Image

ജോസ് കെ. മാണിക്ക് ക്യാബിനറ്റ് റാങ്ക് ?

ജോബിന്‍സ് തോമസ് Published on 03 June, 2021
ജോസ് കെ. മാണിക്ക് ക്യാബിനറ്റ് റാങ്ക് ?
എല്‍ഡിഎഫിലെ മൂന്നാമത്തെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ ജോസ് കെ. മാണി ഒരു പ്രധാന വകുപ്പോടെ മന്ത്രിസഭയില്‍ ഉണ്ടാകേണ്ട ആളായിരുന്നു. എന്നാല്‍ പാലായിലെ തോല്‍വി ജോസിന്റെ സ്വപ്‌നങ്ങള്‍ക്ക് തുരങ്കം വച്ചു. എന്നാല്‍ ജോസിനെ കൈവിടാന്‍ സിപിഎം ഒരുക്കമല്ല എന്നാണ് വിവരങ്ങള്‍. ജോസ് കെ.മാണിക്ക് ക്യാബിനറ്റ് റാങ്കുള്ള ഒരു പദവി നല്‍കിയേക്കുമെന്നാണ് വിവരങ്ങള്‍. മുമ്പ് വി.എസ്. അച്യുതാനന്ദന് വേണ്ടി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവിയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഇതല്ലെങ്കില്‍ ജോസിന് വേണ്ടി കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. 

ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്യക്ഷപദവിയാണെങ്കില്‍ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയും 31 പേഴ്‌സണല്‍ സ്റ്റാഫുകളും ക്യാബിനറ്റ് റാങ്കുമുള്ള പദവിയാണ്. മറ്റൊരു വകുപ്പിന്റേയും കീഴില്‍ വരുന്ന പദവിയല്ല എന്ന പ്രത്യേകതയും ഉണ്ട്. നേരിട്ട് മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അതിനാല്‍ തന്നെ ഇത് മന്ത്രി സ്ഥാനത്തിന് തുല്ല്യമാണ്. എന്നാല്‍ ഇത് ഏതെങ്കിലും മുതിര്‍ന്ന സിപിഎം നേതാവിന് നല്‍കാനായിരുന്നു സിപിഎം ആലോചന. ഇങ്ങനെ വന്നാല്‍ വൈക്കം വിശ്വന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. 

ഈ സ്ഥാനം സിപിഎം തന്നെ നിലനിര്‍ത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഈ കമ്മീഷന്‍ കൃഷി വകുപ്പിന്റെ കീഴിലായിരിക്കും വരിക. കൃഷിവകുപ്പ് ഇപ്പോള്‍ സിപഐയുടെ കൈയ്യിലാണ്. മറ്റൊരു ഘടക കക്ഷി മന്ത്രിയുടെ കീഴിലുള്ള സ്ഥാനത്തോട് ജോസിനും താത്പര്യമില്ല. ക്യാബിനറ്റ് പദവിയുള്ള സ്ഥാനം നല്‍കിയാല്‍ ജോസ് കെ. മാണി രാജിവച്ച രാജ്യാസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേയ്ക്കും. ഈ വഴിക്കും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

പാര്‍ട്ടിക്ക് ലഭിച്ചേക്കാവുന്ന ഈ രാജ്യസഭാ സീറ്റില്‍ കണ്ണുവയ്ക്കുന്ന നേതാക്കള്‍ കേരളാ കോണ്‍ഗ്രസില്‍ ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ജോസ് കെ.മാണിക്ക് വേണ്ടി ഈ സീറ്റ് സിപിഎമ്മിന് വിട്ടുകൊടുക്കുന്നതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ട്. എന്തായാലും ജോസ് കെ. മാണിയുടെ ക്യാബിനറ്റ് റാങ്ക് പദവി സംബന്ധിച്ച് ഉടന്‍ തന്നെ തീരുമാനമുണ്ടായേക്കും. 

എന്നാല്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ ജോസ് കെ. മാണി നിഷധിച്ചു. സിപിഎം കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക