Image

ഭ്രാന്തന്‍(കവിത: ദീപ ബി.നായര്‍(അമ്മു)

ദീപ ബി.നായര്‍(അമ്മു) Published on 02 June, 2021
ഭ്രാന്തന്‍(കവിത: ദീപ ബി.നായര്‍(അമ്മു)
വികലമായി ചിരിച്ചു കൊണ്ടവനതാ
വിജനമാം വഴി നീളെ നടക്കുന്നു
ഞൊറി വീണൊട്ടിയ വയര്‍മെല്ലെ-
ത്തടവിയുച്ചത്തിലെന്തോ പുലമ്പുന്നു

ജഡ പൂണ്ടൊരാ തലയും താടിയും
ജലമന്യമാ ദേഹത്തിനെന്നപോല്‍
കെട്ടുഭാണ്ഡാരമൊരു കൈത്തുമ്പിലും
കണ്ടാലറയ്ക്കുന്നൊരു ജീവനൊമ്പരം

കാടുകയറിയ ചിന്തകളവനെയോ
കാലമറിയാത്ത രൂപം കൊടുത്തുവോ
കാടത്തം നിറഞ്ഞൊരാ മാനുഷര്‍
കാര്യമറിയാതെയല്ലോ ചിരിച്ചതും

തമ്മിലറിയാതെയിന്നു മുഖം മറച്ച-
നന്യപ്പോല്‍ നടക്കുന്നു മാനവര്‍
കാഴ്ചയിന്നതു കണ്ടു ചിരിച്ചതാ
ഭ്രാന്തനിവിടല്ലോ ഓടി മറയുന്നു

അന്നമന്യമായ് മാറിയൊരു ഭ്രാന്ത -
നന്നുബന്ധനത്തില്‍പ്പെട്ടുവെന്നതും
അന്തമില്ലാത്തഹങ്കാരമൂര്‍ത്തിയായ്
അന്തകരായ് നാം മാറി ലജ്ജാവഹം

വേണ്ടൊരു പരിഹാസമിന്നാരെയും
കര്‍മ്മ ചക്രമൊരു ഘടികാരമായ്
വീണ്ടുമെത്തുന്നു  കാട്ടുന്നു മുന്നിലായ് 'ഇവിടുന്നു ഞാന്‍,നാളെ നീ'.........

ദീപ ബി.നായര്‍(അമ്മു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക