ടി വന്നു. അതു മൗനങ്ങളിലൂടെ അലമുറയിട്ടു. അവൾ പലപ്പോഴും ഒരു തന്റേടിയെങ്കിലും ന്യായമുള്ളവളാണ്. അവളുടെ കൂടെക്കൂടി ബേവിയും ന്യായങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അയ്യപ്പന്റെ കാര്യത്തിലൊഴികെ എല്ലാ ചാനൽ ചർച്ചകളിലും, അവളിപ്പോൾ പെണ്ണുങ്ങൾക്കൊപ്പമാണ്. "ഇവളുമാർക്കിതെന്തിന്റെ കേടാ?" എന്നിപ്പോൾ ബേവി ചോദിക്കാറില്ല. പക്ഷെ ഗംഗാധരൻ പിള്ള പഴഞ്ചനാണെന്ന് മക്കൾ പറയാറുണ്ട്. കൊച്ചുമക്കളെ നോക്കാൻ മരുമക്കൾ വീട്ടിൽ നിൽക്കണമായിരുന്നു എന്നയാൾക്ക് തോന്നിയിരുന്നു. അതേസമയം, പഠിച്ചു ജോലി വാങ്ങിയ മരുമക്കളോട് അയാൾക്കു മതിപ്പുണ്ടായിരുന്നു. തോന്നലാണോ പ്രവർത്തിയാണോ, ഒരാളിന്റെ സത്യം?
 
രാഹുകാലം കഴിഞ്ഞു, മൂന്നുമണിക്ക് ശവമെടുത്തു. ഗംഗാധരൻ പിള്ള പോവുകയാണ്. ഇനി ആരെങ്കിലും ഒരിക്കലവസാനമായി അയാളുടെ പേരു പറയും. അന്നയാൾ വീണ്ടും മരിക്കും. ആറുപേർക്ക് സാമൂഹിക അകലം പാലിച്ചു നിന്നു എടുക്കാൻ മാത്രം നീളം അയാളുടെ ശരീരത്തിനുണ്ടായിരുന്നില്ല. അയാളെ "അച്ഛാ" എന്നു വിളിച്ചിരുന്ന രണ്ടുപേരും "വലിയച്ഛാ" എന്നു വിളിച്ചിരുന്ന നാലുപേരും ചേർന്ന്, തൂത്തുവാരിയിട്ടിരുന്ന മുറ്റത്തു വിരിച്ച, വാഴയിലയിൽ കിടത്തി. നാട്ടിലെ പ്രമാണിമാർ ചുറ്റും നിന്നു. എല്ലാവരും മുഖം പാതി മറച്ചിരുന്നു. മരണവീട്ടിൽ അനുയോജ്യമായ ഭാവം വരുത്തേണ്ട ഭാരത്തിൽ നിന്ന് അതവരെക്കാത്തു. പരസ്പരം ചിരിക്കേണ്ടവർ കണ്ണു ചെറുതാക്കിക്കാണിച്ചു. അകത്തുനിന്ന സ്ത്രീകളുടെ കൂട്ടം വരാന്തയിലേക്ക് ഇറങ്ങിവന്നു. വെള്ളതുണി പുതച്ച്, ചുവന്ന പട്ടുമൂടി, ശവം കിടന്നു. പപ്പനാവൻ എന്ന, പത്മനാഭൻ എന്ന, പപ്പൻ, കാൽച്ചുവട്ടിൽ ഒരു ബക്കറ്റും വെള്ളവുമായി നിലയുറപ്പിച്ചു. മടക്കികുത്തഴിച്ച് അയാൾ ഗംഗാധരൻ പിള്ളയുടെ ശവത്തിന്, ആദരവു സമർപ്പിച്ചു. പിന്നെ തന്റെ കർമ്മത്തിനു തയാറെടുക്കാനെന്നവണ്ണം മുണ്ടിന്റെ മുൻഭാഗം, അൽപ്പമുയർത്തി, കാലുകൾക്കിടയിൽ തിരുകി. ബേവി മുന്നോട്ടു വന്നു. കരച്ചിലടക്കിയിട്ടുണ്ട്. പപ്പൻ കൈയ്യിൽ വെള്ളമൊഴിച്ചു കൊടുത്തു.
 
"തലയ്‌ക്കലോട്ട് ചെല്ല് ചേച്ചി" എന്നു പറഞ്ഞു. തലയ്ക്കുനിന്ന എൻ എസ് എസ് ഭാരവാഹി ശ്രീ ആറ്റുവീട്ടിൽ മോഹനൻ കൈയ്യിലേക്ക് ഒരു കിണ്ടിയിൽ നിന്നും വെള്ളമിറ്റിച്ചു കൊടുത്തു. ജീവിതത്തിലാദ്യമായി ബേവി ഭർത്താവിന്റെ (മുൻ) ചുണ്ടിലേക്കു ജലം ഇറ്റിച്ചു കൊടുത്തു. എത്ര വയ്യെങ്കിലും ഗംഗാധരൻ പിള്ള ( മക്കൾ രണ്ടുപേരും ഉപേക്ഷിച്ച വാല്, അവസാനം വരേയും അയാൾ സൂക്ഷിച്ചു.) സ്വന്തമായെ ആഹാരം കഴിച്ചിട്ടുള്ളു. മോഹനൻ ദർഭ പുല്ല് കൈയ്യിൽ കൊടുത്തു. "കാൽക്കലിട്ട് നമസ്കരിക്കണം" എന്നു പറഞ്ഞു. തിരിഞ്ഞു നടക്കാൻ തുടങ്ങിയ ബേവിയോട്, 'അതിലെ' എന്നു മോഹനൻ പറഞ്ഞു. വെള്ളയും പച്ചയും ഇടകലർന്ന ദർഭച്ചെടി കാൽക്കൽ വീണു. മൂന്നായിട്ടാണോ ഒരുമിച്ചു മതിയോ എന്ന തർക്കം മോഹനനും പപ്പനും തമ്മിൽ ചെറുതായി നടന്നു. 
 
ജീവനോടെയുണ്ടായിരുന്നെങ്കിൽ ഗംഗാധരൻ പിള്ളയ്ക്കഭിപ്രായമുണ്ടായിരുന്നേനെ. അയാൾ നാട്ടിലെ എന്തു  കാര്യത്തിനും അഭിപ്രായമുള്ള യോഗ്യനായിരുന്നു. ഇന്ദിരാഗാന്ധി നല്ല പ്രധാനമന്ത്രിയായിരുന്നു എന്നും, രാജീവ് ഗാന്ധി ചതിക്കപെട്ടതാണെന്നും, കരുണാകരനെ അട്ടിമറിച്ചാണിവിടെ പലരും മുഖ്യമന്ത്രിയായതെന്നും അയാൾ പല പൊതുവേദികളിലും പലതവണ പറഞ്ഞു കഴിഞ്ഞതാണ്. പുതിയ പ്രധാനമന്ത്രി അധികാരത്തിൽ വനപ്പോൾ, നെഞ്ചളവുള്ള ഒരാണ് അധികാരത്തിലെത്തിയെന്ന്  അയാൾ രഹസ്യമായി സന്തോഷിച്ചു. ആ സന്തോഷം, ബാങ്കിനു  മുന്നിൽ നിന്നപ്പോളുണ്ടായ തലകറക്കത്തോടൊപ്പം നിലത്തുവീണു. ശ്രീമാൻ പിള്ള  മരിക്കുന്നതിന് പതിനേഴു ദിവസം മുൻപ്, മോഹനന്റെയച്ഛൻ കോവാലേഷണൻ പണ്ട് സ്കൂളിൽ പോകുന്ന വഴിക്ക് പശു ഓടിച്ചു തോട്ടിൽ ചാടിയ കഥ ഓർത്തു ചിരിച്ചിരുന്നു. 
 
ചിന്തകളെ വായിക്കാനുള്ള യന്ത്രം കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട്, ‌വെറുതേ ചിരിക്കുന്നതുകണ്ട മൂത്ത മരുമകൾ ഭ്രാന്തിന്റെയാരംഭമാണോ എന്ന് സംശയിച്ചു. അല്ലെങ്കിലും, ഞാൻ കാണുന്ന ലോകം നീ കണ്ടില്ലെങ്കിൽ, എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നും. രണ്ടു മരുമക്കളും, അയാൾക്ക് (അതോ അതിനോ?) വെള്ളം കൊടുത്തു. ദർഭയും. ഗംഗാധരൻ പിള്ളയുടെ അനിയന്റെ മോന്റെ കൈയ്യിൽ വെള്ളമൊഴിക്കാൻ പോയ പപ്പനോട്, മോഹനൻ, 'ആണുങ്ങളവിടെ ചെന്നിട്ട്', എന്നു പറഞ്ഞു. ആറുപേർ സാമൂഹിക അകലം പാലിക്കാതെ വീണ്ടും അണിനിരന്നു. ശവം ഉയർത്തപ്പെട്ടു. അതിനനുസരിച്ച് ഒരു കണ്ടക്ടറുടെ നിർദ്ദേശത്തിനൊപ്പമുള്ള ഓർകസ്ട്ര പോലെ കരച്ചിലുമുയർന്നു.. ബേവിയെയും മരുമക്കളേയും ആരോ അകത്തേക്ക് നയിച്ചു. വരാന്തയിലിരുന്ന സ്ത്രീകൾ താടിയിൽ നിന്നു കൈയ്യെടുത്തു. 
 
ജഗദമ്മയുടെ സഹോദരന്റെ ഇളയപുത്രനെന്താണിങ്ങനെ മുടി വളർത്തുന്നത് എന്ന ചർച്ച നടന്നു. അവന്റെ ഇരുവശത്തുമായി രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു. മരണവീട്ടിലെങ്കിലും ഇവറ്റകൾക്ക് മര്യാദ കാണിച്ചൂടെ എന്നാരോ അഭിപ്രായപ്പെട്ടു. ആ ചെറുക്കൻ, പുറത്തിറങ്ങിയത് തന്റെ ഫോള്ളോവെർസ്-നെ എങ്ങനെ അറിയിക്കും എന്ന് ചിന്തിച്ച്, മണ്ണിൽ ചവിട്ടി തന്റെ ചെരുപ്പിന്റെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുകയായിരിക്കുന്നു. സാങ്കേതികവിദ്യ ശ്രീമാൻ പിള്ളയുടെ സുഹൃത്തായിട്ടില്ല ഒരിക്കലും. പിള്ളയുടെ ഫോണിൽ ഇപ്പോഴും കീ-കൾ ഉണ്ട് (ഉണ്ടായിരുന്നു?) ഏതു തിരക്കിലും, എ ആർ റഹ്മാൻ നിർമിച്ച ഒരു ട്യൂണിന്റെ കാതു തുളയ്ക്കുന്ന ഒരു ശബ്ദം പുറപ്പെടുവിക്കുന്ന ആ ഫോൺ, പരിചയക്കാർ തിരിച്ചറിഞ്ഞിരുന്നു. പിള്ളയുടെ ഏകസെൽഫി, 3 വയസുള്ള ചെറുമകൻ ആദികേശ്  എടുത്തതാണ്.
 
ടിവിക്കു മുന്നിലെ ഫാനിൻ ചുവട്ടിൽ കുളിച്ചു വസ്ത്രം മാറിവന്ന ആറാണുങ്ങൾ ഇരുന്നു. രാജനോട് പപ്പൻ "നീയെന്ന് വന്നെടാ", എന്നു ചോദിച്ചു.
 
"കഴിഞ്ഞ മാസം 18ന്"
 
"ആ അവിടൊക്കെ പ്രശ്നമാണോ"
 
"അത്യാവശ്യം"
 
"എന്തായാലും വന്നത് നന്നായി. ഇല്ലെങ്കിൽ അറിഞ്ഞ്, ഇതിനിടയിൽ നീ വരാൻ രണ്ടോ മൂന്നോ ദിവസം കാത്തിരിക്കേണ്ടി വന്നേനെ". അനിയന്റെ വീട്ടിൽ ഗംഗാധരൻ പിള്ള ചെല്ലുമ്പോഴൊക്കെ, അയാളെ തിരിച്ചു കൊണ്ടാക്കിയിരുന്ന, അനിയന്റെ കൊച്ചു മകനായ, ഉണ്ണിക്കുട്ടൻ അകത്തേക്കു കയറിവന്നു. അവന്റെ കൈയ്യിൽ ഗംഗാധരൻ പിള്ളയുടെ പഴയ ഫോട്ടോ, നിറം കൊടുത്തു ചില്ലിട്ടതുണ്ടായിരുന്നു.
 
"ശിവൻചേട്ടാ...ഇത്?"
 
"ആ എടാ, ഷോക്കേസിൽ വച്ചേക്ക്".
 
ശിവൻ ഹാളിലെ ഫാനിൻ ചുവട്ടിലിരുന്ന് പറഞ്ഞു. ഗംഗാധരൻ പിള്ളയുടെ സ്ഥാനം ഇനി അവിടെയാണ്. ഷോക്കേസിൽ.
-----------------
ആര്യൻ 
 
1994 ൽ താഴവിളയിൽ പ്രഭാകരൻ പിള്ളയുടേയും ഉഷാകുമാരിയുടേയും രണ്ടാമത്തെ മകനായി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ ജനിച്ചു.തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 
 
ഗ്രീൻവാലി ഇന്റർനാഷണൽ സ്കൂൾ, യു.ഐ.റ്റി പിരപ്പൻകോട് എന്നിവിടങ്ങളിൽ അധ്യാപകനായി . പഠന കാലത്ത് കോളേജ് മാഗസീനിൽ  എഴുതിയ 'ആതിഥ്യ മര്യാദ ' എന്ന ചെറുകഥയാണ് പ്രസിദ്ധീകരിച്ച ആദ്യത്തെ കൃതി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More