Image

സുപ്രീം കോടതി കണ്ണുരുട്ടുന്നു; ഭരണ കേന്ദ്രങ്ങൾ കണ്ണ് തുറക്കട്ടെ : ആൻസി സാജൻ

Published on 03 June, 2021
സുപ്രീം കോടതി കണ്ണുരുട്ടുന്നു; ഭരണ കേന്ദ്രങ്ങൾ കണ്ണ് തുറക്കട്ടെ : ആൻസി സാജൻ
കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിൻ നയം പുന:പരിശോധിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതീക്ഷയുണർത്തുന്നു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ അവർ തിരഞ്ഞെടുത്ത സർക്കാരിനാവുന്നില്ലെങ്കിൽ അത് എന്തു തരം ജനാധിപത്യമാണ്? എന്തായാലും വിശ്വാസം നഷ്ടപ്പെടുത്തുന്ന ഭരണകൂട നടപടികളെ ശാസിക്കുവാൻ പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ നമുക്ക് ആശ്വാസമേകുന്നു. 45 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്ന തലതിരിഞ്ഞ കേന്ദ്രനയം യുക്തിരഹിതവും അധികാര ഗർവുമല്ലാതെ മറ്റൊന്നുമല്ല. കുത്തിവയ്പുമായി ബന്ധപ്പട്ട കണക്കുകൾ ഉൾപ്പടെ സകല വിവരങ്ങളും ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്ന ന്യായമാണ് കേന്ദ്ര ഗവൺമെന്റ് വാദമായുയർത്തുന്നത്. ഇതിന് സംസ്ഥാനങ്ങളുടെ നിലപാടുകൾ അന്വേഷിക്കുന്നുണ്ട്. ഇനിയും വാക്സിൻ ലഭിക്കാത്ത മുഴുവൻ പേർക്കും മരുന്ന് ലഭ്യമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുവാനും കോടതി ആവശ്യപ്പെട്ടു. ഈ വർഷം ഡിസംബറോടെ ഇന്ത്യയിലെ 100 കോടി മനുഷ്യർക്ക് വാക്സിനേഷൻ നടത്തുമെന്നായിരുന്നു സർക്കാരിന്റെ അറിയിപ്പ്.
കോവിഡിന്റെ ആദ്യവരവിൽ പ്രായമേറിയവരായിരുന്നു ഇരകൾ. അന്നത്തെ അങ്കലാപ്പിൽ മുതിർന്ന പൗരന്മാർക്ക് ആദ്യഗഡു വാക്സിൻ അനുവദിക്കപ്പെട്ടു. അതു പോലും ക്രമീകൃതമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലിതുവരെ.കുറെക്കൂടി തീക്ഷ്ണമായി രണ്ടാം ഘട്ടം വ്യാപിച്ചതോടെ യുവജനങ്ങളും മധ്യവയസ്കരും ആപത്തിലായി. ഒരുപാട് ജീവനുകളെ കോവിഡ് കൊണ്ടുപോകുന്നു.. ഈ വിഭാഗക്കാർക്കുള്ള വാക്സിനേഷൻ കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലാത്ത ഗുരുതര സ്ഥിതി തുടരുകയാണിപ്പോൾ. മരുന്നെത്തുംമുമ്പേ കുട്ടികളെയും കൗമാരപ്രായക്കാരെയും ആക്രമിക്കാൻ ഭീകരമായി മൂന്നാം ഘട്ടമെത്തുമെന്ന ഭീതിയാണിപ്പോഴുള്ളത്. അതുപോലെ മറ്റ് അനുബന്ധ രോഗങ്ങളും.
കോടാനുകോടികൾ ചിലവഴിച്ച് അധികാര താൽപ്പര്യങ്ങൾക്കനുസരിച്ച നിർമ്മിതികളും പദ്ധതികളുമുയർത്തി നാട്ടിലെ സമ്പത്ത്മുഴുവൻ അവയ്ക്ക്മേൽ കുടഞ്ഞിട്ട് ആസ്വദിക്കാൻനിൽക്കാതെ മനുഷ്യജീവന്റെ നിലനിൽപ്പ് സുപ്രധാനമെന്ന് തിരിച്ചറിയാൻ വൈകുന്ന അവിവേകങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് മാമാങ്കത്തിൽ ചാക്കുനിറയെ ഫണ്ടുമായി ആളെ പിടിക്കാൻ നടക്കുന്ന കഥകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആസൂത്രണ പാളിച്ചകൾകൊണ്ട് ജനതയെ കൊലയ്ക്കു കൊടുത്തിട്ട് പിന്നെ ആരെയാണ് ഭരിക്കേണ്ടത് ? മനുഷ്യവിഭവശേഷി കൊണ്ട് സമൃദ്ധമായ നമ്മുടെ നാട്ടിൽനിന്നും
സാമ്പത്തിക മേൽക്കോയ്മയുള്ള നാടുകളിൽ പോയി മനുഷ്യർ അത്യധ്വാനം ചെയ്ത് രാജ്യ വളർച്ചയ്ക്ക് കൊണ്ടുവരുന്ന സഹായങ്ങൾ പോലും നിലച്ചു പോയേക്കും .
ഇങ്ങനെ പോയാൽ എണീറ്റ് നടക്കാൻ തക്ക ആരോഗ്യം ഇവിടുള്ളവർക്ക് അവശേഷിക്കുമോ എന്ന് ആർക്കറിയാം !
അത്യാവശ്യ സന്ദർഭങ്ങളുണ്ടാവുമ്പോൾ അത് മറികടക്കാൻ മറ്റാവശ്യങ്ങൾക്ക് മാറ്റിവച്ച തുകകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. പൂട്ടി വച്ചിരിക്കുന്ന അത്തരം നിധികുംഭങ്ങൾ തുറന്ന് ജീവന്റെ നിലനിൽപ്പിനുപകരിക്കും വിധം മാറ്റി ചിലവഴിച്ചു കൂടെ?
വാക്സിൻ ഉൽപ്പാദനം കൂട്ടുകയും ലഭ്യമാകുന്നിടത്തു നിന്നെല്ലാം വാങ്ങിച്ചെടുക്കുകയുമാണ് വേണ്ടത്. ഗവൺമെന്റ് ആശുപത്രികൾക്കു പുറമേ സർവത്ര സജ്ജമായ അനേകം സ്വകാര്യ ആശുപത്രികളും കേരളത്തിലുണ്ട്. എല്ലാം ചേർന്ന് പ്രവർത്തിച്ച് എങ്ങനെയും വാക്സിൻ ലഭ്യത ഉറപ്പാക്കി നിശ്ചിത സമയത്തിനുള്ളിൽ വേർതിരിവുകളില്ലാതെ ഏവർക്കും വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കണം. പ്രഥമവും പ്രധാനവുമായ ഈ ഉത്തരാവാദിത്വ നിർവ്വഹണമാണ് കേരള സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. 
കേന്ദ്രത്തിലേക്കു കൈ ചൂണ്ടി വാദങ്ങൾനിരത്തി കാലതാമസം വരുത്തിയാൽ ഉണ്ടാവുന്ന നഷ്ടങ്ങൾ കണ്ണീർക്കടലുകൾ കെട്ടും...
അത് നീന്തിക്കയറുവാൻ കഴിഞ്ഞെന്നുവരില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക