America

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

Published

on

മേരിയമ്മയ്ക്കൊപ്പം  പ്രഭാത ഭക്ഷണം  കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്,  അംബികാമണിയുടെ  മൊബൈലിൽ ഒരു കോൾ  വന്നത്. കണ്ണട വയ്ക്കാത്തപ്പോൾ,  അക്ഷരങ്ങളോ അക്കങ്ങളോ വായിച്ചെടുക്കാൻ പ്രയാസപ്പെടുന്ന അവർ, ഇപ്പോൾ  അതില്ലാതെ തന്നെ  എങ്ങനെ  കൃത്യമായി   വായിച്ചുവെന്ന്  മേരിയമ്മ ഒരു നിമിഷം  ആശ്ചര്യപ്പെട്ടു. എന്നാൽ  അത്,  ഒരമ്മയ്ക്ക്‌  മാത്രം ഈശ്വരൻ കൊടുക്കുന്ന അന്തർചോദനയാലാണു  സാധിച്ചതെന്ന്  താമസിയാതെ മനസിലായി.. ആ നമ്പർ, അവർ   എപ്പോഴേ  മനഃപാഠമാക്കിയതാണ് ! എത്രയോ തവണ  മനസ്സിലിട്ടു താലോലിച്ചതാണ് !! .അതു  തിരിച്ചറിഞ്ഞപ്പോൾ  ആനന്ദാതിരേകത്താൽ "ന്റെ ഭഗവാനെ "എന്ന്  അവർ വിളിച്ചത് ഒരൽപം ശബ്ദം  കൂടിപ്പോയോന്നു സംശയം.
 
തനിക്കിഷ്ടപ്പെട്ട, വറ്റൽ മുളകു വറുത്തരച്ച തക്കാളിച്ചട്ണി  കൂട്ടി ഇഡ്ഡലി  കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അംബികാമണി.  മേരിയമ്മയോടു 'കഴിപ്പ് തുടർന്നു  കൊള്ളൂ, താൻ  നിർത്തി' എന്ന് പറഞ്ഞു  കൊണ്ട് , കൈ കഴുകാനായി  ധൃതിയിൽ  അവർ വാഷ് ബേസിന്റെ  അടുക്കലേയ്ക്ക് നടന്നു. ആ സന്തോഷാധിക്യത്തിനു   കാരണം ഇതു  മാത്രമായിരുന്നു.  ആ കോൾ  അവരുടെ ഒരേയൊരു  പുത്രൻ , പ്രകാശന്റെയായിരുന്നു .നാലു പെണ്മക്കളെ പ്രസവിച്ച ശേഷം ഒട്ടേറെ  വഴിപാട് കഴിച്ചുണ്ടായവൻ !!   
 
ഈ ഫോൺ  അവരുടെ ഇളയ  മകളുടെ പുത്രൻ, ഓസ്ട്രേലിയയിൽ ജോലി കിട്ടിപ്പോകുന്നതിന്  മുൻപ് അമ്മമ്മയ്ക്ക് സമ്മാനിച്ചതാണ്. അനുഗ്രഹം വാങ്ങാനായി അമ്മയോടൊപ്പം വന്നപ്പോൾ,  അവൻ  ഉപയോഗിച്ചിരുന്ന പഴയ  ഫോൺ അംബികാമണിയ്ക്കു   നൽകി. ഈ സ്മാർട്ട്‌  ഫോൺ  ഉപയോഗിക്കാനൊന്നും ശരിക്കുമറിയില്ലെങ്കിലും, അംബികാമണിക്ക്  സന്തോഷത്തിനു  കുറവൊന്നുമുണ്ടായില്ല. കാരണം,  പ്രിയപ്പെട്ടവരെ  വിളിക്കാനും ആരെങ്കിലും ഇങ്ങോട്ടു  വിളിച്ചാൽ  കോൾ  അറ്റൻഡ്  ചെയ്യാനും   അവർ പഠിച്ചു.  അപ്പോഴൊക്കെ 'എന്നാണ്  തന്റെ മകന്റെ നമ്പർ,  ഈ  ഫോണിന്റെ  സ്‌ക്രീനിൽ  തെളിയുന്നത്  എന്നോർത്തു  അവർ കൊതിച്ചിട്ടുണ്ട്.
 
അറുപത്തെട്ടു വയസുള്ള അംബികാമണി,  ഈ  വൃദ്ധസദനത്തിൽ വന്നിട്ട് അഞ്ചു വർഷം  കഴിഞ്ഞിരിക്കുന്നു.  ഇക്കാലയളവിൽ,  പ്രകാശൻ,  അംബികാമണിയെ വിളിച്ചിട്ടുള്ളത്  ആകെ ഒരേയൊരു  തവണയാണ്.   അവരുടെ ചെറിയമ്മാവൻ, മൂന്നുമാസം മുൻപ്  മരിച്ചപ്പോഴാണത്. അമ്മാവനാണെങ്കിലും  അംബികാമണിയേക്കാൾ ഒരു വയസിനു ഇളയതാണ് അദ്ദേഹം. അന്നേരം  മേരിയമ്മയാണ്  ഫോൺ എടുത്തത്. തനിക്ക്  കലശലായ പനിയുണ്ടായിരുന്നു. അമ്മയെ ബുദ്ധിമുട്ടിക്കേണ്ട എന്നു പറഞ്ഞു, മകൻ ഫോൺ പെട്ടെന്ന്  വച്ചു. 
 
ഈ  കോൾ  വരുന്നതിനു തൊട്ടു മുൻപ്, ഒരു  ടേബിൾ  അപ്പുറത്ത്  എതിർ ദിശയിൽ ഇരിക്കുന്ന  വൃദ്ധനെക്കുറിച്ചു  നീരസത്തോടെ സംസാരിക്കുകയായിരുന്നു അംബികാമണിയെന്ന്  മേരിയമ്മ ഓർത്തു.  അവിടുത്തെ ആകെയുള്ള അഞ്ചു  പുരുഷ അന്തേവാസികളിൽ, ഒരാളാണ് അയാൾ. വന്നിട്ട്  കഷ്ട്ടിച്ചു  മൂന്നാഴ്ച്ചയേ ആയിട്ടുള്ളൂ.. 
 
  'ഇയാൾ  മനുഷ്യരെ കണ്ടിട്ടില്ലേ? ഇതെന്തൊരു  തുറിച്ചു നോട്ടം!" അംബികാമണി തന്റെ  അനിഷ്ടം തുറന്നു പറഞ്ഞു. അവരുടെ  ദൂരക്കാഴ്ച്ചയ്ക്ക്  നല്ല വ്യക്തതയാണ്.  തങ്ങളുടെ സംഭാഷണം അടുത്ത  ടേബിളിലെ സ്ത്രീ  ശ്രദ്ധിക്കുന്നു എന്നു മേരിയമ്മ കണ്ടതിനാൽ,  അവർ  അതൊന്നു മയപ്പെടുത്താൻ  ശ്രമിച്ചു:
 
 "അംബികേടത്തി, അതേയ് അങ്ങേർടെ കണ്ണ്  വല്ലാണ്ട്  തള്ളിയിരിക്കുന്നതു കൊണ്ട് നമുക്ക്  തോന്നുന്നതാണോ? “
 
അവർക്കു ദേഷ്യം  വന്നു : " ദേ കൊച്ചേ, നീയെന്നെ പഠിപ്പിക്കേണ്ട. അപ്പുറത്തോരു മനുഷ്യനിരിപ്പുണ്ടല്ലോ. അങ്ങേരെ  കണ്ടു പഠിക്കട്ടെ " അൻപത്തൊൻപതുകാരിയായ മേരിയമ്മയെക്കാൾ ലോകം  കണ്ട ഗൗരവത്തിൽ,   അംബികാമണി പറഞ്ഞു
 
അപ്പുറത്തിരുന്നു  കഴിക്കുന്ന  രാജൻ  സാറിനെ ഉദ്ദേശിച്ചാണ് , അവരതു പറഞ്ഞതെന്ന്  മേരിയമ്മയ്ക്കു മനസിലായി. അത്  സത്യവുമാണ്. അദ്ദേഹം  ഒരു നല്ല മനുഷ്യനാണെന്ന്  ആരും പറഞ്ഞു പോകും. മേരിയമ്മ  ഓർത്തു. 
 
അംബികാമണി  വിട്ടു കൊടുക്കാൻ തയ്യാറല്ല. അവർ തുടർന്നു:  "ഈ തന്തയ്ക്ക്  പെണ്ണുങ്ങളെക്കാണുമ്പോ എന്താത്ര പരോശം!! പന്തം  കണ്ട പെരുച്ചാഴിടെ  മാതിരി."   
 
 
 
മേരിയമ്മയ്ക്കു  ഇതു കേട്ടപ്പോൾ ചിരി  പൊട്ടി. അറിയാതെ  ചിരിച്ചു പോയി.
"അതിനിത്ര  ചിരിക്കാൻ  ഞാനെന്തു പറഞ്ഞു? ഇളിച്ചിക്കോത" തന്റെ ഫലിതം  ആസ്വദിച്ച  ചാരിതാർഥ്യത്തിൽ അംബികാമണി, മേരിയമ്മയെ നോക്കി വിളിച്ചു. 
ചിരി  തുടങ്ങിയാൽപ്പിന്നെ,   അവർക്ക്  നിർത്താൻ പറ്റില്ല...പെട്ടെന്നാണ്  അവരോർത്തത്...  പ്രായമിത്രയായില്ലേ... ഇനി പഴയ  ശീലമൊന്നും  പാടില്ല.  അവർ തന്റെ ഇടം കൈ  കൊണ്ട് ചിറി  അമർത്തി  ചിരിയൊതുക്കി. അഞ്ചു  വർഷം  മുൻപത്തെ  ഒരു വീഴ്ചയിൽ, വായുടെ മുൻനിരയിൽ മുകളിലെ ഒരു പല്ല്  നഷ്ടപ്പെട്ടിരുന്നതിനാൽ , അതാരും  കാണരുത്  എന്നും അവർക്കുണ്ടായിരുന്നു 
 
തന്നെ 'ഇളിച്ചിക്കോത 'എന്ന് വിളിച്ചിരുന്ന ഒരാൾ  ഉണ്ടായിരുന്നു പണ്ട്. മേരിയമ്മ  ഓർമ്മിച്ചു ...അത്  തന്റെ ഉറ്റ   സുഹൃത്തായിരുന്ന കൊച്ചുത്രേസ്യയായിരുന്നു.  അവളുടെ തമാശകൾ കേട്ട് താൻ ചിരിച്ചു  മറിയുമ്പോഴാണ് അവളിങ്ങനെ വിളിച്ചിരുന്നത്. ചിലപ്പോഴൊക്കെ അവളിങ്ങനെ പറയും  "പക്ഷേങ്കി  നിന്റെ ചിരിക്കൊരു  ഭംഗീണ്ട് "       
 
 'ഉണ്ടായിരുന്നോ ആവോ 'മേരിയമ്മ  ഓർത്തു.  താൻ  സുന്ദരിയായിരുന്നുവെന്ന് അവളൊഴിച്ച്  ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഭർത്താവ് പോലും! 'ഓമനക്കുട്ടീ'ന്ന് വിളിച്ച്  തന്റെ  മാതാപിതാക്കൾ  തന്നെ ലാളിച്ചിട്ടേയില്ല. അല്ലെങ്കിൽത്തന്നെ  ധനികയല്ലാത്ത ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തിനു എന്താണ് പ്രസക്തി?    
 
വിവാഹത്തിനു മുൻപ് പെണ്ണു കാണാൻ വന്നപ്പോൾ , അവൾ  അയാളുടെ മുഖമൊന്നു  ശരിക്കു കണ്ടതേയില്ല.  കട്ടൻ  ചായയുമായി അയാൾക്ക്‌ മുന്നിൽ   ചെന്നപ്പോൾ  തനിക്ക്  തലയുയർത്തി  നോക്കാൻ  ധൈര്യം ഉണ്ടായിരുന്നില്ല.  അയാളെ ഒരു നോക്കു  കാണാൻ അടുക്കളയിലെ പൊത്ത് പോലുള്ള  ജനലിലൂടെ  നോക്കിയപ്പോൾ,  അയാളുടെ അമ്മാച്ചനെയാണ് കണ്ടത്. ഇളകിയിരുന്ന ജനൽപ്പാളിയിൽ നിന്ന്  കൈയിൽ കരിയും പുകയും പറ്റിയതു മിച്ചം. 
 
"ഇനിയിപ്പോൾ വച്ചു  താമസിപ്പിക്കേണ്ട,  അടുത്തതിന്റെ അടുത്ത  ശനിയാഴ്ച  മനസമ്മതം" ഇതു   പറഞ്ഞു കൊണ്ട്   അമ്മാച്ചൻ  പുറത്തേയ്ക്കിറങ്ങി.
 
കെട്ടു കഴിഞ്ഞു  ഭർത്താവിനോടൊപ്പം ബസിറങ്ങുമ്പോഴാണറിഞ്ഞത്, അയാളുടെ വീട്  വലിയൊരു കുന്നിൻ മുകളിലാണെന്ന്. ഒരു മധ്യവേനലവധിക്കു അമ്മവീട്ടിൽ പോയപ്പോൾ, അത്തവണത്തെ  ദുഃഖവെള്ളിയാഴ്ചയിൽ, നസ്രായനായ യേശുവിന്റെ പങ്കപ്പാട്  അനുസ്മരിക്കാൻ ഇത്തരമൊരു മലയിലേയ്ക്ക്   വല്യമ്മച്ചിയോടൊപ്പം പോയത് അവൾക്ക്  ഓർമ്മയുണ്ട്. പക്ഷേ  ഇത് , അതിലും ദുർഘടം പിടിച്ച യാത്രയാണെന്നു തോന്നി.  മുകളിലെത്തിയപ്പോൾ, അയാൾടെ വീട്ടിലേയ്ക്കുള്ള  കുത്തുകല്ലുകൾ  കയറവേ  അയാൾ അവളോട് പറഞ്ഞു :
 
"തള്ളക്ക്‌  കഞ്ഞീം  കൂട്ടാനും  വയ്ക്കാനാ  നെന്നെ  കെട്ടിയെടുത്തത്. അടങ്ങിയൊതുങ്ങി നിന്നോണം "
അയാളുടെ ആദ്യസംഭാഷണം കേട്ടപ്പോൾ തന്നെ ഭയന്നു പോയി. 
 
പെട്ടെന്ന് , ഇളകി നിന്ന  ഒരു കല്ലിൽ  കാലിടറി  താൻ  വീഴാൻ ഭാവിച്ചു... മറ്റൊരു കല്ലിൽ പിടുത്തം കിട്ടിയതിനാൽ വീണില്ല... ഭാഗ്യം... പക്ഷേ  വലത്തെ കൈയിലെ  തൊലിയിളകി, ചോര പൊടിഞ്ഞു. ഉടനെ  അയാൾ  തിരിഞ്ഞു നിന്നു. അപ്പോഴാണ് അയാളുടെ പരുക്കൻ മുഖവും ചുവന്ന  കണ്ണുകളും അവൾ  ശരിക്കും കണ്ടത്. 
 
അയാൾ  ദേഷ്യത്തിൽ മുരണ്ടു കൊണ്ടു  പറഞ്ഞു: "ആ കല്ലെടുത്ത് നേരെ വെയ്‌ക്കെടീ"
ആ കല്ലെടുത്ത്  നേരെ   വയ്‌ക്കേണ്ട ആവശ്യം  എന്താണെന്ന്  അവൾക്ക്  പിന്നീടാണ്  മനസിലായത്. രാത്രിയിൽ  അയാൾ മദ്യപിച്ചു ലക്ക് കെട്ടു വരുമ്പോൾ  തട്ടി വീഴരുതല്ലോ.            
 
ഭർതൃവീട്ടിൽ  ചെന്ന്  കഷ്ടപ്പാടുകളുടെ ഒരു ജീവിതമായിരുന്നു  മേരിയമ്മയ്ക്കു നേരിടേണ്ടി വന്നത്. അങ്ങു താഴെ നിന്ന്  വെള്ളം ചുമന്നു   കൊണ്ടു വരണം. വിറകു കീറണം.  അമ്മായിയമ്മയ്ക്ക്  എതിർവാക്ക്  ചൊല്ലാതെ,   കഷ്ടപ്പാടുള്ള  എല്ലാ ജോലികളും   ചെയ്തു തീർക്കണം. അന്ന്  ആ സങ്കടങ്ങളുടെ നടുവിൽ , ഏക  ആശ്വാസമായാണ് തനിക്ക് ഒരു മകൻ  പിറന്നത്.
 
തന്റെ’  യോഗം ‘ വല്ലാതങ്ങു  തെളിഞ്ഞത്,  ഭർത്താവിന്റെ അമ്മ മരിച്ചു  കഴിഞ്ഞപ്പോഴാണ്. അവർ ജീവിച്ചിരുന്നപ്പോൾ അയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല. പക്ഷേ, അതിനു ശേഷം  അയാൾ  അതും തുടങ്ങി. ഒടുവിൽ,  കുടിച്ചു കുടിച്ച് അയാൾ മരിക്കുവോളം അത് തുടർന്നു. അന്നൊക്കെ  രാത്രിയിൽ വന്ന്  അയാൾ,  ചോറും കറിയും വച്ച പാത്രങ്ങൾ എടുത്തെറിയുമ്പോൾ, താൻ  അടുക്കളപ്പുറത്തിരുന്നു   കരയും. അപ്പോഴൊക്കെ മകൻ,  തന്നെക്കെട്ടിപ്പിടിച്ച്  ആശ്വസിപ്പിച്ചു കൊണ്ട് പറയും:
 "അമ്മ കരയണ്ട. വലുതാവുമ്പോൾ ഞാൻ അപ്പനേപ്പോലെയാകത്തില്ല.  ... അമ്മയെ നന്നായി  നോക്കും "
 
അവൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്   മേരിയമ്മയുടെ ഭർത്താവ് മരിച്ചത്. . പിന്നെ അവൻ പഠിത്തം നിർത്തി. കൂലിപ്പണിക്ക് പോയിത്തുടങ്ങി. ആദ്യമൊക്കെ കൂട്ടുകെട്ടൊന്നുമില്ലായിരുന്നു. പിന്നീട് രണ്ടു വർഷം കഴിഞ്ഞപ്പോൾ മുതൽ അവനും അപ്പനേപ്പോലെ കുടി തുടങ്ങി. ബഹളവും ഒച്ചപ്പാടുവൊന്നുമുണ്ടാക്കില്ല. വീട്ടിലേയ്ക്കുള്ള  അരിയും സാധനങ്ങളും എല്ലാം എത്തിക്കും.  എന്നാലും   മേരിയമ്മേടെ ചങ്കിലൊരാന്തൽ !!
 
 ഇടവകയിലെ വികാരിയച്ചൻ പറഞ്ഞതനുസരിച്ച്  മേരിയമ്മ ഒരു ധ്യാനം കൂടി. മകന്റെ  മദ്യപാനം  മാറിക്കിട്ടണേയെന്നു മനമുരുകി പ്രാർത്ഥിച്ചു. കർത്താവു മേരിയമ്മയുടേയും, തൊട്ടടുത്ത്  നിന്ന് 'മകളുടെ കല്യാണം നടക്കണേ'ന്ന്  പ്രാർത്ഥിച്ച  കൊച്ചു റോസയുടെയും പ്രാർത്ഥന കേട്ടു. അടുത്ത നോയമ്പ്  വീടലിനു  ശേഷം, മേരിയമ്മയുടെ മകൻ,  കൊച്ചു  റോസയുടെ മകളെ  മിന്നു കെട്ടി. പുതുപ്പെണ്ണു  വന്നതോടെ, അവൻ കുടിയും നിർത്തി. 
 
പക്ഷേ കാര്യങ്ങൾ പെട്ടെന്നാണ് മാറി മറിഞ്ഞത്. ആ വീട്ടിൽ താൻ  അന്യയാകുകയാണെന്നു ക്രമേണ  മേരിയമ്മയ്ക്കു തോന്നി. മകൻ  തന്നോടുള്ള  സംസാരമേ നിർത്തി. എന്തെങ്കിലും ചോദിച്ചാൽ, 'തള്ളേ'ന്നേ  വിളിക്കൂ.  മരുമകൾ  തനിക്ക്,  ഭക്ഷണം  പോലും തരാതായി.  ഒടുവിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ടയെന്ന്  വിചാരിച്ച്   മേരിയമ്മ  അവിടെ നിന്നിറങ്ങി. പരിചയമുള്ള  ഒരു ധനിക കുടുംബത്തിൽ വീട്ടു വേലയ്ക്കു നിന്നു. ഭർത്താവ് അവരെ ,  വളരെ ദേഹോപദ്രവങ്ങൾ ഏൽപ്പിച്ചിരുന്നതിനാൽ  അവർക്ക്  കഠിനമായ  ജോലികൾ ചെയ്യാനാകുമായിരുന്നില്ല. അവരുടെ  പ്രയാസങ്ങൾ കണ്ടറിഞ്ഞ ആ  വീട്ടുകാരാണ്, മേരിയമ്മയെ ഇവിടെ എത്തിച്ചത്. ഈ  വൃദ്ധ സദനത്തിന്റെ ഉടമസ്ഥൻ,  വലിയ മനസുള്ള  ഒരാളാണ്‌.  തന്നെപ്പോലെ മറ്റു രണ്ടു സ്ത്രികൾക്കു കൂടി, അദ്ദേഹം  ഇവിടെ സൗജന്യതാമസം  നൽകുന്നുണ്ട്. 
 
മേരിയമ്മ മുറിയിലേയ്ക്കു നടന്നപ്പോൾ,   ടിവിയിൽ ന്യുസ്  കേൾക്കാനായി, അതിഥി മുറിയുടെ അടുത്തുള്ള ലൈബ്രറിയിലേയ്ക്കു   പോകുന്ന രാജൻ  സാർ,  ഇടനാഴിയിൽ  വച്ച്  എതിരെ വന്നു.  അവർ, ഒതുങ്ങി നിന്നു. മുഖമുയർത്താതെ,  സൗമ്യമായി ചിരിച്ചു കൊണ്ട് അദ്ദേഹം  കടന്ന് പോയി.  അല്ലെങ്കിലും  അദ്ദേഹം ആവശ്യമില്ലാതെ  ആരോടും  സംസാരിക്കുകയോ, അനാവശ്യ  കാര്യങ്ങളിൽ  ഇടപെടുകയോ  ചെയ്യാറില്ല. തന്റെ  മകന്  ആറു   വയസുള്ളപ്പോൾ  അദ്ദേഹത്തിന്റെ ഭാര്യ  മരിച്ചതാണ്. അംബിക മണി പറഞ്ഞിട്ടുണ്ട്. പിന്നീട്,  ആ മകന് വേണ്ടി മാത്രമാണത്രേ  രാജൻ  സാർ ജീവിച്ചത്. വേറൊരു വിവാഹം  കഴിച്ചതേയില്ല.' ഇങ്ങനെയുമുണ്ടോ ആണുങ്ങൾ ', ഇത്ര മനഃസാക്ഷിയുള്ളയാൾ! '. അവിടുത്തെ  പല സ്ത്രീകളും  അദ്ദേഹത്തെപ്പറ്റി അടക്കം പറയുന്നത്  മേരിയമ്മ കേട്ടിട്ടുണ്ട്. അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ്  ആയി ജോലി നോക്കിയാണ് മകനെ വളർത്തിയത്.  ഇപ്പോൾ മകനും കുടുംബവും,  യു. എസിലാണത്രെ. 
 
മേരിയമ്മ വന്നപ്പോൾ ,   അംബികാമണി   ഫോൺ  വിളിച്ചു വച്ചതേയുള്ളൂ. അവർ,  സന്തോഷത്താൽ  നിറഞ്ഞു  തുളുമ്പുകയായിരുന്നു. 
"മേരിയമ്മേ,...  മോനെന്നെ കാണണൂന്ന് !...ന്റെ പ്രകാശനേ "അവർ പറഞ്ഞു. അവരുടെ  കണ്ണുകൾ ആനന്ദത്താൽ  തുളുമ്പി. "കുറച്ചു  ദിവസം  ഞാനവന്റെ കൂടെത്തന്നെ  താമസിക്കണോന്ന്."
 
മേരിയമ്മയ്ക്ക് അവരോട്  അസൂയ തോന്നി. എങ്കിലും  അവരുടെ  സന്തോഷം  പങ്കിട്ടു  കൊണ്ടു പറഞ്ഞു:
 "അംബികേടത്തിക്ക്  ഭാഗ്യോണ്ട് " 
ഇതു  പറയുമ്പോൾ അവരുടെ സ്വരമിടറുന്നുണ്ടായിരുന്നു. അവർക്കപ്പോൾ,  തന്റെ മകന്റെ  കുഞ്ഞുങ്ങളെ കാണണമെന്നു തോന്നി. 
കോവിഡ്  കാലമായതിനാൽ,  പ്രായമായ  തന്നെ ഇവിടുന്ന്  വിടുമോയെന്നു അംബികാമണിക്ക്  ആശങ്കയുണ്ടായിരുന്നു. പക്ഷേ, 'ഒന്നും വിഷമിക്കണ്ട, താൻ  വേണ്ടപ്പെട്ടവരുടെ  അനുവാദം  വാങ്ങിയിട്ടുണ്ടെ'ന്ന്  പ്രകാശൻ പറഞ്ഞിട്ടുണ്ട്. 
 "മ്മടെ മക്കൾക്കു സ്നേഹോക്കെയുണ്ട്. നമ്മൾ  വെറുതെ  ഓരോന്നു  ചിന്തിച്ചു  മനസു വിഷമിപ്പിച്ചു... ല്ല്യേ , കൊച്ചേ "
 "ഉം ," മേരിയമ്മ  തലയാട്ടി 
 
 "ന്റെ കൃഷ്ണാ ! എനിക്കു വിശ്വസിക്കാനാവണില്ല "അവരിങ്ങനെ  പറഞ്ഞപ്പോൾ, ടേബിളിൽ,  മേരിയമ്മയുടെ യേശുവിനെ തൊട്ടിരുന്ന കൃഷ്ണൻ , ഫോട്ടോയിൽ നിന്ന്  അവരെ നോക്കി. 
 വല്ലാത്ത  ചൂട്  കൊണ്ടാകാം പൊടുന്നനെ മഴ  ചാറി  ...   മേരിയമ്മയും അംബികാമണിയും പുറത്തേയ്ക്ക് നോക്കി. ഒഴിവു വേളകളിൽ, അവിടുത്തെ  അന്തേവാസികൾ പരിചരിച്ച്‌ , അവിടെ മനോഹരമായ ഒരു പൂന്തോട്ടം  വളർത്തിയെടുത്തിരുന്നു. ഈ  മുറിയുടെ ജനാലയിലൂടെ  നോക്കിയാൽ, തൊട്ടടുത്ത്  ഒരു പിച്ചകത്തൈ കാറ്റിലാടുന്നത്  കാണാമായിരുന്നു. അവർ എത്ര പരിചരിച്ചിട്ടും,  വെള്ളമൊഴിച്ചിട്ടും പൂക്കാത്ത  ഒന്നായിരുന്നു അത്... ചിലതങ്ങനെയുമുണ്ടല്ലോ... 
രണ്ടേ  രണ്ടു മിനിറ്റ് ... മഴ പെട്ടെന്ന്  നിന്നു.തൊട്ടപ്പുറത്തെ  ചെമ്പകത്തിൽ വന്നിരുന്ന വണ്ണാത്തിക്കിളി, എങ്ങോട്ടോ പറന്നു പോയി.  
 
ഇതു പോലൊരു  ചെമ്പകം തന്റെ  വീട്ടുമുറ്റത്തുമുണ്ടായിരുന്നു എന്ന്  അംബികാമണി ഓർമ്മിച്ചു... ബാല്യത്തിൽ, താൻ അച്ഛനമ്മമാരോടൊപ്പം വളർന്ന ഗൃഹത്തിൽ...താനിപ്പോഴുമോർക്കുന്നുണ്ട്  ആ ദിനം... ആ  കഥ  മേരിയമ്മയോട് പങ്കുവെച്ചിട്ടുമുണ്ട്... താൻ, ഇളയച്ഛന്റെ മകൾ  വനജയുമൊത്ത് പടിഞ്ഞാറേ മുറ്റത്ത് ആ ചെമ്പകത്തിന്റെ  ചുവട്ടിൽ  കളിക്കുകയായിരുന്നു. തലേന്ന് പത്താം  ക്ലാസ്സിലെ  റിസൾട്ട്‌  വന്നപ്പോൾ ,  ഉയർന്ന  മാർക്കിൽ പാസ്സായി  എന്നറിഞ്ഞ  സന്തോഷത്തിലായിരുന്നു താൻ. ..  പെട്ടെന്നാണ്   തല കറങ്ങിയത്. തളർന്നു  വീണ തന്നെ നടയിൽ   പിടിച്ചു  കിടത്തിയത്  വനജയാണ്. ഇളയമ്മ  വന്നപ്പോഴാണ്  തന്റെ പാവാടത്തുമ്പിലതു കണ്ടത്... കണ്ണു  തുറക്കുമ്പോൾ,  അമ്മ വലിയ  സന്തോഷത്തിലാണ്. 
 
"കുട്ടി വലുതായിരിക്കണു "ഇളയമ്മ  തന്റെ ചെവിയിൽ പറഞ്ഞു... അന്ന് തനിക്കൊന്നും  മനസിലായില്ല. പക്ഷേ, അധികം  വൈകാതെ  ഒന്നു മനസിലായി... ആർത്തവമെന്നാൽ, അടിവയറിലേയ്ക്ക്  നോവിന്റെ  വേരുകൾ  ആഴ്ത്തിക്കൊണ്ട്,  മനസിനു  മുകളിലേയ്ക്ക്  വളർന്ന്   വിഷാദത്തിന്റെ ഇലകളെ  തളിർപ്പിക്കുന്ന  ഒരു വൃക്ഷമാണെന്ന് ...അതിന്റെ ചില്ലകൾ തന്റെ  ഇഷ്ടങ്ങളുടെ ആകാശത്തെ  മറയ്ക്കുമെന്ന്...' കൂട്ടുകാരികളെപ്പോലെ കോളേജിൽ പോകട്ടെ ' എന്നു അമ്മയെക്കൊണ്ട്  ചോദിപ്പിച്ചപ്പോൾ, അച്ഛൻ സമ്മതിച്ചില്ല. 
 "ഇവിടുത്തെ പെങ്കുട്ട്യോളെ ആരും കോളജിൽ  വിടുന്നില്ല" അച്ഛൻ  പറഞ്ഞു. 
 അധികം താമസിക്കാതെ, അംബികാമണിയുടെ വിവാഹം  നടന്നു. സ്കൂൾ അധ്യാപകനായിരുന്നു വരൻ.  സ്നേഹ സമ്പന്നനായിരുന്നു അദ്ദേഹം.  പഠിപ്പു നിർത്തിയതിൽ നല്ല  സങ്കടമുണ്ടായിരുന്നെങ്കിലും, വിവാഹം കഴിഞ്ഞപ്പോൾ അതൊക്കെ മറന്നു തുടങ്ങി. നാലു പെൺമക്കളും,  അതിനു ശേഷം പ്രകാശനും ജനിച്ചു. എങ്കിലും,  ചില രാത്രികളിൽ  ആ  നിരാശ  അംബികാമണിയുടെ ഉള്ളിൽ നിന്ന്  തലപൊക്കും. അപ്പോൾ അവർ , തന്റെ ഭർത്താവിന്റെ  നെഞ്ചോടു  ചേർന്നു കിടന്ന്  തേങ്ങലൊതുക്കി പറയും :
“ന്നാലും  അവരെന്നെ  പഠിക്കാൻ  വിട്ടില്ലല്ലോ "
“അയിന്  നിനക്കിവടെ  എന്തിന്റെ  കുറവാ ഉള്ളത്? "അദേഹം  ചോദിക്കും. 
അപ്പോൾ  അവർ  മയത്തിൽ പറയും 
"ഒന്നൂല്ലാ... ന്നാലും "
"ഒരെന്നാലുമില്ല. ന്റെ പെണ്ണിന്  ഇത്രേം പഠിപ്പു മതി "
 
അദ്ദേഹമങ്ങനെ പറഞ്ഞു  നിർത്തുമ്പോൾ,  അവർക്ക് പിന്നെ ഒന്നുമങ്ങോട്ടു  പറയാനില്ലാതാകും. അപ്പോൾ അംബികാമണി, അദ്ദേഹത്തിന്റെ  ഇടത്തേ തുടയിൽ കാൽ  കയറ്റി  വച്ച്  ഉറങ്ങാൻ  ഭാവിക്കും.  ആ കിടപ്പ്   അയാൾക്ക്  ഇഷ്ടമാണ്.   അപ്പോൾ, അദ്ദേഹം  അവളുടെ ശിരസിൽ   മെല്ലെ  തലോടും. 
 
ആ സ്നേഹത്തണൽ  എന്നുമുണ്ടാകുമെന്ന്  കരുതിയത്  വെറുതെയായി.  'നെഞ്ചു വേദന എടുക്കുന്നു 'എന്ന്  പറഞ്ഞത്  ഓർമ്മയുണ്ട്. പെട്ടെന്ന്  കുഴഞ്ഞു വീണു മരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശനും കുടുംബവും അന്ന്  ദുബായിലായിരുന്നു. അദ്ദേഹമില്ലാത്ത വീട്ടിൽ താനൊറ്റക്കായി. അഞ്ചു വർഷങ്ങൾക്കു ശേഷം,   പ്രകാശൻ  നാട്ടിൽ ബിസിനസ്‌  തുടങ്ങാനായി തിരിച്ചു   വന്നപ്പോൾ, ഏറെ സന്തോഷിച്ചു. പക്ഷേ അവൻ  തന്നോടൊന്നു  ചോദിക്കുക പോലും ചെയ്യാതെയാണ്,  വീടു  വിറ്റ്  നഗരത്തിൽ  ഫ്ലാറ്റ് വാങ്ങാൻ  തീരുമാനിച്ചത്. പെൺമക്കളേക്കാൾ, താനവനെയല്ലേ  കൂടുതൽ സ്നേഹിച്ചത്... അവനെയൊന്ന്  ശാസിക്കാൻ  പോലും താനാരെയും അനുവദിച്ചിരുന്നില്ല. ഭർത്താവിനെപ്പോലും !...എന്നിട്ടും...  ഫ്ളാറ്റിലേയ്ക്ക്  താമസം മാറ്റാൻ താൻ  നിർബന്ധിതയായി. കർപ്പൂര തുളസികൾ  നിറഞ്ഞു നിന്ന  തൊടികളും, ഭർത്താവുണ്ടായിരുന്നപ്പോൾ  അദ്ദേഹത്തോടൊപ്പം  സംസാരിച്ചിരുന്ന പൂമുഖവും  നൊമ്പരപ്പെടുത്തുന്ന നഷ്ടങ്ങൾ  മാത്രമായി. ഒടുവിൽ,  നഗരത്തിലെ  ജീവിതത്തോട്  തനിക്കു  പൊരുത്തപ്പെടാനാകാതെ  വന്നപ്പോൾ, അവൻ തന്നെ ഇവിടെ കൊണ്ടുവന്നാക്കി. 
                                                            ****                   ***                       ***
ഇന്നാണ്  അംബികാമണി പോകുന്ന ദിവസം... 'തനിക്ക്  കൂടപ്പിറപ്പിനെപ്പോലാണവർ ,  അവരില്ലാതെ  ഇനിയുള്ള  ദിനങ്ങൾ,   താനെങ്ങനെ സഹിക്കും' എന്ന  ചിന്ത മേരിയമ്മയെ അസ്വസ്ഥയാക്കി. എങ്കിലും,   രക്തസമ്മദത്തിന്റെ മരുന്നും  മുട്ടു വേദനയ്ക്കു  പുരട്ടുന്ന തൈലവും, അവർ  എടുത്തിട്ടുണ്ടോയെന്നു  പ്രത്യേകം ചോദിച്ച്‌,  മേരിയമ്മ ഉറപ്പുവരുത്തി.  പ്രകാശൻ  തന്നെ   കൊണ്ടു പോകാൻ  വന്നെന്നറിഞ്ഞു, അംബികാമണി സാധനങ്ങൾ പായ്ക്കു  ചെയ്ത ബാഗുമായി അതിഥിമുറിയിലേയ്ക്കു ചെന്നു. അവരുടെ ഹൃദയം  വാത്സല്യത്താൽ  നിറഞ്ഞു കവിഞ്ഞു.   'മോനേ' എന്നു  വിളിച്ച്  അവന്റെ ചുമലിൽ തൊട്ടു.  മകൻ, തന്നെ ആശ്ലേഷിച്ചിരുന്നെങ്കിൽ എന്നവർ വൃഥാ  കൊതിച്ചു. അവരെ യാത്രയയക്കാനെത്തിയ  മേരിയമ്മയെ പരിചയപ്പെടുത്തിയപ്പോൾ  'വേഗം  ഇറങ്ങു' എന്ന്   പ്രകാശൻ   ഓർമ്മപ്പെടുത്തി. പ്രവേശന കവാടത്തിനു  വെളിയിൽ പാർക്കു ചെയ്ത കാറിനടുത്തേയ്ക്ക് അവർ  നടന്നു...പെട്ടെന്നാണ്  ശ്രദ്ധിച്ചത്. കാറിനുള്ളിൽ  നിന്ന് 'ആരാണ് വെളിയിലേയ്ക്ക് വരുന്നത്'. അത്!...ചെറിയമ്മാവന്റെ  മകൻ വിഷ്ണുവല്ലേ... അതെന്താണ്  അവനും ഒപ്പം വന്നത് !
 
...വിഷ്ണു പറഞ്ഞപ്പോഴാണ് കാര്യങ്ങളെല്ലാം മനസ്സിലായത്.   പണ്ട്, തറവാട്ടിൽ  വീതം  വച്ചപ്പോൾ,  നഗരത്തോട്  ചേർന്ന, ഒരു പുരയിടത്തിന്റെ  ഭാഗം  വെപ്പും നടന്നിരുന്നു. അതിൽ അംബികാമണിയുടെ അമ്മയ്ക്കും അവരുടെ  സഹോദരി രാധികയ്ക്കും  ഒരോഹരി ഉണ്ടായിരുന്നു. ആ  സമയത്ത്, ചെറിയമ്മാവൻ  രാധികച്ചിറ്റയോട്  എന്തോ പറഞ്ഞു തെറ്റലിലായി. അതിനാൽ,  അദ്ദേഹം  അതിന്റെ  ആധാരമെടുത്ത് പൂട്ടി വച്ചിരുന്നു. മരിക്കുവോളം  ആരും അത് കണ്ടിട്ടില്ല. ഇപ്പോൾ, ചെറിയമ്മാവനില്ലാത്ത സ്ഥിതിക്ക്,   പിണക്കമെല്ലാം മറന്ന് അത്  അവകാശികളെ ഏൽപ്പിക്കാനാണ് വിഷ്ണുവിന്റെ  തീരുമാനം. സ്ഥലക്കച്ചവടമെല്ലാം  മടുപ്പിലാണെങ്കിലും, നഗരത്തോട്  ചേർന്നു കിടക്കുന്നതിനാൽ , മോഹവിലയ്ക്ക്  ഇതു വാങ്ങാൻ ഒരാളെത്തിയിട്ടുണ്ടത്രെ. അതിന്റെ  ആധാരം നടക്കണമെങ്കിൽ  അംബികാമണിയും വന്ന് ഒപ്പിടണം.  അമ്മ മരിച്ച സ്ഥിതിക്ക്, അവരാണല്ലോ  ഇനി  അവകാശി. 
 
കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ  അവർക്ക് നെഞ്ചു വേദനിക്കുന്ന പോലെ  തോന്നി...താനെത്ര വിഡ്ഢിയാണ്...  പ്രകാശൻ   കാണിച്ച സ്നേഹമെല്ലാം  എന്തിനു  വേണ്ടിയാണെന്ന് ഇപ്പോൾ  മനസ്സിലാകുന്നു...  കുറച്ചു  ദിവസം  അമ്മ അവന്റെ ഫ്‌ളാറ്റിൽ   നിൽക്കണമെന്നു  പറഞ്ഞതും... അംബികാമണി തിരിഞ്ഞു  നോക്കി.   മതിൽക്കെട്ടിനിപ്പുറത്ത്, മേരിയമ്മ  നിൽപ്പുണ്ട്. ഒരു നിമിഷം...  അവർ അങ്ങോട്ട്‌  ഓടി  വന്നു .കാര്യങ്ങൾ, ഒറ്റശ്വാസത്തിൽ  മേരിയമ്മയോടു  പറയുമ്പോൾ  അവർ വിതുമ്പുന്നുണ്ടായിരുന്നു. മാസ്ക്  ധരിച്ചിരുന്നെങ്കിലും, അവരുടെ കണ്ണുകൾ  നിറഞ്ഞോഴുകുന്നത്  കാണാമായിരുന്നു. മേരിയമ്മ  അവരുടെ   മുടിയിഴകൾ ഒതുക്കിയിട്ട്,  കൈകൾ  ചേർത്തു  പിടിച്ച് പറഞ്ഞു :
 
"അംബികേടത്തി, പോയ്  വരൂ... നമ്മുടെ  മക്കളല്ലേ... ഒക്കെ ക്ഷമിക്കുക. ഒന്നും മനസ്സിൽ  വയ്ക്കരുത് "
അവരുടെ  കാർ,  കണ്ണിൽ നിന്ന്  മറയുവോളം മേരിയമ്മ  നോക്കി നിന്നു. ഇത്രയും  നേരം  കരച്ചിലടക്കി  നിന്ന  മേരിയമ്മയും കരയുകയായി രുന്നു. അവർ  തിരികെ നടന്നു.  
വരാന്തയിലേയ്ക്ക് കാലെടുത്തു  വച്ചപ്പോൾ ആരോ  ചോദിച്ചല്ലോ. 
 "കൂട്ടുകാരി  പോയി അല്ലേ?  "
 
ആരാണത് !...ആദ്യം  കാഴ്ചയിൽപ്പെട്ടത് കറുത്ത കരയുള്ള മുണ്ടാണ്. പിന്നെ ആ മുഖം... അവിടെ അവരെത്തന്നെ  ഉറ്റു നോക്കിക്കൊണ്ട് രാജൻ  സാർ... അവിശ്വസനീയം ! പക്ഷേ  സത്യമാണിത്. നരച്ച മീശക്കടിയിലൂടെ,  അദ്ദേഹം സൗമ്യമായി പുഞ്ചിരിക്കുന്നുണ്ട്. കണ്ണുകളിൽ നിറയെ അലിവ്. 
  
"എല്ലാവരും തനിച്ചാണ്  മേരിയമ്മേ.. അതു  നാം മനസിലാക്കണം "അദ്ദേഹം പറഞ്ഞു തുടങ്ങി. 
 
എന്തായിത് ! അവർ വിസ്മയിച്ചു.  ഇദ്ദേഹത്തിന്  തന്റെ പേരും  അറിയുമോ. ഒരു  നിമിഷം  നിന്നു പോയ അവരോട് 'നടക്കൂ 'എന്ന്  ആംഗ്യം കാണിച്ചു കൊണ്ട് , അദ്ദേഹം   ഒപ്പം  നടക്കുകയാണ്. ഹൃദയത്തിലിന്നോളം  അറിഞ്ഞിട്ടില്ലാത്ത ഒരനുഭൂതി  തന്നെ പൊതിയുന്നുണ്ടെന്നു  മേരിയമ്മയ്ക്കു തോന്നി. 
രാജൻ  സാർ തുടർന്നു :
 "ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. മക്കളിൽ നിന്നു പോലും... നല്ലതു  മാത്രം  ചെയ്യുക... ആനന്ദം,.. അത്,  നമ്മുടെ ഉള്ളിൽ നിന്നു തന്നെ  കണ്ടെത്താൻ പഠിക്കുക...  ഒരു പൂ വിരിഞ്ഞു  നിൽക്കുന്നതു കാണുമ്പോൾ, മഴ  മാറി  പെട്ടെന്ന് വെയിൽ തെളിയുന്നത് കാണുമ്പോൾ ഒക്കെ,  വെറുതെ  സന്തോഷിക്കുക. അതല്ലേ  വേണ്ടത് "
 
മറുപടിയായി  മേരിയമ്മ  തലയാട്ടി. അവരുടെ  മുറിയുടെ വാതിൽക്കലെത്തിയപ്പോൾ , താൻ  പോട്ടെയെന്ന ഭാവത്തിൽ  അവർ അദ്ദേഹത്തെ  നോക്കി. സൗമ്യമായ അതേ  പുഞ്ചിരി...ഇപ്പോൾ  തന്റെ ഹൃദയം  നിറഞ്ഞു  കവിയുകയാണെന്ന് മേരിയമ്മയ്ക്കു  തോന്നി.  മേരിയമ്മയും  തിരിച്ച്‌,   മൃദുവായി  പുഞ്ചിരിച്ചു. തന്റെ  മുകൾ നിരയിലെ  പല്ലു പോയത്,  അദ്ദേഹം   കാണരുതെന്ന്  അവരാശിച്ചു.)  
 
മുറിയിലേയ്ക്ക്  കയറിയപ്പോൾ അവിശ്വസനീയമായ ഒരു കാഴ്ച കൂടി അവർ  കണ്ടു.നേരത്തെ  ശ്രദ്ധിച്ചിരുന്നില്ലല്ലോ.  ജനാലയോട്  ചേർന്നു നിൽക്കുന്ന പിച്ചകത്തിൽ , ഒരു ചില്ല  നിറയെ മൊട്ടിട്ടിരിക്കുന്നു. 
 "കർത്താവെ !"മേരിയമ്മ  അറിയാതെ  വിളിച്ചുപോയി. "അംബികേടത്തി  അറിഞ്ഞില്ലല്ലോ”
-----------------------
ആൻ സോനു 
എറണാകുളം ജില്ലയിൽ മുത്തോലപുരത്ത്‌ ജനിച്ചു. ഇപ്പോൾ  കോട്ടയത്ത്  താമസിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലും, ജേണലിസത്തിലും ബിരുദാനന്തര ബിരുദം.  ഇംഗ്ലീഷ്  അധ്യാപികയായി ജോലി ചെയ്യുന്നു. 
2020-2021 വർഷങ്ങളിൽ, മുഖം  ഓൺലൈൻ  മാസിക, നവലോകം, മെട്രോ വാർത്ത, ചേതന ഡിജിറ്റൽ  മാസിക (കേന്ദ്ര സാഹിത്യ അക്കാദമി, ഒ.വി  വിജയൻ സ്മാരക സമിതി, പാലക്കാടൻ എഴുത്തു കൂട്ടം), വിശ്വകൈരളി  മാഗസിൻ (വേൾഡ് മലയാളി ഫെഡറേഷൻ ), കൈപ്പട മാസിക എന്നിവയിലും, അതിനു മുൻപ്  ചില ആനുകാലികങ്ങളിലും കവിതകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
2010ൽ  ആദ്യ കവിതാ സമാഹാരമായ ‘കൊച്ചമ്മിണി’ ‘(ബാലസാഹിത്യം ) , എൻ. ബി. എസ്    പ്രസിദ്ധീകരിച്ചു. 

Facebook Comments

Comments

  1. മനുഷ്യാവസ്ഥകളിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ വാർദ്ധക്യത്തെ വാക്കുകളിൽ വരഞ്ഞെടുക്കാൻ ശ്രമിച്ച കഥയാണിത്. ആഗോളീകരണ കാലത്ത് സാമൂഹ്യമായി ഉണ്ടായ വലിയൊരു മാറ്റം ലാഭം എന്ന ദുരാശയം കുടുംബ ബന്ധങ്ങളിലേക്ക് പടർന്നു എന്നതാണ്. മാതാപിതാക്കളെ, കുഞ്ഞുങ്ങളെ ഒക്കെ സംരക്ഷിക്കുന്നതിൽ തനിക്കെന്ത് നേട്ടം എന്ന് മലയാളി ചിന്തിക്കാൻ തുടങ്ങി. അങ്ങിനെ വൃദ്ധസദനങ്ങളുടെ വർദ്ധന സംഭവിച്ചു.ഈ കഥ യാഥാർത്ഥ്യത്തിൻ്റെ പരിഛേദമാണ്.ഭാഷാപരമായ കൈയൊതുക്കം ഇതിൻ്റെ സവിശേഷതയാണ്. കഥാകൃത്തിനും കഥയ്ക്കും ആശംസകൾ

  2. Ans P John

    2021-06-04 12:48:05

    മനോഹരമായ കഥ.. ആശയവും അവതരണവും നന്നായിരിക്കുന്നു.. ആശംസകൾ 🌹

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More