Image

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് ആരോപണങ്ങള്‍; ഒപ്പം വിഭാഗിയതയും

ജോബിന്‍സ് തോമസ് Published on 03 June, 2021
സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് ആരോപണങ്ങള്‍; ഒപ്പം വിഭാഗിയതയും
കൊടകര കുഴല്‍പ്പണമിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങളും അന്വേഷണവും ബിജെപി സംസ്ഥാന നേതൃത്വത്തിലേയ്ക്ക് നീങ്ങവേയാണ്  സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുുപ്പിലേറ്റ കനത്ത പരാജയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയൊരാരോപണം ബിജെപിയെ പിടിച്ചുലയ്ക്കുന്നത്.

സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ എന്‍ഡിഎയിലെടുക്കാന്‍ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം. അതും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയാണ് ആരോപണം. ജാനുവിന് പത്ത് ലക്ഷം രൂപനല്‍കിയെന്ന് പറഞ്ഞത് പാര്‍ട്ടി ട്രഷറര്‍ പ്രസീദയാണെങ്കില്‍ ഇന്ന് പാര്‍ട്ടി പ്രസിഡന്റ് ആരോപിച്ചിരിക്കുന്നത് ജാനു സുരേന്ദ്രന്റെ കൈയ്യില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ വാങ്ങിയെന്നാണ്. 

പാര്‍ട്ടി നേതൃത്വത്തിനും സുരേന്ദ്രനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടി പ്രതിരോധിക്കുന്നില്ല എന്നതാണ് രസകരം. സുരേന്ദ്രന്‍ മാത്രമാണ് ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്,എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരെയൊന്നും ആരോപണങ്ങള്‍ വന്ന വഴിക്കേ കാണാനില്ല. 

തെരഞ്ഞെടുപ്പിലെ പാര്‍ട്ടി ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ ഉള്‍പ്പോരിന് കാരണം. പല മണ്ഡലങ്ങളിലും പണം ലഭിച്ചില്ലെന്നും  സുരേന്ദ്രന്‍ പക്ഷക്കാര്‍ മത്സരിച്ച സ്ഥലങ്ങളില്‍ മാത്രമാണ് കൃത്യമായി പണമെത്തിയതെന്നുമാണ് മറുപക്ഷം ആരോപിക്കുന്നത്. 

എ ക്ലാസ് മണ്ഡലങ്ങളില്‍ പോലും പണമെത്തിക്കാതെ പാര്‍ട്ടിയിലെ ചില ഇടനിലക്കാര്‍ ഇതു തട്ടിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കൂടുതല്‍ വോട്ടു പിടിക്കാമായിരുന്ന ചില മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ പക്ഷത്തിന്റെ താത്പര്യപ്രകാരം ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും പാര്‍ട്ടിയിലെ മറുപക്ഷത്തിന് പരാതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക